വാഴ്വേ മായം
ശതമന്യു
യൂത്തുകോഗ്രസുകാര്‍ക്ക് ഉശിരിന്റെ കുറവുമാത്രമേയുള്ളൂ. ആര്‍ത്തി ആവശ്യത്തിലേറെയുണ്ട്. ഉശിര് കുടികൊള്ളുന്നത് നട്ടെല്ലിലാണ്. ആ നട്ടെല്ല് നിവര്‍ന്നുനില്‍ക്കുന്നില്ല; അഥവാ വലിച്ചു നീട്ടിയാലും പിടിവിടുമ്പോള്‍ ചുരുണ്ട് പഴയതുപോലെയാകും. ഈ നിസ്സാര പ്രശ്നമേ കേരളത്തിലെ യൂത്തിനെ അലട്ടുന്നതായി കാണാനാകുന്നുള്ളൂ. അവര്‍ കുട്ടികളാണ്. പുതുപ്പള്ളിക്കാരന്‍ നിയമസഭയിലേക്ക് കന്നിയങ്കത്തിന് നോമിനേഷന്‍ കൊടുക്കുമ്പോള്‍ ജനിച്ച ക്ടാങ്ങളെ ഇപ്പോള്‍ വിളിക്കുന്നത് മധ്യവയസ്കരെന്നാണ്. വയസ്സുതിരുത്തിയാല്‍പോലും അവര്‍ക്ക് യൂത്താകില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോള്‍ സംവരണം തരണമെന്ന് വെറുതെ പറയാനുള്ള അവകാശം യൂത്തിനുണ്ട്. നാല്‍പ്പതുകൊല്ലം തനിക്കു താഴെ ആരെയും വളര്‍ത്താതെ പുതുപ്പള്ളിരാജ്യം കാത്തുസൂക്ഷിച്ച നേതാവ് കിരീടവും ഗദയുമായി നില്‍ക്കുകയും നാട്ടിലുള്ള കാളികൂളികള്‍ പാഞ്ഞടുത്ത് ടിയാന്റെ കരം മുത്തുകയും ചെയ്യുന്നത് കണ്ടിട്ടും യൂത്തിന്റെ നട്ടെല്ല് നിവര്‍ന്നിട്ടില്ല. കഷ്ടപ്പെട്ട്; ഉണ്ണാതെ; ഉറങ്ങാതെ പഠിച്ച് പിഎസ്സി പരീക്ഷയെഴുതി സര്‍ക്കാരുദ്യോഗം നേടുന്നവര്‍ക്ക് അമ്പത്തഞ്ചാമത്തെ വയസ്സില്‍ അടുത്തൂപറ്റി വീട്ടില്‍പോകേണ്ടിവരും. പരമാവധി സര്‍വീസ് കിട്ടുക മുപ്പത്തഞ്ച് വര്‍ഷം. ഇവിടെ പരീക്ഷയുമില്ല; പഠിപ്പുമില്ല-ഒരു മണ്ഡലം ഒത്തുകിട്ടിയാല്‍ പരേതനാകുന്നതുവരെ അത് കൈയില്‍ കിടക്കും. തനിക്കുശേഷം മകനോ മകളോ പാരമ്പര്യസ്വത്ത് കാത്തുസൂക്ഷിച്ച് കൈകാര്യം ചെയ്തുകൊള്ളും. അതിനിടയ്ക്ക് യൂത്തന്‍മാരോ ആര്‍ത്തന്‍മാരോ ചെന്ന് കൈയിടാന്‍ നോക്കിയാല്‍ പൊള്ളും. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി; ആര്യാടന് നിലമ്പൂര്‍; കോട്ടയത്തെ കെ സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂര്‍; തിരുവഞ്ചൂരിന് അടൂര്‍-ഇങ്ങനെ കുറെ മണ്ഡലങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് നിയമസഭയിലേക്കെങ്കില്‍, പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമെല്ലാം പാരമ്പര്യ സ്വത്തായ സീറ്റുകള്‍ കിടപ്പുണ്ട്. അങ്ങനെയുള്ളവ വീതംവച്ചു സുഖിക്കാം എന്ന ചിന്ത അശേഷം വേണ്ട എന്നാണ് കൂഞ്ഞൂഞ്ഞിന്റെ നാല്‍പ്പതാണ്ട് കൊണ്ടാടിയതിലൂടെ ഒഴുക്കിവിട്ട സന്ദേശം. ചെന്നിത്തലയ്ക്ക് കരമൊഴിവായി പതിച്ചുകിട്ടിയത് പ്രസിഡന്റ് സ്ഥാനമെങ്കില്‍ കുഞ്ഞൂഞ്ഞ് ഇനി നിത്യഹരിത നിയമസഭാകക്ഷി നേതാവാണ്. ജയിച്ചാല്‍ ഊട്ടി; തോറ്റാല്‍ പ്രതിപക്ഷ നേതാവ്. ----------------
ജനാധിപത്യ മുന്നണി, ജനാധിപത്യ പാര്‍ടി എന്നെല്ലാം യുഡിഎഫിനെയും കോഗ്രസിനെയുംകുറിച്ച് പതിവായി പറയാറുണ്ട്. എന്താണ് ജനാധിപത്യം എന്ന് തെളിയിച്ചുകൊണ്ടേയിരിക്കയാണ്. സുനാമി വരുന്നു; സ്കൈലാബ് വീഴുന്നു എന്നെല്ലാം കേട്ടതുപോലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് വരുന്നു എന്നും കേട്ടത്. മാവിലാക്കാവിലെ അടിയുത്സവവും കോഗ്രസിലെ തെരഞ്ഞെടുപ്പും ഒരുപോലെയാണ്. നല്ല തല്ലുകാണാം. കോഗ്രസിലാണെങ്കില്‍ മുണ്ടുപറിക്കല്‍, ചവിട്ടിവീഴ്ത്തല്‍, ആട്ടിയോടിക്കല്‍ തുടങ്ങിയ പ്രത്യേക ഇനങ്ങളുമുണ്ടാകും. റഫറിമാരായി വരുന്നവര്‍ക്ക് പലതരത്തിലാണ് സ്വീകരണം. തല്ലും കിട്ടും തലോടലും കിട്ടും. ഇതൊക്കെ ഇതാ അടുത്തുകാണാം എന്ന് കരുതിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഒന്ന് നീട്ടിവച്ചത്. പിന്നെ നീട്ടി നീട്ടി നിരീക്ഷകസ്വാമി പറയുന്നത് എല്ലാം ഒതുങ്ങി; പൂട്ടിക്കെട്ടി; ഇനി ചെന്നിത്തല തന്നെ പ്രസിഡന്റെന്ന്. ബാക്കി ഭാരംതാങ്ങുന്നവരെ മാഡം തീരുമാനിക്കുമെന്ന്. മാഡത്തിന്റെ ഭാരം തലയില്‍വയ്ക്കാന്‍ ഡല്‍ഹിക്കുപറന്ന ലീഡര്‍ക്ക് പക്ഷേ ഇവിടെയുമില്ല ഭാരം; അവിടെയുമില്ല. ജനാധിപത്യം എന്തെന്ന് മാഡം തീരുമാനിക്കും. അതും ഒരു മൊത്തക്കച്ചവടമാണ്. ബൂത്തുതലം മുതല്‍ മേലാട്ട് എല്ലാം മാഡത്തിന്റെ കല്‍പ്പന. കോത്താഴം കോവാലന്‍ ജില്ലാ പ്രസിഡന്റാകണമെന്നും കുണ്ടുകുഴി കുഞ്ഞാമന്‍ സംസ്ഥാന പ്രസിഡന്റാകണമെണമെന്നും വടക്കേതിലെ വറീത് സെക്രട്ടറി ജനറാളാകണമെന്നും മാഡം എഴുതി അയക്കും. നാവടക്കൂ; പണിയടുക്കൂ എന്നാണ് പഴയ മാഡം പറഞ്ഞിരുന്നത്. നാവടക്കിയില്ലെങ്കിലും പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല; ഭാരം വഹിക്കൂ എന്നതാണ് പുതിയ മാഡത്തിന്റെ രീതി. പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടന്നില്ലെങ്കിലും നാട്ടില്‍ അതുനടക്കട്ടെ. സംഘടനാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ അടിയുത്സവം പഞ്ചായത്തുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നടക്കട്ടെ എന്നാണ് പുതിയ സിദ്ധാന്തം. പൂരം കാണാന്‍ പോകുന്നതേയുള്ളൂ. ----------------
