Saturday, April 30, 2011

മെയ്ദിനവും വെല്ലുവിളികളും.....

മെയ്ദിനവും വെല്ലുവിളികളും.....


വിവിധ ഭൂഖണ്ഡങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഗൌരവതരമായ രാഷ്ട്രീയസംഭവവികാസങ്ങള്‍ക്ക് മധ്യേയാണ് ഇക്കൊല്ലത്തെ മെയ്ദിനം കടന്നുവരുന്നത്. ഇന്ത്യയിലാകട്ടെ, അധ്വാനവര്‍ഗത്തിനും ഇടതുപക്ഷത്തിനും നേരെ കടന്നാക്രമണം നടത്തുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരായി തൊഴിലാളിവര്‍ഗം രാഷ്ട്രീയ-സാമ്പത്തികപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പശ്ചിമബംഗാളിലും കേരളത്തിലും ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പോരാട്ടം ഈ സമരത്തിന് തീവ്രത പകരുന്നു. കഴിഞ്ഞവര്‍ഷം ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ധനമൂലധനത്തിന്റെയും സാമ്രാജ്യത്വശക്തികളുടെയും വന്‍തോതിലുള്ള ആക്രമണമാണ് നേരിട്ടത്. ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗം തെരുവിലിറങ്ങി. അമേരിക്കയിലും ബ്രിട്ടനിലും മറ്റു വികസിതരാജ്യങ്ങളിലും അടുത്തിടെയായി സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനെന്ന പേരില്‍ ജീവനക്കാരുടെയും പൊതുവെ സാധാരണ ജനവിഭാഗങ്ങളുടെയും വേതനവും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടക്കുന്നു. 'ദി ഇക്കണോമിസ്റ്' ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബലത്തില്‍ അമേരിക്കയില്‍ 'ടീ പാര്‍ടി' പ്രസ്ഥാനം നയിക്കുന്ന പ്രചാരണം പൊതുമേഖല തൊഴിലാളികളെയും ജീവനക്കാരെയും 'നികുതി ഭക്ഷിക്കുന്നവരായി' ചിത്രീകരിക്കുന്നു. അമേരിക്കയിലെ വിസ്കന്‍സിന്‍ സംസ്ഥാനത്ത് ജനാധിപത്യാവകാശങ്ങളും ട്രേഡ് യൂണിയന്‍ അവകാശങ്ങളും കൂട്ടായ വിലപേശലിനുള്ള അവകാശങ്ങളും നിയന്ത്രിക്കുന്ന തരത്തില്‍ നിയമം കൊണ്ടുവരുന്നതിനെതിരെ ഈയിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഒഹിയോയും ഇന്ത്യാനയും അടക്കമുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നു; തൊഴിലാളിവര്‍ഗത്തിന്റെ വിലപേശല്‍ ശക്തി ചോര്‍ത്തിക്കളയാനാണ് ഇത്തരത്തിലുള്ള ചെലവുചുരുക്കലുകളെന്ന് നൊബേല്‍ സമ്മാനജേതാവ് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനത്തില്‍ (ഫെബ്രുവരി 22) നിരീക്ഷിച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നടപടികള്‍ 'സമ്പദ്ഘടനയെ സ്തംഭിപ്പിച്ചുവെന്നും ബിസിനസ് രംഗത്തെ ആത്മവിശ്വാസം രണ്ടുവര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയില്‍ എത്തിച്ചുവെന്നും' കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ക്രൂഗ്മാന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ആഗോള അസമത്വം കുറയ്ക്കണമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ഡോമിനിക് സ്ട്രൌസ് കാഹന്‍പോലും ആവശ്യപ്പെട്ടിരിക്കുന്നു. തൊഴിലില്ലായ്മ 'റെക്കോഡ്' നിലവാരത്തില്‍ എത്തിയിരിക്കുന്നതിനാല്‍ ആഗോളസാമ്പത്തിക തിരിച്ചുവരവ് 'തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായി അനുഭവപ്പെടുന്നില്ലെന്നും ഇതുകാരണം പല രാജ്യങ്ങളും സാമൂഹ്യപ്രതിസന്ധി നേരിടുകയാണെന്നും ഇതു ഗുരുതരമായ ധനപ്രതിസന്ധിയായി മാറിയിട്ടുണ്ടെന്നും' കാഹന്‍ പറയുന്നു. ഇത്തരത്തിലുള്ള തൊഴിലില്ലായ്മ ഒരു തലമുറയെത്തന്നെ തകര്‍ത്തേക്കാമെന്നും കാഹന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും ആഹാരം, തൊഴില്‍, സ്വാതന്ത്യ്രം എന്നിവ അടിസ്ഥാന മുദ്രാവാക്യങ്ങളായി ഉയര്‍ന്നുവന്ന പോരാട്ടങ്ങള്‍ വന്‍ രാഷ്ട്രീയമുന്നേറ്റങ്ങളായി വളര്‍ന്നു. ഈജിപ്തിലും ടുണീഷ്യയിലും ഏകാധിപതികള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. പ്രക്ഷോഭം വ്യാപിച്ച മറ്റു രാജ്യങ്ങളില്‍ കടുത്ത തോതിലുള്ള അടിച്ചമര്‍ത്തല്‍ നടപടികളാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്, നിരവധി പ്രക്ഷോഭകര്‍ക്ക് ജീവന്‍ നഷ്ടമായി. യമന്‍, ബഹ്റൈന്‍, ജോര്‍ദാന്‍, ഒമാന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ് എന്നീ രാജ്യങ്ങളില്‍ പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇത്തരം പോരാട്ടങ്ങളില്‍ വിഭിന്ന ശക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലിബിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വശക്തികള്‍ ഇടപെട്ടു, ബഹ്റൈനില്‍ സാമ്രാജ്യത്വത്തിന്റെ ഹിതപ്രകാരം പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സൈന്യത്തെ അയച്ചു. ലിബിയയില്‍ നാറ്റോസേന ജനതയെ രക്ഷിക്കാനെന്ന പേരില്‍ വന്‍തോതിലുള്ള ആക്രമണം നടത്തവേ ബഹ്റൈനില്‍ ജനങ്ങള്‍ വെറുത്ത ഭരണാധികാരികളുടെ അപേക്ഷപ്രകാരമാണ് വിദേശസേനയുടെ ഇടപെടല്‍. യമനില്‍ പാശ്ചാത്യരാജ്യങ്ങളുടെ വിശ്വസ്തനായ പ്രസിഡന്റ് അലി അബ്ദുള്ള സാലേ അടിച്ചമര്‍ത്തല്‍ തുടരുന്നു; 'ജനാധിപത്യപ്രേമി'കളായ പാശ്ചാത്യനേതാക്കള്‍ക്ക് ഇതില്‍ തെല്ലും ആശങ്കയില്ല. ലിബിയന്‍ അധിനിവേശയുദ്ധത്തിനെതിരായി ഫിദല്‍ കാസ്ട്രോ ചൂണ്ടിക്കാട്ടിയതുപോലെ 'ഉടന്‍ സമാധാനം സ്ഥാപിക്കാനും എല്ലാ പൌരന്മാരുടെയും ജീവനും അവകാശങ്ങളും സംരക്ഷിക്കാനും നാറ്റോയുടെ താല്‍പ്പര്യംമാത്രം സംരക്ഷിക്കുന്ന വിധത്തില്‍ നീണ്ടുപോകാന്‍ സാധ്യതയുള്ള ആക്രമണത്തിന് എതിരായും' ശബ്ദം ഉയരണം. സമാധാന നൊബേല്‍ സമ്മാനജേതാവായ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎന്‍ രക്ഷാസമിതി പ്രമേയത്തിന്റെ പേരില്‍ ഒരുപരമാധികാര രാജ്യത്തിനുനേരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും അല്ലാത്തവരുമായ ഒട്ടേറെ രാജ്യങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഈയിടെ ചൈനയില്‍ ചേര്‍ന്ന ബ്രിക്സ് ഉച്ചകോടിയും ബലപ്രയോഗത്തെ എതിര്‍ത്തു. സാമ്രാജ്യത്വത്തിന്റെ കള്ളക്കളി ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വത്തിന് ഏതെങ്കിലും പരമാധികാരരാജ്യത്തെ ആക്രമിക്കാനുള്ള മാനദണ്ഡം ആ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണോ അല്ലയോ എന്നതാണ്! ഇക്കാലയളവില്‍ വിവിധ രാജ്യങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ക്കും നാം സാക്ഷിയായി. ഇതില്‍ ഏറ്റവും ഭയാനക സ്ഥിതി ജപ്പാനിലാണ്. അവിടെ ഭൂകമ്പത്തിനും സുനാമിക്കും പുറമെ ഫുകുഷിമ ആണവനിലയത്തിലുണ്ടായ ഇന്ധനം ഉരുകല്‍ദുരന്തം ആണവോര്‍ജനിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇവയുടെ നിര്‍മാതാക്കളും നടത്തിപ്പുകാരുമായ വന്‍കിട കമ്പനികള്‍ ജനങ്ങളുടെ സുരക്ഷാകാര്യത്തില്‍ കാട്ടുന്ന അലംഭാവത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരം ചോദ്യങ്ങള്‍, ഇത്രയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമല്ലാതിരുന്ന മെക്സിക്കന്‍ ഉള്‍ക്കടലിലെ ബ്രിട്ടീഷ് പെട്രോളിയം എണ്ണക്കിണര്‍ അപകടസമയത്തും ഉയര്‍ന്നിരുന്നു. കോര്‍പറേറ്റുകള്‍ക്ക് ലാഭം മാത്രമാണ് വിഷയം. ജപ്പാനിലെ ആണവദുരന്തം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും പാഠമാകേണ്ടതാണ്. അമേരിക്കയുമായി ഒപ്പിട്ട കൊട്ടിഘോഷിച്ച ആണവകരാര്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. ആണവകരാറും ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് ആദ്യം ആണവകരാറിനെ അനുകൂലിച്ചവര്‍ക്കുപോലും ഇപ്പോള്‍ ബോധ്യമായി. വിക്കിലീക്സ് അമേരിക്കന്‍ സാമ്രാജ്യത്വത്തെതന്നെയും അവരോട് ഇന്ത്യ പുലര്‍ത്തുന്ന വിധേയത്വവും തുറന്നുകാട്ടി. ഇന്ത്യയില്‍ അമേരിക്ക പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാത്ത ഒരു ഭരണമേഖലപോലുമില്ല. ഇന്ത്യയിലെ ഭരണരാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവികളും അമേരിക്കയുടെ ഉപകരണങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കുകയും ഈ സംഭവവികാസങ്ങളുടെ ഭവിഷ്യത്ത് തിരിച്ചറിയുകയും വേണം; അധ്വാനിക്കുന്ന ജനത വര്‍ഗപരമായ നിലപാടുകള്‍ എടുക്കുകയും പിന്തിരിപ്പന്‍-ജനവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യണം. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളില്‍ ചിലത് ഏറ്റെടുത്ത്, ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് യോജിച്ച പ്രക്ഷോഭത്തിനുള്ള ഐക്യവേദി രൂപീകരിച്ചതില്‍ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും അഭിമാനിക്കാം. കഴിഞ്ഞ മെയ്ദിനത്തിനുശേഷം 2010 സെപ്തംബര്‍ ഏഴിന് നടന്ന പൊതുപണിമുടക്കിലും 2011 ഫെബ്രുവരി 23ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിലും പ്രകടമായ അഭൂതപൂര്‍വമായ ജനപങ്കാളിത്തം ഇന്നത്തെ സാഹചര്യത്തില്‍ രജതരേഖയാണ്. മറ്റു പല കാര്യങ്ങളിലും തമ്മില്‍ വഴക്കിട്ട് ഭരണമുന്നണിയും 'പ്രധാന പ്രതിപക്ഷകക്ഷിയും' മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ നവഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതില്‍ ഇരുകൂട്ടരും ഒന്നിക്കുന്നു. മാര്‍ച്ച് 23ന് പാര്‍ലമെന്റില്‍ പെന്‍ഷന്‍ പരിഷ്കരണബില്‍ (പിഎഫ്ആര്‍ഡിഎ) അവതരിച്ചപ്പോഴാണ് ഈ 'യോജിച്ചനീക്കം' ഏറ്റവും ഒടുവില്‍ ദൃശ്യമായത്. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ആവശ്യപ്പെട്ടുള്ള ഡല്‍ഹിറാലി നടന്ന് കൃത്യം ഒരുമാസത്തിനുശേഷം കൊണ്ടുവന്ന ഈ ബില്‍ അസംഘടിതമേഖലയിലെ നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുത്ത് ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിനായി നല്‍കുന്നതാണ്. തൊഴിലാളിവര്‍ഗത്തിനെതിരായി നടക്കുന്ന ഈ കടന്നാക്രമണം ചെറുക്കാന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ദേശീയ ഫെഡറേഷനുകളും തമ്മില്‍ എത്തിച്ചേര്‍ന്നിട്ടുള്ള ഐക്യം കൂടുതല്‍ ശക്തമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അടിത്തട്ടില്‍ യോജിച്ച പ്രക്ഷോഭം നടക്കേണ്ടതിന്റെ പ്രാധാന്യം കുറച്ചുകാണരുത്. കൂടുതല്‍ കൂടുതല്‍ ആക്രമണങ്ങള്‍ വരുംനാളുകളില്‍ പ്രതീക്ഷിക്കണം. എല്ലാ പുരോഗമനപ്രസ്ഥാനങ്ങളെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് അവരവരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയിലെ ഐക്യനിര ശക്തിപ്പെടുത്തണം. മനുഷ്യത്വഹീനമായ ചൂഷണം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയണം. നമ്മുടെ ദൈനംദിനപ്രവര്‍ത്തനവുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. മുതലാളിത്തവ്യവസ്ഥയിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതനുസരിച്ച് തൊഴിലാളികള്‍ക്ക് എതിരായ കടന്നാക്രമണം വര്‍ധിക്കും. ഗ്രീസിലെ ഏഥന്‍സില്‍ നടന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ പതിനാറാം കോഗ്രസ് പ്രഖ്യാപനം ഈ സത്യത്തിന് ഒരിക്കല്‍കൂടി അടിവരയിട്ടു. തൊഴിലാളിവര്‍ഗത്തിനെതിരായ കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ ലോകമെമ്പാടും യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് കോഗ്രസ് ആഹ്വാനംചെയ്തു. സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കും കിരാതമായ മുതലാളിത്ത വ്യവസ്ഥയ്ക്കും എതിരായ പോരാട്ടങ്ങളിലൂടെ ചൂഷണവിമുക്തമായ ലോകം പടുത്തുയര്‍ത്താന്‍ തൊഴിലാളികളും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളും ഒന്നിക്കണം. നമ്മുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ വര്‍ഗപരമായ വീക്ഷണം അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കൂടുതലായി ബോധ്യപ്പെടുത്തണം. അതേസമയം, വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഐക്യപ്രസ്ഥാനവും നമ്മുടെ രാജ്യത്ത് ശക്തിപ്പെടുത്തണം. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഈ സന്ദര്‍ഭത്തില്‍ അഭിവാദ്യംചെയ്യുന്നു. കടമകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും വിപ്ളവ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും ചരിത്രദിനസ്മരണയില്‍നമുക്ക് പ്രതിജ്ഞചെയ്യാം. എ കെ പത്മനാഭന്‍

2 comments:

ജനശബ്ദം said...

മെയ്ദിനവും വെല്ലുവിളികളും.....


വിവിധ ഭൂഖണ്ഡങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഗൌരവതരമായ രാഷ്ട്രീയസംഭവവികാസങ്ങള്‍ക്ക് മധ്യേയാണ് ഇക്കൊല്ലത്തെ മെയ്ദിനം കടന്നുവരുന്നത്. ഇന്ത്യയിലാകട്ടെ, അധ്വാനവര്‍ഗത്തിനും ഇടതുപക്ഷത്തിനും നേരെ കടന്നാക്രമണം നടത്തുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരായി തൊഴിലാളിവര്‍ഗം രാഷ്ട്രീയ-സാമ്പത്തികപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

മെയ്‌ദിനാശംസകള്‍..