കള്ളപ്പണം: വിവരങ്ങള്‍ പുറത്തുകൊണ്ടുവരണം- മുഖ്യമന്ത്രി
തിരു: സ്വിസ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഗൌരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ സത്വരവും കര്‍ശനവുമായ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്ത ഹസന്‍ അലി നല്‍കിയതായി പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 36,000 കോടി രൂപയാണ് ഇയാള്‍ വഴി നിക്ഷേപിച്ചിട്ടുള്ളതെന്നാണ് വിവരം. കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ പണവും ഇതില്‍പ്പെടും. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇക്കാര്യത്തില്‍ അടിയന്തരനടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാത്ത കേന്ദ്രഗവമെന്റിന്റെ നടപടിയെയും കത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ശിക്ഷിക്കുന്നതിനും വിവരങ്ങള്‍ പുറത്തുവരണം. അഴിമതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടുവന്ന ഗാന്ധിയന്‍ അണ്ണ ഹസാരെയെപ്പോലുള്ളവരെ ഇനിയും സമരമാര്‍ഗത്തിലേക്ക് കൊണ്ടുവരാതെ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
No comments:
Post a Comment