ലോട്ടറി: കേന്ദ്രസര്‍ക്കാര്‍ വിചാരണ ചെയ്യപ്പെടട്ടെ.
ലോട്ടറിമാഫിയയെ കയറൂരി വിടുന്ന കേന്ദ്രസര്‍ക്കാരിനെ മുഖമടച്ച് പ്രഹരിക്കുന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന കേരള ഹൈക്കോടതി വിധിയും. കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടിയെടുക്കാനുളള സമ്പൂര്‍ണമായ അധികാരം കേന്ദ്രത്തിന് തന്നെയാണെന്ന കാര്യത്തില്‍ നേരിയ സംശയത്തിനുപോലും ഇനി അവകാശമില്ല. പി ചിദംബരം തട്ടിക്കൂട്ടിയ പുതിയ ലോട്ടറിച്ചട്ടങ്ങള്‍ നിയമത്തിന്റെ അന്തഃസത്ത ചോര്ത്തുന്നതാണെന്ന അതിഗുരുതരമായ വിമര്‍ശവും കേരള ഹൈക്കോടതി ഉയര്‍ത്തി. ഭാഗ്യാന്വേഷണത്തെ ഉന്മാദമാക്കി മാറ്റി അനന്തമായ നറുക്കെടുപ്പുകളിലൂടെ സമ്പത്ത് ഊറ്റിയെടുക്കുന്ന ലോട്ടറി രാക്ഷസന്മാര്ക്കുവേണ്ടിയാണ് ചിദംബരവും കേന്ദ്ര ആഭ്യന്തരവകുപ്പും ലോട്ടറിച്ചട്ടങ്ങള്‍ രൂപപ്പെടുത്തിയത് എന്ന കേരളത്തിന്റെ വിമര്‍ശത്തെ അക്ഷരാര്‍ഥത്തില്‍ സാധൂകരിക്കുകയാണ് ഹൈക്കോടതി. നാലാം വകുപ്പ് ലംഘിച്ചാല്‍ നടപടിയെടുക്കാനുളള സമ്പൂര്‍ണാധികാരം കേന്ദ്രസര്‍ക്കാരിനു തന്നെയെന്ന് എണ്ണമറ്റ കേസുകളില്‍ സുപ്രീംകോടതി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള ഹൈക്കോടതിയും ഇക്കാര്യം ഒന്നിലേറെ തവണ പ്രഖ്യാപിച്ചു. ഈ അധികാരം വിനിയോഗിച്ച് ചൂതാട്ടഭീമന്മാരുടെ ചിറകരിയണമെന്ന് പരമോന്നത കോടതിയടക്കം ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത തുടരുകയാണ്്. ഉമ്മന്‍ചാണ്ടിയും വി എസ് അച്യുതാനന്ദനുമടക്കമുള്ള അതതുകാലത്തെ ഭരണാധികാരികള്‍ നല്കിയ നിവേദനങ്ങളും എഴുതിയ കത്തുകളും അയച്ച റിപ്പോര്‍ട്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചവറ്റുകുട്ടയിലാണ് ചെന്നുവീണത്. ലോട്ടറി മാഫിയയെ നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആറുവര്‍ഷമായി നിരന്തരം അഭ്യര്‍ഥിച്ചിട്ടും ഒരു മറുപടി പോലും നല്‍കാതെ തുടരുന്ന ഈ നിശബ്ദതയെ പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണം. നറുക്കെടുപ്പുകളുടെ എണ്ണം കൂട്ടി ഭാഗ്യാന്വേഷകരെ തങ്ങള്‍ക്കു ചുറ്റും കുരുക്കുകയാണ് ലോട്ടറി മാഫിയ. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മാത്രമാണ് നിയമത്തില്‍ അനുവദിച്ചിരിക്കുന്നത്. അതിനെ വികൃതമായി വ്യാഖ്യാനിച്ചും വളച്ചൊടിച്ചും ഇപ്പോള്‍ പ്രതിദിനം മൂന്ന് എന്ന കണക്കില്‍ പ്രതിമാസം തൊണ്ണൂറോളം നറുക്കെടുപ്പാണ് നടക്കുന്നത്. കേരള ഭാഗ്യക്കുറി പ്രതിദിനം ഒരു നറുക്കെടുക്കുമ്പോള്‍ അതിന്റെ മൂന്ന് മടങ്ങാണ് അന്യസംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ്. സ്കീമുകളുടെ പേരു മാറ്റിയാണ് ഇത് സാധിക്കുന്നത്. ഏത് പേരിട്ടാലും വര്‍ഷം 52 നറുക്കില്‍ കൂടാന്‍ പാടില്ലെന്ന ഹൈക്കോടതിവിധി അന്യസംസ്ഥാന ലോട്ടറികള്‍ക്ക് മാത്രമല്ല, കേന്ദ്രസര്‍ക്കാരിനും ഇരുട്ടടിയാണ്. പുതുക്കിയ ചട്ടം പ്രതിദിനം 24 നറുക്കുകള്വരെ ആകാമെന്നാണ് വ്യവസ്ഥചെയ്യുന്നത്. ആഴ്ചയില്‍ ഒരു നറുക്ക് എന്ന വ്യവസ്ഥ പ്രതിദിനം മൂന്ന് എന്ന ക്രമത്തിലേക്ക് വളര്‍ന്നുവെങ്കില്‍, പ്രതിദിനം 24 നറുക്ക് എന്ന സൌജന്യം എവിടേക്ക് വളരുമെന്ന ചിന്തപോലും നമ്മെ ഭയപ്പെടുത്തും. ആഴ്ചയില്‍ ഒരു നറുക്ക് എന്ന വ്യവസ്ഥവച്ച് ശതകോടികള്‍ കൊള്ളയടിക്കുന്ന ചൂതാട്ട മാഫിയക്ക് പുതിയ ചട്ടം നല്കുമായിരുന്ന സാധ്യതകള്‍ എല്ലാ ഊഹങ്ങള്‍ക്കും അപ്പുറമാണ്. നറുക്കെടുപ്പുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ഒരിക്കല്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപടി സ്വീകരിച്ചതാണ്. 2006ലെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതിന് നല്കിയ നോട്ടീസില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിയമലംഘനങ്ങളുടെ പട്ടികയിലെ നാലാമത്തെ കുറ്റാരോപണം ഇതാണ്. പല പേരുകളില്‍ നടത്തുന്ന ലോട്ടറികളെ അക്കമിട്ട് നിരത്തിയശേഷം, ഒരു ലോട്ടറിക്കും ആഴ്ചയില്‍ ഒരു നറുക്കില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല എന്ന കേന്ദ്രലോട്ടറിനിയമം വകുപ്പ് നാലി(എച്ച്)ന്റെ ലംഘനമാണ് ഇതെന്ന് വ്യക്തമായി പറയുന്നുണ്ട്. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. ദൌര്‍ഭാഗ്യവശാല്‍, അപ്പീല്‍ വേളയില്‍ ഡിവിഷന് ബെഞ്ച് മറ്റൊരു സമീപനമാണ് കൈക്കൊണ്ടത്. ലോട്ടറികള്‍ പല പേരിലാണെന്നും ഒരു പേരിലുളള ലോട്ടറിക്ക് ആഴ്ചയില്‍ ഒരു നറുക്ക് എന്ന നിബന്ധന പാലിക്കുന്നുണ്ടെന്നുമുള്ള വാദം അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ച് സ്വീകരിച്ചു. എന്നാല്‍ പാവപ്പെട്ടവരും ദിവസക്കൂലിക്കാരുമാണ് ലോട്ടറി ഭാഗ്യപരീക്ഷണത്തില്‍ വീണുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി, അവരെ ഈ ഭ്രമത്തില്‍നിന്ന് തടയാന്‍ ആഴ്ചയില്‍ ഒരു നറുക്ക് എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഇപ്പോള്‍ കേരള ഹൈക്കോടതി. ഈ നിരീക്ഷണത്തിന് ശേഷമാണ് ചിദംബരത്തിന്റെ പുതിയ ചട്ടങ്ങളെ നിശിതമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. നിയമം പ്രാബല്യത്തില്‍വന്ന് പന്ത്രണ്ട് കൊല്ലങ്ങള്‍ക്കു ശേഷം തട്ടിക്കൂട്ടിയ ചട്ടങ്ങള്‍ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ കളങ്കപ്പെടുത്തുന്നുവെന്ന കോടതിയുടെ തുറന്നടിക്കല്‍ ഒട്ടേറെ തുടര്‍ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സുതാര്യവും നിയമവിധേയവുമായി ഒരു പരാതിക്കും ഇടനല്‍കാത്തവിധം അരനൂറ്റാണ്ടായി നടന്നുവരുന്ന കേരള ഭാഗ്യക്കുറിക്കും ഈ വിധി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ കേരള ഭാഗ്യക്കുറിയുടെ സല്‍പ്പേരിനെ ചൂഷണം ചെയ്തുകൊണ്ടാണ് ലോട്ടറി മാഫിയ കൊഴുത്തത്. വൃദ്ധരും വികലാംഗരുമടക്കമുള്ള ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതോപാധിയാണ് കേരള ഭാഗ്യക്കുറി. ഈ ലോട്ടറി നിരോധിച്ചാല്‍മാത്രമേ തങ്ങള്‍ക്കെതിരെ കേരള സര്‍ക്കാരിന് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂ എന്ന് ലോട്ടറി മാഫിയക്ക് നന്നായി അറിയാം. നിയമത്തെ മാനിക്കുന്ന ഒരു സമൂഹത്തെയും സര്‍ക്കാരിനെയും ബന്ദികളാക്കിയാണ് ലോട്ടറി മാഫിയ അഴിഞ്ഞാടിയത്. സ്വന്തം ലോട്ടറി നിരോധിച്ച ശേഷമേ ലോട്ടറി മാഫിയക്കെതിരെ സ്വന്തം നിലയില്‍ നടപടിയെടുക്കാന്‍ കേരളത്തിന് കഴിയൂ എന്ന് കേന്ദ്രത്തിനും നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ ഉമ്മന്‍ചാണ്ടിയുടെ കത്തുകള്‍ നിസ്സാരമായി അവഗണിച്ചത്. വി എസ് അച്യുതാനന്ദന് ഹാജരാക്കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനോടും സുപ്രീംകോടതിയടക്കമുളള കോടതികളുടെ വിധികളോടും വെല്ലുവിളിക്കുംവിധമുളള നിസ്സംഗത തുടരുന്നതും അതുകൊണ്ടാണ്. അനന്തമായ നറുക്കെടുപ്പുകളിലൂടെ അത്താഴപ്പട്ടിണിക്കാരുടെ മുഴുവന്‍ സമ്പാദ്യവും തട്ടിയെടുക്കാനുളള പി ചിദംബരത്തിന്റെയും മണികുമാര്‍ സുബ്ബയുടെയും ശ്രമങ്ങളെ തുറന്നുകാണിക്കാന്‍ പുതിയ ഹൈക്കോടതി വിധി ആയുധമാകണം. നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികളെ കെട്ടുകെട്ടിക്കുകയും സുതാര്യമായി നടക്കുന്ന കേരള ലോട്ടറി നിലനില്ക്കുകയും വേണം. ചൂതാട്ടമാഫിയയുടെ കല്‍പ്പനയനുസരിച്ച് ഭരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് അത് അനുവദിക്കാത്തത് എന്ന് തിരിച്ചറിയണം.
1 comment:
കേരളത്തിൽ വിറ്റഴിയുന്ന അന്യസംസ്ഥാന ലോട്ടറികൾ സിക്കിം ഭൂട്ടാൻ സർക്കാരുകളുടെ അംഗീകാരത്തോടെ ഉള്ളതാണെന്ന മുൻവിധിയോടെയാണു നാം നീങ്ങികൊണ്ടിരിക്കുന്നതും, കോടതിയിൽ വാദിച്ചതും എല്ലാം. എന്നാൽ യാഥാർത്ഥ്യം അതോണോ. സിക്കിം ഭുട്ടാൻ സർക്കരുകളുടെ ലോട്ടറി ടിക്കറ്റുകൾ എന്ന വ്യജേന മേഘാ ഡിസ്ട്രിബ്യൂട്ടേർസ് അവർക്ക് തോന്നിയതു പോലുള്ള ലോട്ടറി ടിക്കറ്റുകൾ ശിവകാശിയിൽ പ്രിന്റ് ചെയ്ത് ഇവിടെ വിറ്റഴിക്കുകയല്ലേ ചെയ്തു വന്നിരുന്നത്. ഈ ടിക്കറ്റുകളെല്ലാം സിക്കിം ഭൂട്ടാൻ സർക്കാരുകളുടേതെന്നു അംഗീകരിച്ചു പോയാൽ, പിന്നെ അതിൽ ഉണ്ടാകുന്ന തെറ്റുകളെല്ലാം വെറും ‘ക്രമ വിരുദ്ധം’ എന്ന് വ്യഖ്യാനിക്കാനേ കഴിയൂ. ക്രമ വിരുദ്ധമായ കാര്യങ്ങളെല്ലാം കേന്ദ്രസർക്കാരിനെ അറിയിച്ച് നടപടികൾ അവരിൽ നിന്നുണ്ടാകേണ്ടി വരും. എന്നാൽ ഇതൊന്നും സിക്കിം ഭൂട്ടാൻ സർക്കാരിന്റെ ക്രമവിരുദ്ധ ലോട്ടറി ടിക്കറ്റുകളല്ലാ, അവരുടെ ഏജന്റുമാർ അടിച്ചിറക്കിയ വ്യാജന്മാരാണെന്നു തെളിയിക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. അങ്ങനെ വരുമ്പോൾ അതെല്ലാം നിയമ വിരുദ്ധമായ ടിക്കറ്റ് വില്പനയാകും. അത് ക്രിമിനൽ കുറ്റമാണു. കേരളത്തിനു തന്നെ നടപടിയെടുക്കാം. ആ വഴിക്ക് നീങ്ങാത്തതിനുള്ള കാരണം വ്യക്തമാണ്.
ഒരു ലോട്ടറി പുതുതായി തുടങ്ങുമ്പോൾ അതിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും വിശദമായി പരസ്യപ്പേടുത്തനമെന്നു ലോട്ടറി ചട്ടങ്ങൾ അനുശാസിക്കുന്നു. അങ്ങനെ പരസ്യപ്പെടുത്തിയ രീതിയിലും സമ്മാന ഘടനയിലും ഉള്ള ടിക്കറ്റുകൾ തന്നെയാണ് ഇവിടെ വിൽക്കപ്പെടുന്നതെന്ന് സംസ്ഥാന ലോട്ടറി വകുപ്പും, പോലീസ്സ് വകുപ്പും ഉറപ്പ് വരുത്തണമായിരുന്നു. അങ്ങനെ ചെയ്തിരുന്നു വെങ്കിൽ 10 രൂപ് ടിക്കറ്റെന്നു പരസ്യം ചെയ്തിട്ട 20 രൂപയുടെ ടിക്കറ്റ് പ്രിന്റ് ചെയ്ത് വിൽക്കില്ലായിരുന്നു. അങ്ങനെ വിറ്റാൽ അതിനെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് ഉത്തരവാദികളെ അഴികൾക്കുള്ളീലാക്കാമായിരുന്നു.
ലോട്ടറി ടിക്കറ്റുകൾ റിസർവ് ബാങ്കിന്റെ അംഗീകൃത പ്രസ്സുകളിൽ മാത്രമേ പ്രിന്റ് ചെയ്യാവൂ എന്ന് ലോട്ടറി ചട്ടങ്ങൾ നിഷ്കർഷിക്കുന്നു. എന്നാൽ സിക്കിം ഭൂട്ടാൻ ലോട്ടറികൾ ശിവകാശിയിൽ പ്രിന്റ് ചെയ്ത് ചാക്കുകളിൽ കെട്ടി വച്ചിരിക്കുന്നത് ഇവിടുത്തെ ചാനലുകൾ ദിവസങ്ങളോളം പ്രദർശിപ്പിച്ചിരുന്നു. ആ തെളിവ് പോരേ, സിക്കിം ഭൂട്ടാൻ ടിക്കറ്റുകൾ നിയമ വിരുദ്ധമായതെന്നു പ്രഖ്യാപിച്ച് നടപടി എടുക്കാൻ. ക്രിമിനൽ കുറ്റത്തിനു നടപടി എടുക്കാൻ കേന്ദ്രത്തിനെ സമീപിക്കേണ്ട കാര്യമില്ലെന്നു ആർക്കാണ് അറിയാത്തത്.
പക്ഷേ നമ്മുടെ സമീപനം അങ്ങനെ ആയിരുന്നില്ലല്ലോ. ഇവിടെ വിൽകപ്പെടുന്ന എല്ലാ ടിക്കറ്റുകളും സിക്കിം ഭൂട്ടാൻ സർക്കാരിന്റേതല്ലേ. അപ്പോൾ നിയമമനുസരിച്ച് കേന്ദ്ര ഇടപെടണ്ടേ. എങ്കിലല്ലേ സാന്റിയാഗോ മാർട്ടിനു കോടികൾ അടിച്ച് മാറ്റാൻ അവസരം കിട്ടൂ.
ഏതായാലും, ധനമന്ത്രിയോട് ഞാൻ മൂന്നു ചോദ്യങ്ങൾ ചോദിച്ചത് വായിച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു.
Post a Comment