Saturday, April 9, 2011

കോഗ്രസിന്റെ വികസനനയം കോടീശ്വരന്മാര്‍ക്കുവേണ്ടി: കാരാട്ട്

കോഗ്രസിന്റെ വികസനനയം കോടീശ്വരന്മാര്‍ക്കുവേണ്ടി: കാരാട്ട്




മലപ്പുറം/പാലക്കാട്: ശതകോടീശ്വരന്മാര്‍ക്കുവേണ്ടിയുള്ള വികസന നയമാണ് കോഗ്രസിന്റേതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സാധാരണ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഈ നയങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറംം പാലക്കാട് ജില്ലകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. കോഗ്രസിന്റെ വികസനം സമ്പന്നര്‍ക്കുവേണ്ടിയുള്ളതാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ ബജറ്റില്‍ യുപിഎ സര്‍ക്കാര്‍ 80,000 കോടിരൂപയുടെ ഇളവാണ് സമ്പന്നര്‍ക്ക് അനുവദിച്ചത്. എല്‍ഡിഎഫിന്റേത് ജനപക്ഷ വികസനമാണ്. സമൂഹത്തിന്റെ മൊത്തം വികസനം ലക്ഷ്യമിട്ടുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇരുമുന്നണിയുടെയും വികസന നയം ജനങ്ങള്‍ വിലയിരുത്തും. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധനയം മാറ്റാന്‍ തയ്യാറല്ല. മൂന്നു പ്രധാന വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുക. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വ്യാപകമായ അഴിമതി, അവലംബിക്കേണ്ട വികസനപാത എന്നിവയാണവ. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ ഒരു നടപടിയുമില്ല. രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണംകൂടി. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. കോഗ്രസ് ഭരണത്തില്‍ അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോഗ്രസ് ഭരിച്ചാല്‍ അഴിമതി ഉറപ്പാണ്. ഒരു കേന്ദ്രമന്ത്രിയും കേരളത്തിലെ ഒരു മുന്‍ മന്ത്രിയും അഴിമതിക്ക് പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നു. അഴിമതിക്കാര്യത്തില്‍ കോഗ്രസും ബിജെപിയും വ്യത്യാസമില്ല. കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയശക്തികളോട് വിട്ടുവീഴ്ചക്ക് തയ്യാറായി. എപിഎല്‍-ബിപിഎല്‍ വേര്‍തിരിവുണ്ടാക്കി പൊതുവിതരണസമ്പ്രദായം നശിപ്പിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനോടുള്ള വിധേയത്വമാണ് കോഗ്രസ് സര്‍ക്കാരുകളുടെ മുഖമുദ്ര. മറ്റ് രാജ്യങ്ങളുടെ പരമാധികാരം കവരുന്ന അമേരിക്കയുടെ സഖ്യകക്ഷിയാവാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇടതുപക്ഷം ശക്തമായ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അക്കൌണ്ട് തുറക്കാനായിട്ടില്ല. എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ വികസനം ഉണ്ടായിട്ടില്ലെന്നാണ് സോണിയ ഗാന്ധി പറഞ്ഞത്. യുഡിഎഫ് വന്നാല്‍ വികസനം വരുമെന്നും പറയുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അഞ്ചുവര്‍ഷങ്ങള്‍ ജനങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് വിലക്കയറ്റം തടയാന്‍ പരമാവധി നടപടികള്‍ സ്വീകരിച്ചു. കര്‍ഷകര്‍ക്ക് കടാശ്വാസപദ്ധതി നടപ്പാക്കി. കര്‍ഷകര്‍ക്ക് ആശ്വാസംപകര്‍ന്ന് ആത്മഹത്യ ഇല്ലാതാക്കി. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കി. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കി. വര്‍ഗീയശക്തികളില്‍നിന്നും കേരളത്തെ സംരക്ഷിച്ച സര്‍ക്കാരാണിത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിരഹിതമായിരുന്നു. അഴിമതിക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചത്. കേരളത്തില്‍ അഴിമതിരഹിത ഭരണം തുടരാന്‍ എല്‍ഡിഎഫ് വീണ്ടും ജയിക്കണമെന്നും കാരാട്ട് പറഞ്ഞു.

No comments: