Saturday, July 3, 2010

സംരക്ഷിക്കപ്പെടേണ്ടത് മൌലികാവകാശങ്ങള്‍...

സംരക്ഷിക്കപ്പെടേണ്ടത് മൌലികാവകാശങ്ങള്‍.
കെ എന്‍ ബാലഗോപാല്‍ എംപി..
പൊതുനിരത്തുകളോടനുബന്ധിച്ച് യോഗങ്ങള്‍ ചേരാന്‍ പാടില്ലെന്ന തരത്തില്‍ കേരള ഹൈക്കോടതിയുടെ വിധി വന്ന ദിവസംതന്നെ വാര്‍ത്തയ്ക്കൊപ്പം കരുനാഗപ്പള്ളിയില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കുന്ന പൊലീസ്സ്റേഷന്‍ കെട്ടിട ഉദ്ഘാടനയോഗത്തിന് നിര്‍മിച്ച പന്തല്‍ റോഡരികിലാണെന്നും അത് നിയമവിരുദ്ധമാണെന്നും കാണിക്കുന്ന ചിത്രമുണ്ടായിരുന്നു. പന്തല്‍ പൊളിച്ച് മറ്റൊരു സ്കൂളിലാക്കിയെന്ന് തൊട്ടടുത്ത ദിവസം വാര്‍ത്ത വന്നു. കേരളത്തില്‍ വലിയ പൌരാവകാശസംരക്ഷണം നടന്നെന്നും കോടതിയാണ് ഈ സദ്വഴി കാണിച്ച അതുല്യശക്തിയെന്നും മാധ്യമങ്ങള്‍ വാഴ്ത്തി. അടുത്ത ദിവസം ആലപ്പുഴയില്‍ ആശുപത്രിയിലെ ശോച്യാവസ്ഥ ആരോപിച്ച് റോഡരികിലെ പന്തലിലിരുന്ന് സമരംചെയ്ത മുപ്പതില്‍പ്പരം കോഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തെന്ന വാര്‍ത്തയാണ് വന്നത്. മൌലികാവകാശ പ്രശ്നമുന്നയിച്ച് ആലുവ പട്ടണത്തിലെ ഒരു പ്രശ്നം ചൂണ്ടിക്കാണിച്ച് അവിടെ കാര്യങ്ങള്‍ നന്നായി നടത്താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം കോടതിക്ക് പരിശോധിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യാം. അത് അവിടെമാത്രം ബാധകമാണ്. അതിനപ്പുറം കേരളമാകെ ഈ നിയന്ത്രണം ബാധകമാക്കണമെന്നു ശഠിച്ചാല്‍ അത് ഭരണഘടനയുമായി യോജിക്കുന്ന സമീപനമാകില്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍- ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരവുമായ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. അതില്‍ത്തന്നെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പുനല്‍കുന്ന ആറ് സ്വാതന്ത്യ്രങ്ങള്‍ (6 എൃലലറീാ) ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വതന്ത്രമായി രാജ്യത്ത് പരസ്യമായി അഭിപ്രായം പറയാനും സമാധാനപരമായി സംഘടിക്കാനും സംഘടനകള്‍ രൂപീകരിക്കാനും യാത്രചെയ്യാനും താമസിക്കാനും തൊഴിലെടുക്കാനും വാണിജ്യത്തിലേര്‍പ്പെടാനും അവകാശം നല്‍കുന്നു. ഭരണഘടനയുടെ അൃശേരഹല 19 (1) മ, യ വകുപ്പുകള്‍ വളരെ കൃത്യമായി ഉറപ്പുനല്‍കിയിട്ടുള്ള പൌരസ്വാതന്ത്യ്രമാണ് പൊതുയോഗ നിരോധത്തിലൂടെ ഹനിക്കപ്പെടുക. സ്വകാര്യവസ്തുവില്‍ യോഗം നടത്താനും സംഘംചേരാനുമുള്ള അവകാശമല്ല ഭരണഘടന ഉറപ്പുനല്‍കുന്നത്. പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാനാണ് ഈ അവകാശം. സ്വാതന്ത്യ്രസമരംമുതല്‍ ഇങ്ങോട്ട് എല്ലാ ജനകീയ പ്രതിഷേധങ്ങളുടെയും സ്ഥാനം പൊതുഇടങ്ങള്‍തന്നെയായിരുന്നു. പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് എന്നും നിയന്ത്രണങ്ങള്‍ക്ക് വിധേയവുമായിരുന്നു. പൌരര്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ആലുവയിലെ പൊതുയോഗമെന്ന് കണക്കാക്കിയാല്‍ യോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താം; നിരോധിക്കാന്‍ കഴിയില്ല. യാത്രാസൌകര്യം തടയുന്നതരത്തില്‍ യോഗം ചേരുന്നത് നിയന്ത്രിക്കാത്ത പൊലീസുള്‍പ്പെടെയുള്ള ഭരണസംവിധാനത്തോട് നിര്‍ദേശം നല്‍കാന്‍ റിട്ട് പരാതിയിന്മേല്‍ കോടതിക്ക് അവകാശമുണ്ട്. ഈ അവകാശവും ഇടപെടലും പുതിയ കാര്യവുമല്ല. അങ്ങനെ ഇടപെടുമ്പോള്‍ ആലുവയിലെ കേസില്‍ പറയുന്ന സംഭവത്തില്‍ മാത്രമേ ബാധകമാകൂ. ഭരണഘടനയില്‍ ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളും സ്വാതന്ത്യ്രവും ചില പ്രത്യേക വ്യവസ്ഥകള്‍പ്രകാരം നിയന്ത്രിക്കാന്‍ ഭരണഘടനതന്നെ വ്യവസ്ഥചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദോഷകരമാവുകയോ പരമാധികാരം ചോദ്യംചെയ്യപ്പെടുകയോ പൊതുജീവിതത്തെ ഹാനികരമായി ബാധിക്കുകയോ ചെയ്യുന്നതരത്തില്‍ ഈ സ്വാതന്ത്യ്രങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെയുള്ള സാഹചര്യത്തെ നേരിടാനായി (ഞലമീിമയഹല ഞലൃശരശീിേ) ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവകാശമുണ്ട്. ഇതനുസരിച്ച് ഏത് പ്രദേശത്തും നടത്തുന്ന പരിപാടികള്‍ക്ക് ചില നിയമവിധേയ ചിട്ടകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താം. നിലവില്‍ അത് പ്രയോഗത്തിലുള്ളതുമാണ്. ഈ ന്യായമായ നിയന്ത്രണങ്ങള്‍ എന്ന വ്യവസ്ഥയുപയോഗിച്ച് സ്വാതന്ത്യ്രംതന്നെ നിഷേധിക്കുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അന്യായമായി പൊതുയോഗങ്ങള്‍ക്ക് അനുമതി നിഷേധിക്കുക, പ്രകടനങ്ങള്‍ നിരോധിക്കുക, കച്ചവടസ്ഥാപനത്തിന് ലൈസന്‍സ് നിഷേധിക്കുക, പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കാതിരിക്കുക, വഴിയാത്രചെയ്യാന്‍ അനുവദിക്കാതിരിക്കുക തുടങ്ങി ആയിരക്കണക്കിനു സ്വാതന്ത്യ്രനിഷേധങ്ങള്‍ ഭരണകൂടം ഏര്‍പ്പെടുത്താറുണ്ട്. എക്സിക്യൂട്ടീവിന്റെ ഭരണരംഗത്തെ ധിക്കാരപരവും വിവേചനരഹിതവുമായ നടപടികള്‍ക്കെതിരെ നിയമം നടപ്പാക്കുന്നതിന്റെ അപ്പോസ്തലനാകേണ്ട പ്രധാനസംവിധാനമാണ് ജുഡീഷ്യറി. അഡ്മിനിസ്ട്രേറ്റീവ് നിയമം എക്സിക്യൂട്ടീവിന്റെ ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന മേഖലയാണ്. കാര്യകാരണ സഹിതം മാത്രമേ ഭരണകൂടം നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ശ്രമിക്കാവൂ എന്നും ഓരോ പ്രശ്നവും കാര്യവും വ്യത്യസ്തമായി പരിശോധിച്ചുമാത്രം തീരുമാനം എടുക്കണമെന്നും അഡ്മിനിസ്ട്രേറ്റീവ് ലോ നിര്‍ബന്ധം ചെലുത്തുന്നു. ഭരണവകുപ്പിനും ഉദ്യോഗസ്ഥനും പൌരസ്വാതന്ത്യ്രം നിയന്ത്രിക്കാന്‍ അവകാശമുണ്ട്. കാര്യകാരണസഹിതം അത് ചെയ്യാം. ഈ വിവേചനാധികാരം ഏകപക്ഷീയവും അതിരുകടന്നതുമാകരുത്. ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് ചെയ്യുകയും വേണം. സംസ്ഥാനത്തെ ഏതെങ്കിലും ഒരു പ്രദേശത്തെ പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടുവരുന്ന ഒരു നിയന്ത്രണം- മറ്റേതെങ്കിലും പ്രദേശത്തെ വ്യത്യസ്തതകളും പ്രത്യേകതകളും കണക്കിലെടുക്കാതെ നടപ്പാക്കിയാല്‍ അത് തെറ്റായ ഭരണതീരുമാനമായി കണക്കാക്കപ്പെടുകയും കോടതി ആ തീരുമാനം റദ്ദാക്കുകയും ചെയ്യും. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികസ്വാതന്ത്യ്രത്തെ സംരക്ഷിക്കുക; സര്‍ക്കാരിന്റെ ഭരണനടത്തിപ്പിലെ അമിതാധികാര പ്രവണതകളെ തിരുത്തിച്ച് പൌരസ്വാതന്ത്യ്രം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന കടമയാണ് ജുഡീഷ്യറിക്കുള്ളത്. നിയമനിര്‍മാണം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭകള്‍ നടത്തുകയും എക്സിക്യൂട്ടീവ് അത് നടപ്പാക്കുകയും ജുഡീഷ്യറി നിയമനടത്തിപ്പിലെ പോരായ്മകള്‍ കണ്ടെത്തി ശരിയായ ദിശയില്‍ നിയമപരമായി സമൂഹത്തെ നയിക്കുകയും ചെയ്യുന്നുവെന്നതാണല്ലോ ശരിയായ കാഴ്ചപ്പാട്. അടുത്തകാലത്ത് ആഗോളവല്‍ക്കരണനയത്തിന്റെ ശക്തിക്കൊപ്പം പൊതുസമൂഹത്തിന്റെ പ്രതിഷേധശബ്ദങ്ങളെപ്പോലും ഇല്ലാതാക്കാമെന്നുള്ള വ്യാമോഹത്തിന്റെ ഭാഗമായി പ്രകടന നിരോധനം, സംഘടനാ സ്വാതന്ത്യ്ര നിരോധനം, വിദ്യാലയങ്ങളിലെ തെരഞ്ഞെടുപ്പ് നിരോധനം തുടങ്ങി അമിതാധികാരത്തിന്റെ പ്രയോഗവല്‍ക്കരണവും നിയമസംഹിതയുടെയും ഭരണഘടനയുടെയും വേലിക്കെട്ട് തകര്‍ത്തുള്ള വേലിചാട്ടങ്ങളും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നു പതിവായി മാറിയിരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമല്ല മതപരവും സാമൂഹ്യവുമായ ചടങ്ങുകള്‍പോലും നിയമവിരുദ്ധമാക്കാന്‍ തക്കതാണ് കോടതി ഇടപെടല്‍. നിയമപ്രകാരം പരിശോധിച്ചാല്‍ അത് നിലനില്‍ക്കുന്നതല്ല. ഇതിന്റെയടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായാല്‍ കേസുകളും നിലനില്‍ക്കില്ല. കാരണം, നിയമം നിര്‍മിക്കേണ്ടത് കോടതിയല്ല. നിലവില്‍ ഇത്തരം കേസുകള്‍ ചാര്‍ജ്ചെയ്യാന്‍ ശ്രമിച്ചാല്‍, നടപ്പാക്കാന്‍ കഴിയുന്ന ആളുകളോ ആക്ടോ കോടതിയുടെ ആഗ്രഹത്തിനനുസൃതമായി നിലവിലില്ല.

2 comments:

Anonymous said...

~~~~~~ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വതന്ത്രമായി രാജ്യത്ത് പരസ്യമായി അഭിപ്രായം പറയാനും സമാധാനപരമായി സംഘടിക്കാനും സംഘടനകള്‍ രൂപീകരിക്കാനും യാത്രചെയ്യാനും താമസിക്കാനും തൊഴിലെടുക്കാനും വാണിജ്യത്തിലേര്‍പ്പെടാനും അവകാശം നല്‍കുന്നു~~~~~

പൊതു നിരത്തുകള്‍ കയ്യേറാനും, വാഹനങ്ങള്‍ തടയാനും തകര്‍ക്കാനും, യാത്രാ സ്വാതന്ത്യം നിഷേധിക്കാനും, സാദാ പൌരന്‌ മേല്‍ എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും കുതിര കേറാനും, അവരുടെ സ്വാതന്ത്ര്യം സംഘടനാ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികഴിക്കാനും ഇവിടെ ആര്‍ക്കും ആരും അവകാശം കൊടുത്തിട്ടില്ല.

എന്താ ഉണ്ടോ?

ഒരു പൌരന്റെ സ്വാതന്ത്ര്യത്തിനു മുകളിലാണ് സംഘടനകളുടെ സ്വാതന്ത്ര്യം എന്ന് എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ?

Unknown said...

I am 100% with U SIR.