Thursday, September 23, 2010

അഴിമതിയുടെ ഗെയിംസ് അപമാനിതമാകുന്ന ഇന്ത്യ

അഴിമതിയുടെ ഗെയിംസ് അപമാനിതമാകുന്ന ഇന്ത്യ
അന്താരാഷ്ട്രരംഗത്ത് അപമാനഭാരംകൊണ്ട് ഇന്ത്യ ശിരസ്സുകുനിച്ചുനില്‍ക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കോമവെല്‍ത്ത് ഗെയിംസ് നടത്തിപ്പിന്റെ പോക്ക്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റിനും ഷീല ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഭരണത്തിനും ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലവും ഭാരോദ്വഹന വേദിയുടെ മേല്‍ക്കൂരയും ഇടിഞ്ഞുവീണു എന്നതുകൊണ്ടുമാത്രമല്ല ഈ വിലയിരുത്തല്‍ വേണ്ടിവരുന്നത്. പതിനായിരക്കണക്കിന് കോടി രൂപ ഉള്‍പ്പെട്ട കോമവെല്‍ത്ത് ഗെയിംസ് കുംഭകോണത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തം മാത്രമാണത്. എന്നാലത്, കോമവെല്‍ത്ത് ഗെയിംസ് നടത്തിപ്പിലെ പിടിപ്പുകേടിന്റെയും ധൂര്‍ത്തിന്റെയും അഴിമതിയുടെയും വിശ്വരൂപത്തെക്കുറിച്ച് ചിന്തിക്കാന്‍ ലോകത്തെമ്പാടുമുള്ള കായികപ്രേമികള്‍ക്ക് അവസരമൊരുക്കുന്നതായി. ഇന്ത്യ ഈ കായികമഹാമേള എങ്ങനെ നടത്തിത്തീര്‍ക്കും എന്ന ഉല്‍ക്കണ്ഠയിലാണിന്ന് ലോകം. പലരാജ്യങ്ങളും അത് പ്രകടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. എഴുപത്തൊന്നു രാജ്യങ്ങള്‍ പങ്കെടുക്കുന്നതും പന്ത്രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്നതുമായ കോമവെല്‍ത്ത് ഗെയിംസ് തുടങ്ങാന്‍ കഷ്ടിച്ച് ഒന്നരയാഴ്ചയേ ബാക്കിയുള്ളൂ. സ്റേഡിയം പൂര്‍ത്തിയായിട്ടില്ല. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ആകെ അനിശ്ചിതത്വവും അരാജകത്വവുമാണ് നടമാടുന്നത്. ഭാരോദ്വഹനത്തിനുള്ള സ്റേഡിയം കേന്ദ്രമന്ത്രിമാരായ ജയ്പാല്‍ റെഡ്ഡിയും എം എസ് ഗില്ലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതാണ്. ഉദ്ഘാടനാവസരത്തില്‍തന്നെ സ്റേഡിയം ചോര്‍ന്നുതുടങ്ങി. ഇത്തരം അനുഭവപരമ്പരകളിലെ ഏറ്റവും പുതിയതാണ് മേല്‍പ്പാലവും മേല്‍ക്കൂരയും തകര്‍ന്ന സംഭവം. കോമവെല്‍ത്ത് ഗെയിംസ് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമെന്ന കാര്യം യുപിഎ ഗവമെന്റിന് നേരത്തെ അറിയാത്തതായിരുന്നില്ലല്ലോ. ഗെയിംസ് ഈവിധത്തില്‍ കൈകാര്യം ചെയ്യുന്നതിനുപിന്നിലുള്ള താല്‍പ്പര്യം തങ്ങള്‍ക്കുവേണ്ടപ്പെട്ടവര്‍ക്ക് അഴിമതിയിലൂടെ ആയിരക്കണക്കിന് കോടി രൂപ കൊയ്യാനുള്ള സന്ദര്‍ഭമൊരുക്കുക എന്നതുതന്നെ. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും അഴിമതിയായിരുന്നു. കേന്ദ്ര വിജിലന്‍സ് പതിനാറ് സൈറ്റുകള്‍ പരിശോധിച്ചു. പതിനാറിടത്തും വന്‍അഴിമതി കണ്ടെത്തി. നിലവാരമില്ലാത്ത കോക്രീറ്റുചെയ്യല്‍, പെരുപ്പിച്ച കരാര്‍ തുക, യഥാര്‍ഥ എസ്റിമേറ്റിന്റെ പല ഇരട്ടിവരുന്ന നിര്‍മാണച്ചെലവ്, സമയത്ത് പണി തീര്‍ക്കാതിരിക്കല്‍ എന്നിങ്ങനെ പല വഴിക്കായി ഇരുനൂറ് ദശലക്ഷം രൂപയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്. സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചു. എന്നാല്‍, ഗെയിംസിനെ അപകീര്‍ത്തിപ്പെടുത്തലാണത് എന്നു വിലയിരുത്തി വിജിലന്‍സ് വിഭാഗത്തെ ശാസിക്കുകയാണ് മുഖ്യമന്ത്രി ഷീല ദീക്ഷിത് മുതല്‍ സ്പോര്‍ട്സ്മന്ത്രി എം എസ് ഗില്‍വരെയുള്ളവര്‍ ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നില്ലെങ്കില്‍ കരിംപട്ടികയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത് നിര്‍മാണ കോട്രാക്ട് എടുത്ത കമ്പനികള്‍ക്ക് മുന്നറിയിപ്പുനല്‍കി. അതും മൂന്നാഴ്ചമുമ്പ്. ഫലമോ, അവര്‍ എതൊക്കെയോ വിധത്തില്‍ പണി പൂര്‍ത്തിയാക്കിത്തുടങ്ങി. പാലം ഇടിഞ്ഞുവീഴാതിരിക്കുന്നതെങ്ങനെ? സ്റേഡിയം ചോരാതിരിക്കുന്നതെങ്ങനെ? പിടിപ്പുകേടിന് ഇതേക്കാള്‍ വലിയ ഉദാഹരണമുണ്ടാവില്ല. വ്യാജ ഇന്‍വന്ററികള്‍, കൃത്രിമ ഫിക്സ്ചര്‍ വിലപ്പട്ടികകള്‍, നിലവാരം കുറഞ്ഞ സിന്തറ്റിക് സര്‍ഫസ് എന്നിങ്ങനെ ചെറുതും വലുതുമായ എന്തെല്ലാം ഇടപാടുകള്‍! ടെന്‍ഡറുകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രവിജിലന്‍സ് കമീഷന് നിര്‍ദേശിക്കേണ്ടിവന്നു. ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്തേണ്ടിവന്നു. അനിശ്ചിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതിനെക്കുറിച്ച് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിന് മുന്നറിയിപ്പുനല്‍കേണ്ടിവന്നു. പക്ഷേ, ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. ധൂര്‍ത്തും അഴിമതിയും നിര്‍ബാധം തുടര്‍ന്നു. ബ്രിട്ടനിലെ ആരുമറിയാത്ത എ എം കമ്പനിയുടെ നിക്ഷേപത്തിലേക്ക് ഒഴുകിച്ചെന്നത് നാലരലക്ഷം പൌണ്ടാണ്. മാസംതോറും 25,000 പൌണ്ട് വേറെ. കോമവെല്‍ത്ത് ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ഫണ്ടില്‍നിന്ന് ഇങ്ങനെ ഒരു കടലാസ് സംഘടനയിലേക്ക് ഇത്രയേറെ പണം ഒഴുകുന്നതെങ്ങനെ എന്ന് ഇന്ത്യയിലാരും അന്വേഷിച്ചില്ല. ബ്രിട്ടീഷ് റവന്യൂ-കസ്റംസ് അധികൃതരാണ് അത് കണ്ടെത്തിയത്. ഈ കുംഭകോണം പുറത്തുവന്നപ്പോള്‍ സംഘാടകസമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി പറഞ്ഞത് വീഡിയോ ഉപകരണങ്ങള്‍ വാങ്ങാനാണത് എന്നായിരുന്നു. എന്നാല്‍, വീഡിയോ ഉപകരണങ്ങളുടെ വില്‍പ്പനക്കാരോ വിതരണക്കാരോ അല്ല എ എം കമ്പനി എന്ന് പിന്നീട് തെളിഞ്ഞു. അപ്പോള്‍ സുരേഷ് കല്‍മാഡി പറഞ്ഞത്, ബ്രിട്ടീഷ് ഹൈക്കമീഷന്‍ ശുപാര്‍ശ ചെയ്തതനുസരിച്ചാണ് എ എം കമ്പനിയെ നിയോഗിച്ചത് എന്നാണ്. തങ്ങള്‍ ആരെയും ശുപാര്‍ശചെയ്തിട്ടില്ലെന്നായി ഹൈക്കമീഷന്‍. അപ്പോള്‍, കല്‍മാഡി തന്റെ വാദം തെളിയിക്കാന്‍ രണ്ട് ഇ-മെയിലുകള്‍ ഹാജരാക്കി. അതാകട്ടെ, വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനെല്ലാംശേഷവും കല്‍മാഡി ഗെയിംസിന്റെ നടത്തിപ്പുകാരനായി തുടരുന്നു. സംശയത്തിന്റെ സൂചി നീണ്ടുചെല്ലുന്നത് കല്‍മാഡിയുടെ രാഷ്ട്രീയ രക്ഷകരിലേക്കുകൂടിയാണ്. കോമവെല്‍ത്ത് ഗെയിംസിനെ ഏറ്റവും വലിയ കുംഭകോണമാക്കി മാറ്റുകയാണിവര്‍ ചെയ്യുന്നത്. ഐപിഎല്‍ എങ്ങനെ ചില വ്യക്തികളുടെയും സംഘങ്ങളുടെയും കറവപ്പശുവായി മാറി എന്നത് നാം കണ്ടു. ഇപ്പോള്‍ 40,000 കോടിയുടെ കുംഭകോണമേളയാക്കി കോമവെല്‍ത്ത് ഗെയിംസിനെ മാറ്റുന്നു. നാട്ടിന്‍പുറങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ എതിരിട്ടു വളര്‍ന്നുവരുന്ന കായികതാരങ്ങളുടെ ആത്മവീര്യത്തെ മുതല്‍, അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ ആത്മാഭിമാനത്തെവരെ തകര്‍ക്കുകയാണ് ഇതിലൂടെ ഇതിന്റെ രാഷ്ട്രീയ രക്ഷാകര്‍ത്താക്കള്‍. കോമവെല്‍ത്ത് ഗെയിംസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് ഹൂപ്പര്‍, അന്താരാഷ്ട്ര കായികതാരങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്തി ജീവിക്കാനുതകുന്ന മിനിമം സൌകര്യംപോലും ഉറപ്പാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് പറഞ്ഞത്. ഏറ്റവും അരക്ഷിതമായ സാഹചര്യങ്ങളാണ് കോമവെല്‍ത്ത് ഗെയിംസിനെ ചൂഴ്ന്ന് ഡല്‍ഹിയില്‍ വളര്‍ന്നുവന്നിട്ടുള്ളത് എന്നാണ് ഓസ്ട്രേലിയ പറയുന്നത്. വൃത്തിയില്ലായ്മയെക്കുറിച്ചാണ് സ്കോട്ലന്‍ഡ് പറയുന്നത്. ഇത്തരം ഒരു മഹാമേള സംഘടിപ്പിക്കാനുള്ള പരിചയവും പക്വതയും ഇന്ത്യക്കുണ്ടോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയാണ് ലണ്ടന്‍ ടൈംസ് ചെയ്തത്. കായികമേളയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാമിടയിലാണ് ഡല്‍ഹിയില്‍ ഡെങ്കിപ്പനി പരക്കുന്നതായും തയ്വാന്‍ വിനോദസഞ്ചാരികള്‍ക്കുനേര്‍ക്ക് വെടിവയ്പു നടന്നതായും ഉള്ള റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ, വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്ക് തീവ്രതയേകുന്ന തരത്തിലാണ് മേല്‍പ്പാല തകര്‍ച്ചപോലുള്ള സംഭവങ്ങളും അതിലേക്ക് വഴിതെളിക്കുന്നവിധത്തിലുള്ള അഴിമതിയുടെ ജീര്‍ണിച്ച കഥകളും ഉണ്ടാവുന്നത്. അഴിമതികളിലൂടെ, പിടിപ്പുകേടിലൂടെ, ലോകകായികമേളയെ അരാജകമാംവിധം അധഃപതിപ്പിച്ച് ഇന്ത്യയുടെ യശസ്സിനും അഭിമാനത്തിനുംമേല്‍ കളങ്കം ചാര്‍ത്തുകയാണ് കോമവെല്‍ത്ത് ഓര്‍ഗനൈസിങ് കമ്മിറ്റി മുതല്‍ യുപിഎ ഗവമെന്റുവരെ. നിര്‍ഭാഗ്യകരമായ അവസ്ഥയാണിത്.

No comments: