Saturday, July 17, 2010

പോപ്പുലര്‍ ഫ്രണ്ട് ഭീകരത യുഡിഎഫ് മറയ്ക്കുന്നു- പിണറായി

പോപ്പുലര്‍ ഫ്രണ്ട് ഭീകരത യുഡിഎഫ് മറയ്ക്കുന്നു- പിണറായി


മതവിശ്വാസത്തിന്റെ മറപിടിച്ച് താലിബാന്‍ മോഡല്‍ ഭീകരത അഴിച്ചുവിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പേരുപറയാന്‍ യുഡിഎഫ് നേതാക്കള്‍ മടിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൈവെട്ടിയ അധ്യാപകന്റെ വീട് സന്ദര്‍ശിച്ച യുഡിഎഫ് കവീനര്‍ പി പി തങ്കച്ചനും കെ എം മാണിയും അക്രമികള്‍ ഏതു സംഘടനയില്‍പ്പെട്ടവരെന്നു പറയാന്‍ തയ്യാറായില്ല. അഡ്വ. വി ജി ഗോവിന്ദന്‍നായര്‍ സ്മാരക നിയമഗവേഷണ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് 'രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പിണറായി.ഭീകരസംഘടനയുടെ പേരുപറയാന്‍ യുഡിഎഫ് നേതാക്കള്‍ എന്തിനാണ് ശങ്കിക്കുന്നത്. സമൂഹം തള്ളിക്കളഞ്ഞ ഇത്തരം വിഭാഗങ്ങളെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് ചെയ്തത്. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുംപോലെ മുസ്ളിം ലീഗ് എന്‍ഡിഎഫിന് നല്ല സംരക്ഷണമാണ് നല്‍കിയത്. യുഡിഎഫ് ഭരണത്തില്‍ ഒട്ടേറെ കേസ് ലീഗ് ഇടപെട്ട് പിന്‍വലിച്ചുകൊടുത്തു. പൈപ്പുബോംബ്, ഗ്രീന്‍വാലി സ്ഫോടനം, കോഴിക്കോട് ബസ് സ്റ്റാന്‍ഡ് സ്ഫോടനം തുടങ്ങിയവ യുഡിഎഫ് ഭരിക്കുമ്പോഴാണ് നടന്നത്. മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന, സംസ്ഥാനാന്തര ബന്ധം, സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമീഷന്‍ നിര്‍ദേശപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബാഹ്യസമ്മര്‍ദം കാരണം കേന്ദ്രഗവര്‍മെന്റ് ഈ ആവശ്യം അംഗീകരിച്ചില്ല. മതഭീകരപ്രസ്ഥാനങ്ങള്‍ക്ക് മതവുമായി ഒരു ബന്ധവുമില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.ഭൂരിപക്ഷ-ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട വഴിപിഴച്ചുപോയ ഇക്കൂട്ടരെ ഭീകരവാദികളായി തന്നെ കണ്ട് ഒറ്റപ്പെടുത്തണം. മതവിശ്വാസവുമായി ഇവരെ കൂട്ടിക്കുഴയ്ക്കരുത്. ഇടതുപക്ഷപ്രസ്ഥാനങ്ങളെ എതിര്‍ക്കുന്നതില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ സംഘടനകള്‍ക്ക് പൊതുസ്വഭാവമാണ്. രണ്ടു കൂട്ടരും ഞങ്ങള്‍ക്കുനേരെ കൊലക്കത്തി പ്രയോഗിക്കുന്നു. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവരെ ശക്തമായി എതിര്‍ക്കുന്നതുമൂലമാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്ന നിലപാടു സ്വീകരിക്കുന്നത്. എത്ര കടുത്ത ആക്രമണങ്ങളുണ്ടായാലും ഞങ്ങള്‍ ഈ നിലപാടു തുടരുക തന്നെ ചെയ്യും. മതനിരപേക്ഷ ചിന്താഗതിക്കാരായ മുഴുവന്‍ ജനവിഭാഗങ്ങളും ന്യൂനപക്ഷ-ഭൂരിപക്ഷ ഭീകരതയെ ഒറ്റക്കെട്ടായി ചെറുക്കണം. വര്‍ഗീയരാഷ്ട്രീയത്തെ സമൂഹത്തില്‍നിന്നു തീര്‍ത്തും മാറ്റിനിര്‍ത്താന്‍ കഴിയണം. മതവിശ്വാസികളായ ഭൂരിപക്ഷവും ഭീകരതയ്ക്കെതിരാണ്. ഛിദ്രശക്തികള്‍ ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു തടയാന്‍ മതവിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും ഇടപെടണമെന്നും പിണറായി പറഞ്ഞു.

No comments: