പാര്‍ലമെന്ററി രാഷ്ട്രീയവും പണാധിപത്യവും
എം വി എസ് ശര്‍മ
2009ല്‍ 15-ാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 300 എംപിമാര്‍ കോടീശ്വരന്മാരാണ്. 14-ാം ലോക്സഭയില്‍ അവരുടെ സംഖ്യ 543ല്‍ 154 ആയിരുന്നു. സ്വാതന്ത്യ്രത്തിനുശേഷമുള്ള കാലഘട്ടത്തില്‍ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ തങ്ങളുടെ പണാധിപത്യത്തിലൂടെ വ്യവസായികളും കുത്തക ബിസിനസ് കുടുംബങ്ങളും ശ്രമിച്ചുവന്നിരുന്നു. എന്നാല്‍ ഉദാരവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ വ്യവസായികള്‍, ജനപ്രതിനിധികളെന്ന നിലയില്‍നേരിട്ട് നിയമനിര്‍മ്മാണസഭകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോക്സഭയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ള 203 എംപിമാരില്‍ 138 പേരും കോടീശ്വരന്മാരാണ്. ബിജെപിക്ക് 58 കോടീശ്വരന്മാരായ എംപിമാര്‍ ലോക്സഭയിലുണ്ട്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാമനിര്‍ദേശം നല്‍കുമ്പോള്‍ ഇന്നത്തെ എംപിമാര്‍ സ്വയം വെളിപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് അവരുടെ മൊത്തം ആസ്തി 3075 കോടി രൂപയാണ്. ഇത് അവര്‍ പ്രഖ്യാപിച്ച കടലാസിലെ കണക്കാണ്. യഥാര്‍ത്ഥ മൂല്യം അതിലും എത്രയോ അധികം വരും. വെളിപ്പെടുത്തിയിട്ടില്ലാത്ത, കണക്കില്‍പെടാത്ത സ്വത്തുക്കള്‍ വേറെയും എത്രയോ കോടി വരും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നാണ് നാം അവകാശപ്പെടുന്നത്. 72 കോടി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ ഇവിടെയുണ്ട്. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ ആകെ സര്‍ക്കാര്‍ ചെലവാക്കിയത് 1120 കോടി രൂപയാണെന്നാണ് കണക്ക്. സ്ഥാനാര്‍ഥികളെല്ലാം കൂടി ചെലവാക്കിയത് 10,000 കോടി രൂപയില്‍ അധികം വരും എന്നും കണക്കാക്കപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമമനുസരിച്ച് ഒരു ലോക്സഭാ സ്ഥാനാര്‍ഥിയ്ക്ക് 25 ലക്ഷം രൂപയില്‍ അധികം ചെലവാക്കാന്‍ പാടില്ല. സംസ്ഥാന അസംബ്ളി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിക്ക് 10 ലക്ഷം രൂപയില്‍ അധികവും ചെലവാക്കാന്‍ പാടില്ല. 543 ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ സ്ഥാനാര്‍ത്ഥികളും കൂടി മൊത്തം എത്ര തുക ചെലവാക്കി കാണും? ഒരു മണ്ഡലത്തില്‍ ശരാശരി 10 സ്ഥാനാര്‍ഥികളുണ്ടെന്ന് കണക്കാക്കിയാല്‍ 543 മണ്ഡലങ്ങളിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ആകെ ചെലവാക്കാവുന്ന സംഖ്യ 1350 കോടി രൂപയാണ്. അതിന്റെ സ്ഥാനത്ത് 10,000 കോടി രൂപ ചെലവഴിക്കപ്പെട്ടുവെങ്കില്‍, തിരഞ്ഞെടുപ്പില്‍ പണത്തിന്റെ ആധിപത്യം എത്രമാത്രം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ലോക്സഭയിലെ 543 എംപിമാരില്‍ 300 പേരും രാജ്യസഭയിലെ 215 എംപിമാരില്‍ 95 പേരും കോടീശ്വരന്മാരാണെങ്കില്‍, പാര്‍ലമെന്റിലെ ചര്‍ച്ചകള്‍കൊണ്ട് ആര്‍ക്കാണ് മെച്ചമുണ്ടാവുക, ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക എന്ന് പിന്നെ പറയേണ്ടതില്ലല്ലോ.
രാജ്യത്തെ 77 ശതമാനം ആളുകള്‍ 20 രൂപയില്‍ കുറഞ്ഞ തുക കൊണ്ടാണ് ഒരു ദിവസം തള്ളിനീക്കുന്നത്. അതേ അവസരത്തില്‍ത്തന്നെ, ലോകത്തിലെ ഏറ്റവും ധനാഢ്യരായ വ്യക്തികളുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണുതാനും. രജിസ്റ്റര്‍ ചെയ്യപ്പെട്ട 72 കോടി വോട്ടര്‍മാരില്‍ 58 കോടി പേര്‍ ദരിദ്രരാണ്. എന്നാല്‍ അവരുടെ പ്രതിനിധികളില്‍ ഭൂരിഭാഗവും കോടീശ്വരന്മാരാണ് എന്നതാണ് വിരോധാഭാസം. ദാരിദ്യ്രത്തിന്റെ കാര്യത്തിലും ദരിദ്രരുടെ സംഖ്യയുടെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളേക്കാളൊക്കെ മുന്നിലാണ് ഉത്തര്‍പ്രദേശ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയും ദളിതര്‍ക്കുവേണ്ടിയും സാമൂഹ്യനീതിയെപ്പറ്റിയും വാചാലമായി പ്രസംഗിക്കുന്നവരാണ് അവിടെ അധികാരത്തിലുള്ളത്. എന്നാല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്മാരായ എംപിമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആ സംസ്ഥാനത്തുനിന്നുള്ളവരാണ് - അതായത് 52 എംപിമാര്‍.
വോട്ട് ചരക്കായി മാറുന്നു
ജനാധിപത്യത്തെ അപമാനിക്കാനും അതിനെ പണാധിപത്യമായി അധഃപതിപ്പിക്കുവാനുമുള്ള പ്രവണത, ആഗോളവല്‍ക്കരണ പ്രക്രിയയോടെ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. വോട്ടര്‍മാരുടെ "വിലയേറിയ വോട്ട്'' തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കുന്നതിനുവേണ്ടി ബൂര്‍ഷ്വാ പാര്‍ടികള്‍ വാഗ്ദാനം ചെയ്യുന്ന പണത്തിന്റെ അളവ് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ആ വാഗ്ദാനം എളുപ്പത്തില്‍ തള്ളിക്കളയാന്‍ വോട്ടര്‍മാര്‍ക്ക് കഴിയാത്തവിധം അത് വളര്‍ന്നിരിക്കുന്നു. തങ്ങളുടെ പാര്‍ടിത്തൊപ്പിയും ധരിച്ച് പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഓരോരുത്തര്‍ക്കും ബൂര്‍ഷ്വാ പാര്‍ടികള്‍ നല്‍കുന്നത് 150 രൂപയാണ്. 150 രൂപയ്ക്കുപുറമെ, ഒരു പാക്കറ്റ് "ബിരിയാണി''യും ചെറിയ കുപ്പി മദ്യവും ലഭിക്കും! വോട്ടര്‍മാര്‍ക്കുള്ള 'സ്ളിപ്പ്' വീടുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതിന് പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന കൂലി അതിലും എത്രയോ കൂടുതലാണ്. പോളിങ് ഏജന്റുമാര്‍ക്ക് ദിവസത്തില്‍ നല്‍കുന്ന കൂലി 1000 രൂപയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തെ ബിസിനസ്സാക്കി മാറ്റിയ വിപണി സമ്പദ്വ്യവസ്ഥ, വോട്ടിനെ വെറുമൊരു ചരക്കാക്കിയും മാറ്റിയിരിക്കുന്നു. അങ്ങനെ ജനാധിപത്യത്തിന്റെ അന്തഃസത്ത കുത്തിച്ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. വോട്ടറെ "ദൈവമായി'' കാണുന്ന കാലം എന്നോ കഴിഞ്ഞുപോയി. സമ്പന്നന്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുന്നുവെങ്കില്‍ തങ്ങള്‍ക്ക് കുറച്ചു ദിവസമെങ്കിലും സന്തോഷമായി കഴിയാം എന്ന് പാവപ്പെട്ട വോട്ടര്‍മാര്‍ കരുതുന്ന കാലമാണിത്. സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം, സമ്പന്നരുടെ പണാധിപത്യത്തിനുമുന്നില്‍ മുട്ടുകുത്തുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.
ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിന് ഒരു ഗവണ്‍മെന്റ് ഉണ്ടായിരിക്കണം. ആ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് തിരഞ്ഞെടുപ്പ് വ്യവസ്ഥ നിലവിലുണ്ടായിരിക്കണം. ആ തിരഞ്ഞെടുപ്പില്‍ ഉദാരവല്‍ക്കരണ നയങ്ങളെ അനുകൂലിക്കുന്നവരേ തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനത്തിന്‍കീഴില്‍പ്പോലും, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തഃസത്തയോടെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ഭരണവര്‍ഗത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുന്നതിനും പാവങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇടതുപക്ഷത്തെ തിരഞ്ഞെടുക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. ലോകത്തിലെങ്ങും അത്തരം ഉദാഹരണങ്ങള്‍ കാണാം. 1960കളില്‍ഇന്തോനേഷ്യയില്‍ സുക്കാര്‍ണോയും 1971ല്‍ ചിലിയില്‍ അലന്‍ഡെയും അങ്ങനെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സാമ്രാജ്യത്വവിരുദ്ധ ശക്തികളും ഇടതുപക്ഷകക്ഷികളും പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ വിജയം വരിക്കുന്ന കാഴ്ച നാം ഇന്ന് കാണുന്നുണ്ട്. നമ്മുടെ രാജ്യത്തും 1957ല്‍ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കേരളത്തില്‍ രൂപീകരിക്കപ്പെടുകയുണ്ടായി. പിന്നീട് 1967ലും ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് കേരളത്തില്‍ രൂപീകരിക്കപ്പെട്ടു. പിന്നീട് കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റുകള്‍ അധികാരമേല്‍ക്കുകയും നിലനില്‍ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ എത്താന്‍ എവിടെയൊക്കെ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോ, അവിടങ്ങളിലൊക്കെ സാമ്രാജ്യത്വവിരുദ്ധ - മുതലാളിത്തവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയാവുന്നത്ര അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, ലോകത്തിലെവിടെയും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഇടതുപക്ഷശക്തികള്‍ അധികാരത്തിലെത്താതിരിക്കുന്നതിനുള്ള എല്ലാ ഗൂഢതന്ത്രങ്ങളും അവര്‍ പയറ്റുന്നു. ഇത്തരം ഗൂഢതന്ത്രങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട്, ഇടതുപക്ഷശക്തികള്‍ അധികാരത്തില്‍ വരികയാണെങ്കില്‍, അത്തരം ഗവണ്‍മെന്റുകളെ അട്ടിമറിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം പദ്ധതികള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു.
ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ലോകത്തിലെ ഏതു കോണിലേയ്ക്ക് പോകാനും ഏത് മേഖലയില്‍ പ്രവേശിക്കാനും ഏതുതരം പ്രവൃത്തി ചെയ്യാനും ഏതറ്റം വരെ താഴാനും മൂലധനം ശ്രമിക്കും എന്ന് കാള്‍മാര്‍ക്സ് പ്രസ്താവിച്ചിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തില്‍ ധനമൂലധനത്തിന്റെ പങ്ക് പല മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ചൂഷണത്തിനും മുമ്പില്‍ ഒരു ചെറിയ തടസ്സംപോലും സൃഷ്ടിക്കുന്ന ഏതൊരു ശക്തിയുടെയും നിലനില്‍പ്പ് സഹിക്കുന്നതിന് സാര്‍വദേശീയ ധനമൂലധനത്തിന് കഴിയുകയില്ല. നമ്മുടെ രാജ്യം തന്നെ അതിനുദാഹരണമാണല്ലോ.
14-ാം ലോക്സഭയില്‍ യുപിഎ ഗവണ്‍മെന്റിന് ഇടതുപക്ഷശക്തികളുടെ പിന്തുണയെ ആശ്രയിക്കേണ്ടതുണ്ടായിരുന്നു. ഭരണവര്‍ഗങ്ങള്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് നടത്തിയ ശ്രമങ്ങളെ ഇടതുപക്ഷം തടഞ്ഞ പല അനുഭവങ്ങളും നാം കാണുകയുണ്ടായി. എന്നാല്‍ 15-ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ഉടനെ താനൊരു തടവില്‍നിന്ന് മോചിതനായിത്തീര്‍ന്നിരിക്കുന്നുവെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസ്താവിക്കുകയുണ്ടായി. സാര്‍വദേശീയ - ദേശീയ മുതലാളിവര്‍ഗം അതിലും കൂടുതല്‍ ആവേശഭരിതരായി. തങ്ങളുടെ പരിഷ്കരണ നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നതിനുമുന്നില്‍ വിലങ്ങു തടിയായി നില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ശക്തി പരമാവധി കുറയ്ക്കുന്നതിന്, പരിഷ്കരണവാദ ശക്തികള്‍ തങ്ങളുടെ ആവനാഴിയിലെ അമ്പുകളെല്ലാം എടുത്തു പ്രയോഗിച്ചു.
1972ലെ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനെതിരായി ഭരണവര്‍ഗങ്ങള്‍ അര്‍ധഫാസിസ്റ്റ് മാര്‍ഗങ്ങള്‍ കെട്ടഴിച്ചുവിടുകയുണ്ടായി. എന്നാല്‍ ഇന്ന് ആ മാര്‍ഗങ്ങള്‍ അത്രത്തോളം ഫലപ്രദമാവുമെന്ന് തോന്നുന്നില്ല. തിരഞ്ഞെടുപ്പ് നടത്തുന്ന രീതികളില്‍ മാറ്റം വന്നു; വാര്‍ത്താവിനിമയ മാര്‍ഗങ്ങളില്‍ വലിയ മാറ്റം വന്നു; ജനങ്ങളുടെ ബോധനിലവാരം ഉയര്‍ന്നിരിക്കുന്നു; കൂട്ടുകക്ഷി രാഷ്ട്രീയം വളര്‍ന്നുവന്നിരിക്കുന്നു; 1972നെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിച്ചിരിക്കുന്നു; ഇടതുപക്ഷ കക്ഷികള്‍ തമ്മില്‍ത്തമ്മിലുള്ള ഐക്യം വര്‍ധിച്ചിരിക്കുന്നു; ഇടതുപക്ഷത്തിന് മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. അതുകൊണ്ട് 1972 അതേ വിധത്തില്‍ ആവര്‍ത്തിക്കുന്നതിന് ഭരണവര്‍ഗങ്ങള്‍ക്ക് ചില തടസ്സങ്ങളുണ്ട്.
അതുകൊണ്ടാണ് ധനമൂലധനം അതിന്റെ സ്വന്തം ശക്തി - ധനശക്തി - 2009ലെ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയത്. അതുകൊണ്ടു തന്നെയാണ്, 15-ാം ലോക്സഭയില്‍ കോടീശ്വരന്മാരുടെ സംഖ്യ ഇരട്ടിയായി വര്‍ധിച്ചതും.
വിലയ്ക്കു വാങ്ങിയ വാര്‍ത്തകള്‍
ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്ന ഭരണവര്‍ഗങ്ങള്‍, രാജ്യത്തെ ദാരിദ്യ്രം കൂടുതല്‍ കൂടുതല്‍ വര്‍ധിപ്പിക്കുകയാണ്. അതേ ദാരിദ്യ്രത്തെത്തന്നെ, തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിക്കുന്നതിനായി അവര്‍ തുടര്‍ന്ന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ അവര്‍ പണം വാരിയെറിയുകയാണ്. മാധ്യമങ്ങളുടെ ശക്തി ഉപയോഗിച്ചുകൊണ്ട് ഭരണവര്‍ഗങ്ങള്‍ ജനങ്ങളുടെ ബോധനിലവാരത്തെ ആക്രമിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളെ കലുഷമാക്കിത്തീര്‍ത്ത "വിലയ്ക്കു വാങ്ങിയ വാര്‍ത്തകള്‍'' ഉണ്ടാക്കുന്ന അപകടത്തിന്റെ ഗൌരവം, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ഏപ്രില്‍ 26ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍നിന്നു വളരെ വ്യക്തമാകുന്നുണ്ട്.
വാര്‍ത്തയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളല്ലാതെ മറ്റൊന്നുമല്ല "വിലയ്ക്കു വാങ്ങിയ വാര്‍ത്തകള്‍''. പരസ്യങ്ങള്‍ തിരഞ്ഞെടുപ്പു ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടും; എന്നാല്‍ "വാര്‍ത്തകള്‍'' ഉള്‍പ്പെടുകയുമില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥിയില്‍നിന്ന് വളരെ വലിയ തുക കൈപ്പറ്റിക്കൊണ്ട്, അയാളെ വാനോളം പുകഴ്ത്തുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഈ കാര്യം തുറന്നുകാണിച്ചുകൊണ്ട് സുപ്രസിദ്ധ പത്രപ്രവര്‍ത്തകനായ പി സായിനാഥ് എഴുതിയ ലേഖനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ അശോക് ചവാനെയാണ് അദ്ദേഹം ഉദാഹരണമായി കാണിച്ചിരിക്കുന്നത്. പത്തുദിവസത്തെ ഇടവേളയ്ക്കുള്ളില്‍, മൂന്ന് പത്രങ്ങളില്‍, അശോക് ചവാനെ പുകഴ്ത്തിക്കൊണ്ട് ഒരേ വിധത്തിലുള്ള "വാര്‍ത്തകള്‍'' 47 ഫുള്‍പേജ് സപ്ളിമെന്റുകളിലായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇതൊക്കെ "പരസ്യ''മായി കണക്കാക്കുകയാണെങ്കില്‍, 75 കോടിയിലധികം രൂപ പരസ്യക്കൂലിയായി അശോക് ചവാന്‍ കൊടുക്കേണ്ടിവരും. എന്നാല്‍ തിരഞ്ഞെടുപ്പുവേളയില്‍ പത്ര പരസ്യത്തിനായി താന്‍ 5379 രൂപ മാത്രമേ ചെലവാക്കിയിട്ടുള്ളൂ എന്നാണ് അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് കണക്കുകളില്‍ പ്രസ്താവിക്കുന്നത്. പത്രത്തിന്റെ ഉടമസ്ഥതയുള്ള കുടുംബത്തിലെ ഒരംഗം എംഎല്‍എയും അശോക് ചവാന്‍ മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയും ആയി എന്നത് മറ്റൊരു കാര്യം.
ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍, പൊതുവിഭവങ്ങളും പ്രകൃതിവിഭവങ്ങളും നഗ്നമായി കൊള്ളയടിച്ചുകൊണ്ട്, നമ്മുടെ രാജ്യത്തിലെ മുതലാളിമാര്‍ സ്വത്ത് കുന്നുകൂട്ടുകയാണ്. 2010-11ലെ ബജറ്റില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി വകയിരുത്തിയത് 39000 കോടി രൂപയാണെങ്കില്‍, കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയത് 5 ലക്ഷം കോടി രൂപയുടേതാണ്! കൃഷ്ണ - ഗോദാവരി തീരത്തു നിന്നുള്ള പ്രകൃതിവാതകത്തിന്റെ വില കുറച്ചു നിശ്ചയിച്ചതുവഴി മുകേഷ് അംബാനിക്ക് അതിനുപുറമെ 65,000 കോടി രൂപയുടെ ലാഭം കൂടുതലായി ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. 2ജി സ്പെക്ട്രം കുറഞ്ഞ നിരക്കില്‍ വിറ്റതുവഴി സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 60,000 കോടി രൂപയുടെ ലാഭം ഉണ്ടാക്കിക്കൊടുത്തത് അതിനു പുറമെയാണ്. ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്‍ നിയമവിരുദ്ധമായി ഇരുമ്പയിര്‍ ഖനനം ചെയ്ത് സര്‍ക്കാരിനെ വെട്ടിച്ചത് 3 കോടി ടണ്‍ ഇരുമ്പയിരാണ്. ഒരു ടണ്ണിന് അന്താരാഷ്ട്ര വിപണിയിലെ വില 4500 രൂപയാണെന്ന് ഓര്‍ക്കണം. നിയമവിരുദ്ധമായ ഇരുമ്പയിര്‍ ഖനനത്തിലൂടെ മാത്രം റെഡ്ഡി സഹോദരന്മാര്‍ക്ക് 13,500 കോടി രൂപയുടെ അധിക ലാഭം ഉണ്ടാക്കിക്കൊടുത്തു എന്നാണ് അതിനര്‍ത്ഥം. ആന്ധ്ര പ്രദേശില്‍ മാത്രം ഖനനത്തിനുവേണ്ടി ഭൂമി പതിച്ചു നല്‍കുന്ന ഇടപാടില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ വെട്ടിപ്പാണ് നടക്കുന്നത്.
ഇങ്ങനെയുള്ള കടുത്ത ചൂഷണവും നഗ്നമായ വെട്ടിപ്പും ധനസമ്പാദനവും തുടരുന്നതിന് നിയമനിര്‍മാണസഭകളില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കണം എന്ന് ഭരണവര്‍ഗങ്ങള്‍ ആഗ്രഹിക്കുന്നു. അത് ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന അവര്‍ക്ക് ഒരു കാര്യം വ്യക്തമായിട്ടറിയാം: സ്റ്റേജിനുപിന്നില്‍ നിന്നുകൊണ്ട് മാത്രം പ്രവര്‍ത്തിച്ചാല്‍ ഇനി അത് സാധ്യമല്ല. അതുകൊണ്ടവര്‍ നിയമനിര്‍മാണസഭകളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിര്‍മിച്ചെടുക്കുന്നു. മുമ്പ് രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മില്‍ ചില അതിര്‍വരമ്പുകളൊക്കെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 'ശക്തരായ' ചില രാഷ്ട്രീയക്കാര്‍ മുതലാളിമാര്‍ തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിമാരാകട്ടെ, രാഷ്ട്രീയക്കാരായും അവതരിക്കുന്നു. തങ്ങളുടെ പണപ്പെട്ടികൊണ്ട് അവര്‍ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുകയാണ്. ജനങ്ങളുടെ അസംതൃപ്തിയെ ദുര്‍ബലമാക്കുന്നതിനുവേണ്ടി അവര്‍, ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതായി കൊട്ടിഘോഷിക്കുന്നു. സ്വന്തം ടിവി ചാനലുകളും പത്രങ്ങളും നടത്തുന്ന അവര്‍, തങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പൊതുജനങ്ങളുടെ അഭിപ്രായം എന്ന മിഥ്യാധാരണയുണ്ടാക്കുകയാണ്. ജനാധിപത്യത്തിനുമേല്‍ അഗാധവും അപരിഹാര്യവുമായ മുറിവേല്‍പ്പിക്കുന്ന അവര്‍, ഏറ്റവും സ്വേച്ഛാധിപത്യപരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നിട്ട് അതാണ് ജനാധിപത്യം എന്ന് ആണയിടുന്നു! തങ്ങളുടേതാണ് 'യഥാര്‍ത്ഥ ജനാധിപത്യം'എന്ന് സമര്‍ത്ഥിക്കുന്ന അവര്‍, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യത്തെ എതിര്‍ക്കുന്നവരാണെന്നും സ്വേച്ഛാധിപത്യവാഴ്ച നടത്തുന്നവരാണ് എന്നും പ്രചരിപ്പിക്കാനും മടിക്കുന്നില്ല. ഭരണവര്‍ഗങ്ങളുടെ ഈ ഭീഷണിയെ നേരിടാനും അവരുടെ കള്ളക്കളി തുറന്നു കാണിക്കാനും കമ്യൂണിസ്റ്റുകാരും ജനാധിപത്യ - മതനിരപേക്ഷ വിശ്വാസികളും മുന്നോട്ടുവരണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment