Wednesday, April 13, 2011

കേരളത്തിന്റെ നല്ല നാളെയ്ക്കുവേണ്ടി

കേരളത്തിന്റെ നല്ല നാളെയ്ക്കുവേണ്ടി


കേരളത്തിലെ 2,31,47,871 വോട്ടര്‍മാര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. 1,20,55,313 സ്ത്രീകളും 1,10,92,558 പുരുഷന്മാരുമടങ്ങുന്ന സമ്മതിദായകര്‍ കേരളത്തിന്റെ ഭാവി എങ്ങനെയാകണമെന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം നല്‍കാനായി ബൂത്തുകളിലെത്തുന്നു. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണിത്. വോട്ടര്‍മാരില്‍ 8862 പ്രവാസികളുണ്ട്. 20,758 പോളിങ് സ്റേഷനാണുള്ളത്. 1,25,000 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ പൊലീസിനെ കൂടാതെ കേന്ദ്രസേനയെയും വിന്യസിച്ചിരിക്കുന്നു. താരതമ്യേന അക്രമവും സമാധാനഭംഗവുമില്ലാത്ത തെരഞ്ഞെടുപ്പുകളാണ് കേരളത്തിന്റെ അനുഭവം. ഇത്തവണയും അത് ആവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്തെങ്ങും പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രചാരണം അവസാനിക്കുന്ന വേളയില്‍ അങ്ങിങ്ങായി ചില അക്രമം നടന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ സുരേന്ദ്രന്‍പിള്ള ആക്രമിക്കപ്പെട്ടു. യുഡിഎഫിന്റെ ഒരു പ്രചാരകയെ 'ചീമുട്ടയേറുകൊണ്ട് ബോധരഹിതയായി' ആശുപത്രിയിലെത്തിച്ച് യുഡിഎഫ് റോഡുതടയലും സംഘര്‍ഷം സൃഷ്ടിക്കലുമടക്കമുള്ള പ്രഹസനങ്ങള്‍ നടത്തിയശേഷമാണ് ഈ അക്രമം. വോട്ടെടുപ്പടുക്കുമ്പോള്‍ ഇത്തരം അക്രമങ്ങളും നാടകങ്ങളും യുഡിഎഫിന്റെ പതിവുശൈലിയാണ്. ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ദുരിതഫലങ്ങളില്‍നിന്ന് ആശ്വാസം ലഭിക്കാനും അഴിമതിയുടെയും മാഫിയവാഴ്ചയുടെയും നാളുകളിലേക്ക് തിരിച്ചുപോകാതിരിക്കാനുമുള്ള ജനാഭിലാഷത്തിന്റെ പ്രകടനമാകും, ഏപ്രില്‍ പതിമൂന്നിന്റെ വിധിയെഴുത്തെന്ന് പ്രചാരണരംഗത്ത് കണ്ട എല്‍ഡിഎഫ് മുന്നേറ്റം തെളിയിക്കുന്നു. അത് തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് അക്രമം അഴിച്ചുവിടാനുള്ള യുഡിഎഫിന്റെ നീക്കങ്ങള്‍. ആഗോളവല്‍ക്കരണത്തിന്റെ എല്ലാ തിന്മയും മുടിയഴിച്ചാടിയതായിരുന്നു 2001-06 കാലത്തെ യുഡിഎഫ് ഭരണം. അഴിമതി, ക്രമസമാധാനത്തകര്‍ച്ച, വര്‍ഗീയലഹളകള്‍, ന്യൂനപക്ഷധ്വംസനം, പെവാണിഭസംഘങ്ങളുടെ തേര്‍വാഴ്ച, വിദ്യാഭ്യാസം- ആരോഗ്യാദി മേഖലകളുടെ നഗ്നമായ സ്വകാര്യവല്‍ക്കരണം, പ്രകൃതിവിഭവങ്ങളുടെ കൊള്ള, പൊലീസ് അതിക്രമങ്ങള്‍, നിയമന നിരോധം ഇങ്ങനെ എല്ലാ തിന്മകള്‍ക്കും അന്ന് പ്രാമുഖ്യം കിട്ടി. അത്തരമൊരവസ്ഥ തിരിച്ചുവരണോ എന്ന ചോദ്യമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നിലുള്ളത്. യുഡിഎഫിന്റെ ദുര്‍ഭരണത്തില്‍നിന്ന് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും സാധാരണക്കാരെയും മോചിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലംമുമ്പ് കേരളത്തിന്റെ ഇതിഹാസതുല്യമായ മുന്നേറ്റത്തിനാണ് തുടക്കമിട്ടത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനവും കാല്‍നൂറ്റാണ്ടിനുള്ളില്‍ കൈവരിച്ചതിനേക്കാള്‍ മൂല്യമുള്ള നേട്ടങ്ങള്‍ അഞ്ചുകൊല്ലംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന് കൈവരിക്കാനായി. കേരളമാതൃക കൂടുതല്‍ തിളക്കത്തോടെ മുന്നോട്ടുകൊണ്ടുപോകാനും വികസനത്തിന്റെ സാമൂഹ്യ- സാമ്പത്തിക സൂചകങ്ങളില്‍ ഇന്ത്യക്കാകെ മാതൃകയായി ഉയരാനും നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞു. ഭരണമികവിനുള്ള ഇരുപത്തഞ്ചിലേറെ പുരസ്കാരമാണ് അഖിലേന്ത്യാതലത്തിലും അന്തര്‍ദേശീയതലത്തിലും എല്‍ഡിഎഫ് സര്‍ക്കാരിനെ തേടിയെത്തിയത്. ക്രമസമാധാനപാലനം, പഞ്ചായത്തീരാജ് സംവിധാനം, അധികാരവികേന്ദ്രീകരണം, കമ്യൂണിറ്റി പൊലീസിങ്, പൊതുവിതരണസംവിധാനം, വിലനിയന്ത്രണസംവിധാനം, ധന മാനേജ്മെന്റ്, മതസൌഹാര്‍ദം, വിദ്യാര്‍ഥിപ്രവേശനത്തിലെ ഏകജാലകസംവിധാനം, ലാഭത്തിലാക്കപ്പെട്ട പൊതുമേഖലകള്‍, അവശജനവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍, കാര്‍ഷിക കടാശ്വാസം, കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചത്, പവര്‍കട്ട് ഇല്ലാത്ത സംസ്ഥാനം, വ്യവസായ സൌഹൃദ അന്തരീക്ഷം, സാക്ഷരത, വൈദ്യുതീകരണത്തിന്റെ വ്യാപനം, സന്തുഷ്ടമായ പൊലീസും സിവില്‍സര്‍വീസും, മെച്ചപ്പെട്ട ആതുരസേവന സംവിധാനം, സ്ത്രീശാക്തീകരണം- ഇങ്ങനെ ഏത് മേഖലയിലും കേരളം മുന്നിലാണ്- രാജ്യത്തിന് മാതൃകയാണ്. ആധുനിക കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് 1957-59ലെ ഇ എം എസ് സര്‍ക്കാരാണ്. പിന്നീട് അധികാരത്തിലേറിയ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ആ അടിത്തറ വിപുലമാക്കാനും കൂടുതല്‍ ദൃഢമാക്കാനും ശ്രമിച്ചു. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി ജനവിധി തേടുന്ന വി എസ് സര്‍ക്കാരിന് എല്ലാ അര്‍ഥത്തിലും ആ കടമ നിറവേറ്റാന്‍ കഴിഞ്ഞു എന്ന് അവകാശപ്പെടാനാകും. പുതിയ കാലത്തിന്റെയും സാഹചര്യങ്ങളുടെയും വെല്ലുവിളികള്‍ ഏറ്റെടുത്ത് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍വയ്ക്കുന്നത് പുത്തന്‍ കേരളവികസനത്തിനുള്ള കര്‍മപരിപാടിയാണ്. 1960 തൊട്ട് കേരളത്തില്‍ അധികാരം നേടിയ കോഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാരുകള്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനാണ് എന്നും ശ്രമിച്ചത്. 2001-06 കാലത്ത് അരങ്ങേറിയതായി യുഡിഎഫ് നേതാക്കള്‍തന്നെ ഇന്ന് ഓര്‍മിപ്പിക്കുന്ന ദുഷ്ചെയ്തികള്‍ കേരളത്തിന്റെ ഏറ്റവും കെട്ടുപോയ ഒരു കാലത്തെ പ്രതിനിധാനംചെയ്യുന്നു. കേരളത്തെ വീണ്ടും അത്തരമൊരു ദുരിതകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ്, ഉദാരവല്‍ക്കരണത്തിന്റെ ജീര്‍ണതകളിലേക്കും ക്രൂരതകളിലേക്കും വലിച്ചെറിയാനാണ്, യുഡിഎഫും അവര്‍ക്കുവേണ്ടി പ്രചാരണം നടത്തുന്ന കുത്തകമാധ്യമങ്ങളും ശ്രമിക്കുന്നത്. യുഡിഎഫിന്റെ നയങ്ങളും എല്‍ഡിഎഫിന്റെ നയങ്ങളും തമ്മിലുള്ള വ്യത്യാസം മറച്ചുപിടിക്കുകയാണവര്‍. അധ്വാനിക്കുന്നവരുടെയും സാധാരണക്കാരുടെയും തകര്‍ച്ചയ്ക്കും പാപ്പരീകരണത്തിനും വഴിവയ്ക്കുന്നതാണ് യുഡിഎഫ് നയമെങ്കില്‍, നേര്‍വിപരീതമാണ് എല്‍ഡിഎഫ് നയങ്ങള്‍. അഴിമതിരഹിതമായ ജനപക്ഷബദല്‍ തീര്‍ക്കാനുള്ള എല്‍ഡിഎഫിന്റെ മുദ്രാവാക്യത്തിന് പിന്തുണ നല്‍കുകയെന്നാല്‍, കേരളത്തിന്റെ പുരോഗതിക്കൊപ്പം നില്‍ക്കുക എന്നാണര്‍ഥം. ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കേരളത്തെ നല്ല നാളെയിലേക്ക് നയിക്കാനുള്ള തീര്‍പ്പാകും ഏപ്രില്‍ പതിമൂന്നിനുണ്ടാവുക എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. എല്ലാത്തരം അട്ടിമറിശ്രമങ്ങളെയും അക്രമത്തെയും പ്രതിരോധിക്കാനും ജനങ്ങള്‍ നിര്‍ഭയം സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

1 comment:

ജനശബ്ദം said...

കേരളത്തിന്റെ നല്ല നാളെയ്ക്കുവേണ്ടി



കേരളത്തിലെ 2,31,47,871 വോട്ടര്‍മാര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. 1,20,55,313 സ്ത്രീകളും 1,10,92,558 പുരുഷന്മാരുമടങ്ങുന്ന സമ്മതിദായകര്‍ കേരളത്തിന്റെ ഭാവി എങ്ങനെയാകണമെന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം നല്‍കാനായി ബൂത്തുകളിലെത്തുന്നു. മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചശേഷമുള്ള ആദ്യതെരഞ്ഞെടുപ്പാണിത്. വോട്ടര്‍മാരില്‍ 8862 പ്രവാസികളുണ്ട്. 20,758 പോളിങ് സ്റേഷനാണുള്ളത്. 1,25,000 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കേരളത്തിലെ പൊലീസിനെ കൂടാതെ കേന്ദ്രസേനയെയും വിന്യസിച്ചിരിക്കുന്നു. താരതമ്യേന അക്രമവും സമാധാനഭംഗവുമില്ലാത്ത തെരഞ്ഞെടുപ്പുകളാണ് കേരളത്തിന്റെ അനുഭവം. ഇത്തവണയും അത് ആവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്തെങ്ങും പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രചാരണം അവസാനിക്കുന്ന വേളയില്‍ അങ്ങിങ്ങായി ചില അക്രമം നടന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ സുരേന്ദ്രന്‍പിള്ള ആക്രമിക്കപ്പെട്ടു. യുഡിഎഫിന്റെ ഒരു പ്രചാരകയെ 'ചീമുട്ടയേറുകൊണ്ട് ബോധരഹിതയായി' ആശുപത്രിയിലെത്തിച്ച് യുഡിഎഫ് റോഡുതടയലും സംഘര്‍ഷം സൃഷ്ടിക്കലുമടക്കമുള്ള പ്രഹസനങ്ങള്‍ നടത്തിയശേഷമാണ് ഈ അക്രമം.