Saturday, February 11, 2012

വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരെ അണിനിരക്കുക.സിപിഐ എം സംസ്ഥാന സമ്മേളനം


വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരെ അണിനിരക്കുക.സിപിഐ എം സംസ്ഥാന സമ്മേളനം 






തിരു: വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും തീവ്രവാദത്തിനുമെതിരായ സമരത്തില്‍ എല്ലാ മതേതര വിശ്വാസികളും മതവിശ്വാസികളും ഒന്നിച്ചണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനംചെയ്തു. യോജിച്ച ജനകീയ പോരാട്ടത്തിലൂടെ മാത്രമേ സമൂഹത്തിന് കൊടുംവിപത്തായി മാറിയ വര്‍ഗീയതയെ ഒറ്റപ്പെടുത്താനാകൂവെന്ന് സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ പറഞ്ഞു. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാന്‍ പാടില്ല. അതേസമയം, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആരാധന നടത്താനും ഏതൊരാള്‍ക്കും സ്വാതന്ത്ര്യം നല്‍കണം. ന്യൂനപക്ഷ വര്‍ഗീയതയും തീവ്രവാദവും പരോക്ഷമായി ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയാണ്. ന്യൂനപക്ഷങ്ങളില്‍ ഉയര്‍ന്നുവരേണ്ട നവോത്ഥാന മുന്നേറ്റങ്ങളെ ഇത് തടയുന്നു. കേരളത്തില്‍ എന്‍ഡിഎഫിന്റെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനം ആസൂത്രിതമാണ്. സ്കൂള്‍ കുട്ടികളെ ഉള്‍പ്പെടെ വര്‍ഗീയ ഭ്രാന്തരാക്കുന്ന പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന് നിലക്കൊള്ളുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന യാഥാര്‍ഥ്യം മറച്ചുവച്ച് മുഖ്യശത്രു സിപിഐ എം ആണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. യുഡിഎഫ് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുകയാണ്. ബിജെപിയുമായി രഹസ്യമായും പരസ്യമായും സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് മടിയില്ല. എന്‍ഡിഎഫ്പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് ആരുമായും കൂട്ടുകൂടുകയെന്ന വലതുപക്ഷ ശക്തികളുടെ നിലപാടാണ് കേരളത്തിലെ വര്‍ഗീയതയുടെ വികാസത്തിന് അടിസ്ഥാന രാഷ്ട്രീയ കാരണം. എല്ലാ വര്‍ഗീയവാദവും തൊഴിലാളി വര്‍ഗപ്രസ്ഥാനത്തെയാണ് ലക്ഷ്യംവയ്ക്കുന്നത്. വര്‍ഗീയ ഭീകരവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാലെ കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സ്വഭാവം ശക്തിപ്പെടുത്താനാകൂ. രാജ്യം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങളെ തകര്‍ക്കുന്ന നിലപാടുകളാണ് വര്‍ഗീയ ശക്തികള്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയ താല്‍പ്പര്യത്തിന് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് സമീപനത്തിന്റെ ഫലമായി വര്‍ഗീയ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. ഹിന്ദു വര്‍ഗീയതയുടെ ഹിംസാത്മകമായ രീതി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിയാണ് ന്യൂനപക്ഷങ്ങളില്‍ ഒരു ചെറുവിഭാഗത്തെ ഭീകരവാദപ്രസ്ഥാനത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയെടുത്തത്. സമീപ ദശകങ്ങളില്‍ കേരളത്തില്‍ ജാതീയതയുടെ അതിപ്രസരവും ദൃശ്യമാണ്. വിവിധ സമുദായങ്ങളില്‍ രൂപം കൊള്ളുന്ന പുതിയ സാമ്പത്തികപ്രമാണി വര്‍ഗമാണ് ഈ സംഘടനകളുടെ നേതൃത്വത്തിലുള്ളത്. തങ്ങളുടെ സാമ്പത്തികശേഷിക്കനുസൃതമായ സാമൂഹ്യപദവി നേടിയെടുക്കുന്നതിന് അവര്‍ ജാതി സംഘടനകളെ ഉപയോഗപ്പെടുത്തുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ ആദര്‍ശാത്മക പരിവേഷമണിയാനും ഇത്തരം ജാതി രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ട്. റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥരാണ് പലപ്പോഴും ദളിത് സംഘടനകള്‍ക്ക് നേതൃത്വവും പിന്തുണയും നല്‍കുന്നത്. കോളനികള്‍ കേന്ദ്രീകരിച്ച് ഡിഎച്ച്ആര്‍എം തീവ്രവാദരീതിയിലുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. ഇന്നത്തെ ജാതി സംഘടനകള്‍ക്ക് നവോത്ഥാനകാലത്ത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ച കര്‍മകള്‍ ഏറ്റെടുക്കാനാകില്ലെന്ന് സമ്മേളനം ഓര്‍മിപ്പിച്ചു. ജാതി സമുദായ അടിസ്ഥാനത്തിലുള്ള ആചാര്യ മര്യാദകള്‍ അടിസ്ഥാനമാക്കി സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ഗൗരവമായി കാണണമെന്നും മതനിരപേക്ഷവും ജാതിരഹിതവുമായ കേരളം സൃഷ്ടിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു.

No comments: