Tuesday, February 14, 2012

എല്‍ഡിഎഫ് അവസരവാദികള്‍ക്ക് ചേക്കേറാനുള്ള സ്ഥലമല്ല: പിണറായി


എല്‍ഡിഎഫ് അവസരവാദികള്‍ക്ക് 

ചേക്കേറാനുള്ള സ്ഥലമല്ല: പിണറായി






ചെറുവത്തൂര്‍ : യുഡിഎഫിലുള്ള ഏതെങ്കിലും പാര്‍ടികള്‍ക്ക് എല്‍ഡിഎഫില്‍ ചേക്കേറാമെന്ന് ആരും ധരിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അത് പരസ്യമായി പറയട്ടെ. അവര്‍ അധികാരം വിട്ട് സ്വതന്ത്രമായി യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അല്ലാതെ ഏത് അവസരവാദിക്കും വന്നു കയറാനുള്ള ഇടമല്ല എല്‍ഡിഎഫ്. ചെറുവത്തൂരില്‍ ചീമേനി രക്തസാക്ഷി 25-ാം വാര്‍ഷികാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നിര്‍വഹിക്കുകയായിരുന്നു പിണറായി. യുഡിഎഫ് സര്‍ക്കാരിനോടുള്ള നയം എന്തായിരിക്കണമെന്ന് സിപിഐ എമ്മും എല്‍ഡിഎഫും മുമ്പേ തീരുമാനിച്ചതാണ്. ഭൂരിപക്ഷം കിട്ടിയവര്‍ ഭരിക്കട്ടെയെന്നാണ് തീരുമാനം. പാര്‍ടി സംസ്ഥാന സമ്മേളനവും ഇക്കാര്യം ചര്‍ച്ച ചെയ്തു. ആ നയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ല. പാര്‍ലമെന്ററി ഉപജാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ച് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ വൃത്തികേടുകളും പേറേണ്ടിവരും. നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള അഭ്യാസങ്ങള്‍ക്കേ സമയം ഉണ്ടാകൂ. പലരുടെയും സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടിവരും. അത് സിപിഐ എമ്മിന്റെ ജനപിന്തുണയെയും ബാധിക്കും. യുഡിഎഫ് സര്‍ക്കാര്‍ അങ്ങേയറ്റം ജനവിരുദ്ധ നയങ്ങളാണ് തുടരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 5000 കോടി രൂപയുടെ പദ്ധതികളാണ് ഇവര്‍ അട്ടിമറിച്ചത്. രണ്ട് രൂപയുടെ അരി ഇല്ലാതാക്കി. മുമ്പ് അരികിട്ടിയ ഭൂരിപക്ഷത്തിനും ഇപ്പോള്‍ അരിയില്ല. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ പേരിലുള്ള നിക്ഷേപം ഉപേക്ഷിച്ചു. ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണം. പ്രക്ഷോഭച്ചൂടില്‍ സര്‍ക്കാരിന് തുടരാനാകാത്ത അവസ്ഥയുണ്ടാകും. യുഡിഎഫിനൊപ്പം നിന്ന വലിയൊരു വിഭാഗം ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ചേരും. കേരളത്തെ പിന്നോട്ട് നടത്തിക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നം. പാര്‍ടി സമ്മേളനം ഇക്കാര്യവും ചര്‍ച്ച ചെയ്തു. മത വേര്‍തിരിവുണ്ടാക്കി സൗഹാര്‍ദാന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമം. അന്യമതക്കാരോട് സംസാരിക്കരുതെന്ന് പറയാന്‍വരെ ഈ ശക്തികള്‍ തയ്യാറാകുന്നു. അത്യന്തം ആപല്‍കരമായ ഈ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം. മതവിശ്വാസത്തെയല്ല, മറിച്ച് മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള വര്‍ഗീയ തീവ്രവാദത്തെയാണ് എതിര്‍ക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന പാര്‍ടി സിപിഐ എമ്മാണെന്ന് ആ ജനവിഭാഗത്തിലെ സാധാരണക്കാര്‍ക്ക് ഇതിനകം ബോധ്യമായി. മുസ്ലിം സമൂഹം പൊതുവില്‍ സാമ്രാജ്യത്വ വിരുദ്ധമാണ്. സാമ്രാജ്യത്വത്തെ നിരന്തരം എതിര്‍ക്കുന്ന സിപിഐ എമ്മിനെയല്ലാതെ മറ്റാരെയാണ് ഇവര്‍ക്ക് ആശ്രയിക്കാന്‍ പറ്റുക. സംഘപരിവാര്‍ അക്രമങ്ങളെ പ്രതിരോധിക്കാനും സിപിഐ എം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ മുസ്ലിം വിഭാഗത്തിലെ ഭൂരിപക്ഷംവരുന്ന പാവപ്പെട്ടവര്‍ക്ക് ആശ്രയിക്കാവുന്ന ഏക പാര്‍ടിയുമാണിത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ കാര്യവും ഇതുതന്നെയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ആദരം പിടിച്ചുപറ്റിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാനസമ്മേളനത്തിലുണ്ടായത്. ഇതിനെ വക്രീകരിക്കാന്‍ ആരുശ്രമിച്ചാലും ജനമനസ്സിലുള്ള ആദരം മാറ്റാന്‍ കഴിയില്ല- പിണറായി പറഞ്ഞു. 

1 comment:

ജനശബ്ദം said...

എല്‍ഡിഎഫ് അവസരവാദികള്‍ക്ക് ചേക്കേറാനുള്ള സ്ഥലമല്ല: പിണറായി