സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍
കെ ഹേമലത
നമ്മുടെ രാജ്യം അതിന്റെ 63-ാം സ്വാതന്ത്യ്രദിനംപിന്നിട്ടു. ഇന്ത്യയില്‍ വിദേശ ഭരണം അവസാനിക്കുന്നതോടുകൂടി നിരക്ഷരതയും അനാരോഗ്യവും തൊഴിലില്ലായ്മയും ദാരിദ്യ്രവും കൂടി ഇല്ലാതാകുമെന്നു സ്വാതന്ത്യ്രസമരത്തില്‍ വളരെയേറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തികള്‍ സ്വപ്നം കണ്ടിരുന്നു. അവരുടെ ത്യാഗങ്ങള്‍ വരുംതലമുറയ്ക്ക് അന്തസ്സുറ്റ ഒരു ജീവിത സാഹചര്യം ഉണ്ടാക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാജ്യത്തിനുവേണ്ടി കഷ്ടപ്പാടുകളും സഹനങ്ങളും ഏറ്റുവാങ്ങി ജീവന്‍പോലും ബലി കൊടുത്ത ആ തലമുറയുടെ പ്രതീക്ഷകള്‍ അന്നുമുതല്‍ ഇന്ത്യ ഭരിക്കുന്ന ഗവണ്‍മെന്റുകള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇന്ന് ഇന്ത്യയുടെ ഭരണവര്‍ഗ്ഗം, രാഷ്ട്രത്തിന്റെ പരമാധികാരത്തെ തന്നെ അമേരിക്കപോലുള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് അടിയറവച്ചുകൊണ്ടും ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലധികം പീഡനങ്ങള്‍ നല്‍കിക്കൊണ്ടും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ലോകത്തെ ധനാഢ്യരുടെ ഇടയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകള്‍ നവ ഉദാരവല്‍ക്കരണത്തിലൂടെ തൊഴിലാളികളായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നയങ്ങളുടെ ദുരന്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിലെ ഏറ്റവും വലിയ വിഭാഗമായ സ്ത്രീ തൊഴിലാളികളാണ്.
നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും വക്താക്കള്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്, ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടെന്നും തൊഴില്‍മേഖലയില്‍ ഒരു "വനിതാവല്‍ക്കരണം'' ("ഫെമിനൈസേഷന്‍'') തന്നെയുണ്ടെന്നുമാണ്. പക്ഷേ ഇതു നമ്മുടെ രാജ്യത്ത് സംഭവിക്കുന്നില്ല. സ്ത്രീകള്‍ തങ്ങളുടെ വീടിനുപുറത്ത് ജോലി ചെയ്യാന്‍ തയ്യാറാണെങ്കിലും അവരുടെ അന്തസ്സിനും ജീവിതശൈലിക്കും ചേര്‍ന്ന ജോലി കിട്ടാറില്ല. 96% സ്ത്രീകളും തൊഴില്‍സുരക്ഷയും വരുമാനസുരക്ഷയും സാമൂഹിക സുരക്ഷയും ഇല്ലാത്ത അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. അവരില്‍ ഏറിയ പങ്കും കെട്ടിട നിര്‍മ്മാണം, ഇഷ്ടിക നിര്‍മ്മാണം, പരമ്പരാഗത തൊഴിലുകളായ കശുവണ്ടി, കയര്‍, മല്‍സ്യബന്ധനം, കൈത്തറി, തോട്ടം തൊഴില്‍ മുതലായവയും കുടില്‍ വ്യവസായം, തെരുവോര കച്ചവടം, വീട്ടുജോലി മുതലായവയുമാണ് ചെയ്യുന്നത്. നഗരങ്ങളില്‍ ഇന്ന് ഏറ്റവും തൊഴില്‍സാധ്യതയുള്ള ഒരു മേഖല വീട്ടുജോലിയാണ്.
കയറ്റുമതിയുടെ പ്രോല്‍സാഹനത്തിന്റെ പേരില്‍ ഇന്ന് അനേകം പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്സ്) രാജ്യത്തങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെടുകയുണ്ടായി. അനേകായിരം ഏക്കര്‍ ഭൂമിയും ഉയര്‍ന്ന തോതിലുള്ള നികുതിയിളവുകളും നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു. വളരെയേറെ സ്ത്രീകള്‍ സെസ്സില്‍ ജോലി ചെയ്യുന്നു. പ്രത്യേകിച്ച് വസ്ത്ര - ആഭരണ നിര്‍മ്മാണ മേഖലകളില്‍. തൊഴില്‍നിയമങ്ങള്‍ സെസ്സിനും ബാധകമാണെങ്കിലും അവിടെ ഇത് പ്രായോഗികമാകാറില്ല. സ്ത്രീകള്‍ക്ക് പ്രസവാവധികളോ ശിശുസംരക്ഷണ കേന്ദ്രങ്ങളോ ലഭ്യമല്ല. ട്രേഡ് യൂണിയനുകളുടെയും മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സമ്മര്‍ദ്ദഫലമായി തുല്യവേതനനിയമം, മാതൃത്വ ആനുകൂല്യനിയമം മുതലായവ സര്‍ക്കാര്‍ നിലവില്‍ വരുത്തി. കൂടാതെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ ലഭ്യത, രാത്രികാലങ്ങളിലുള്ള സ്ത്രീകളുടെ ജോലികളില്‍ നിയന്ത്രണം മുതലായവ ഫാക്ടറി ആക്ടില്‍ ഉള്‍പ്പെടുത്തി. പക്ഷേ, ഇവ പ്രയോഗത്തില്‍ വരാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതി ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വിധി പുറപ്പെടുവിച്ചിട്ട് 13 വര്‍ഷമായെങ്കിലും ഇന്നേവരെ പാര്‍ലമെന്റില്‍ ലൈംഗികപീഡനം സംബന്ധിച്ച ബില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല.
തുല്യവേതന നിയമം പാസ്സാക്കി 33 വര്‍ഷങ്ങള്‍ക്കുശേഷവും സ്ത്രീകള്‍ക്ക് നേരെ വിവേചനം തുടരുകയാണ്. നിര്‍മ്മാണം, ബീഡി മുതലായ വ്യവസായങ്ങളില്‍ എല്ലാം തന്നെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ കുറഞ്ഞ ശമ്പളമാണ് നല്‍കുന്നത്. നിയമനത്തിന്റെ സമയത്ത് പൊതുമേഖലകളില്‍പോലും സ്ത്രീകള്‍ക്ക് നേരെ വിവേചനം കാണിക്കുന്നു. ഈ അടുത്തിടയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നടന്ന നിയമനത്തില്‍ സ്ത്രീകളെ സംബന്ധിച്ച് അപ്രധാനവും ആവശ്യമില്ലാത്തതുമായ പല ചോദ്യങ്ങളും ചോദിക്കുകയുണ്ടായി. മിക്ക സെസ്സുകളും പ്രസവ അവധി ഒഴിവാക്കാന്‍വേണ്ടി അവിവാഹിതരായ പെണ്‍കുട്ടികളെയാണ് ജോലിക്കു വയ്ക്കുന്നത്. തിരുപ്പൂരിലെ പല തുണി മില്ലുകളിലും "സുമംഗലി'' എന്ന പദ്ധതിയില്‍ കൂടി പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണ്. ഈ പദ്ധതിപ്രകാരം യുവതികള്‍ക്ക് വേതനം നല്‍കാതെ അവരുടെ വിവാഹസമയമാകുമ്പോള്‍ തുച്ഛമായ ഒരു തുക അവരുടെ വിവാഹച്ചെലവിനെന്നു പറഞ്ഞു നല്‍കുകയാണ് പതിവ്.
ഏറ്റവും കൂടുതല്‍ ഖേദകരമായിട്ടുള്ളത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മനോഭാവം തന്നെയാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു സംസാരിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റു തന്നെയാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ചൂഷണത്തിനു വിധേയരാക്കുന്നത്. ഒരു നല്ല തൊഴില്‍ദാതാവായി പെരുമാറുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ട ഗവണ്‍മെന്റു തന്നെ അതിന്റെ പല പദ്ധതികളുടെയും ജോലികള്‍ക്കായി വേതനം നല്‍കാതെ വനിതകളെ നിയോഗിക്കാറുണ്ട്. ഉദാഹരണമെടുത്താല്‍ ഇന്ത്യയില്‍ 20 ലക്ഷത്തിലധികം സ്ത്രീകള്‍ അംഗന്‍വാടി പ്രവര്‍ത്തകരായും സഹായികളായും സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസ് പ്രോഗ്രാമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 1975 മുതല്‍ 35 വര്‍ഷങ്ങളായി രാജ്യത്താകമാനം ഈ പദ്ധതി മുന്നോട്ടുപോകുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇന്നേവരെ ഇവരെ ഐസിഡിഎസിന്റെ പ്രധാന പ്രവര്‍ത്തകരായി കാണുന്നതേയില്ല. ദിവസം ആറു മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവരെ താല്‍ക്കാലിക സാമൂഹിക പ്രവര്‍ത്തകരായേ കാണുന്നുള്ളൂ. ഒരു അംഗന്‍വാടി പ്രവര്‍ത്തകയ്ക്ക് 1500 രൂപയും സഹായിക്ക് 750 രൂപയും സേവന പ്രതിഫലമായി നല്‍കുമ്പോള്‍, അത് മിക്ക സംസ്ഥാനങ്ങളും മിനിമം വേതനമായി നിശ്ചയിച്ച തുകയുടെ നേര്‍പകുതിപോലുമാകുന്നില്ല. സ്ത്രീകള്‍ തലമുറകളായി കുടുംബങ്ങളില്‍ ചെയ്തുപോരുന്ന ഭക്ഷണം പാചകംചെയ്യല്‍, കുട്ടികളുടെ പരിരക്ഷണം, രോഗികളായവരുടെ പരിചരണം എന്നിവയ്ക്ക് വേതനം നല്‍കാറില്ല.
അതുപോലെതന്നെ, കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു പദ്ധതിയായ ദേശീയ ഗ്രാമീണ ആരോഗ്യമിഷനില്‍ (എന്‍ആര്‍എച്ച്എം) 7 ലക്ഷത്തിലധികം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. അംഗീകരിക്കപ്പെട്ട സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ (ആശ)ക്ക് അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന സേവന പ്രതിഫലംപോലും നല്‍കാറില്ല. അവരുടെ ദൈനംദിന ജീവിതചര്യയുടെ ഭാഗമായിത്തന്നെ ഈ ജോലികള്‍ ചെയ്യാമെന്ന വാദമുഖം ഉന്നയിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വേതനം നിഷേധിക്കുന്നത്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും ചെറിയൊരു പ്രതിഫലം മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
വിലക്കയറ്റം കാരണം എല്ലാ അവശ്യസാധനങ്ങള്‍ക്കും വില കുത്തനെ കയറിയിരിക്കുന്ന ഈ സമയത്ത് മിക്ക തൊഴിലാളി സ്ത്രീകളും, പ്രത്യേകിച്ച് അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന ന്യായമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്തവര്‍, തങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥയിലും ഭരണവര്‍ഗ്ഗവും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഉച്ചൈസ്തരം പ്രഘോഷിക്കുന്നത്, ഇന്ത്യ ചൈനയ്ക്ക് സമാന്തരമായി വളരുകയാണെന്നും വ്യക്തി വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 126ല്‍നിന്നും 134 ലേക്ക് മാറിയെന്നുമാണ്. പോഷകാഹാരക്കുറവും വിശപ്പും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണെന്നതാണ് വസ്തുത. ഭക്ഷണസാധനങ്ങളുടെ വിലയിലുള്ള കുതിച്ചു കയറ്റം ഈ സ്ഥിതിയെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍, പൊതുവിതരണ സമ്പ്രദായം ശക്തമാക്കുക, ആഹാരസാധനങ്ങളുടെ ഭാവി വ്യാപാരം നിരോധിക്കുക തുടങ്ങിയ ഒരു നടപടിയും ഗവണ്‍മെന്റ് സ്വീകരിക്കുന്നില്ല. ട്രേഡ് യൂണിയനുകളും ഇടതുപക്ഷ പാര്‍ടികളും സര്‍ക്കാരിനോട് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. അസംഘടിത തൊഴിലാളികള്‍ക്കുള്ള ക്ഷേമഫണ്ട് അനുവദിക്കുവാന്‍ സര്‍ക്കാര്‍ മടികാട്ടുകയാണ്. അതിനും പുറമെ പൊതുമേഖലകളില്‍ നിക്ഷേപ വികേന്ദ്രീകരണം നടത്തുന്നതിനൊപ്പം ഐസിഡിഎസ്, ഉച്ചഭക്ഷണ പദ്ധതി മുതലായവ സ്വകാര്യമേഖലകള്‍ക്കു വിട്ടുകൊടുക്കുന്നതിനായി ആലോചിക്കുകയാണ്.
സര്‍ക്കാരിന്റെ നയങ്ങളില്‍ മിക്ക സ്ത്രീ തൊഴിലാളികളും അസംതൃപ്തരാണ്. അവരെ സംഘടിപ്പിക്കുന്നതിന് ഗൌരവമായ പ്രയത്നം നടത്തുന്നിടത്ത് അവര്‍ സമരോന്മുഖരാകുന്നുണ്ട്. ഇതിനുദാഹരണമാണ് മിക്ക സംസ്ഥാനങ്ങളിലും അംഗന്‍വാടി പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും നടത്തുന്ന സമരങ്ങള്‍. ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് അംഗന്‍വാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ദില്ലിയില്‍ 2010 മെയ് 4, 5 തീയതികളില്‍ സംഘടിപ്പിച്ച കുത്തിയിരുപ്പു സമരത്തില്‍ ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. മെയ് 4ന് ഇരുപത്തയ്യായിരത്തോളം അംഗന്‍വാടി - ആശാ പ്രവര്‍ത്തകര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു സമീപം ഒത്തുകൂടി. അതുപോലെതന്നെ ജൂലൈ 10ലെ ആള്‍ ഇന്ത്യാ സമരത്തില്‍ 9 ലക്ഷത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇവരില്‍ നാലരലക്ഷം പേരോളം തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തെരുവിലേക്കിറങ്ങി.
ട്രേഡ് യൂണിയനുകളും ജനാധിപത്യ പ്രസ്ഥാനങ്ങളും ദുര്‍ബലമായ ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് അംഗന്‍വാടി - ആശാ പ്രവര്‍ത്തകര്‍ സിഐടിയുവിന്റെ കൊടിക്കീഴില്‍ അണിനിരക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഇവരില്‍ മിക്കവരുടെയും കുടുംബങ്ങള്‍ ബിജെപി അഥവാ കോണ്‍ഗ്രസ് അനുഭാവികളാണെന്നതുകൊണ്ടുതന്നെ പലര്‍ക്കും സ്വന്തം വീടുകളില്‍നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ, ചെങ്കൊടിയുടെ കീഴില്‍ ഐക്യത്തോടെ നില്‍ക്കാനാവുമെന്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സിഐടിയു വാദിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
ഈ ട്രേഡ് യൂണിയന്‍ അവബോധം ഇനിയും കൂടുതലായി വികസിപ്പിക്കേണ്ടതായുണ്ട്. തങ്ങളുടെ ചൂഷണവിധേയമായ ജീവിതാവസ്ഥയും സര്‍ക്കാരിന്റെ നയങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സ്വാനുഭവത്തില്‍ കൂടി മനസ്സിലാകത്തക്കവിധം എല്ലാ വിഭാഗം സ്ത്രീ തൊഴിലാളികളുടെയും അവബോധം വളര്‍ത്തേണ്ടിയിരിക്കുന്നു. ഇത് ഒരു വര്‍ഗ്ഗ അവബോധമായി വളര്‍ത്തിയെങ്കില്‍ മാത്രമേ അതുവഴി എല്ലാവിധ ചൂഷണത്തിനും എതിരെ പോരാടുവാനുള്ള തങ്ങളുടെ കടമ അവര്‍ തിരിച്ചറിയുകയുള്ളൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment