Sunday, September 5, 2010

ആദിവാസികളെ വഞ്ചിച്ചതാര്?

ആദിവാസികളെ വഞ്ചിച്ചതാര്?
വയനാട്ടിലെ ആദിവാസി ഭൂസമരം ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് അലോസരം സൃഷ്ടിച്ചതായി സമരം ആരംഭിച്ചപ്പോള്‍ത്തന്നെ വ്യക്തമായിരുന്നു. സര്‍ക്കാര്‍ഭൂമി ഏറെ കാലമായി അനധികൃതമായി കൈവശംവച്ച് അവിഹിതമായി ലാഭംകൊയ്തെടുത്തവര്‍ക്ക് അത് നഷ്ടപ്പെടുന്നത് സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമായിരിക്കും. സമൂഹത്തില്‍ ഉന്നതപദവി അലങ്കരിക്കുന്നവരും മാന്യന്മാരും കപടവേഷധാരികളായിരിക്കുമ്പോള്‍ സത്യം പുറത്തറിയുന്നത് സഹിക്കാന്‍ പ്രയാസമായിരിക്കും. അവരുടെ ചേഷ്ടകളും ഗോഷ്ടികളുമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. പോക്കറ്റടിക്കാരന്‍ തെരുവില്‍ പിടിക്കപ്പെടുമ്പോള്‍ 'കള്ളന്‍ കള്ളന്‍' എന്നു കൂവിവിളിച്ച് ഓടുന്നതുപോലെയാണിത്. വാഗ്ദാനം നല്‍കി സിപിഐ എം ആദിവാസികളെ കബളിപ്പിച്ചു, ആദിവാസികളെ വഞ്ചിച്ചു എന്നൊക്കെ വെണ്ടക്കാതലക്കെട്ടില്‍ അച്ചടിച്ചുവിടുന്നവരും നെടുനീളന്‍ പ്രസ്താവന ഇറക്കുന്നവരും ഏതുതരക്കാരാണെന്നും അവരുടെ ആദിവാസിപ്രേമം എത്രയുണ്ടെന്നും വയനാട്ടുകാര്‍ക്കെങ്കിലും നന്നായി അറിയാം. വയനാട്ടിലെ ആദിവാസികള്‍ ഭൂമിക്കുവേണ്ടി സമരംചെയ്യുന്നത് ആദ്യമാണെന്ന് ചിലര്‍ കരുതുന്നുണ്ടാകാം. സ്വാതന്ത്യ്രം ലഭിച്ച് 63 വര്‍ഷം കഴിഞ്ഞു. എന്നിട്ടും മണ്ണിന്റെ യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ ഭൂരഹിതരാണ്. 2001-06 കാലത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ ആദിവാസിനേതാവെന്ന് അറിയപ്പെടുന്ന സി കെ ജാനുവും അനുയായികളും തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനുമുമ്പില്‍ കുടില്‍കെട്ടി സമരം നടത്തി. അന്നത്തെ മുഖ്യമന്ത്രിയും സി കെ ജാനുവും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി സമരം അവസാനിപ്പിച്ചു. ആദിവാസികുടുംബങ്ങള്‍ക്ക് 5 ഏക്കര്‍വീതം ഭൂമി നല്‍കാമെന്നായിരുന്നു ഒത്തുതീര്‍പ്പുവ്യവസ്ഥ. ഈ ഒത്തുതീര്‍പ്പനുസരിച്ച് എത്ര ഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കി എന്ന് ഉമ്മന്‍ചാണ്ടിയും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ചേര്‍ന്ന സാക്ഷാല്‍ സോഷ്യലിസ്റ് നേതാവും വ്യക്തമാക്കിയാല്‍ കൊള്ളാം. ഈ ഒത്തുതീര്‍പ്പിനുശേഷമാണല്ലോ ജാനുവും കൂട്ടരും വയനാട്ടിലെ മുത്തങ്ങ വനഭൂമിയില്‍ കയറി കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. എന്നിട്ടെന്തുണ്ടായി എന്ന് ഓര്‍മിക്കുന്നതുപോലും കോഗ്രസ് നേതാക്കള്‍ക്കും പുത്തന്‍കൂറ്റുകാര്‍ക്കും ഞെട്ടലുളവാക്കുന്നതായിരിക്കും. ജാനുവിനെയും അനുയായികളെയും ഭൂമിയില്‍നിന്ന് ഇറക്കിവിടാന്‍ പൊലീസ്സേനയെ അയച്ചു. ഒരു ആദിവാസിയെ പൊലീസ് വെടിവച്ചുകൊന്നു. ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. കുടില്‍കെട്ടി താമസിച്ച ആദിവാസികളെ പൈശാചികമായ രീതിയില്‍ പൊലീസ് അടിച്ചോടിക്കുന്നത് കൈരളി ടിവി ഒപ്പിയെടുത്ത് സത്യസന്ധമായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചതാണ്. ഒടുവില്‍ ജാനുവിനെ പൊലീസ് പിടികൂടി. ജാനുവിന്റെ മുഖം പൊലീസ് അടിച്ചുപൊളിച്ചതും പരസ്യമായ കാര്യമാണ്. ജാനുവിനോടും ആദിവാസികളോടും കാണിച്ച ഈ വഞ്ചന സമൂഹം ഒരിക്കലും മറക്കുകയില്ല. ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് സിപിഐ എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സമീപനം. യുഡിഎഫ് ഭരണകാലത്താണ് വയനാട്ടിലെ ആദിവാസികള്‍ 18 കേന്ദ്രങ്ങളില്‍ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ അവര്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ കയറി താമസിച്ചത്. ആദിവാസികളെ കൈക്കുഞ്ഞുങ്ങളോടൊപ്പം അറസ്റുചെയ്ത് വിവിധ ജയിലിലടച്ചു. ഗര്‍ഭിണിയായ ഒരു സ്ത്രീ മരിച്ചു. ആദിവാസികള്‍ ജയില്‍ കണ്ട് ഭയപ്പെട്ടോടിയില്ല. ജാമ്യത്തിലിറങ്ങുകയില്ലെന്ന് ശഠിച്ചു. ഒരേക്കറെങ്കിലും ഭൂമി ലഭിക്കണമെന്നേ അവര്‍ ആവശ്യപ്പെട്ടുള്ളൂ. അഞ്ചേക്കര്‍ വേണമെന്ന് പറഞ്ഞില്ല. ഒടുവില്‍ അവരെ നിരുപാധികം വിട്ടയച്ചു. വീണ്ടും അവര്‍ സര്‍ക്കാര്‍ഭൂമിയില്‍ കുടില്‍കെട്ടി താമസമുറപ്പിച്ചു. ഒഴിപ്പിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമം സംഘടിതപ്രസ്ഥാനം എതിര്‍ത്ത് തോല്‍പ്പിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് ആത്മാര്‍ഥ ശ്രമം നടത്തി. അയ്യായിരത്തിലധികം ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് പതിച്ചുനല്‍കി. വീടുവയ്ക്കാന്‍ പണം നല്‍കി. മറ്റ് അനവധി ആനുകൂല്യം നല്‍കി. ആദിവാസികളെ വഞ്ചിക്കുകയല്ല, അവരുടെ താല്‍പ്പര്യസംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയാണ് ചെയ്തത്. ചെങ്ങറയില്‍ ആദിവാസികളുടേതെന്നു പറഞ്ഞ് ഒരു സമരം ആരംഭിച്ചു. സ്വകാര്യ റബര്‍ എസ്റേറ്റാണ് കൈയേറിയത്. ഐഎന്‍ടിയുസി ഉള്‍പ്പെടെ ഈ കൈയേറ്റത്തിനെതിരെ സമരവുമായി രംഗത്തുവന്നു. കാരണം റബര്‍വെട്ട് തൊഴിലാളികളെ പട്ടിണിക്കിടുന്നതായിരുന്നു ഈ സമരം. ആദിവാസികളെ ചെങ്ങറഭൂമിയില്‍നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി വിധിച്ചു. എന്നാല്‍, ഒരു വ്യവസ്ഥയുണ്ടായിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കണം. രക്തച്ചൊരിച്ചിലുണ്ടാക്കാന്‍ സമരക്കാരും സമരക്കാരെ അനുകൂലിക്കുന്നവരും ചില മാധ്യമങ്ങളും എല്ലാ ശ്രമവും നടത്തി. എന്നാല്‍, ഒരു തുള്ളി രക്തം വീഴ്ത്താതെ, പൊലീസ്നടപടി കൂടാതെ, ആരെയും അറസ്റുചെയ്ത് ജയിലിലടയ്ക്കാതെ സമരം ഒത്തുതീര്‍പ്പിലെത്തിച്ചു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ അംഗീകരിച്ച ഒത്തുതീര്‍പ്പാണ് ഉണ്ടാക്കിയത്. ഇതാണ് രണ്ടു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം. വയനാട്ടില്‍ ശ്രേയാംസ്കുമാര്‍ എംഎല്‍എ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി സ്വന്തമാക്കി. കോടതിതന്നെ ഒരുവേള അഭിഭാഷകനോട് ചോദിക്കുകയുണ്ടായി, ഒരു തുണ്ട് ഭൂമിയും സ്വന്തമായില്ലാതെ ആദിവാസികള്‍ കഴിയേണ്ടിവരുമ്പോള്‍ ചില വ്യക്തികള്‍ക്ക് എന്തിനാണ് ഇത്രയധികം ഭൂമി. റവന്യൂ അധികൃതര്‍ സര്‍ക്കാര്‍ഭൂമിയാണെന്ന് തീര്‍പ്പുകല്‍പ്പിച്ച ഭൂമിയാണ് ശ്രേയാംസ്കുമാര്‍ കൈവശംവച്ചതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞതാണ്. അഡ്വ. പോത്തന്റെ കൈവശവും സര്‍ക്കാര്‍ഭൂമിയുണ്ടെന്ന് സര്‍ക്കാര്‍രേഖ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം പ്ളാന്റേഷനും സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈവശംവയ്ക്കുന്നു. ഭൂപരിഷ്കരണനിയമത്തെ മറികടന്നുകൊണ്ടാണ് വഞ്ചനാപരമായി ഭൂമി ഇക്കൂട്ടര്‍ കൈവശംവച്ചത്. ഈ ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചത്. അവര്‍ എന്തെങ്കിലും തെറ്റിദ്ധാരണമൂലം അവിടെ വഴിതെറ്റി എത്തിയവരല്ല. തികഞ്ഞ അവകാശബോധത്തോടെ ഭൂമിയില്‍ താമസിച്ചവരാണ്. എട്ടുമാസം അവര്‍ സമരംചെയ്തു. കോടതി അവരെ ഇറക്കിവിടണമെന്ന് പറഞ്ഞു. കോടതിവിധി മാനിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കോഴിക്കോട് ജില്ലയില്‍ അമ്പായത്തോട് മിച്ചഭൂമിയിലും കര്‍ഷകത്തൊഴിലാളികള്‍ കുടില്‍കെട്ടി താമസിച്ചതാണ്. കോടതി അവരെ ഇറക്കിവിടണമെന്ന് വിധി കല്‍പ്പിച്ചിരുന്നു. അവരെ ഇറക്കിവിടാന്‍ പൊലീസ് വന്നു. ഇറങ്ങിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ അനുവാദം നല്‍കി. അവരെയും വഞ്ചിച്ചില്ല. വയനാട്ടിലെ ആദിവാസിഭൂസമരം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തു. മുഖ്യമന്ത്രി അവരുമായി സംസാരിച്ചു. സര്‍ക്കാരിന് അവകാശപ്പെട്ട മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്നും അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി വിതരണംചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ആദിവാസികളുടെ ഭൂസമരം വിജയിച്ചു. ഒരു തുള്ളി രക്തം വീഴ്ത്തേണ്ടിവന്നില്ല. ഇത് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. ആദിവാസികളെ ബലംപ്രയോഗിച്ച് ഇറക്കിവിടുമെന്നും വെടിവയ്പും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്നും കരുതി കാത്തിരുന്നു. നിരാശരായി. മിസ്റര്‍ ഉമ്മന്‍ചാണ്ടി അറിയണം. എല്‍ഡിഎഫ്, യുഡിഎഫല്ല. നയം തികച്ചും വ്യത്യസ്തമാണ്. സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ്. ആദിവാസികളുടെ പക്ഷത്താണ്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

1 comment:

ജനശബ്ദം said...

ആദിവാസികളെ വഞ്ചിച്ചതാര്?

വയനാട്ടിലെ ആദിവാസി ഭൂസമരം ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് അലോസരം സൃഷ്ടിച്ചതായി സമരം ആരംഭിച്ചപ്പോള്‍ത്തന്നെ വ്യക്തമായിരുന്നു. സര്‍ക്കാര്‍ഭൂമി ഏറെ കാലമായി അനധികൃതമായി കൈവശംവച്ച് അവിഹിതമായി ലാഭംകൊയ്തെടുത്തവര്‍ക്ക് അത് നഷ്ടപ്പെടുന്നത് സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമായിരിക്കും.