ഇപ്പോള്‍ ചര്‍ച്ച മുതലാളിത്തത്തിന്റെ ഭാവി:
കാരാട്ട്
തിരു: സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസവും തകര്‍ന്നുവെന്ന് പറഞ്ഞവര്‍ മുതലാളിത്തത്തിന്റെ തകര്‍ച്ചയ്ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് നിലവിലുള്ളതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും വീശിയടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നാലു വര്‍ഷമായിട്ടും മുതലാളിത്തത്തിന് കഴിഞ്ഞിട്ടില്ല. മുതലാളത്ത വ്യവസ്ഥിതിക്ക് ഭാവിയുണ്ടോ എന്നതാണ് നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാന്ദ്യത്തില്‍ നിന്നും കരകയറാനുള്ള നടപടിയെന്ന് പറഞ്ഞ് ചൂഷക ഭരണാധികാരികള്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കൈക്കൊള്ളുന്നത്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവരുന്ന നടപടിക്കെതിരെ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ലോകം കാണുന്നത്. എന്നാല്‍ നവ ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷം കരുത്താര്‍ജ്ജിക്കുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള ബദലാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മുന്നേറ്റം.
ഇന്ത്യയിലെ ഭരണാധികാരികള്‍ നവഉദാരവല്‍ക്കരണ നയങ്ങളുടെ വക്താക്കളാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലാണ് വര്‍ദ്ധനയുണ്ടായത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയസമീപനങ്ങളില്‍ മാറ്റമൊന്നുമില്ല. കര്‍ണ്ണാടകയിലെ ഭൂമി, ഖനി അഴിമതികള്‍ ഉദാഹരണങ്ങളാണ്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുന്നതുകൊണ്ടാണ് സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കേസുകള്‍ പടച്ചുവിട്ടാല്‍ പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്ക് ശക്തികുറയില്ലെന്നും കാരാട്ട് പറഞ്ഞു. പിണറായിക്കെതിരായ ലാവ്ലിന്‍ ആരോപണങ്ങള്‍ക്ക് പുറമെ വി എസ് അച്യുതാനന്ദനെതിരെ ഭൂമി വിവാദമാണ് പുതുതായി ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം ഗൂഢാലോചനകള്‍ക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതുമെന്നും കാരാട്ട് പറഞ്ഞു.
1 comment:
ഇപ്പോള്‍ ചര്‍ച്ച മുതലാളിത്തത്തിന്റെ ഭാവി: കാരാട്ട്
Post a Comment