ഗൌരിയമ്മയ്ക്ക് പിണക്കം, രാഘവന് പരിഭവം, മാണിസാറിന് വയറിളക്കം, കുഞ്ഞാലിക്കുട്ടിക്ക് പിടലിവേദന. പിള്ളയ്ക്ക് പനിയും ജേക്കബിന് തലകറക്കവും. ജോസഫിന് നടുവേദനയാണ്. അസുഖക്കാരുടെ മുന്നണിയെന്നും യുഡിഎഫിനെ വിളിക്കാം. ശ്രീമതിടീച്ചര്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഇമ്മാതിരി രോഗികള്‍ക്കായിമാത്രം അനുവദിക്കേണ്ടതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതേയുള്ളൂ. രാഘവന്‍ എന്തിന് പ്രകോപിതനാകുന്നു എന്നാണ് തങ്കച്ചന്റെ ചോദ്യം. പ്രകോപനമില്ലെങ്കില്‍ പിന്നെ രാഘവനുണ്ടോ എന്നൊന്നും തങ്കച്ചന്‍ വക്കീല്‍ ചിന്തിക്കാറില്ല. ഗൌരിയമ്മയുടെ കൊച്ചുപാര്‍ടിയെ പിളര്‍ത്തി അരുക്കാക്കാനാണ് ഉമ്മന്‍ കോഗ്രസിന്റെ ഒരുക്കം. മാണിയെ ഒതുക്കിയില്ലെങ്കില്‍ മണ്ണുംചാരിനിന്ന് കാര്യം സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഉറപ്പുതന്നെ. അരമനയിലും അങ്ങാടിയിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് പിസി ജോര്‍ജിനെ പാട്ടിലാക്കിയും പി ജെ ജോസഫിനെ കൂടെക്കൂട്ടിയും രണ്ടാം സ്ഥാനം പിടിച്ചെടുക്കാനുള്ള അധ്വാന വര്‍ഗ പാലാപ്പാര്‍ടിയുടെ സൈദ്ധാന്തിക ശ്രമമാണ് കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉറക്കം കെടുത്തുന്നത്. രായ്ക്കുരാമാനം നായനാരെ അട്ടിമറിച്ച് കരുണാകരന്റെ ആലയില്‍ സറണ്ടറാകാന്‍ ഒട്ടും മടിച്ചിട്ടില്ല പാലാമാണിക്യം. അഥവാ പുഴ വറ്റി പട്ടി ഇക്കരെ വന്നാലോ? പാലാപ്പാര്‍ടിക്കും ഉമ്മന്‍ കോഗ്രസിനും ഒരുപോലെ സീറ്റുകിട്ടിയലോ? ലീഗ് ഔട്ടാകും; ചെന്നിത്തല അരുക്കാകും-മാണിക്യം കസേരയില്‍ കയറും. അത്തരമൊരവസ്ഥ മാണിക്യവും മുന്നില്‍കാണുന്നുണ്ട്; പുതുപ്പള്ളിക്കാരനും പേടിക്കുന്നുണ്ട്. ഇപ്പോഴേ കല്ലെടുത്ത് തലയില്‍വച്ചാല്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല. അതുകൊണ്ട് ജോസഫിന് സീറ്റ് വേണമെങ്കില്‍ പാലായിലെ പറ്റുവരവില്‍നിന്ന് കൊടുത്തോളണം. രാഘവന്‍ ഇല്ലെങ്കിലും സമാന സ്വഭാവമുള്ള വീരരാഘവന്‍ വന്നിട്ടുണ്ട്. മൂര്‍ച്ചയുള്ള കോടാലിക്ക് തീര്‍ച്ചയുള്ള മരം. വീരന് സീറ്റ്; രാഘവന് ആട്ട്. ഐഎന്‍എല്ലിന്റെ കഷണത്തിന് കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും. ഗദയും കിരീടവുമായി കുഞ്ഞൂഞ്ഞ്. വാളേന്തിയ ചെന്നിത്തല. ആന്റണിക്കും ലീഡര്‍ക്കും സുധീരനുമെല്ലാം കാണികള്‍ക്കുള്ള ഗ്യാലറി പാസ് മാത്രമേയുള്ളൂ. വയലാര്‍ രവിയെ ഗേറ്റ് കടത്തിവിടേണ്ട എന്ന് ദ്വാരപാലകരെ ശട്ടംകെട്ടിയിട്ടുണ്ട്. സ്വന്തം മുന്നണിയായതുകൊണ്ട് തത്സമയ വിവരണം മനോരമയിലും മാതൃഭൂമിയിലും കാണില്ല. എങ്കിലും ചവിട്ടുനാടകം തകര്‍ത്തുമുന്നേറുകയാണ്. കാണികള്‍ക്ക് അക്ഷമരായി കാത്തിരിക്കാം. കുഞ്ഞുമാണിയുടെ കുഞ്ഞുപാര്‍ടി വളര്‍ന്നുവലുതായി പാണക്കാട്ടെ മട്ടുപ്പാവിനുമുകളിലേക്ക് ഉയരുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചിന്താവിഷയം. ---------------------------
മുരളീമൃദുരവമോ മുരളിച്ചയോ തെരഞ്ഞെടുപ്പില്‍ കേള്‍ക്കില്ല. കേള്‍പ്പിക്കാന്‍ തനിക്കു മനസ്സില്ലെന്നാണ് അച്ഛന്റെ മകന്‍ വാശിപിടിക്കുന്നത്. അഥവാ വോട്ടര്‍മാര്‍ ഓടക്കുഴല്‍നാദത്തിനുവേണ്ടി ആശിച്ചാലും ഒന്നും നടക്കില്ല. അതിനൊക്കെ പണം വേണ്ടേ. അത് കൈയിലില്ലാത്തതാണത്രെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വില്‍പ്പനയൊന്നും തല്‍ക്കാലം അജന്‍ഡയിലില്ല. പണ്ട് ഏകലവ്യന്‍ കളരിക്കുപുറത്തിരുന്ന് കേട്ടും കണ്ടും പഠിച്ചാണ് വില്ലാളിവീരനായത്. അകത്തിരുന്ന അര്‍ജുനന്‍ ഞെട്ടിപ്പോയി പുറത്തിരുന്ന ഏകലവ്യന്റെ കളികണ്ട്. കളി പഠിക്കാനും പയറ്റാനും അകത്തുതന്നെ കയറണമെന്നില്ല. ഇനി കയറ്റാനൊട്ട് സാധ്യതയില്ലെങ്കില്‍ പഠിച്ച കളി പഠിപ്പിച്ചുകൊടുത്താലും മതി. കൈവെട്ടിയവരെ തോല്‍പ്പിച്ച് ജോസഫ് മാഷിന്റെ പണിവെട്ടിയ പള്ളിപ്പാട്ടുകേട്ടില്ലേ. അതുപോലെ, ഇരട്ടശിക്ഷയാണ് പാവം അച്ഛന്റെ മകന്. അച്ഛന് അവഗണനശിക്ഷ; മകന് അയിത്തശിക്ഷ. അല്‍പ്പം കഴിവും ബുദ്ധിയും കൂടിപ്പോയാലത്തെ കുഴപ്പമാണിത്. എല്‍ഡിഎഫിലിരുന്ന് തഴമ്പുവന്നപ്പോള്‍ റിട്ടയര്‍ചെയ്ത് തെറിവിളിച്ച് പുറത്തുപോയ വീരന് പൊന്നാടയും ആയകാലം മുഴുവന്‍ കോഗ്രസിന്റെ കൊടിപിടിക്കുകയും പിടിപ്പിക്കുകയുംചെയ്ത ലീഡര്‍ക്ക് മുള്‍ക്കിരീടവും. എല്ലാം തൊമ്മനും ചാണ്ടിയും തീരുമാനിക്കുന്നു. മറ്റുള്ളവര്‍ അനുസരിക്കുന്നു. വാഴ്വേ മായം......
Subscribe to:
Post Comments (Atom)
No comments:
Post a Comment