ഏകബദല്‍ ഇടതുപക്ഷം: കാരാട്ട്
ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍(തിരു): വിനാശകാരിയായ നവഉദാരനയങ്ങള്‍ക്കുള്ള ബദല്‍ മുന്നോട്ടുവെക്കുന്ന ഏകരാഷ്ട്രീയശക്തി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. എതിര്‍പ്പുകള്‍ അതിജീവിച്ച് പാര്‍ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കും. പാര്‍ടിക്ക് കൂടുതല്‍ കരുത്തേകാനും ഇടതുപക്ഷ-ജനാധിപത്യ ഐക്യം ശക്തിപ്പെടുത്താനുമുള്ള തീരുമാനങ്ങള്‍ കോഴിക്കോട്ട് ചേരുന്ന 20-ാം പാര്‍ടികോണ്‍ഗ്രസ് കൈക്കൊള്ളും. ഉദാരനയത്തിനും അഴിമതിക്കും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന കേന്ദ്രനയങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഐ എം കടുത്ത ആക്രമണമാണ് നേരിടുന്നത്. എന്നാല്‍ , ഇത്തരം നടപടികളിലൂടെ പാര്‍ടിയെ പിന്തിരിപ്പിക്കാനാവില്ലെന്നും എ കെ ജി ഹാളില്‍ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.
നവഉദാരവല്‍കരണത്തിന്റെ രണ്ടു ദശകം രാജ്യത്ത് അസമത്വം പലമടങ്ങ് വര്‍ധിപ്പിച്ചു. ജനജീവിതം ദുരിതപൂര്‍ണമാക്കിയ നയങ്ങള്‍ സമ്പദ്ഘടനയെ ഗുരുതര പ്രതിസന്ധിയിലാക്കി. സാമ്പത്തിക വളര്‍ച്ചയുണ്ടെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ കൃഷിക്കാര്‍ കൂട്ടത്തോടെ ജീവനൊടുക്കുന്നു. തൊഴില്‍രഹിതരുടെ എണ്ണവും വര്‍ധിക്കുന്നു. വിലക്കയറ്റം അതിരൂക്ഷമായി. അയ്യായിരം കോടി രൂപയിലേറെ സ്വത്തുള്ള 55 ശതകോടീശ്വരന്മാരെയാണ് മൂന്നുവര്‍ഷം കൊണ്ട് യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ചത്. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന 2ജി സ്പെക്ട്രം ഇടപാട് ഉന്നതങ്ങളിലെ അതിഭീമമായ അഴിമതിക്കഥകളിലൊന്നു മാത്രം.
ലോക്പാല്‍ നിയമം മാത്രമാണ് അഴിമതി തടയാനുള്ള ഏകപോംവഴിയെന്ന് ചിലര്‍ പറയുന്നു. അത് അഴിമതി തടയാന്‍ സഹായിക്കുമെങ്കിലും പൂര്‍ണമായി അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല. നവഉദാരവല്‍കരണനയങ്ങള്‍ അവസാനിപ്പിക്കുക മാത്രമാണ് വിഭവങ്ങളുടെ കൊള്ള തടയാനുള്ള ഏകമാര്‍ഗം. അഴിമതിയില്‍ ബിജെപി കോണ്‍ഗ്രസുമായി മത്സരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും മധ്യപ്രദേശിലും വന്‍ അഴിമതിയാണ്. അഴിമതിരഹിത ഭരണത്തിന്റെ റെക്കോഡ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രം അവകാശപ്പെട്ടതാണ്.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള പ്രധാനഉത്തരവാദിത്തം പാര്‍ടിക്കുണ്ട്. അങ്ങിങ്ങ് കാണുന്ന അപസ്വരങ്ങള്‍ ഐക്യത്തിന് വിഘാതമാവില്ല. കോട്ടയം സംസ്ഥാന സമ്മേളനത്തിനു ശേഷമുള്ള നാലുവര്‍ഷം ജനങ്ങളെ അണിനിരത്തി കേന്ദ്രനയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളാണ് പാര്‍ടി സംഘടിപ്പിച്ചത്. ആസിയാന്‍ കരാറിനെതിരെ 40 ലക്ഷം പേര്‍ അണിനിരന്ന മനുഷ്യച്ചങ്ങല അവകാശസമരപരമ്പരകളില്‍ ഒന്നാണ്. ദളിതര്‍ , ആദിവാസികള്‍ , മതന്യൂനപക്ഷങ്ങള്‍ , സ്ത്രീകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുത്തു. ജാതി-വര്‍ഗീയ സാമുദായിക ശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പ് സംഘടിപ്പിച്ചു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യക്ഷേമ നടപടികളില്‍ റെക്കോഡ് സൃഷ്ടിച്ചു. തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടെങ്കിലും അത് സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല. ജാതി-മതശക്തികളുടെ സഹായത്തോടെ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധനടപടികള്‍ അടിച്ചേല്‍പിക്കുന്നു.
അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരും ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നത്. എസ്എന്‍സി ലാവ്ലിന്റെ പേരില്‍ പിണറായി വിജയനെതിരെ കള്ളക്കേസുണ്ടാക്കിയവര്‍ ഇപ്പോള്‍ വി എസ് അച്യുതാന്ദനെതിരെ ഭൂമികൈമാറ്റത്തിന്റെ പേരില്‍ കേസെടുത്തു. ഇത് പാര്‍ടി ഒറ്റക്കെട്ടായി നേരിടും. നേതാക്കളെ താറടിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സാമ്രാജ്യവിധേയത്വത്തിനും തെറ്റായ നയങ്ങള്‍ക്കുമെതിരെ പാര്‍ടി നടത്തുന്ന ചെറുത്തുനില്‍പ് അഴിമതി ആരോപിച്ചു തളര്‍ത്താമെന്നു കരുതുന്ന കോണ്‍ഗ്രസ് സ്വപ്നലോകത്താണ്-കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളില്‍ പാര്‍ടിക്കെതിരെ കടുത്ത ആക്രമണം നടക്കുന്നു. ഈ അതിക്രമങ്ങള്‍ അതിജീവിച്ച് പാര്‍ടി മുന്നേറും. കേന്ദ്രനയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി മുമ്പെങ്ങുമില്ലാത്ത വിധം യോജിച്ച ചെറുത്തുനില്‍പ്പ് ഉയരുകയാണ്. എല്ലാ ട്രേഡ് യൂണിയനുകളും ആഹ്വാനം ചെയ്ത ഫെബ്രുവരി 28ന്റെ പൊതുപണിമുടക്ക് യോജിച്ച പോരാട്ടങ്ങളുടെ നാന്ദിയാണെന്ന് കാരാട്ട് പറഞ്ഞു.
1 comment:
ഏകബദല്‍ ഇടതുപക്ഷം: കാരാട്ട്
Post a Comment