Tuesday, February 7, 2012


ഓര്‍മകള്‍ ജ്വലിപ്പിച്ച് രക്തതാരകങ്ങള്‍




തിരു: സമരഭൂപടങ്ങളില്‍ ചെന്നിണംചാര്‍ത്തി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളുടെ വീരസ്മരണകളുണര്‍ത്തി രക്തസാക്ഷിചിത്രങ്ങള്‍ . പ്രതിലോമകാരികളുടെയും വലതുപക്ഷ-വര്‍ഗീയ ശക്തികളുടെയും കൊലക്കത്തിക്കും വെടിയുണ്ടയ്ക്കുമിരയായി പ്രസ്ഥാനത്തിനായി ജീവന്‍നല്‍കിയ ധീരരാണ് സ്മൃതിപഥങ്ങളില്‍ സമരോത്സുകതയുടെ ഊര്‍ജംവിതറി ചിത്രങ്ങളായി ജ്വലിച്ചുനില്‍ക്കുന്നത്. പ്രതിനിധി സമ്മേളനം ചേരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറിന് പുറത്തായാണ് കേരളത്തെ ചുവപ്പിച്ച വിപ്ലവകാരികളുടെ ഫോട്ടോകള്‍ . പ്രസ്ഥാനത്തിന് അഭിമാനവും ആവേശവുമായ രക്തതാരകങ്ങള്‍ക്ക് സമ്മേളനപ്രതിനിധികള്‍ അഭിവാദ്യം അര്‍പ്പിച്ചു. സ്വാതന്ത്ര്യസമരത്തിന് ഇന്ധനംപകര്‍ന്ന് തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികള്‍ മുതല്‍ സമരനിലങ്ങളിലും ജയിലറകളിലും തെരുവിലും വയലിലും കാമ്പസിലുമായി വസന്തത്തെ നെഞ്ചേറ്റിനടന്ന ധീരന്മാര്‍ ... അധികാരിവര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെ നെഞ്ചുവിരിച്ച് നേരിട്ട് വെടിയുണ്ടയേറ്റ് മരിച്ച കൂത്തുപറമ്പിലെ യുവപോരാളികള്‍ . പൈവളിഗെ, ഒഞ്ചിയം, നീണ്ടൂര്‍ , ചീമേനി എന്നിവിടങ്ങളിലെ രക്തസാക്ഷികളുണ്ടിതില്‍ . പുന്നപ്ര-വയലാര്‍ , കരിവെള്ളൂര്‍ , കാവുമ്പായി, ശൂരനാട്, മുനയന്‍കുന്ന്, പാടിക്കുന്ന്, കോറോം, തില്ലങ്കേരി തുടങ്ങി നൂറുകണക്കിനാളുകളുടെ ജീവത്യാഗത്താല്‍ നക്ഷത്രശോഭയോടെ ഉയര്‍ന്നുനില്‍ക്കുന്ന പ്രക്ഷോഭങ്ങളിലെ ധീരരുടെ ചിത്രങ്ങള്‍ ഇതിലില്ല. ഒരുചിത്രംപോലും അവശേഷിപ്പിക്കാതിരുന്നിട്ടും കാലത്തിന് മായ്ക്കാനാവാത്ത ദീപസ്തംഭങ്ങളായി ജ്വലിച്ചുനില്‍ക്കുന്ന ആ സമരനായകരുടെ ഓര്‍മ നെഞ്ചേറ്റിയാണ് രക്തസാക്ഷിചിത്രങ്ങള്‍ക്ക് മുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും മുഷ്ടിചുരുട്ടി അഭിവാദനം ചൊരിഞ്ഞത്. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കല്‍ അബൂബക്കര്‍ ....1943 മാര്‍ച്ച് 23ന് ഇന്‍ക്വിലാബ് വിളിച്ച് തൂക്കുമരമേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ ചിത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ആവേശം വിതറുന്നു. ഹൃദയരക്തംകൊണ്ട് തടവറയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനംചെയ്ത ഒഞ്ചിയത്തിന്റെ വീരപുത്രന്മാര്‍ ....അളവക്കല്‍ കൃഷ്ണന്‍ , വി പി ഗോപാലന്‍ , കൊല്ലാച്ചേരി കുമാരന്‍ , പുറവില്‍ കണാരന്‍ , സി കെ ചാത്തു, സി കെ രാഘൂട്ടി, കെ എം ശങ്കരന്‍ , മേനോന്‍ കണാരന്‍ , മണ്ടോടി കണ്ണന്‍ , പാറോള്ളതില്‍ കണാരന്‍ . കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉശിരനായ നേതാവ് അഴീക്കോടന്റെ പുഞ്ചിരിതൂകുന്ന ചിത്രവുമുണ്ട്. 