Saturday, February 11, 2012


കേരളസമൂഹത്തിനായി കര്‍മപരിപാടി


തിരു: കേരളസമൂഹത്തിന്റെ പൊതുവളര്‍ച്ച സാധ്യമാക്കുന്ന വിധത്തില്‍ സിപിഐ എമ്മിന്റെ സ്വീകാര്യതയും വ്യാപനവും വളര്‍ത്താന്‍ വിപുലമായ കര്‍മപരിപാടിക്ക് സംസ്ഥാനസമ്മേളനം രൂപംനല്‍കിയെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ- പുരോഗമന ആഭിമുഖ്യമുള്ള കേരളസമൂഹത്തെ തിരിച്ചുനടത്താന്‍ ജാതി- മതസംഘടനകളടക്കം വന്‍തോതില്‍ ഇടപെടുന്നുണ്ട്. ഇതിനെയെല്ലാം നേരിട്ട് സമൂഹത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള കാഴ്ചപ്പാടോടെയാണ് കര്‍മപരിപാടിയെന്ന് കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ് പ്രസില്‍ പിണറായി വ്യക്തമാക്കി.

അസംഘടിതമേഖലയില്‍ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തി വിവിധ വിഭാഗം ജനങ്ങളുടെ ജീവിതപുരോഗതി ഉറപ്പുവരുത്തും. സംഘടിതമേഖലയിലാണെങ്കിലും തോട്ടം ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ തൊഴിലാളികളുടെ ജീവിതസാഹചര്യം പരിതാപകരമാണ്. ഇവര്‍ക്ക് ശരാശരി ജീവിതനിലവാരം ഉറപ്പുവരുത്താന്‍ ബോധപൂര്‍വം ഇടപെടും. മറുനാടന്‍ തൊഴിലാളികളെ സംഘടിപ്പിച്ച്, അവര്‍ക്ക് ഇവിടത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ലഭ്യമാക്കാനുള്ള നടപടികള്‍ തേടും. ന്യൂനപക്ഷവിഭാഗങ്ങളില്‍ നല്ലൊരു വിഭാഗം പാര്‍ടിയോട് ശത്രുത വെടിഞ്ഞ് സഹകരിക്കുന്നുണ്ട്. എന്നാല്‍ , ചില സംഘടനകളും ചെറുന്യൂനപക്ഷം മതമോധാവികളും യുഡിഎഫിനു വേണ്ടി ഇടപെടുന്നു. കുറുക്കുവഴിയും ഇടനിലക്കാരുമില്ലാതെ ന്യൂനപക്ഷവിഭാഗങ്ങളുമായി ബന്ധപ്പെട്ട് പാര്‍ടിയുടെ സ്വീകാര്യത വളര്‍ത്തുകയും വ്യാപിപ്പിക്കുകയും വേണം.

ആദിവാസി ക്ഷേമം ഉറപ്പുവരുത്താനും പട്ടികജാതി- വിഭാഗങ്ങളുടെ സാമൂഹ്യവളര്‍ച്ചയ്ക്കായി ഇടപെടാനും പരിശ്രമിക്കും. ഈ രംഗത്ത് ചില സംഘടനകള്‍ ദുര്‍ബോധനം നടത്തി സിപിഐ എമ്മിനെതിരെ ആളുകളെ അണിനിരത്താന്‍ നടത്തുന്ന നീക്കം ചെറുക്കും. മത്സ്യത്തൊഴിലാളി മേഖലയിലും നല്ലതോതില്‍ ഇടപെടും. വര്‍ധിക്കുന്ന മദ്യാസക്തിക്കും മയക്കുമരുന്നിനുമെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. ഇതിനു വിദ്യാര്‍ഥികളെയും യുവാക്കളെയും വനിതകളെയും രംഗത്തിറക്കും. സമൂഹത്തില്‍ വ്യാപകമാകുന്ന അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെയുള്ള ക്യാമ്പയിന്‍ ശക്തിപ്പെടുത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇതു ചെറുക്കാന്‍ സ്ത്രീസംഘടനകള്‍ മാത്രം രംഗത്തുവന്നാല്‍ പോരാ. സമൂഹത്തെയാകെ രംഗത്തിറക്കാന്‍ പാര്‍ടി മുന്‍കൈയെടുക്കും.

സാംസ്കാരികരംഗത്ത് പിടിമുറുക്കാന്‍ വലതുപക്ഷശക്തികള്‍ നടത്തുന്ന തീവ്രസമരത്തെ പരാജയപ്പെടുത്താനുള്ള ഇടപെടലിനും സമ്മേളനം തീരുമാനിച്ചിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കി. വായനശാലകള്‍ , കലാസാംസ്കാരിക സംഘടനകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം സജീവമാക്കാനും വാര്‍ഷികപരിപാടികള്‍ സാംസ്കാരികോത്സവമായി നടത്താനും നല്ല കൂട്ടായ്മ സൃഷ്ടിക്കാനും വായനശാലകള്‍ സ്ഥാപിക്കാനും മുന്നോട്ടുവരും. ഇതെല്ലാം ഫലപ്രദമായി നടത്താന്‍ പാര്‍ടിയുടെ സംഘടനാശേഷി വര്‍ധിപ്പിക്കുകയും പാര്‍ടി ഘടകങ്ങളെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ചെയ്യും. പാര്‍ടിയുടെ അടിസ്ഥാനഘടകമായ ബ്രാഞ്ചുകളെ കാര്യക്ഷമമാക്കും. ഇതിനായി ലോക്കല്‍ , ഏരിയ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് ബ്രാഞ്ചുകളില്‍ പങ്കെടുക്കും. സൂക്ഷ്മനിരീക്ഷണത്തിന് ജില്ലാ കമ്മിറ്റി ക്രമീകരണമുണ്ടാക്കും. പാര്‍ടിയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രചാരണങ്ങളില്‍ വ്യക്തത വരുത്താന്‍ അനുഭാവികളുടെ യോഗങ്ങള്‍ പ്രാദേശികതലത്തില്‍ പതിവായി സംഘടിപ്പിക്കും. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. പ്രൊഫഷണല്‍ കോളേജുകളില്‍ അടക്കം പഠിക്കുമ്പോള്‍ എസ്എഫ്ഐയിലും മറ്റും പ്രവര്‍ത്തിച്ചവര്‍ക്ക് തൊഴില്‍മേഖലകളിലും മറ്റും എത്തിയശേഷം പാര്‍ടിയുമായി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരെ പാര്‍ടിയുമായി ബന്ധിപ്പിക്കാന്‍ സംവിധാനമുണ്ടാക്കും. ഇപ്പോള്‍ പാര്‍ടിയില്‍ ഇല്ലാത്തവരെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കുക എന്നുള്ളത് പാര്‍ടി ഘടകങ്ങളുടെ പ്രത്യേക ഉത്തരവാദിത്തമാണ്. ഈ കടമ ഗൗരവപൂര്‍വം നിറവേറ്റാന്‍ നീക്കമുണ്ടാകും. അംഗങ്ങള്‍ക്കെല്ലാം പാര്‍ടി വിദ്യാഭ്യാസം നല്‍കും. ഇ എം എസ് അക്കാദമിയില്‍ ഇപ്പോള്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനം നടക്കുന്നുണ്ട്. അത് സജീവമായി തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് പുനര്‍വിദ്യാഭ്യാസത്തിനായി പ്രത്യേക ക്ലാസ് സംഘടിപ്പിക്കുമെന്നും പിണറായി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭവും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരായ സമരങ്ങളും ശക്തമാക്കുന്നതിനു പുറമെയാണ് കര്‍മപരിപാടിയെന്നും ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. സിപിഐ എം സംസ്ഥാനസമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , ആനത്തലവട്ടം ആനന്ദന്‍ എന്നിവരും പങ്കെടുത്തു. അഞ്ചാംതവണയും സംസ്ഥാന സെക്രട്ടറിയായ പിണറായിക്ക് കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഉപഹാരമായി വാളും പരിചയും ട്രസ്റ്റ് ചെയര്‍മാന്‍ സിബി കാട്ടാമ്പള്ളിയും സെക്രട്ടറി സുരേഷ് വെള്ളിമംഗലവും സമ്മാനിച്ചു.
രാഷ്ട്രീയ ലേഖകന്‍

1 comment:

ജനശബ്ദം said...

കേരളസമൂഹത്തിന്റെ പൊതുവളര്‍ച്ച സാധ്യമാക്കുന്ന വിധത്തില്‍ സിപിഐ എമ്മിന്റെ സ്വീകാര്യതയും വ്യാപനവും വളര്‍ത്താന്‍ വിപുലമായ കര്‍മപരിപാടിക്ക് സംസ്ഥാനസമ്മേളനം രൂപംനല്‍കിയെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ- പുരോഗമന ആഭിമുഖ്യമുള്ള കേരളസമൂഹത്തെ തിരിച്ചുനടത്താന്‍ ജാതി- മതസംഘടനകളടക്കം വന്‍തോതില്‍ ഇടപെടുന്നുണ്ട്. ഇതിനെയെല്ലാം നേരിട്ട് സമൂഹത്തെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള കാഴ്ചപ്പാടോടെയാണ് കര്‍മപരിപാടിയെന്ന് കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മീറ്റ് ദ് പ്രസില്‍ പിണറായി വ്യക്തമാക്കി.