Friday, July 16, 2010

ഇ എം എസ് ഭവനപദ്ധതി ലക്ഷ്യത്തിലേക്ക്

ഇ എം എസ് ഭവനപദ്ധതി ലക്ഷ്യത്തിലേക്ക്പാലോളി മുഹമ്മദുകുട്ടി
കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന പദവിയിലേക്കെത്തുകയാണ്. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി അതിന്റെ അന്തിമഘട്ടത്തിലാണ്. 2011 മാര്‍ച്ചോടെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും. ഭൂപരിഷ്കരണത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് സമ്പൂര്‍ണ ഭവനപദ്ധതി. മറ്റൊരാളുടെ ഭൂമിയില്‍ കുടികിടപ്പുകാരായിരുന്നവര്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം എത്ര ചെറുതായാലും ലഭ്യമാക്കാന്‍ ഭൂപരിഷ്കരണംകൊണ്ട് കഴിഞ്ഞു. ഇന്ത്യയിലെ മിക്ക സംസ്ഥാനത്തും ഇപ്പോഴും നടപ്പാക്കാത്ത ഒന്നാണ് ഭൂപരിഷ്കരണം. സ്വന്തമായി ഒരു കിടപ്പാടം കിട്ടിയവര്‍ക്കുള്ള സ്വപ്നമാണ് സുരക്ഷിതമായ ഒരു പാര്‍പ്പിടം. ഒരു ചെറിയ ന്യൂനപക്ഷത്തിന് അത് ഇന്നും ലഭ്യമായിട്ടില്ല. എഴുപതുകളിലെ ലക്ഷംവീട് പദ്ധതിയാണ് പാര്‍പ്പിടപ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിയ ആദ്യപദ്ധതി. ആവശ്യത്തിന്റെ ഒരു ചെറിയഭാഗം മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വീട് ലഭ്യമാക്കുക എന്നത് ഒരു സാമൂഹ്യ ഉത്തരവാദിത്തമാണെന്നു പറയാന്‍ ഈ പദ്ധതിക്കു കഴിഞ്ഞു. കേന്ദ്രസഹായത്തോടെയും അല്ലാതെയും നിരവധി ഭവനപദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഭവനരഹിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞില്ല. വര്‍ഷംതോറുമുണ്ടായ അധിക ആവശ്യം നിറവേറ്റാന്‍ കഴിയാത്തതുകൊണ്ട് ഫലത്തില്‍ ഭവനരഹിത കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായത്. ജനകീയാസൂത്രണത്തോടെയാണ് ചിത്രം മാറുന്നത്. അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കേണ്ട ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതായി. ജനകീയാസൂത്രണത്തെ തുടര്‍ന്ന് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പദ്ധതിവിഹിതം ലഭ്യമായതോടെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതിക്ക് വേഗം കൂടി. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷം വീടും പത്താം പദ്ധതിക്കാലത്ത് മൂന്നു ലക്ഷം വീടുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ഒരു സമ്പൂര്‍ണ ഭവനപദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞത്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെ നാമധേയത്തില്‍ ഒരു സമ്പൂര്‍ണ ഭവനപദ്ധതി രൂപമെടുത്തത് ഈ സാഹചര്യത്തിലാണ്. പതിനൊന്നാം പദ്ധതിക്കാലത്ത് ഭവനരഹിതരായ മുഴുവന്‍ ദുര്‍ബല കുടുംബങ്ങള്‍ക്കും വീട് നല്‍കാന്‍ കഴിയുമോ എന്നായിരുന്നു ആലോചിച്ചത്. എത്ര വീടുകള്‍ വേണ്ടിവരുമെന്ന് തിട്ടപ്പെടുത്താന്‍ ഡോ. എ അച്യുതന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലയേല്‍പ്പിച്ചു. അഞ്ചു ലക്ഷം ഭവനരഹിത കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അവരില്‍ 1.5 ലക്ഷം ഭൂരഹിതരാണെന്നുമാണ് ഈ സമിതി കണ്ടെത്തിയത്. മെച്ചപ്പെടുത്തേണ്ട 4.5 ലക്ഷം വീടുണ്ടെന്നും കണ്ടെത്തി. പ്ളാനിങ് ബോര്‍ഡിന്റെ ടാക്സ് ഫോഴ്സും മറ്റു പഠനങ്ങളും സമാനമായ വിവരങ്ങളാണ് നല്‍കിയത്. ഈ വിവരങ്ങളുടെ പിന്‍ബലത്തിലാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് രൂപം നല്‍കിയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ അതായത് 2011ല്‍ ഭവനരഹിതരായ അഞ്ചു ലക്ഷം കുടുംബങ്ങള്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഐഎവൈ പദ്ധതി, പട്ടികജാതി/വര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭവന ധനസഹായം ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികള്‍ വഴി നഗരസഭകളില്‍ നടക്കുന്ന ഭവന നിര്‍മാണം എന്നിവ ഈ ലക്ഷ്യത്തിന്റെ ഒരു പങ്ക് നിര്‍വഹിക്കാന്‍ സഹായകരമാകുമെന്നും കണ്ടെത്തി. ലക്ഷംവീടു പദ്ധതിപ്രകാരം പണിത ഇരട്ട വീടുകളില്‍ നല്ലാരു പങ്ക് പഞ്ചായത്തുകള്‍ മെച്ചപ്പെടുത്തിയിരുന്നു. ഇനിയും ജീര്‍ണാവസ്ഥയില്‍ അവശേഷിക്കുന്നവ മെച്ചപ്പെടുത്തുന്നതിന് ഭവനബോര്‍ഡ് സഹായിക്കാന്‍ തയ്യാറായി. എംഎന്‍ ലക്ഷംവീട് പുനരുദ്ധാരണപദ്ധതി പ്രകാരം പകുതി സഹായം ഭവനബോര്‍ഡ് പഞ്ചായത്തുകള്‍ക്ക് നല്‍കും. ഇവയുടെ പിന്‍ബലത്തില്‍ പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ പദ്ധതിവിഹിതമുപയോഗിച്ച് പ്രവര്‍ത്തനാരംഭിച്ചു. പദ്ധതിവിഹിതത്തില്‍നിന്ന് പണം കണ്ടെത്തി നിശ്ചയിച്ച പരിധിക്കകം പദ്ധതി പൂര്‍ത്തിയാക്കാന്‍ വളരെ കുറച്ചു പഞ്ചായത്തുകള്‍ക്കേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് മൂന്നുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന തരത്തില്‍ വായ്പയെടുത്ത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, മിക്ക പഞ്ചായത്തുകളിലും മൂന്നുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന രീതിയില്‍ വായ്പയെടുത്ത് പദ്ധതി പൂര്‍ത്തീകരിക്കുക അസാധ്യമാണെന്നു മനസ്സിലായി. ഈ സാഹചര്യത്തിലാണ് പദ്ധതിവിഹിതത്തിന്റെ 15 ശതമാനംവീതം പത്തുവര്‍ഷംകൊണ്ട് കൊടുത്തു തീര്‍ക്കാവുന്നത്ര തുക വായ്പയെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിയത്. വായ്പയ്ക്കുള്ള പലിശ സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുവിഭാഗത്തിന് ഭവനപദ്ധതിയില്‍ നല്‍കിയിരുന്ന ധനസഹായം 35,000 രൂപ മാത്രമായിരുന്നു. അത് 50,000 രൂപയായും 2009-10 മുതല്‍ 75,000 രൂപയായും വര്‍ധിപ്പിച്ചു. ഇതിന് അനുസൃതമായി പട്ടികജാതി വിഭാഗത്തിനും പട്ടികവര്‍ഗ വിഭാഗത്തിനുമുള്ള ധനസഹായം യഥാക്രമം ഒരു ലക്ഷം, 1.25 ലക്ഷം എന്നിങ്ങനെ വര്‍ധിപ്പിക്കുകയുണ്ടായി. ഐഎവൈ പദ്ധതിയില്‍ ഗുണഭോക്താവിന് 38,500 രൂപയാണ് ധനസഹായമായി ലഭിച്ചിരുന്നത്. (75 ശതമാനം കേന്ദ്രസഹായവും 25 ശതമാനം സംസ്ഥാനവിഹിതവും). ഈ തുകയോടൊപ്പം യഥാക്രമം 86,500 രൂപ, 61,500 രൂപ, 36,500 രൂപ എന്നിങ്ങനെ പട്ടികവര്‍ഗം, പട്ടികജാതി, പൊതു വിഭാഗങ്ങള്‍ക്ക് ത്രിതല പഞ്ചായത്തുകളുടെ വിഹിതംകൂടി ചേര്‍ത്ത് മറ്റുള്ള പദ്ധതിക്കൊപ്പമെത്തിക്കുകയാണ് ചെയ്യുന്നത്. ലക്ഷംവീട് പുനരുദ്ധാരണപദ്ധതിയില്‍ വീടൊന്നിന് 50,000 രൂപയാണ് നല്‍കിയിരുന്നത്. ഇതും 75,000 രൂപയായി വര്‍ധിപ്പിച്ചു. പകുതി ഭവനബോര്‍ഡും ബാക്കി പകുതി പഞ്ചായത്തുമാണ് നല്‍കുന്നത്. 16,000 വീട് ഇത്തരത്തില്‍ പുനരുദ്ധരിക്കാനുണ്ട്. പദ്ധതിയുടെ ആദ്യ രണ്ടുവര്‍ഷത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബാങ്ക് വായ്പ ഉപയോഗിച്ചും സ്വന്തം പദ്ധതികള്‍ വഴിയും 2.47 ലക്ഷംവീട് നിര്‍മിച്ചു നല്‍കിക്കഴിഞ്ഞു. ഐഎവൈ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അധികവിഹിതം വാങ്ങിയെടുത്തതും പദ്ധതിപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടാന്‍ സഹായകമായി. 2008-09, 2009-10 വര്‍ഷങ്ങളില്‍ സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുള്ള സ്റിമുലസ് പാക്കേജില്‍പ്പെടുത്തി 30,000 വീടുവീതം നിര്‍മിക്കാനുള്ള അധിക ധനസഹായം കേന്ദ്രസര്‍ക്കാരില്‍നിന്നു നേടിയെടുത്തു. ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികളുടെ ഭാഗമായി നഗരസഭകളില്‍ 8462 വീട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 7771 വീടിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

No comments: