Sunday, February 12, 2012


യുഡിഎഫ് കക്ഷികളെ ചേരിമാറ്റാനുള്ള അജന്‍ഡ എല്‍ഡിഎഫിനില്ല  പിണറായി


തിരു: യുഡിഎഫ് ഘടകകക്ഷികളില്‍ ഏതിനെയെങ്കിലും ചേരിമാറ്റി മുന്നണി വികസിപ്പിക്കുക എന്ന അജണ്ട എല്‍ഡിഎഫിന് ഇപ്പോള്‍ ഇല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. കൂട്ടായ ചര്‍ച്ചയും തീരുമാനവും എടുക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്നിരിക്കെ മറു ചേരിയിലുള്ള ചില കക്ഷികളെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആഗ്രഹപ്രകടനം സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ നടത്തിയതായി കാണുന്നു. എല്‍ഡിഎഫില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ചില കക്ഷികളെയും ഗ്രൂപ്പുകളെയും യുഡിഎഫില്‍നിന്ന് തിരിച്ചുകൊണ്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. പി.ജെ. ജോസഫ് നയിച്ച കേരള കോണ്‍ഗ്രസ് ഒരു കാരണവും പറയാതെ യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പേ ലയിച്ചു. ജോസഫും കൂട്ടരും ലയിച്ച കക്ഷിയെ കൂറുമാറ്റി കൊണ്ടുവരണമെന്നാണോ അതോ ജോസഫിനെയും കൂട്ടരെയും മാത്രം തിരിച്ചുകൊണ്ടുവരണമെന്നാണോ ചന്ദ്രപ്പന്‍ ഉദ്ദേശിക്കുന്നത്? അതുപോലെ ജനതാദള്‍ (എസ്) ഇപ്പോഴും എല്‍ഡിഎഫിന്റെ ഭാഗമാണ്. ആ കക്ഷിയില്‍നിന്നും വിട്ടുപോയ ഒരുകൂട്ടര്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേര് സ്വീകരിച്ച് യുഡിഎഫിന്റെ ഘടകകക്ഷിയായി കൂടിയിരിക്കുകയാണ്. ഐഎന്‍എല്‍ ഇപ്പോഴും എല്‍ഡിഎഫുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ , അതിലുണ്ടായിരുന്ന ഒരുകൂട്ടര്‍ മുസ്ലിം ലീഗില്‍ അഭയം തേടിയിട്ടുണ്ട്. ഏതെങ്കിലും യുഡിഎഫ് കക്ഷിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കുന്നതിനെപ്പറ്റി മുന്നണിയില്‍ ഒരു ആലോചനയും നടത്തിയിട്ടില്ല. യുഡിഎഫിന്റെ ഭാഗമായ കക്ഷികളെ അടര്‍ത്തിയെടുത്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന കുറുക്കുവഴി സ്വീകരിക്കുന്നത് അഭികാമ്യമായ രാഷ്ട്രീയമായി ഞങ്ങള്‍ കരുതുന്നില്ല. മുന്നണി വിട്ടുപോയ ഏതെങ്കിലും നേതാക്കള്‍ക്കോ വ്യക്തികള്‍ക്കോ ബന്ധപ്പെട്ട പാര്‍ടികളോട് തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് നിലപാട് മാറ്റാം. ആ ഘട്ടത്തില്‍ അവരുടെ തിരിച്ചുവരവിന്റെ കാര്യം ബന്ധപ്പെട്ട പാര്‍ടികളാണ് തീരുമാനിക്കേണ്ടതാണ്. സംസാരഭാഷയ്ക്കൊപ്പം രാഷ്ട്രീയ നയഭാഷയും നന്നാകണം. എല്‍ഡിഎഫിന് പ്രഖ്യാപിതമായ ഒരു രാഷ്ട്രീയ നയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനെയും ബിജെപിയെയും ഒറ്റപ്പെടുത്തുക എന്നതാണ് ആ നയം. മുന്നണിയുടെ പൊതുവായ ഈ നയത്തിന് ദോഷകരമായ വാക്കും പ്രവൃത്തിയും ഒരുഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ആഗ്രഹമാണ് ഞങ്ങള്‍ക്ക്. ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതല്‍ ശക്തിപ്പെടണമെന്നും ഇടതുപക്ഷ ഐക്യം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിക്ക് ആവശ്യമാണെന്നുമുള്ള രാഷ്ട്രീയമാണ് സിപിഐ എം നെ നയിക്കുന്നത്. എന്നാല്‍ , സിപിഐ എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെടുത്തി ശത്രുക്കള്‍പോലും ഉയര്‍ത്താത്ത, അനാവശ്യ വിമര്‍ശനവും പരാമര്‍ശവും ഒരു ഇടതുപക്ഷ നേതാവില്‍നിന്നും ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. സിപിഐ എം സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്മെന്റ് നടത്തുന്നതാണെന്ന സംസാരം ആര് നടത്തിയാലും അത് ഒട്ടും മാന്യതയുള്ളതല്ല. അതിനെ അല്‍പ്പത്തമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ല. സിപിഐ എംനെതിരെ വിലകുറഞ്ഞ അഭിപ്രായപ്രകടനം ആര് നടത്തിയാലും കടുത്ത ഭാഷയില്‍ത്തന്നെ അതിനോട് പ്രതികരിക്കും. ഒരു ഘടകകക്ഷിയുടെയും മേക്കിട്ടുകേറാന്‍ തയ്യാറാകുന്ന കക്ഷിയല്ല സിപിഐ എം. എന്നാല്‍ , പാര്‍ടിയുടെമേല്‍ കുതിരകയറാന്‍ ആരെയും അനുവദിക്കുകയുമില്ല. മുന്നണിയില്‍ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുക, യോജിച്ച് മുന്നോട്ടുപോകുക എന്ന നയമാണ് മുന്നണിക്കുള്ളത്. അത് സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

No comments: