Wednesday, September 29, 2010

സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമം: പിണറായി

സര്‍ക്കാരിലുള്ള വിശ്വാസം തകര്‍ക്കാന്‍ ശ്രമം: പിണറായി


ഇടുക്കി: സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മതമേലധ്യക്ഷന്മാരെ നേരിട്ട് ഉപയോഗിക്കുകയാണ്. പാര്‍ടിയില്‍നിന്ന് പുറത്തുവരണമെന്ന് ഇടയലേഖനങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം വീക്ഷണത്തോടെ പാര്‍ടിയോടൊപ്പം നില്‍ക്കുന്നവര്‍ സഭാധ്യക്ഷന്മാര്‍ പറഞ്ഞാല്‍ പോകുന്നവരല്ല. നെടുങ്കണ്ടത്ത് സിപിഐ എം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിന്റെ വ്യക്തമായ തെളിവാണ് ഇടയലേഖനം. സഹകരിക്കാവുന്ന മേഖലകളില്‍ സഭയുമായി സഹകരിക്കുകയെന്നതാണ് പാര്‍ടി നിലപാട്. മറിച്ച് പാര്‍ടിയെ തകര്‍ക്കുന്നതിന് കോഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെങ്കില്‍ സഭാ സ്ഥാനങ്ങളൊഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയാണ് വേണ്ടത്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്. രാഷ്ട്രീയം മതത്തിലിടപെട്ട് കുഴപ്പങ്ങളുണ്ടാക്കിയതിന്റെ ഉദാഹരണമാണ് ബാബറി മസ്ജിദ് കേസ്. ഈ കേസില്‍ വ്യാഴാഴ്ച വിധി വരുമ്പോള്‍ ആരും പ്രകോപനമുണ്ടാക്കാന്‍ തുനിയരുത്. അത്തരക്കാരെ പിന്തിരിപ്പിച്ച് നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇറങ്ങണം. അധ്യാപകന്റെ കൈ വെട്ടിയ പോപ്പുലര്‍ ഫ്രണ്ടുമായി കോഗ്രസ് തദ്ദേശതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നു. യുഡിഎഫിലെ കക്ഷിയായ മുസ്ളീംലീഗ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ എല്ലാ മുസ്ളീം സംഘടനകളും അധ്യാപകന്റെ കൈവെട്ടിയതിനെ അപലപിച്ചു. ഇടുക്കിയിലെ പട്ടയപ്രശ്നത്തിലടക്കം കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നത്. ഉപാധിരഹിത പട്ടയം നല്‍കാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. കെ കെ ജയചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.

No comments: