നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക.
സിപിഐ എം സംസ്ഥാന സമ്മേളനം
തിരു: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ജാഗ്രതപുലര്‍ത്താന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. വര്‍ഗീയതയും ജാതീയതയും നവോത്ഥാനമൂല്യങ്ങളെ തകര്‍ക്കാന്‍ പലതരത്തില്‍ ഇടപെടുകയാണ്. മുതലാളിത്തശക്തികള്‍ ഇതിനെ എല്ലാതരത്തിലും പ്രോത്സാഹിപ്പിക്കുന്നു. സാമൂഹ്യമുന്നേറ്റങ്ങളെയും മാനുഷിക ബന്ധങ്ങളെയും തടഞ്ഞുനിര്‍ത്തുന്ന നവോത്ഥാനവിരുദ്ധ ചിന്തകളെ പ്രതിരോധിക്കാനും തൊഴിലാളിവര്‍ഗ സംസ്കാരത്തിന്റെ ചിന്തകള്‍ വളര്‍ത്തിയെടുക്കാനും സമ്മേളനം അഭ്യര്‍ഥിച്ചു. സാമൂഹ്യപരിഷ്കരണ സന്ദേശം നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങളെ അതത് വിഭാഗത്തില്‍നിന്ന് രൂപപ്പെട്ടു വന്ന സമ്പന്നവിഭാഗം അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത്തരം വിഭാഗങ്ങളെ പ്രോത്സാഹിപ്പിച്ചു. 1959 ല്‍ വിമോചനസമരത്തോടെ ഇത് രാഷ്ട്രീയമണ്ഡലത്തില്‍ കൂടി വ്യാപിക്കുന്ന തരത്തില്‍ വികസിക്കുകയും ചെയ്തു. നവോത്ഥാന പാരമ്പര്യത്തെയും കൂട്ടായ്മകളെയും തിരിച്ചുപിടിക്കുക എന്നത് മര്‍മപ്രധാനമാണ്. ജാതി-മത സ്വത്വങ്ങള്‍ക്ക് അതീതമായി മനുഷ്യരെ മാറ്റിയെടുക്കുക എന്ന കാഴ്ചപ്പാടായിരുന്നു നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചതെങ്കില്‍ , ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ശാശ്വതമാണെന്നും അതിന്റെ പേരില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ മറ്റുവിഭാഗങ്ങള്‍ക്ക് മനസ്സിലാകില്ലെന്നുമുള്ള ആശയങ്ങളാണ് ഇപ്പോള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. സാമ്രാജ്യത്വശക്തികളാകട്ടെ, സമഗ്രമായ തലത്തില്‍ രൂപപ്പെട്ടു വരുന്ന പ്രതിരോധം ദുര്‍ബലപ്പെടുത്താന്‍ ജനങ്ങളെ ശിഥിലീകരിക്കുന്ന നയം പ്രോത്സാഹിപ്പിച്ചു. നവോത്ഥാന പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഇത്തരത്തിലുള്ള വിഭാഗീയനയങ്ങള്‍ക്കെതിരായി നിലപാടെടുക്കണം. വിവിധ ജനവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയാണ് ഇത്തരം രാഷ്ട്രീയത്തിന് പശ്ചാത്തലമൊരുക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അത്തരം വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക എന്നത് മര്‍മപ്രധാനമാണെന്നും കാണണം-സമ്മേളനം അഭ്യര്‍ഥിച്ചു.
No comments:
Post a Comment