Saturday, April 9, 2011

എല്‍ഡിഎഫ് വീണ്ടും വരും: പിണറായി

എല്‍ഡിഎഫ് വീണ്ടും വരും: പിണറായി



‍കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് പ്രചാരണം തുടങ്ങിയത്. അത് വളരെ വര്‍ധിക്കുന്ന പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ഓരോ ദിവസവും ഉണ്ടാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികവാര്‍ന്നതാണെന്ന് നിഷ്പക്ഷമതികള്‍ മാത്രമല്ല, രാഷ്ട്രീയ എതിരാളികളും വിലയിരുത്തുന്നു. യുഡിഎഫിന്റെ മണ്ഡലങ്ങളില്‍വരെ എല്‍ഡിഎഫ് അനുകൂല പ്രവണത ശക്തമാണ്. ഇത് എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് ജനവികാരം ശക്തമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്''- പ്രസ്ക്ളബ്ബിന്റെ 'നിലപാട്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. എല്‍ഡിഎഫ് ഭരണം തുടര്‍ന്നാല്‍ കേരളത്തിന്റെ വികസനവും ക്ഷേമവും അതിവേഗത്തിലാകും. എല്‍ഡിഎഫ് ഇടവിട്ടാണ് അധികാരത്തിലെത്തുന്നത് എന്നതുകൊണ്ട് സംസ്ഥാനത്തിന്റെ വികസനപുരോഗതിയുടെ വേഗം വേണ്ടത്രയില്ല. ഒരു എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്ന യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. തുടര്‍ന്ന് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ വലിയൊരുഭാഗം സമയം ആ തകര്‍ച്ച പരിഹരിക്കാന്‍ ചെലവഴിക്കുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് പിണറായി പറഞ്ഞു. ഐസ്ക്രീംകേസ് അന്വേഷണക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും തന്റെ അഭിപ്രായവും തമ്മില്‍ ഒരു വൈരുധ്യവും ഇല്ല. കേസന്വേഷണത്തിന്റെ പുരോഗതിയുടെ വിവരങ്ങള്‍ മുഖ്യമന്ത്രിക്കും ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകാം - പിണറായി ചോദ്യത്തിന് മറുപടി നല്‍കി. ജമാഅത്തെ ഇസ്ളാമിയോടുള്ള നിലപാടില്‍ ഒരുവിധ ഭിന്നതയുമില്ല. അവരുമായുള്ള സംസാരത്തില്‍ വോട്ടിന്റെ വിഷയം ഇല്ലായിരുന്നു. അവര്‍ ഓരോ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നോക്കി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. ഒരിക്കല്‍ എം പി ഗംഗാധരനും ടി കെ ഹംസയും തമ്മില്‍ മത്സരിച്ചപ്പോള്‍ ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ എം പി ഗംഗാധരനായിരുന്നു. അതൊക്കെ അവരുടെ ഇഷ്ടം. ഞങ്ങള്‍ അതിലൊന്നും ഇടപെടാറില്ല. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയുമില്ല. അത്തരം ശക്തികളെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുകയുമില്ല- മറ്റൊരു ചോദ്യത്തിനു മറുപടിയായി പിണറായി വിശദീകരിച്ചു. എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി ജനങ്ങളെ കാണാന്‍ ചെല്ലുമ്പോള്‍ വലിയ ജനസഞ്ചയമാകും. പാര്‍ടിനേതാവ് എന്ന നിലയിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ്. സ്ഥാനാര്‍ഥികളുടെ പ്രചാരണ പോസ്റ്ററില്‍ വിഎസിന്റെ ചിത്രവും ഉള്ളത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അഞ്ചുവര്‍ഷത്തിന്റെ ഭരണത്തിന്റെ തലവന്‍ എന്ന നിലയിലാവാം ചിത്രം ഉപയോഗിക്കുന്നതെന്ന് പിണറായി പറഞ്ഞു. മുമ്പ് കാലത്ത് ചിത്രമേ ഉണ്ടായിരുന്നില്ല. ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് പുതിയ പ്രവണതയാണ്. ലതിക സുഭാഷിന്റെ പരാതിയും വിവാദവും രാഷ്ട്രീയ മുതലെടുപ്പിലുള്ള ഊതിവീര്‍പ്പിക്കലാണ്. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനംചെയ്യുകയാണെന്ന് വി എസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്- പിണറായി പറഞ്ഞു.

No comments: