കോണ്‍ഗ്രസില്‍ അടിമുടി ജാതിസ്വാധീനമെന്ന് കത്തോലിക്ക സഭ
തൃശൂര്‍ : എല്ലാ തലത്തിലും ജാതിസ്വാധീനം ചെലുത്തുന്ന പാര്‍ടിയാണ് കോണ്‍ഗ്രസെന്നും, ആ പാര്‍ടിയുടെ മതേതരത്വം കാപട്യമെന്നും സൂചിപ്പിച്ച് സഭാപ്രസിദ്ധീകരണം. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ "കത്തോലിക്ക സഭ" യുടെ പുതിയ ലക്കത്തിലാണ് സഭയുടെ അതൃപ്തി പ്രകടമാക്കുന്ന പരാമര്‍ശങ്ങള്‍ . എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ പ്രസക്തി എന്താണെന്ന് ഉത്തമ ബോധ്യമുള്ള നേതാവായിരുന്നു കെ കരുണാകരനെന്നും, അദ്ദേഹത്തെ പോലെ ദേശീയ വീക്ഷണമുള്ള ഒരാളും ഇന്ന് കോണ്‍ഗ്രസില്‍ മരുന്നിനുപോലും അവശേഷിക്കുന്നില്ലെന്നും ലേഖനം വിശദീകരിച്ചു. കെപിസിസി നേതൃത്വത്തിനും ഭരണ നേതൃത്വത്തിനുമെതിരെയാണ് ലേഖനം പ്രധാനമായും ഒളിയമ്പ് തൊടുക്കുന്നത്. സ്വന്തം അജന്‍ഡകള്‍ നടപ്പാക്കിയിരുന്നപ്പോഴും ക്രൈസ്തവ സഭകളുടെ സുഹൃത്തായി കരുണാകരന്‍ തുടര്‍ന്നു. കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ടി വേണ്ടെന്ന് ആഗ്രഹിച്ച ക്രൈസ്തവര്‍ നിരാശരാണിപ്പോള്‍ . ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക ഘട്ടത്തിലെല്ലാം കരുണാകര വിരുദ്ധ ചേരിക്ക് ഇന്ധനമേകിയ സഭയുടെ ചുവടുമാറ്റം നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള മുന്നറിയിപ്പായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പുകാലത്ത് മാത്രം മതി കോണ്‍ഗ്രസിന് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളെ. വോട്ടിനുവേണ്ടി അരമനയില്‍ കയറുകയും മെത്രാന്റെ കൈമുത്തുകയും വൈദികനെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ എംപിയോ എംഎല്‍എയോ, എന്തിന് പഞ്ചായത്തംഗമോ പാര്‍ടി നേതാവോ ആയിക്കഴിഞ്ഞാല്‍ പോലും തിരിഞ്ഞുനോക്കില്ല. ക്രൈസ്തവരെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ എന്തെങ്കിലും നിലപാട് വ്യക്തമാക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസുകാര്‍ കമ്യൂണിസ്റ്റുകാരേക്കാളും വലിയ മതേതരവാദികളാകുമെന്നും അതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കാണിക്കാമെന്നും ലേഖനം പരിഹസിച്ചു. രാഷ്ട്രീയത്തിലും സര്‍ക്കാര്‍ സര്‍വീസിലും ക്രൈസ്തവരുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പരസ്യമായി ആഹ്വാനം നല്‍കുന്ന ലേഖനം, ഈ വാദം സങ്കുചിതമല്ലെന്നും സുവിശേഷ മൂല്യങ്ങള്‍ സമൂഹത്തില്‍ പ്രസരിപ്പിക്കുന്നതിന് ഇത് അനിവാര്യമാണെന്നും വാദിക്കുന്നു. രാജ്യവിചാരം എന്ന പംക്തിയില്‍ "രാഷ്ട്രീയ ക്രൈസ്തവര്‍ക്ക് ബാലി കേറാമലയോ" എന്ന തലക്കെട്ടില്‍ റോയി ജോസഫാണ് ലേഖനം എഴുതിയത്.
1 comment:
കോണ്‍ഗ്രസില്‍ അടിമുടി ജാതിസ്വാധീനമെന്ന് കത്തോലിക്ക സഭ
Post a Comment