എണ്ണവിലയും മന്ത്രിയുടെ തുടര്‍വാദങ്ങളും
എണ്ണവില കുറയ്ക്കണമെന്ന ആവശ്യം രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് ആവര്‍ത്തിച്ചുയരുമ്പോഴും കുറയ്ക്കാതിരിക്കാനുള്ള വികലന്യായങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. രാജ്യത്തിന്റെ സമസ്ത ചലനങ്ങളെയും സ്തംഭിപ്പിക്കുന്ന പ്രതിഷേധ ഹര്‍ത്താലിനു പിന്നിലെ ജനരോഷത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള സന്നദ്ധതപോലും യുപിഎ സര്‍ക്കാരിനില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. എത്ര വിശദീകരിക്കാന്‍ ശ്രമിച്ചാലും ന്യായീകരിക്കാനാകാത്തതാണ് ഇത്തവണ ഏര്‍പ്പെടുത്തിയ ഭീമമായ വിലവര്‍ധന എന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അന്താരാഷ്ട്ര എണ്ണവിപണിയില്‍ പെട്രോള്‍വില കൂടിയതുകൊണ്ടുള്ളതല്ല ഈ വര്‍ധന. കുറഞ്ഞവിലയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍നിന്ന് ഇന്ത്യക്ക് ലഭിക്കുന്ന എണ്ണയ്ക്കുമേല്‍ ക്രമാതീതമായി നികുതി വര്‍ധിപ്പിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ കൃത്രിമമായി ഉണ്ടാക്കുന്ന വര്‍ധനയാണിത്. ഇന്ത്യയിലെയും തൊട്ടയല്‍രാജ്യമായ നേപ്പാളിലെയും എണ്ണവില താരതമ്യപ്പെടുത്തിയാല്‍ ഇത് വ്യക്തമാകും. ഇന്ത്യയുടെ തലസ്ഥാനത്ത് പെട്രോളിന് 55 രൂപ 88 പൈസ ലിറ്ററിന് വിലയുള്ളപ്പോള്‍ ഇന്ത്യയില്‍നിന്ന് എണ്ണ വരുത്തുന്ന നേപ്പാള്‍ അതിന്റെ തലസ്ഥാനത്ത് ലിറ്ററിന് 32 രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്നു. എന്തെങ്കിലും മാജിക്കുകൊണ്ടല്ല നേപ്പാള്‍ ഇത് സാധിക്കുന്നത്. പിന്നെയോ, ഇന്ത്യയിലെ സര്‍ക്കാരിനെപ്പോലെ ക്രമരഹിതമായി നികുതി കൂട്ടി നേപ്പാള്‍ വില ഉയര്‍ത്തുന്നില്ല എന്നതുകൊണ്ടാണിത്. പെട്രോള്‍വില ഇന്ത്യയില്‍ 55 രൂപയാകുന്നത് എങ്ങനെ എന്ന് നോക്കുക. പെട്രോളിന്റെ അടിസ്ഥാനവില ലിറ്ററിന് 16 രൂപ 50 പൈസയേയുള്ളൂ. അതിനുമേല്‍ 11 രൂപ 80 പൈസ കേന്ദ്രനികുതി ചുമത്തി. ഒമ്പത് രൂപ 75 പൈസ കേന്ദ്ര എക്സൈസ് ചുങ്കം ചുമത്തി. ഇതിനെല്ലാം പുറമെ മൂന്നു രൂപയുടെ വിലവര്‍ധനയും ഏര്‍പ്പെടുത്തി. എട്ടുരൂപയുടെ വില്‍പ്പന നികുതിയും രണ്ടുരൂപയിലേറെവരുന്ന ഇതരനികുതികളും നാലുരൂപയുടെ വാറ്റ് നികുതിയും. ഇതില്‍ സംസ്ഥാന ഖജനാവിലേക്ക് വരുന്നത് അവസാനം പറഞ്ഞ തുച്ഛമായ തുകമാത്രമാണ്. എന്നാല്‍, നേരിട്ടുള്ള വിലവര്‍ധനയിലൂടെയും എക്സൈസ് ചുങ്ക വര്‍ധനയിലൂടെയും മറ്റുമായി കേന്ദ്രം കൈയടക്കുന്നത് 24 രൂപയോളമാണ്. 16 രൂപയ്ക്ക് അന്താരാഷ്ട്ര എണ്ണസംഭരണിയില്‍നിന്ന് കിട്ടുന്ന പെട്രോള്‍ 150 ശതമാനം നികുതി ചേര്‍ത്ത് സര്‍ക്കാര്‍ജനങ്ങള്‍ക്ക് വില്‍ക്കുന്നു. സംസ്ഥാനം അതിന്റെ ഖജനാവിലേക്ക് വരുന്ന നികുതി ഉപേക്ഷിക്കട്ടെ എന്നുപറയുന്നവര്‍ ആ വിഹിതത്തേക്കാള്‍ എത്രയോ വലുതായ ഈ 150 ശതമാനത്തെ കാണാന്‍ കൂട്ടാക്കുന്നില്ല. എണ്ണവിലനിര്‍ണയകാര്യത്തില്‍ സമഗ്രനയംപോലും യുപിഎ സര്‍ക്കാരിനില്ല. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍, ആസൂത്രണ കമീഷന്‍ അംഗങ്ങളായ ബി കെ ചതുര്‍വേദി, കിരീത് പരീഖ് എന്നിവരുടെ അധ്യക്ഷതയില്‍ നയരൂപീകരണത്തിനായി മൂന്ന് സമിതിയെ മാറിമാറി നിയോഗിച്ചു. പക്ഷേ, നയമുണ്ടാകുന്നില്ല. ഇതിന് ഒരു കാരണമേയുള്ളൂ. എണ്ണക്കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ജനങ്ങളെ പിഴിഞ്ഞ് നികുതി സംഭരിക്കുന്നതിനും നയമുണ്ടായാല്‍ അത് തടസ്സമാകുമെന്നാതണ് അത്. മണ്ണെണ്ണവില ഉയര്‍ത്തിയതിന് പെട്രോളിയം മന്ത്രി മുരളി ദേവ്റ പറയുന്ന ഒരു കാരണം മണ്ണെണ്ണയുടെയും ഡീസലിന്റെയും വില തമ്മില്‍ വലിയ വ്യത്യാസമുണ്ടാകുന്നത് മായം ചേര്‍ക്കലിന് വഴിവയ്ക്കുമെന്നാണ്. അതാണ് കാരണമെങ്കില്‍ കേന്ദ്രനികുതി കുറച്ച് ഡീസലിന്റെ വിലയെ മണ്ണെണ്ണവിലയുടെ അടുത്തേക്ക് താഴ്ത്തിയെടുക്കാവുന്നതാണ്. അങ്ങനെ ചിന്തിക്കണമെങ്കില്‍ പാവപ്പെട്ട ജനങ്ങളെക്കുറിച്ചുള്ള ഒരു കരുതല്‍വേണം. അതില്ല എന്നത് എടുത്തുപറയേണ്ട കാര്യമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ എട്ടു തവണയാണ് എണ്ണവില വര്‍ധിപ്പിച്ചത് എന്നോര്‍ക്കണം. പെട്രോള്‍വില 53 ശതമാനം കണ്ടും ഡീസല്‍വില 85 ശതമാനം കണ്ടും വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര എണ്ണക്കമ്പോളത്തിലെ വിലവര്‍ധനയാണ് ഇതിന് പ്രേരിപ്പിക്കുന്നത് എന്നു വാദിക്കുന്ന മന്ത്രി, അന്താരാഷ്ട്ര കമ്പോളത്തില്‍ വിലകുറഞ്ഞ ഒരു വേളയില്‍പ്പോലും ആനുപാതികമായ കുറവ് ഇവിടെ ഏര്‍പ്പെടുത്താതിരുന്നതിനുള്ള കാരണം പറയുന്നില്ല. അന്താരാഷ്ട്ര കമ്പോളത്തിലെ വിലവ്യത്യാസത്തിന് ആനുപാതികമായല്ല, ഇവിടെ ഓരോ ഘട്ടത്തിലും വിലവര്‍ധന ഏര്‍പ്പെടുത്തിയതെന്ന കാര്യത്തിലേക്ക് കടക്കുന്നുമില്ല. ഇനിയാകട്ടെ, എക്സിക്യൂട്ടീവ് ഉത്തരവുവഴിയുള്ള വിലവര്‍ധന ആവശ്യമില്ല. ആവശ്യമെന്നു തോന്നുന്ന ഘട്ടങ്ങളിലൊക്കെ വില വര്‍ധിപ്പിക്കാനുള്ള സ്വതന്ത്രാധികാരം വിപണിക്കുതന്നെ വിട്ടുകൊടുക്കുകയാണ്. അതായത്, വിലനിയന്ത്രണത്തിനായി ഇടപെടുന്ന രീതിയില്‍നിന്നുള്ള സമ്പൂര്‍ണ പിന്മാറ്റം. കൊള്ളലാഭമടിക്കുന്ന എണ്ണക്കമ്പനികളുടെ ചൂഷണത്തിനായി ജനങ്ങളെ നിരുപാധികം എറിഞ്ഞുകൊടുക്കുന്നുവെന്നര്‍ഥം. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ബുധനാഴ്ച ചേരാനിരുന്ന വിലനിര്‍ണയകമ്മിറ്റിയോഗം മാറ്റിവച്ചത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ എണ്ണവിലകുറയുകയാണ്. അതനുസരിച്ച് ഇവിടെയും വിലകുറയ്ക്കണമെന്നതിനാലാണ് യോഗം മാറ്റിവെച്ച് സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കുന്നത്. പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് വിലനിയന്ത്രണം നീക്കിയതെന്നാണ് മന്ത്രി പറയുന്നത്. കമ്മിറ്റി ശുപാര്‍ശ അതേപടി അംഗീകരിക്കാന്‍ ബാധ്യസ്ഥമായ സംവിധാനമാണോ സര്‍ക്കാര്‍. ആ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജനതാല്‍പ്പര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തമാണ് ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ, യുപിഎ സര്‍ക്കാരിന് ജനങ്ങളല്ല പ്രധാനം, മറിച്ച് പരീഖ് കമ്മിറ്റിയും അതിന്റെ ശുപാര്‍ശ എന്ന മറയിട്ടുകൊണ്ട് കോഗ്രസ് സഹായിച്ചുകൊണ്ടിരിക്കുന്ന വന്‍കിട പെട്രോള്‍കമ്പനികളുടെ താല്‍പ്പര്യങ്ങളുമാണ്. കോഗ്രസിന്റെ ഫണ്ട് സ്രോതസ്സാണ് റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍. അവര്‍ ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥനായി മാറുകയാണ് പെട്രോളിയം മന്ത്രി മരുളി ദേവ്റ. പരീഖ് കമ്മിറ്റിയോട് ഇത്രയേറെ ആദരവുകാട്ടുന്ന ഈ മന്ത്രിയും അദ്ദേഹം ഉള്‍പ്പെട്ട സംവിധാനവും ആ കമ്മിറ്റിയുടെ ശുപാര്‍ശകളിലുള്ള മറ്റൊരു കാര്യം- ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിര്‍ണയ രംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ സമ്പൂര്‍ണ പിന്മാറ്റം- എപ്പോള്‍ ചെയ്തുകൊടുക്കുമെന്ന ഉല്‍ക്കണ്ഠയാണ് രാജ്യത്തെ ഇപ്പോള്‍ അലട്ടുന്നത്. റിലയന്‍സും എസ്സാറും ചേര്‍ന്ന് ഇപ്പോള്‍ത്തന്നെ കൈയടക്കിവച്ചിട്ടുള്ളത് മൊത്തം ആഭ്യന്തര എണ്ണക്കമ്പോളത്തിന്റെ 20 ശതമാനത്തോളമാണ്. നിയന്ത്രണരഹിതമായ ഒരു സംവിധാനമുണ്ടാകാന്‍ കാത്തിരിക്കുകയാണ് അവര്‍. പടിപടിയായി ആ താല്‍പ്പര്യംകൂടി നിര്‍വഹിച്ചുകൊടുക്കാനുള്ള പുറപ്പാടിലാണ് യുപിഎ സര്‍ക്കാര്‍ എന്നത് വ്യക്തം. പൊതുമേഖലയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ നഷ്ടംനികത്താന്‍ വിലവര്‍ധന കൂടിയേ തീരുമായിരുന്നുള്ളൂ എന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ഈ സ്ഥാപനങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍മതി മന്ത്രിയുടെ അവകാശവാദം കള്ളമാണെന്നു തെളിയിക്കാന്‍. ഈ സ്ഥാപനങ്ങളെല്ലാം ഓരോ വര്‍ഷവും ലാഭത്തില്‍നിന്ന് പലമടങ്ങ് ലാഭത്തിലേക്ക് കുത്തനെ കയറിപ്പോകുകയാണെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടുകളും സിഎജി റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലാഭവിഹിതം കേന്ദ്രത്തിന് കൃത്യമായി കിട്ടുന്നുമുണ്ട്. മന്ത്രിയുടെ ഇത്തരം വാദങ്ങള്‍ക്ക് മറച്ചുപിടിക്കാനാകാത്തതാണ് എണ്ണവിലവര്‍ധനയിലെ ന്യായരാഹിത്യം. ജനങ്ങളെ കൊള്ളയടിച്ച് എണ്ണക്കമ്പനികളുടെ ലാഭനിക്ഷേപങ്ങള്‍ പെരുപ്പിക്കുകയും അതിന്റെ ഓഹരി തെരഞ്ഞെടുപ്പു പ്രചാരണച്ചെലവുകള്‍ക്കും മറ്റുമായി വാങ്ങുകയും ചെയ്യുക എന്നതാണ് കോഗ്രസിന്റെ തന്ത്രം. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എണ്ണവിലവര്‍ധനയ്ക്കെതിരായ ജനരോഷം ആളുന്ന നിലയില്‍ ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമായത്. അതില്‍ പ്രതിഫലിച്ചുകാണുന്ന ജനവികാരം മനസ്സിലാക്കാന്‍ തയ്യാറല്ല എന്ന ധാര്‍ഷ്ട്യമാണ് മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള ന്യായവാദങ്ങളില്‍ നിഴലിച്ചുകാണുന്നത്.
No comments:
Post a Comment