1972 സെപ്തംബര്‍ 23ന് തൃശൂരിലെ ചെട്ടിയങ്ങാടിയിലാണ് അഴീക്കോടന്‍ രാഘവനെ പിന്തിരിപ്പന്‍ശക്തികള്‍ കൊലചെയ്തത്. ഇന്ത്യാറിപ്പബ്ലിക്കിലെ ആദ്യരക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ , കമ്യൂണിസ്റ്റ്ധീരതയുടെ പ്രതീകമായ മൊയാരത്ത് ശങ്കരന്‍ , സേലംജയിലില്‍ രക്തസാക്ഷികളായ കെ കെ രാമനും ആര്‍ ചന്തുവും,പാലിയംസമരത്തിന്റെ ധീരശോഭയായ എ ജി വേലായുധന്‍ , 1949ല്‍ തൊഴിലില്ലായ്മക്കെതിരായ പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായ ഏരൂരിലെ സി കെ ദാമോദരന്‍ , മെയ്ദിനറാലിക്കും ജയിലില്‍ പുന്നപ്ര-വയലാര്‍ ദിനാചരണത്തിനും നേതൃത്വമരുളി പൊലീസ് പീഡനത്തിനിരയായി മരിച്ച തിരുമാറാടി രാമകൃഷ്ണന്‍ , പൊലീസിന്റെ ഉരുക്കുമുഷ്ടിയെ ഞെട്ടിച്ച ഇടപ്പള്ളി സമരത്തിന്റെ നായകരിലൊരാളായ കെ യു ദാസ്, കോട്ടാത്തല സുരേന്ദ്രന്‍ .. തുടങ്ങി പ്രസ്ഥാനത്തിന്റെ ആദ്യകാല രക്തസാക്ഷികളുണ്ട്. തലശേരി കലാപത്തില്‍ മുസ്ലിംപള്ളി രക്ഷിക്കാന്‍ കാവല്‍നിന്ന് ഹൈന്ദവവര്‍ഗീയവാദികളുയര്‍ത്തിയ മതവൈരത്തിന്റെ കൊലവാള്‍ നേരിടേണ്ടിവന്ന യു കെ കുഞ്ഞിരാമന്റെ ഫോട്ടോ സിപിഐ എം നെഞ്ചേറ്റുന്ന മതനിരപേക്ഷസംസ്കാരത്തിന്റെ സാക്ഷ്യചിത്രമാണ്. കെ വി സുധീഷ്, അഷ്റഫ്, മുഹമ്മദ് മുസ്തഫ, സെയ്താലി, പി കെ രാജന്‍ , കെ ആര്‍ തോമസ്, ഇ കെ ബാലന്‍ , ജി ഭുവനേശ്വരന്‍ , ശ്രീകുമാര്‍ , സി വി ജോസ്, എം എസ് പ്രസാദ്, ജോബി ആന്‍ഡ്രൂസ്, കൊച്ചനിയന്‍ , അജയ്പ്രസാദ്, ദേവപാലന്‍ , അജയ്....നിനവുകളില്‍ നൊമ്പരമുണര്‍ത്തുന്ന കണ്ണീര്‍ച്ചിത്രമായി വിദ്യാര്‍ഥി നേതാക്കളുമുണ്ടിതില്‍ . കൂത്തുപറമ്പ് രക്തസാക്ഷികളായ കെ കെ രാജീവന്‍ , കെ വി റോഷന്‍ , ഷിബുലാല്‍ , ബാബു, മധു എന്നീ പഞ്ചനക്ഷത്രങ്ങളുടെ ചിത്രങ്ങളുമുണ്ട്്. സമ്മേളനത്തിന് ആതിഥ്യമരുളുന്ന തിരുവനന്തപുരത്തെ സക്കീറും സുദര്‍ശനനും ചന്ദ്രനും കൊച്ചുരാജനും എന്‍ സി പാണിയും ജസ്റ്റിന്‍രാജും ഉള്‍പ്പടെ 26 രക്തസാക്ഷികളുടെ ചിത്രങ്ങളുമുണ്ട്്. 380 രക്തസാക്ഷികളുടെ ചിത്രങ്ങളാണ് പ്രതിനിധിസമ്മേളന നഗരിയില്‍ സ്ഥാപിച്ചത്.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്കിടെ ശത്രുവിന്റെ കൊലക്കത്തിക്കിരയായ രക്തസാക്ഷികള്‍ക്ക് സമ്മേളനത്തിന്റെ അഭിവാദ്യം. കോട്ടയം സമ്മേളനത്തിനു ശേഷം പാര്‍ടിയുടെയും വര്‍ഗ-ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 27 ധീരസഖാക്കള്‍ക്ക് പ്രതിനിധികള്‍ ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ്, ആര്‍എസ്എസ്, മുസ്ലിംലീഗ്, എന്‍ഡിഎഫ് തുടങ്ങി വലതുപക്ഷ-പ്രതിലോമ രാഷ്ട്രീയക്കാര്‍ കൊലപ്പെടുത്തിയവരുടെ ധീരസ്മരണ പുതുക്കിയ സമ്മേളനം രക്തസാക്ഷികളുടെ പ്രവര്‍ത്തനപാതയിലൂടെ മുന്നേറുമെന്ന് പ്രതിജ്ഞചെയ്തു.

ഓര്‍മപ്പൂക്കളര്‍പ്പിച്ച് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം

കാസര്‍കോട് പെരിയടുക്കയിലെ മുഹമ്മദ് റഫീക്ക്, കാറടുക്കയിലെ രവീന്ദ്രറാവു, മഞ്ചേശ്വരത്തെ അബ്ദുള്‍സത്താര്‍ സോങ്കാല, കണ്ണൂര്‍ പേരാവൂരിലെ നരോത്ത് ദിലീപ്, കല്ല്യാശേരിയിലെ പി വി മനോജ്, തലശേരി ഇടത്തിലമ്പലത്തെ രഞ്ജിത്, ലതേഷ്, ന്യൂമാഹിയിലെ യു കെ സലിം, മാഹിയിലെ ഇ പി രവീന്ദ്രന്‍(മാമക്കുട്ടി), കൂത്തുപറമ്പിലെ ജി പവിത്രന്‍ , പാനൂരിലെ കല്ലായി അനീഷ്, എം എം ചന്ദ്രന്‍ , പറമ്പത്ത് അജയന്‍ , ചിറക്കലിലെ ഒ ടി വിനീഷ്, മട്ടന്നൂരിലെ കെ പി സജീവന്‍ , പിണറായി പാനുണ്ടയിലെ സി അഷ്റഫ്, മലപ്പുറം തിരൂരിലെ പ്രദീപന്‍ , പാലക്കാട് കൊല്ലങ്കോട്ടെ ശിവകുമാര്‍ , തൃശൂര്‍ നാട്ടികയിലെ ഐ കെ ധനീഷ്, പി കെ ഷാജി, കൊടുങ്ങല്ലൂരിലെ കെ യു ബിജു, കുന്നംകുളത്തെ എ ബി ബിജേഷ്, വടക്കാഞ്ചേരിയിലെ സി ടി ബിജു, ചാലക്കുടിയിലെ പി ആര്‍ രാമകൃഷ്ണന്‍ , എറണാകുളം പറവൂരിലെ സി ആര്‍ രതീഷ്, തിരുവനന്തപുരം വഞ്ചിയൂരിലെ വിഷ്ണുകുമാര്‍ , കിളിമാനൂരിലെ രതീഷ് എന്നിവരെയാണ് നാലുവര്‍ഷത്തിനിടെ രാഷ്ട്രീയ എതിരാളികളും സാമൂഹ്യവിരുദ്ധശക്തികളും കൊലപ്പെടുത്തിയത്.

പ്രിയകവികള്‍ പാടി; പുഴയുടെയും മണ്ണിന്റെയും നോവിന്റെ ഗീതം

മലയാളത്തിലെ പ്രിയകവികള്‍ ഒത്തുചേര്‍ന്ന കാവ്യസന്ധ്യ സര്‍ഗസംഗമവേദിയായി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിസമ്മേളനത്തിലാണ് കവികള്‍വരികളിലൂടെ മണ്ണും പുഴയും പഴയകാലവും നഷ്ടപ്പെടുന്നതിന്റെ വേദനകള്‍ പങ്കിട്ടത്. ആഗോളവല്‍ക്കരണത്തിന്റെ ദുരിതവും പുതു സംസ്കാരത്തിന്റെ കപടതകളും കവികള്‍ ആവിഷ്കരിച്ചു.
ജ്യോതിബസുനഗറില്‍ (വിജെടി ഹാള്‍) സംഘടിപ്പിച്ച കവിസമ്മേളനം മലയാളത്തിന്റെ പ്രിയ കവിയും ജ്ഞാനപീഠം ജേതാവുമായ ഒ എന്‍ വി കുറുപ്പ് ഉദ്ഘാടനംചെയ്തു. ആഗോളവല്‍ക്കരണം നമ്മുടെ ഇന്നലകളെ നശിപ്പിക്കുകയാണെന്ന് ഒ എന്‍ വി പറഞ്ഞു. കച്ചവടത്തിന് വരുന്നവരെ വിളിച്ചുകയറ്റുന്ന മനോഭാവം നമ്മെ അടിമകളാക്കും. ഭാവനയുടെ മാധുര്യവും പൈതൃകവും അറിയാത്തവരാണ് പുതു തലമുറ. കവിതയിലും മറവിരോഗം കടന്നുവരുന്നത് ആപത്താണ്. മാതൃഭാഷയുമായുള്ള അഗാധമായ അടുപ്പമാണ് അതിന് പരിഹാരം- അദ്ദേഹം പറഞ്ഞു. "അഷ്ടമുടിക്കായല്‍" എന്ന കവിതയും അദ്ദേഹം ചൊല്ലി. തുടര്‍ന്ന് സച്ചിദാനന്ദന്‍ "അതിരപ്പിള്ളി, ഉം" എന്നിവയും ഡോ.പുതുശേരി രാമചന്ദ്രന്‍ "പുതിയകൊല്ലനും പുതിയൊരു ആലയും, പി കൃഷ്ണപിള്ള പാടുന്നു" എന്നീ കവിതകളും ചൊല്ലി. കവയിത്രി സുഗതകുമാരി (പെണ്‍കുഞ്ഞ് തൊണ്ണൂറുകളില്‍ , സ്നേഹത്തിന്റെ നിറം) പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് നീലംപേരൂര്‍ മധുസൂദനന്‍നായര്‍ (തുഴക്കാര്‍), ഏഴാച്ചേരി രാമചന്ദ്രന്‍ (സോമാലിയപ്പക്ഷി പാടുമ്പോള്‍), പ്രൊഫ. വി മധുസൂദനന്‍നായര്‍ (അച്ഛന്‍ പിറന്ന വീട്), മുരുകന്‍ കാട്ടാക്കട (നാത്തൂന്‍പാട്ട്, തിരികെ യാത്ര) എന്നിവരും കവിതകള്‍ ചൊല്ലി. ഷിജുഖാന്‍ സ്വാഗതവും പി എന്‍ സരസമ്മ നന്ദിയും പറഞ്ഞു.

വഴികാട്ടിയായി പി ജി; ആവേശമായി നേതാക്കളുടെ കുടുംബം

എ കെ ജി ഹാളിലെ ചെങ്കൊടികളും ചെന്തോരണങ്ങളും ഉച്ചത്തിലുയര്‍ന്ന മുദ്രാവാക്യങ്ങളും ഈ ബൗദ്ധികപ്രതിഭയെ ഓര്‍മയുടെ സമരപഥങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ടാകണം. എല്ലാ പാര്‍ടി കോണ്‍ഗ്രസുകളിലും പങ്കെടുത്ത പി ഗോവിന്ദപ്പിള്ള എന്ന സൈദ്ധാന്തികന് ശാരീരികാവശതക്കിടയിലും സമ്മേളനത്തില്‍ ഭാഗഭാക്കാവാതെ വയ്യ. സമ്മേളനം തുടങ്ങുന്നതിന് എത്രയോ മുമ്പു തന്നെ പി ജി സമ്മേളനനഗരിയില്‍ എത്തി; തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആവേശമേകാന്‍ . നിരീക്ഷകനാണ് പി ജി. സമ്മേളനങ്ങളില്‍ നിത്യസാന്നിധ്യമായിരുന്ന മണ്‍മറഞ്ഞ പ്രിയനേതാക്കളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യവും പുതുതലമുറയ്ക്ക് ആവേശമായി.
എ കെ ജിയുടെയും ഇ എം എസിന്റെയും ഇ കെ നായനാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം സമ്മേളന നഗരിയെ ഒളിമങ്ങാത്ത ഓര്‍മകളിലേക്ക് നയിച്ചു. ഇ എം എസിന്റെ മകള്‍ ഡോ. മാലതിയും മരുമകന്‍ ഡോ. എ ഡി ദാമോദരനും എത്തിയപ്പോള്‍ നായനാരുടെ തുടിക്കുന്ന ഓര്‍മകളുമായി ശാരദടീച്ചറും മക്കളായ കൃഷ്ണകുമാറും സുധയും സമ്മേളനനഗറിലെ സാന്നിധ്യമായി. സമ്മേളനനഗറില്‍ പതാക ഉയര്‍ത്തലിന് ബാലസംഘം പ്രവര്‍ത്തകര്‍ ചുവന്ന ബലൂണുകള്‍ ഉയര്‍ത്തി അഭിവാദ്യംഅര്‍പ്പിച്ചപ്പോള്‍ ബാലസംഘത്തിന്റെ ആദ്യപ്രസിഡന്റു കൂടിയായിരുന്ന നായനാരുടെ സാന്നിധ്യംപോലെ സമീപത്ത് ശാരദടീച്ചര്‍ . എ കെ ജിയുടെയും സുശീലയുടെയും ഓര്‍മകളുമായി മകള്‍ ലൈലയും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി.

"രക്തസാക്ഷി" ചൊല്ലി മുരുകന്‍ കാട്ടാക്കട സമ്മേളനവേദിയില്‍

കവിത ചൊല്ലി അഭിവാദനമോതി കവി മുരുകന്‍ കാട്ടാക്കട സംസ്ഥാന സമ്മേളനവേദിയില്‍ . തന്റെ പ്രശസ്തമായ "രക്തസാക്ഷി"യെന്ന കവിത ചൊല്ലിയാണ് പ്രതിനിധികളെ മുരുകന്‍ വരവേറ്റത്. അവനവനുവേണ്ടിയല്ലാതെ അധികാരത്തോടും അനീതിയോടും ഏറ്റുമുട്ടുന്ന ധീരരെ സ്മരിക്കുന്ന കവിത പ്രതിനിധികളെ ആവേശഭരിതരാക്കി. മുഴങ്ങുന്ന ശബ്ദത്തില്‍ ചുരുക്കം വരികള്‍ പാടിയ കവിയെ ഹര്‍ഷാരവത്തോടെ പ്രതിനിധികളും നേതാക്കളും പ്രത്യഭിവാദ്യംചെയ്തു. ആശാന്‍സ്ക്വയറിലെ രക്തസാക്ഷികുടീരത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി രക്തസാക്ഷിപ്രതിജ്ഞ പുതുക്കി. സ്വാഗതമരുളി പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗംകൂടിയായ കവി പിരപ്പന്‍കോട് മുരളിയും കവി ഏഴാച്ചേരി രാമചന്ദ്രനും രചിച്ച സ്വാഗതഗാനവുമുണ്ടായി.

സമ്മേളനത്തിന്റെ അലയൊലി തമിഴ്നാട്ടിലും

തിരുവനന്തപുരത്ത് ആരംഭിച്ച സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ അലയൊലികള്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും. ഉദ്ഘാടനചടങ്ങില്‍ പങ്കാളികളാകാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് നിരവധി പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും എത്തി. നാഗര്‍കോവില്‍ , കന്യാകുമാരി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെതന്നെ എത്തിയവരുണ്ടായിരുന്നു. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മാര്‍ക്സാണ് ശരി എന്ന പ്രദര്‍ശനം കാണാനും അനേകം പേര്‍ എല്ലാ ദിവസവും എത്തുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സമാപനറാലിയും വളന്റിയര്‍ പരേഡും പൊതുസമ്മേളനവും കാണാനും അഭിവാദ്യം അര്‍പ്പിക്കാനും അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് നിരവധി പേര്‍ എത്തും.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് തമിഴ്നാട്ടിലെ മാധ്യമങ്ങളും വലിയ പ്രധാന്യമാണ് നല്‍കുന്നത്. തമിഴിലെ പ്രധാന പത്രങ്ങളിലൊന്നും സിപിഐ എമ്മിന്റെ മുഖപത്രവുമായ "തീക്കതിര്‍" കേരളത്തിലെ പാര്‍ടി സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നാലുപേജ് കളര്‍ സപ്ലിമെന്റോടെയാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ ലേഖനങ്ങളും തമിഴ്നാട് സെക്രട്ടറി ജി രാമകൃഷ്ണന്റെ സന്ദേശവും സപ്ലിമെന്റിലുണ്ട്. ഇം എം എസ്, പി രാമമൂര്‍ത്തി തുടങ്ങിയവരെക്കുറിച്ചുള്ള ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന ദീപശിഖാ, കൊടിമരജാഥകള്‍ , അനുബന്ധപരിപാടികള്‍ തുടങ്ങിയവയുടെ ഫോട്ടോകളുമുണ്ട്. പ്രതിനിധിസമ്മേളന നഗരിയായ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ ചൊവ്വാഴ്ച രാവിലെ "തീക്കതിര്‍" വിതരണംചെയ്തു. പത്രത്തിലെയും സപ്ലിമെന്റിലെയും ഉള്ളടക്കം സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി, മറയൂര്‍ ഏരിയാ സെക്രട്ടറി എം ലക്ഷ്മണന്‍ എന്നിവര്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , കേന്ദ്രകമ്മിറ്റിയംഗവും ദേശാഭിമാനി ജനറല്‍മാനേജരുമായ ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ തുടങ്ങിയവര്‍ക്ക് വിശദീകരിച്ചു.
(ദിലീപ് മലയാലപ്പുഴ)

No comments: