Sunday, July 18, 2010

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു ...

പോപ്പുലര്‍ ഫ്രണ്ട് ബന്ധം: യു ഡി എഫ് ഒളിച്ചുകളിക്കുന്നു ...
തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരായി കേരളീയസമൂഹം ഒറ്റക്കെട്ടായി അണിനിരക്കുമ്പോഴും യു ഡി എഫ് - കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒളിച്ചുകളി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് വ്യക്തമാക്കപ്പെട്ടിട്ടും ഈ സംഘടനയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാനോ ഇവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യാനോ യു ഡി എഫും കോണ്‍ഗ്രസും ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിയ സംഭവത്തെ അപലപിക്കാന്‍ എത്തിയ യു ഡി എഫ് സംഘം അക്രമികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പോലും പറയാതെയാണ് മടങ്ങിയത്.
യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും നേതൃത്വം നല്‍കിയ സംഘത്തില്‍നിന്ന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം വിട്ടുനിന്നു. 'സംഘടനയുടെ പേര് പറയാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന്' കെ എം മാണി വെട്ടിത്തുറന്ന് പറയുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും നരനായാട്ട് നടത്തിയ സംഘടനയുടെ പേര് പറയാന്‍ തയ്യാറായില്ല. പേരെന്തുമാകട്ടെ ഭീകരസംഘടനകളെയെല്ലാം അമര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു അടുത്ത ഉരുണ്ടുകളി.
ഇന്നലെ രാവിലെ പത്തോടെയാണ് യു ഡി എഫ് സംഘം ജോസഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലെത്തിയത്. ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിയെടുത്ത സ്ഥലവും സംഘം കണ്ടു. തുടര്‍ന്ന്് മൂവാറ്റുപുഴ ടി ബിയില്‍ വാര്‍ത്താസമ്മേളനവും നടത്തി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെപ്പറ്റി യു ഡി എഫിന്റെ അഭിപ്രായം ആരാഞ്ഞപ്പോഴും നേരിട്ട് അഭിപ്രായം പറയാതെ എല്ലാ ഭീകരസംഘടനകളെയും അമര്‍ച്ച ചെയ്യണമെന്ന് മാത്രമായിരുന്നു മാണിയുടെ മറുപടി. കൈപ്പത്തിവെട്ടിയതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിനും ഭീകരസംഘടനയെന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പോപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ യു ഡി എഫ് നേതാക്കള്‍ കൂട്ടാക്കിയില്ല.
പി ടി തോമസ് എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിന്നിട് ഈ സംഘം എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തി ടി ജെ ജോസഫിനെയും സന്ദര്‍ശിച്ചു.
നിലമ്പൂരിലെ തീവണ്ടി അട്ടിമറിശ്രമം, അധ്യാപകന്റെ കൈവെട്ടിയ സംഭവം എന്നിവയുടെ പേരില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്ന വേളയിലും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ നിയമസഭയിലും പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലെ കള്ളക്കള്ളി നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട് യോജിക്കുന്നുണ്ടോ എന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും സംഘടനകളെ തരംതിരിക്കുന്ന ജോലി തന്നെ ആരും ഏല്‍പ്പിച്ചിട്ടില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചെയ്തത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടാക്കില്ലെന്ന് പ്രസംഗിച്ച ഉമ്മന്‍ചാണ്ടിയോട്, ഏതൊക്കെയാണ് ആ സംഘടനകളെന്ന് ചോദ്യമുയര്‍ന്നെങ്കിലും ഒരു സംഘടനയുടെയും പേര് പറയാന്‍ അദ്ദേഹം തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന വന്ന ദിവസം തന്നെ അതിനെതിരായ പരസ്യനിലപാടുമായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരുന്നു. ജനാധിപത്യത്തില്‍ ആരുടെ വോട്ടും വേണ്ടെന്ന് പറയാനുള്ള ധിക്കാരം കാട്ടില്ലെന്ന 'അതിവിനയം' നിറഞ്ഞ നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആര്യാടന്റെ അഭിപ്രായം അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണെന്ന് പറയാനും ഉമ്മന്‍ചാണ്ടി മറന്നില്ല.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ ഡി ഫിന്റെയും സഹായം ലഭിച്ചതിനുള്ള പ്രത്യുപകാരം കൂടിയാണ് ഈ സംഘടനകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ അയഞ്ഞ നിലപാട്. വര്‍ഗീയ സംഘടനകളുടെ വരുമാനസ്രോതസ് അന്വേഷിക്കണമെന്നും ഇത്തരം സംഘടനകളെ നിരോധിക്കണമെന്നുമുള്ള ആവശ്യം പരക്കെ ഉയരുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ മടിക്കുകയാണ്

No comments: