വര്‍ഗീയതയെ ചെറുക്കുമ്പോള്‍ വ്യക്തികള്‍ സ്വയം സംരക്ഷിക്കുന്നു: കെ എന്‍ പണിക്കര്‍.
വര്‍ഗീയതയെ ചെറുക്കുമ്പോള്‍ സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുക എന്നതിനേക്കാള്‍ പ്രധാനമായി, ഓരോ വ്യക്തിയും സ്വയം സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. രചന സംഘടിപ്പിച്ച ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് കല-സംസ്കാരം വര്‍ഗീയത എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയും മനുഷ്യത്വവും നഷ്ടപ്പെട്ട സംസ്കാരം ഇന്ന് നിലനില്‍ക്കുന്നു. ആ സംസ്കാരത്തിലാണ് വര്‍ഗീയത വളരുന്നത്. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്ക് മതങ്ങളെ അറിയില്ല. അവര്‍ മതാനുയായികളല്ല, മതവിരോധികളാണ്. സ്വന്തം മതത്തിനെതിരെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ്. വര്‍ഗീയ പാര്‍ടികള്‍ക്ക് ഇവിടെ വലിയ സ്വാധീനമില്ല. അതുകൊണ്ട് വര്‍ഗീയതയില്ല എന്ന് കരുതരുത്. വര്‍ഗീയതയെ രാഷ്ട്രീയ പ്രതിഭാസമായി മാത്രം കാണരുത്. വര്‍ഗീയത പ്രചരിപ്പിക്കുന്നത് സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായാണ്. ആയിരക്കണക്കിന് ഹിന്ദു വര്‍ഗീയ സംഘടനകളും നൂറ്കണക്കിന് മുസ്ളിം വര്‍ഗീയ സംഘടനകളും ഉണ്ട്. ആര്‍എസ്എസ് സാംസ്കാരിക സംഘടനയെന്നാണ് പറയുന്നത്. ചിന്തിക്കാന്‍ കഴിയാത്തവരാണ് വര്‍ഗീയവാദികള്‍. എന്നാല്‍, ഒരു സംഘടനയുടെ പേര് വിചാരകേന്ദ്രമെന്നാണ്. ചരിത്രത്തെ നിഷേധിച്ച് രാജ്യത്തിന് സാംസ്കാരികമായി പുനര്‍നിര്‍വചനം നല്‍കുകയാണ്. സിന്ധു സംസ്കാരം മുതല്‍ ജീവിച്ചിരുന്നവര്‍ ആര്യന്മാരാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇതിനെ എതിര്‍ക്കുന്ന എല്ലാ ആശയങ്ങളെയും ആക്രമിക്കുകയാണ് രീതി.
വര്‍ഗീയതയുടെ സ്വഭാവം എന്തെന്ന് പരിശോധിക്കുമ്പോള്‍ അത് സമൂഹത്തില്‍ 50വര്‍ഷം മുമ്പ് ചിന്തിക്കാന്‍ പോലുമാകാത്തവിധം അക്രമോത്സുകത വളര്‍ത്തിയെന്നതാണ്. ഇല്ലെങ്കില്‍ ഗുജറാത്തും ഒറീസയും ഉണ്ടാകുമായിരുന്നില്ല. അധ്യാപകന്റെ കൈ വെട്ടുമായിരുന്നില്ല. വര്‍ഗീയതയുടെ ഏറ്റവും വലിയ വിജയം അത് സമൂഹത്തെ മരവിപ്പിച്ച് പ്രതികരണശേഷി ഇല്ലാതാക്കിയെന്നതാണ്. പ്രകൃതിയുമായുള്ള ബന്ധത്തിലൂടെ ഉണ്ടാകുന്ന അവബോധമാണ് സംസ്കാരം. പ്രകൃതിയെ ബഹുമാനിക്കുക, മനുഷ്യനെ ബഹുമാനിക്കുക എന്നിവയാണ് അതിന്റെ രണ്ട് അടിസ്ഥാനം. പ്രകൃതിയെ ചൂഷണംചെയ്യുന്ന ലോകവ്യവസ്ഥയാണ് ഇന്നുള്ളത്. സഹജീവിയായ മനുഷ്യനോടുള്ള സ്നേഹത്തില്‍നിന്നാണ് നവോത്ഥാനം ഉണ്ടായത്. ആ സ്നേഹം നഷ്ടപ്പെട്ടപ്പോഴാണ് സംസ്കാരം നഷ്ടപ്പെട്ടത്.
ദുബായ് ഇന്ത്യന്‍ കൊണ്സുലടിന്റെ രക്ഷാകര്‍ത്രിത്വത്തില്‍ ദല സംഘടിപ്പിക്കുന്ന ഇ.എം.എസ്. ജന്മശതാബ്ദി ആഘോഷം ഓഗസ്റ്റ് ആറിനു ദുബായ് ഇന്ത്യന്‍ കൊണ്സുലറ്റ് ഓഡിറ്റോറിയത്തില്‍ . കോണ്‍സുല്‍ ജനറല്‍ H.E. സഞ്ജയ് വര്‍മ, ഡോക്ടര്‍ കെ. എന്‍. പണിക്കര്‍, ഡ...ോക്ടര്‍ കെ. എന്‍. ഹരിലാല്‍ എന്നിവര്‍ സംബന്ധിക്കുന്നു.
1 comment:
വര്‍ഗീയതക്കെതിരെ പ്രതിക്കരിക്കുന്നവരെ വര്‍ഗീയ വാദികളും മത വിദ്വെഷികളും ആയാണ് ഇന്നത്തെ അരാഷ്ട്രീയ സമൂഹം മുദ്രകുത്തുന്നത്. അത് നുനപക്ഷ വര്‍ഗീയതയോ ഭൂരിപക്ഷ വര്‍ഗീയതയോ എന്ന മാറ്റമില്ലാതെ തുടരുന്നു!!
Post a Comment