Saturday, February 11, 2012

മാധ്യമങ്ങള്‍ക്കും അവഗണിക്കാനാകാത്ത അജയ്യത


മാധ്യമങ്ങള്‍ക്കും അവഗണിക്കാനാകാത്ത 

അജയ്യത





തിരു: "അണപൊട്ടിയെത്തിയ ചെങ്കടലില്‍ നഗരം മുങ്ങി"യെന്ന്മനോരമ. പാര്‍ടിയുടെ സംഘടനാശേഷിയും കെട്ടുറപ്പും കരുത്തും വിളിച്ചോതിയ റാലി "ചരിത്രത്തിലിടം പിടിക്കുന്ന മഹാപ്രവാഹ"മായെന്ന് മാതൃഭൂമി. അണയാത്ത വിപ്ലവവീര്യവുമായി "ചെമ്പട തലസ്ഥാനം കീഴടക്കി"യെന്ന് മാധ്യമം. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനലക്ഷങ്ങള്‍ അലകടലായി നഗരത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കും അത് അവഗണിക്കാനാകാത്ത അജയ്യശക്തിയായി. മഴയിലും തോരാത്ത ആവേശമെന്നും കരുത്ത് തെളിയിച്ച പ്രകടനമെന്നുമാണ് കേരള കൗമുദി റിപ്പോര്‍ട്ട്. റാലിയില്‍ അണിനിരന്ന മൂന്നുലക്ഷം പേര്‍ക്ക് ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളം വിതരണംചെയ്തതിന് പിന്നിലെ സംഘാടനമികവിനെക്കുറിച്ചും കൗമുദിയില്‍ റിപ്പോര്‍ട്ടുണ്ട്. രക്തനക്ഷത്ര ശോഭയുമായി ജനസാഗരം ആവേശത്തിരമാല തീര്‍ത്തെന്നാണ് മംഗളം റിപ്പോര്‍ട്ട്. സമ്മേളനത്തെക്കുറിച്ചുള്ള മംഗളം പ്രത്യേക സപ്ലിമെന്റും പുറത്തി റക്കി. നഗരത്തെ ചുവപ്പിച്ച ചിട്ടയായ റാലിയെക്കുറിച്ച് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും മികച്ച വാര്‍ത്തയായി. ജനലക്ഷങ്ങള്‍ അണിനിരന്ന റെഡ്വളന്റിയര്‍ മാര്‍ച്ചും റാലിയും തത്സമയം റിപ്പോര്‍ട്ടുചെയ്യാന്‍ വന്‍ ദൃശ്യ മാധ്യമപ്പടയും മത്സരിച്ചു. റാലി തുടങ്ങേണ്ട സമയത്ത് അപ്രതീക്ഷിതമായി മഴയെത്തിയിട്ടും ആവേശം ഒട്ടും ചോരാതെ ചിട്ടയായി റാലി നടത്തിയത് വാര്‍ത്താ ചാനലുകളിലും പ്രധാന വാര്‍ത്തയായി. ദേശീയ, അന്തര്‍ദേശീയ ചാനലുകളും പൊതുസമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയിരുന്നു. ബംഗാള്‍ , ത്രിപുര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ പത്രങ്ങളിലും സിപിഐ എം സമ്മേളനം പ്രധാന വാര്‍ത്തയായി. തമിഴ്നാട്ടിലെ പ്രമുഖപത്രങ്ങളിലും ചാനലുകളിലും സമ്മേളനവും മാര്‍ച്ചും പ്രധാന വാര്‍ത്തകളില്‍ ഇടംപിടിച്ചു.

No comments: