സ: അഴീക്കോടന്‍ സ്മരണ
പിണറായി വിജയന്‍
1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സ: അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കവീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയാകുന്നത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റുമായിരുന്നു അഴീക്കോടന്‍. സ: പി.കൃഷ്ണപിള്ളയില്‍നിന്നാണ് വര്‍ഗരാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ അഴീക്കോടന്‍ ഉള്‍ക്കൊള്ളുന്നത്. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച് ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1946ല്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌ സെക്രട്ടറിയായും 1956ല്‍ ജില്ലാ സെക്രട്ടറിയുമായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്. കമ്യൂണിസ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായി. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ഇത്തരം കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും അത് തുടര്‍ന്നു. രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷം അഴീക്കോടന്റെ സ്മരണ നാം പുതുക്കുന്നത്. അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമായും ശക്തമായും തുടരുന്നതിനുള്ള ജനവിധിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടാകേണ്ടത്. അധികാരം വികേന്ദ്രീകരിക്കുന്നതിനെ എല്ലാ കാലത്തും തകര്‍ക്കാനാണ് കോഗ്രസ് ശ്രമിച്ചത്. അധികാരം ഗ്രാമങ്ങളിലേക്ക് നല്‍കണമെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് മറ്റു പലതിലും എന്നപോലെ കോഗ്രസിന്റെ കാഴ്ചപ്പാടായി മാറിയില്ല. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനു പോലും കോഗ്രസ് എതിരുനിന്നു. ഓരോ ഭാഷാ ജനവിഭാഗവും നടത്തിയ ഉജ്വലമായ പോരാട്ടങ്ങളുടെ ഫലമായാണ് ഭാഷാ സംസ്ഥാന രൂപീകരണം നടന്നത്. കേന്ദ്രീകൃതമായ രാഷ്ട്രസംവിധാനം രൂപീകരിക്കുക എന്നതായിരുന്നു കോഗ്രസിന്റെ പൊതുവിലുള്ള സമീപനം. അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് നിരവധി കമീഷനുകള്‍ രാജ്യത്ത് നിലവില്‍ വന്നിരുന്നു. ബല്‍വന്ത്റായ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് രൂപീകരിക്കപ്പെട്ട പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെപ്പോലും കോഗ്രസിന്റെ നയങ്ങള്‍ തകര്‍ക്കുകയാണ് ഉണ്ടായത്. പിന്നീട് വന്ന അശോക് മേത്ത കമ്മിറ്റി ഈ കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തിനായുള്ള പരിശ്രമങ്ങള്‍ എന്നു പറഞ്ഞുകൊണ്ട് ചില ഇടപെടല്‍ പിന്നീട് കോഗ്രസ് നടത്തി. പഞ്ചായത്തീ രാജ് ഭരണഘടനാ ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ പശ്ചാത്തലത്തിലാണ് ഉണ്ടായത്. ഇത് യഥാര്‍ഥത്തില്‍ അധികാരവികേന്ദ്രീകരണത്തിന്റെ പേരുപറഞ്ഞ് പഞ്ചായത്തുകളെ കേന്ദ്രത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമമായിരുന്നു. രാജീവ് ഗാന്ധി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ ഈ ലക്ഷ്യത്തോടെ ഉള്ളവയായിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. ആ ഘട്ടത്തിലാണ് ചില അടിസ്ഥാനപരമായ ഭേദഗതികളോടെ 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസാക്കേണ്ടി വന്നത്. ഇങ്ങനെ അധികാരത്തെ കേന്ദ്രീകരിക്കാനുള്ള കോഗ്രസ് നയത്തിനെതിരെ പൊരുതി യഥാര്‍ഥ അധികാരവികേന്ദ്രീകരണത്തിനായി കമ്യൂണിസ്റുകാര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ ഭരണഘടനാ ഭേദഗതികള്‍ ഇല്ലാതെ തന്നെ 1978 മുതല്‍ കൃത്യമായി തെരഞ്ഞെടുപ്പ് നടത്തിയത് പശ്ചിമബംഗാളിലാണ്. അധികാരവും പണവും താഴേക്ക് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചു. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും അധികാരവികേന്ദ്രീകരണത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് ഈ അനുഭവം. 1957 ല്‍ കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നപ്പോള്‍ ഭരണപരിഷ്കാരകമീഷനെ നിയമിച്ചു. സ: ഇ എം എസാണ് ഇതിന് മുന്‍കൈ എടുത്തത്. റിപ്പോര്‍ട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട സമീപനം ജില്ലാ കൌസിലുകള്‍ക്ക് താഴെ ഗ്രാമ-മുനിസിപ്പല്‍ തലങ്ങളില്‍ വിപുലമായ അധികാരത്തോടുകൂടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. അധികാരവികേന്ദ്രീകരണത്തിനായി പ്രതിബദ്ധതയോടെ നിലകൊണ്ട സംസ്ഥാന സര്‍ക്കാരിനെ വിമോചനസമരത്തിലൂടെ അട്ടിമറിക്കുകയാണ് കോഗ്രസ് ചെയ്തത്. ആ സര്‍ക്കാര്‍ മുന്നോട്ടുവച്ച അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് വന്ന കോഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചില്ല. 1967ല്‍ വന്ന കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമഗ്രമായ അധികാരവികേന്ദ്രീകരണനിയമം കൊണ്ടുവരാന്‍ പരിശ്രമിച്ചു. അതും പരാജയപ്പെടുത്തുന്ന നിലപാടാണ് വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചത്. 1980ല്‍ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ജില്ലാകൌസില്‍ നിയമം പാസാക്കാനുള്ള നടപടി സ്വീകരിച്ചു. അന്നത്തെ ആന്റണി കോഗ്രസിന്റെയും മറ്റും എതിര്‍പ്പുമൂലം ആ നടപടി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 1987 ല്‍ വന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ 1990 ല്‍ ജില്ലാ കൌസിലിലേക്ക് തെരഞ്ഞെടുപ്പ് നടത്തി. പ്ളാന്‍ ഫണ്ടില്‍നിന്ന് 200 കോടി രൂപ മാറ്റിവച്ച് അവയെ പ്രവര്‍ത്തനക്ഷമമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. 1996 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരവികേന്ദ്രീകരണത്തെ കേവലഭരണപരിഷ്കാരമായല്ല കണ്ടത്. വിപുലമായ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനാണ് തീരുമാനിച്ചത്. പ്രാദേശിക സര്‍ക്കാരുകളായി ഇവയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ സ്വീകരിച്ചു. പിന്നോക്ക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വികസനത്തിന്റെ കുതിപ്പ് സംഭാവനചെയ്ത ജനകീയ ആസൂത്രണ പ്രസ്ഥാനം ഇങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത്. ഇതിനെതിരെ കേരളവികസന പദ്ധതി എന്ന പേരില്‍ പിന്നീടുവന്ന യുഡിഎഫ് കൊണ്ടുവന്ന പരിപാടി അധികാരവികേന്ദ്രീകരണത്തിന്റെ അന്തഃസത്തയെതന്നെ തകര്‍ക്കുന്ന വിധമായിരുന്നു. ഇത് മാറ്റി അധികാരവികേന്ദ്രീകരണ പ്രക്രിയയെ പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിച്ചത് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്. കേരളത്തിലെ അധികാരവികേന്ദ്രീകരണപ്രക്രിയയെ തടസ്സപ്പെടുത്തുന്ന നയമാണ് എല്ലാകാലത്തും വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചത്. 1957 ലും 1967 ലും കൊണ്ടുവന്ന അധികാരവികേന്ദ്രീകരണത്തിന്റെ നിയമങ്ങളെ വലതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കുന്നതിന് തയ്യാറായില്ല. ജില്ലാകൌസില്‍ നിയമവും പ്രാവര്‍ത്തികമാക്കുന്നതിന് തടസ്സംനിന്നത് വലതുപക്ഷ ശക്തികളാണ്്. 1991 ല്‍ ജില്ലാകൌസിലുകളെ പണം തിരിച്ചുപിടിച്ച് നിര്‍ജീവമാക്കിയത് യുഡിഎഫ് സര്‍ക്കാരായിരുന്നു. പിന്നീട് ആ കൌസിലുകളെ തന്നെ പിരിച്ചുവിട്ടു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാവട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വെട്ടിച്ചുരുക്കി. ഗ്രാമസഭകളുടെ അധികാരം കുറച്ചും അവയ്ക്ക് ലഭിച്ച ഫണ്ട് വെട്ടിക്കുറച്ചും മുന്നോട്ടു പോകുക എന്നതായിരുന്നു ഈ കാലത്ത് അവര്‍ സ്വീകരിച്ച സമീപനം. കുടുംബശ്രീയെ തകര്‍ക്കാന്‍ അന്നുതന്നെ നിരവധി നീക്കങ്ങള്‍ യുഡിഎഫ് നടത്തുകയുണ്ടായി. ഇപ്പോള്‍ അധികാരത്തില്‍നിന്ന് പുറത്ത് നില്‍ക്കുന്ന ഘട്ടത്തിലും ആ നയത്തിന് യുഡിഎഫ് ഒട്ടും മാറ്റം വരുത്തിയില്ല. കുടുംബശ്രീയെ തകര്‍ക്കാനുള്ള ജനശ്രീയുടെ രൂപീകരണം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉള്ള സാധ്യതകള്‍ ഉപയോഗിച്ച് അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്താനുള്ള നയസമീപനമാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇതിന് വലതുപക്ഷ ശക്തികള്‍ തയ്യാറല്ല. നയപരമായ ഈ അന്തരമാണ് അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ളത്. അധികാരവികേന്ദ്രീകരണ പ്രക്രിയ ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ഇടതുപക്ഷം അത്തരം സ്ഥാപനങ്ങളില്‍ അധികാരത്തിലിരിക്കുക എന്നത് മര്‍മപ്രധാനമായ കാര്യമാണ്. അധികാരവികേന്ദ്രീകരണത്തിന് പിന്നിലുള്ള ഇത്തരം രാഷ്ട്രീയത്തെ മനസിലാക്കാതെ ചിലര്‍ രാഷ്ട്രീയരഹിത പഞ്ചായത്തുകളെ സംബന്ധിച്ച് സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. വികസനം എന്നത് ജനപക്ഷ നിലപാടും ജനവിരുദ്ധ നിലപാടും തമ്മിലുള്ള പോരാട്ടത്തിന്റെ കൂടി തട്ടകമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി ഇവര്‍ക്കില്ല. ഈ ജനകീയ നയങ്ങള്‍ നാട്ടില്‍ നടപ്പിലാക്കണമെങ്കില്‍ ജനകീയ രാഷ്ട്രീയശക്തികള്‍ക്ക് മേല്‍ക്കൈ ഉണ്ടാവണം. എല്ലാവിധ ഇടത്-വലത് വ്യതിയാനങ്ങള്‍ക്കും അരാഷ്ട്രീയ പ്രവണതകള്‍ക്കുമെതിരെ പൊരുതിയാണ് അഴീക്കോടന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ടു പോയത്. തെറ്റായ ചിന്താഗതികള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ വര്‍ഗരാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്കായി പൊരുതിയ സ: അഴീക്കോടന്‍ രാഘവന്റെ സ്മരണകള്‍ നമുക്ക് കരുത്ത് പകരും.
No comments:
Post a Comment