തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍
ഇന്ത്യന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു എം കെ പന്ഥെ. തൊഴിലാളികള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും എന്നും മുന്‍നിരയിലുണ്ടായിരുന്നു. സാമൂഹ്യസേവന പാരമ്പര്യമുള്ള വീട്ടിലെ ജനന പശ്ചാത്തലം തന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ പുസ്തകങ്ങള്‍ , ചെറുപ്പത്തില്‍ പന്ഥെയെ ആകര്‍ഷിച്ചിരുന്നു. ഷോലാപ്പൂരിലെ ഡിഎവി കോളേജില്‍ പഠിക്കുമ്പോഴാണ് വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായത്. 1940ല്‍ മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയിലെ ഖണ്ഡേഷ് തുണിമില്ലില്‍ നടന്ന തൊഴിലാളി സമരമാണ് അദ്ദേഹത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി അടുപ്പിച്ചത്. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്ന ഷോലാപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയന്റെ സെക്രട്ടറിയായി. 1948ല്‍ ട്രേഡ്യൂണിയന്‍ രംഗത്ത് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. അതേവര്‍ഷം തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഷോലാപ്പൂര്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി. അക്കാലത്ത് 27 മാസക്കാലം അദ്ദേഹം തൊഴിലാളികളുടെ ഇടയില്‍ ഒളിവില്‍ കഴിഞ്ഞു. ബോംബെ പ്രസിഡന്‍സി ഗവണ്‍മെന്റ് നിയമിച്ച ഷോലാപ്പൂര്‍ ഹാന്റ്ലൂം വീവേഴ്സ് എന്‍ക്വയറി കമ്മിറ്റിയെ സഹായിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ്. തൊഴിലാളികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കാന്‍ ഈ സര്‍വ്വേവഴി സാധിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, പന്ഥെ പഠനവും തുടര്‍ന്നു. പുനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ 1953ല്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് 1960ല്‍ ഡോക്ടറേറ്റ് എടുത്തു. "ഷോലാപ്പൂരിലെ തൊഴിലാളി സംഘടനകള്‍ - ഘടനയും പ്രവര്‍ത്തനവും" എന്നതായിരുന്നു പിഎച്ച്ഡിക്കുള്ള വിഷയം. പിന്നീട് കേന്ദ്രതൊഴില്‍ മന്ത്രിയും രാഷ്ട്രപതിയുമായിത്തീര്‍ന്ന വി വി ഗിരിയായിരുന്നു പന്ഥെയുടെ തീസീസ് പേപ്പറിന്റെ പരിശോധകന്‍ . 1956ലെ ഗോവാ വിമോചന സമരത്തില്‍ പാര്‍ടിയോടൊപ്പം പാന്ഥെ സജീവമായി പങ്കെടുത്തു. ഷോളാപ്പൂരിലെ ഗോവാ വിമോചന സമിതിയുടെ സെക്രട്ടറിയായിരുന്നു. പാര്‍ടിയുടെ മറാത്തി വാരികയായിരുന്ന "ഏക് ജൂതി"ന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചത് ഇക്കാലത്താണ്. 1958 മുതല്‍ 1970വരെ പന്ത്രണ്ടുകൊല്ലം അദ്ദേഹം എഐടിയുസി യുടെ കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എസ് എ ഡാങ്കെ ജനറല്‍ സെക്രട്ടറിയും എസ് എസ് മിറാജ്കര്‍ പ്രസിഡന്റുമായിരുന്നു. റിവിഷനിസത്തിനെതിരായ ആശയസമരകാലത്ത് അദ്ദേഹത്തിന് കടുത്ത പോരാട്ടം നടത്തേണ്ടി വന്നു. മോഡിനഗര്‍ തുണിമില്‍ തൊഴിലാളികളുടെ 1968ലെ ഐതിഹാസികമായ സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് തൊഴിലാളികളാണ് മരണമടഞ്ഞത്. 140 പേര്‍ക്ക് പരിക്കേറ്റു. കൊലക്കേസില്‍ കുരുക്കി പൊലീസ് അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 13 മാസക്കാലം അദ്ദേഹം ഒളിവിലായിരുന്നു. സിപിഐ എമ്മിന് വേണ്ടിയും അതിന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയന് വേണ്ടിയും പന്ഥെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് പരസ്യമായിട്ടും 1970വരെ അദ്ദേഹം എഐടിയുസിയില്‍ സെക്രട്ടറിയായി തുടര്‍ന്നത് രസകരമാണ്. വര്‍ക്കേഴ്സ് എജ്യൂക്കേഷന്‍ ബോര്‍ഡിലേക്ക് അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. മുതലാളിത്തവത്കരണ സമൂഹത്തിനെതിരെ ട്രേഡ് യൂണിയനുകളെ അണിനിരക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തെ സിഐടിയുവിന്റെ അമരക്കാരനാക്കി മാറ്റിയത്.
No comments:
Post a Comment