സംസ്ഥാന സമ്മേളനത്തിന്
ആവേശോജ്ജ്വല തുടക്കം
തിരു: പുതിയ കുതിപ്പുകള്‍ക്ക് ഊര്‍ജം തേടുമെന്ന പ്രതിജ്ഞയോടെ രക്തസാക്ഷികളുടെ ഊഷ്മളമായ സ്മരണയില്‍ സിപിഐ എം ഇരുപതാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.
ചൊവ്വാഴ്ച രാവിലെ ആശാന്‍ സ്ക്വയറില്‍ യൂണിവേഴ്സിറ്റി സെന്ററിന് മുന്നില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കെ വരദരാജന്‍ , സംസ്ഥാന സെക്രട്ടറി പിണറായി വജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര കമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ തുടങ്ങിയ നേതാക്കള്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. സമ്മേളന പ്രതിനിധികളെല്ലാം ധീര രക്തസാക്ഷികള്‍ക്ക് രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു. സമ്മേളന നഗരിയില്‍ നിന്ന് റെഡ് വളണ്ടിയര്‍മാരുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെയാണ് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് പോയത്.
പ്രതിനിധിസമ്മേളന നഗറില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി. രാവിലെ 9.30 ന് പൊതുസമ്മേളനം നടക്കുന്ന ബാലാനന്ദന്‍ നഗറില്‍(ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) നിന്ന് ദീപശിഖ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറില്‍(എ കെ ജി ഹാള്‍) എത്തിച്ചു. കാട്ടായിക്കോണം വി ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കമ്മറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ പൊതുസമ്മേളന നഗരിയിലെത്തിച്ച ദീപശിഖയാണ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് നഗറിലെത്തിച്ചത്. ദീപശിഖ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏറ്റുവാങ്ങി സുര്‍ജിത് നഗറിന് മുന്നില്‍ ഒരുക്കിയ ബലികുടീരത്തില്‍ സ്ഥാപിച്ചു.
3,70,000 പാര്‍ടി അംഗങ്ങളെ പ്രതിനിധാനം ചെയ്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിരീക്ഷകരും ഉള്‍പ്പെടെ 565 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. വൈകിട്ട് കാല്‍ലക്ഷം ചുവപ്പുസേനാംഗങ്ങളുടെ പരേഡും ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷംപേര്‍ അണിനിരക്കുന്ന റാലിയും നടക്കും.
No comments:
Post a Comment