Tuesday, July 6, 2010

പോപ്പുലര്‍ ഫ്രണ്ട് മൃഗീയത യുഡിഎഫ് തണലില്‍

പോപ്പുലര്‍ ഫ്രണ്ട് മൃഗീയത യുഡിഎഫ് തണലില്‍ .

തെരുവുപട്ടികളുടെ തലയറുത്തും സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചും മനുഷ്യരെ കൊല്ലാന്‍ കൈയറപ്പു തീര്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ മൃഗീയതയുടെ ഇരയാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫ്. എന്‍ഡിഎഫ് എന്ന ഭീകര സംഘടന പേരു മാറ്റി പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ടിയുമായി ചോരക്കൊതി തീരാതെ അഴിഞ്ഞാടുകയാണ്. മതേതരത്വത്തിനും സാംസ്കാരിക പാരമ്പര്യത്തിനും കടുത്ത ഭീഷണിയായി മാറിയ ഈ ഭീകരസംഘടനയുടെ പ്രവര്‍ത്തനം യുഡിഎഫിന്റെ തണലിലാണ്. പോപ്പുലര്‍ ഫ്രണ്ടുമായി ഗാഢബന്ധത്തിലാണ് മുസ്ളിംലീഗ് നേതൃത്വം. ഒട്ടേറെ ലീഗുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടില്‍ ഇരട്ട അംഗത്വമുണ്ട്. തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിന് പരസ്യപിന്തുണയും നല്‍കിയിരുന്നു. രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിനെ പിന്തുണച്ചത്. കോണ്‍ഗ്രസ്-ലീഗ് നേതാക്കളുമായുള്ള ചങ്ങാത്തം ഇവര്‍ക്ക് മുഖ്യധാരയിലെത്താന്‍ സഹായകമായി. അധ്യാപകന്റെ കൈ വെട്ടിയ കാടത്തത്തെക്കുറിച്ച് മുസ്ളിംലീഗും യുഡിഎഫും മൃദുസ്വരത്തിലാണ് പ്രതികരിച്ചത്. അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നു പറയാന്‍ ലീഗ് നേതൃത്വം മടിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ അധോലോകസമാനമായ ഇടപെടല്‍ മനുഷ്യത്വത്തിന് വെല്ലുവിളിയാണ്. എന്‍ഡിഎഫ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ഒട്ടേറെ പേരെ ക്രൂരമായി കൊലപ്പെടുത്തി. വര്‍ഷങ്ങള്‍ക്കുമുന്‍പ് സംസ്ഥാനത്ത് പലയിടത്തും റോഡരികില്‍ തലയറുത്ത പട്ടികളുടെ ജഡം കണ്ട് സംശയം തോന്നി അന്വേഷണം നടന്നപ്പോഴാണ് ഈ സംഘത്തിന്റെ ക്രൂരമായ പരിശീലനമുറ പുറത്തറിയുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ രാത്രി ഇരുചക്രവാഹനങ്ങളില്‍വന്ന് വാള്‍കൊണ്ട് തെരുവുപട്ടികളെ കൊല്ലുകയായിരുന്നു. മിന്നലാക്രമണത്തിലൂടെ എങ്ങനെ വെട്ടിക്കൊല്ലാം എന്ന് നായ്ക്കളുടെ തലയറുത്ത് പരിശീലിക്കുകയായിരുന്നു ഇവര്‍. ബിനാമി ഇടപാടുകള്‍, കുഴല്‍പ്പണം കടത്ത്, കള്ളനോട്ട് വിതരണം, വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം തുടങ്ങിയവയാണ് പ്രധാനതൊഴില്‍. വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപയുടെ സഹായം കൈപ്പറ്റുന്നതായും വ്യക്തമായിട്ടുണ്ട്. ചോരക്കൊതി മറച്ചുപിടിക്കാന്‍ മനുഷ്യാവകാശ-കാരുണ്യപ്രവര്‍ത്തനത്തിന്റെ ആവരണമണിയുന്നു. എല്‍ഡിഎഫ് ഗവമെന്റിനെതിരെ പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ശ്രമിക്കുന്നതായി നേരത്തേ ആക്ഷേപമുയര്‍ന്നതാണ്. മതവികാരം ഇളക്കിവിട്ട് അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലും ഇവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ചോദ്യപേപ്പര്‍ വിവാദത്തിലകപ്പെട്ട അധ്യാപകനെതിരെ സര്‍ക്കാരും അധികൃതരും നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ടു നടന്ന പരിശോധനയ്ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍നിന്ന് രാജ്യവിരുദ്ധ ലഖുലേഖകള്‍ അടക്കം ഒട്ടേറെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
deshabhimani

No comments: