Monday, July 19, 2010

ഇടയലേഖനം 'ഭരണഘടനാവിരുദ്ധം, നിയമലംഘനം'

ഇടയലേഖനം 'ഭരണഘടനാവിരുദ്ധം, നിയമലംഘനം'
ഷഫീഖ് അമരാവതി

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കാന്‍ കത്തോലിക്കാ മെത്രാന്‍സമിതി ഇറക്കിയ ഇടയലേഖനം ഭരണഘടനാവിരുദ്ധവും ജനപ്രാതിനിധ്യനിയമ ലംഘനവുമാണെന്ന് വിദഗ്ധാഭിപ്രായം. ഇന്ത്യയുടെ മതനിരപേക്ഷ അന്തഃസത്തയ്ക്ക് വിരുദ്ധവുമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതസ്വാതന്ത്യ്രം ഭരണഘടന ഉറപ്പുനല്‍കുന്ന മൌലിക അവകാശമാണെങ്കിലും സഭയുടെ നടപടി ആ സ്വാതന്ത്യ്രത്തിന്റെ ദുര്‍വ്യാഖ്യാനമാണെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യൂവാല്‍സ്) വൈസ് ചാന്‍സലറും കേരള നിയമസഭയുടെ മുന്‍ സെക്രട്ടറിയുമായ ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുമ്പോള്‍ മതേതര മൂല്യം നഷ്ടമാകും. മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതും വോട്ട് ചെയ്യേണ്ട എന്നു പറയുന്നതും ഒരുപോലെ കുറ്റകരമാണ്. ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണ്. ആ മൂല്യമാണ് ഇത്തരം ഇടപെടലുകള്‍ തകര്‍ക്കുന്നത്- അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്ക് തുണയാകുന്നതാണ് ഇടയലേഖനമെന്ന് ജസ്റ്റിസ് കെ കെ നരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മതവികാരം ഇളക്കരുതെന്ന് ഭരണഘടനയും ചട്ടങ്ങളും വ്യക്തമാക്കുന്നുണ്ട്. ഇവ ലംഘിക്കുകയാണ് സഭ ചെയ്തത്. ഇന്ത്യയില്‍ ഭരണഘടനാപ്രകാരം രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയെ ആക്രമിക്കാന്‍ ഭരണഘടനാവിരുദ്ധമായ സമീപനമാണ് സഭ സ്വീകരിച്ചിട്ടുള്ളതെന്ന് നിയമവിദഗ്ധനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം മുന്നോട്ടുവയ്ക്കുന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയാണ് ഇടയലേഖനത്തിലൂടെ സഭ എതിര്‍ക്കുന്നത്. മതവിശ്വാസമെന്നപോലെ രാഷ്ട്രീയവിശ്വാസവും വച്ചുപുലര്‍ത്താന്‍ ഏതു മതക്കാരനും അവകാശമുണ്ട്. നിര്‍ബന്ധമായി വിശ്വാസികള്‍ പങ്കെടുക്കേണ്ട ദിവ്യബലിമധ്യേ ഇതു പറയുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 125-ാം ചട്ടത്തെയും സഭാലേഖനം ലംഘിച്ചതായി വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശത്രുത ഉണ്ടാക്കുന്നതിനെ ചട്ടം വിലക്കുന്നു. വിവിധ വര്‍ഗങ്ങള്‍ക്കിടയിലും പൌരന്മാര്‍ക്കിടയിലും മതം, വര്‍ണം, ജാതി, സമുദായം, ഭാഷാപരമായ ശത്രുതാവികാരം സൃഷ്ടിക്കുന്നത് മൂന്നുവര്‍ഷം വരെ തടവിനോ പിഴയ്ക്കോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമായാണ് ചട്ടം വിലയിരുത്തുന്നത്. പരസ്യമായി ഈ ചട്ടം ലംഘിക്കുകയാണ് കെസിബിസി ലേഖനം വായിച്ചതുവഴി ഇടവക വികാരിമാര്‍ നടത്തിയിരിക്കുന്നത്- വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


പോപ്പുലര്‍ഫ്രണ്ടിനെ വളര്‍ത്തിയത് യുഡിഎഫ്, ബിജെപി
മലപ്പുറം: പോപ്പുലര്‍ഫ്രണ്ടിനെ വളര്‍ത്തിയത് യുഡിഎഫാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടുനേടാന്‍ വേണ്ടി മാത്രമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇവരുടെ പേരു പറഞ്ഞ് വിമര്‍ശം നടത്താതിരുന്നത്. പറവൂരില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ യുവാവിന്റെ കൈവെട്ടിയ കേസ് എറണാകുളം ജില്ലയിലെ ഒരു കോഗ്രസ്എംഎല്‍എ ഇടപെട്ടാണ് ഒതുക്കിയത്. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബോംബു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; 2 എന്‍ഡിഎഫുകാര്‍ അറസ്റ്റില്‍
കാസര്‍കോട്: തൃക്കരിപ്പൂര്‍ തങ്കയത്തെ പോപ്പുലര്‍ഫ്രണ്ട് കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് എന്‍ഡിഎഫുകാര്‍ അറസ്റ്റില്‍. തങ്കയത്തെ മുഹ്സിന്‍, ലിയാസത്തലി എന്നിവരാണ് പിടിയിലായത്. രണ്ടു ബോംബും നിര്‍മ്മാണസാമഗ്രികളും മാരകായുധങ്ങളും പിടിച്ചെടുത്തു. ശ്മശാനത്തിനടുത്തുള്ള പോപ്പുലര്‍ഫ്രണ്ട് ബോംബുനിര്‍മ്മാണകേന്ദ്രത്തില്‍ നിന്നാണ് ബോംബുകളും വടിവാളും ഇരുമ്പുവടികളും കണ്ടെടുത്തത്. കുറച്ചുകാലമായി ഇവിടം കേന്ദ്രീകരിച്ച് ആയുധപരിശീലനവും ബോംബു നിര്‍മ്മാണവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് റെയ്ഡ് നടത്തിയത്.

കൈവെട്ട് ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖ
മലപ്പുറം: അധ്യാപകന്റെ കൈവെട്ടിയതിനെ ന്യായീകരിച്ചും നുണകള്‍നിറച്ചും പള്ളികളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലഘുലേഖ. വെളളിയാഴ്ച ജുമാ നമസ്കാരത്തിനുശേഷമാണ് വര്‍ഗീയ വികാരമിളക്കിവിടുന്ന ലഘുലേഖകള്‍ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്തത്. മതവികാരമിളക്കിവിടുന്ന ലഘുലേഖ വിതരണത്തിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ടായി. 'നുണകള്‍കൊണ്ട് മുസ്ളിം ശാക്തീകരണത്തെ തകര്‍ക്കാനാവില്ല' എന്ന തലക്കെട്ടോടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്. മുസ്ളിങ്ങളുടെ മനസ്സിനേറ്റ മുറിവുണക്കുന്നതിന് പകരം, ചോദ്യപേപ്പര്‍വിവാദം നിസ്സാരവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണുണ്ടായതെന്നും അതാണ് അധ്യാപകനെ ആക്രമിക്കാന്‍ കാരണമെന്നും ലഘുലേഖ പറയുന്നു. പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്നും മുസ്ളിംവീടുകള്‍ ചവിട്ടിപ്പൊളിച്ചെന്നും ലഘുലേഖയിലുണ്ട്. റെയ്ഡില്‍ കണ്ടെത്തിയ വെട്ടുകത്തി നാളികേരം പറിക്കാനുളളതാണെന്നും തോക്ക്് കളിത്തോക്കാണെന്നുമുള്ള വാദങ്ങളുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള നീക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളുടെയും പൊലീസ്-മാധ്യമ കൂട്ടുകെട്ടിന്റെയും താല്പര്യങ്ങളുണ്ടെന്നും ലഘുലേഖ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് മുസ്ളിങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നവ സാമൂഹിക പ്രസ്ഥാനമാണെന്ന വാദവുമുണ്ട്. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ മുസ്ളിംപക്ഷത്തുനിന്ന് ദേശീയതലത്തില്‍ ഉയര്‍ന്നുവന്ന ഒരേയൊരു പ്രസ്ഥാനമാണെന്നും അത് പലരുടെയും ഉറക്കംകെടുത്തുന്നുവെന്നും ലഘുലേഖ അവകാശപ്പെടുന്നു