Tuesday, February 7, 2012


ചുവന്നപുരി



തിരു: ചെങ്കൊടികളും തോരണങ്ങളും ചുവപ്പിച്ച തെരുവുകള്‍ . ജനനായകരുടെയും വിപ്ലവകാരികളുടെയും ഛായാചിത്രങ്ങളും ചത്വരങ്ങളും ബോര്‍ഡുകളും കമാനങ്ങളും നിറഞ്ഞ നാട്ടിന്‍പുറങ്ങളും നഗരവീഥികളും. എങ്ങും പ്രതിധ്വനിക്കുന്ന വിപ്ലവഗാനങ്ങള്‍ , പഴുതടച്ച പ്രചാരണത്തിന്റെ അവസാന മിനുക്കുപണികളുമായി നീങ്ങുന്ന നേതാക്കളും പ്രവര്‍ത്തകരും. സംസ്ഥാന സമ്മേളന സന്ദേശമെത്താത്ത ഒരിടംപോലുമില്ല. നാടും നഗരവും അത്രയേറെ ആവേശത്തിമിര്‍പ്പിലാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ശക്തിയും സ്വരൂപിച്ച ഉജ്വലമുഹൂര്‍ത്തത്തിലാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ. ഇ ബാലാനന്ദന്‍ നഗറിലെ പൊതുസമ്മേളനനഗരിയില്‍ ഞായറാഴ്ച വൈകിട്ട് ചെങ്കൊടി ഉയര്‍ന്നത്. ചെങ്കൊടികളും ചെമ്പടയും ബാന്‍ഡ്വാദ്യവും കരിമരുന്നുവര്‍ഷവും അതിലുമുയരത്തിലുയര്‍ന്ന ഇങ്ക്വിലാബ് വിളിയും സൃഷ്ടിച്ച ആവേശത്തിന് സാന്ധ്യശോഭയെ വെന്ന ചുവപ്പ്. രാഷ്ട്രീയകേരളത്തിന്റെ കണ്ണുംകാതും അനന്തപുരിയിലേക്ക് കേന്ദ്രീകരിക്കുന്ന നാലുനാളുകള്‍ക്ക് നാന്ദിയായി. ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ നഗരത്തെ ചുവപ്പണിയിച്ചാണ് കയ്യൂര്‍ രക്തസാക്ഷികളുടെ ബലികുടീരത്തില്‍നിന്നുള്ള ചെങ്കൊടിയും വയലാര്‍ സഖാക്കളുടെ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരവും സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതി മണ്ഡപത്തില്‍നിന്നുള്ള ദീപശിഖയും 13 ഉപദീപശിഖകളും എത്തിയത്. പതാക-കൊടിമര ജാഥകളും ദീപശിഖകളും ഉപദീപശിഖകളും സംഗമിച്ച കേശവദാസപുരം ജനസാഗരമായി. അവിടെനിന്ന് ജനാവലി സമ്മേളന നഗറിലേക്ക് അണപൊട്ടിയൊഴുകി. ജന്മിത്വത്തിനും സാമ്രാജ്യത്തിനുമെതിരായ ഐതിഹാസികമായ പോരാട്ടത്തിന്റെ ദീപ്തസ്മരണകളുമായി കയ്യൂരില്‍നിന്നും വയലാറില്‍നിന്നുമെത്തിയ പതാകയും കൊടിമരവും ഉയര്‍ന്നപ്പോള്‍ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്നു കൊണ്ടുവന്ന പ്രധാന ദീപശിഖയും 13 സ്മൃതിമണ്ഡപങ്ങളില്‍നിന്ന് എത്തിച്ച ഉപദീപശിഖകളും ജ്വലിച്ചുയര്‍ന്നു. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാനകമ്മിറ്റിയും സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. കോട്ടയം സമ്മേളനത്തിനുശേഷമുള്ള നാലുവര്‍ഷത്തെ പാര്‍ടിയുടെ പ്രവര്‍ത്തനവും മുന്നേറ്റവും സമ്മേളനം വിലയിരുത്തും. കോട്ടയം സമ്മേളനത്തിനുശേഷമുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തനം സസൂക്ഷ്മം വിലയിരുത്തി സമ്മേളനം ഭാവിപ്രവര്‍ത്തനം ആസൂത്രണംചെയ്യും. സംഘടനാശേഷിയും ബഹുജനപിന്തുണയും വന്‍തോതില്‍ വര്‍ധിപ്പിച്ചും വിഭാഗീയത പൂര്‍ണമായും അവസാനിപ്പിച്ചുമാണ് സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്നത്. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറാണ് ചെങ്കൊടി ഉയര്‍ത്തിയത്. കയ്യൂരില്‍ നിന്ന് പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കൈമാറി, കേന്ദ്ര കമ്മിറ്റിയംഗം ഇ പിജയരാജെന്‍റ നേതൃത്വത്തിലാണ് രക്തപതാക കൊണ്ടുവന്നത്. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പുന്നപ്ര- വയലാര്‍ സമരനായകന്‍ കൂടിയായ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ കൈമാറിയ കൊടിമരം കേന്ദ്രകമ്മിറ്റിഅംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് സമ്മേളന നഗരിയിലെത്തിച്ചത്. സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറിയറ് അംഗം ആനത്തലവട്ടം ആനന്ദന്‍ പകര്‍ന്നു നല്‍കിയ ദീപശിഖ സംസ്ഥാനകമ്മിറ്റിഅംഗം ആനാവൂര്‍ നാഗപ്പെന്‍റ നേതൃത്വത്തിലാണ് സമ്മേളനനഗരിയിലെത്തിച്ചത്. ഇതോടൊപ്പം ജില്ലയിലെ രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും സ്മൃതിമണ്ഡപങ്ങളില്‍ നിന്നും കൊളുത്തിയ 13 ഉപ ദീപശിഖകളും നാടുണര്‍ത്തി പര്യടനം നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങിയശേഷമാണ് പതാക- കൊടിമര-ദീപശിഖ ജാഥകള്‍ പൊതുസമ്മേളനനഗരിയായ സ. ഇ ബാലാനന്ദന്‍ നഗറില്‍ (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം)സംഗമിച്ചത്.

No comments: