പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു
ഡോ.അംബികാസുതന്‍ മാങ്ങാട്
ഡോ.അംബികാസുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?
കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.
കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ പരിസ്ഥിതി ഉച്ചകോടിയില്‍ ഇന്ത്യ നാണംകെട്ടതാണ്. 29 രാജ്യങ്ങളില്‍ ഇന്ത്യമാത്രമാണ് എന്‍ഡോസള്‍ഫാന്‍ കൊടുംവിഷത്തിനുവേണ്ടി ഘോരഘോരം വാദിച്ചത്. ഇത് ഒഴിച്ചുകൂടാനാവാത്ത കീടനാശിനിയാണെന്നും ഇന്ത്യയിലെ കര്‍ഷകരെ മറ്റൊന്ന് പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും പത്തു കോടിയിലധികം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള വ്യവസായം തകരുമെന്നും ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോഴുള്ള അപകടമേ എന്‍ഡോസള്‍ഫാന്‍കൊണ്ട് ഉണ്ടാവുകയുള്ളൂവെന്നും ഒരു ലജ്ജയുമില്ലാതെ ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചു.
ശരദ്പവാറിന്റെ ഉടമസ്ഥതയിലുള്ള 'ഡൈനാമിക്' ഡെയറിയില്‍ എന്‍ഡോള്‍സള്‍ഫാന്‍ അംശം ഇല്ലാത്ത പാലേ വാങ്ങാറുള്ളൂ എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ നാഗേഷ് ഹെഗ്‌ഡെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിലും പ്രധാനപ്പെട്ട കാര്യം ഇവിടത്തെ നിരവധി അമ്മമാര്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് മുലപ്പാലെന്ന് വിശ്വസിച്ച് കൊടുത്തുകൊണ്ടിരുന്നത് വിഷമായിരുന്നു. കുമ്പടാജെയിലെ ലളിത എന്ന സ്ത്രീയുടെ മുലപ്പാലില്‍ അനുവദനിയമായതിന്റെ തൊള്ളായിരം മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ടായിരുന്നുവെന്ന് 2001-ലെ ഒരു പഠനത്തില്‍ തെളിയിക്കപ്പെട്ടതാണ്.
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്? ജനങ്ങള്‍ തിരഞ്ഞെടുത്തയയ്ക്കുന്നവര്‍ ജനങ്ങള്‍ക്കെതിരായി നിന്ന് കീടനാശിനി ലോബികള്‍ക്കുവേണ്ടി നാവുന്തുന്നതിന്റെ നീതികേട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഈ പഠനത്തിന്റെ ആവശ്യമെന്ത്? ലോകത്തിലെ ഉന്നത നിലവാരമുള്ള പ്രസിദ്ധീകരണങ്ങളില്‍ നൂറുകണക്കിന് ശാസ്ത്രീയപഠനങ്ങള്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവിഷം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഈ പഠനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാസര്‍കോട്ട് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ ഡോ. കെ.എം. ഉണ്ണികൃഷ്ണന്‍ ഇത്തരം പഠനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയുണ്ടായി. ഇതേ മെഡിക്കല്‍ കോളേജില്‍നിന്നു വിരമിച്ച ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗും സംഘവും എന്‍ഡോസള്‍ഫാന്‍ മനുഷ്യരുടെയും എലികളുടെയും ജനതികഘടനയില്‍ എങ്ങനെയൊക്കെയാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ദീര്‍ഘകാലത്തെ ഗവേഷണം നടത്തി തെളിയിച്ചിട്ടുണ്ട്. ഈ ഗവേഷണഫലം 2005-ല്‍ ഐ.സി.എം.ആറിനു സമര്‍പ്പിച്ചതാണ്. ഇക്കഴിഞ്ഞ കാസര്‍കോട്ടെ ദേശീയ കണ്‍വെന്‍ഷനില്‍ ഷാന്‍ഭോഗ് രോഷാകുലനായി പറഞ്ഞത് ആ റിപ്പോര്‍ട്ട് ഐ.സി.എം.ആര്‍. ഇന്നുവരെ പുറത്തുവിട്ടിട്ടില്ല എന്നാണ്. പുറത്തു വിടാതിരിക്കാനുള്ള വലിയ സമ്മര്‍ദം ഐ.സി.എം.ആറിന് മേലുണ്ട് എന്ന് ഡോക്ടര്‍ ആരോപിക്കുകയുണ്ടായി. ഈ ഐ.സി.എം.ആറിനെ പുതിയ പഠനത്തിന് നിയോഗിക്കുമെന്ന് മന്ത്രി പ്രസ്താവിക്കുമ്പോള്‍ കാസര്‍കോട്ടുകാര്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പഠനവും (ഇനിയും അത് വെളിച്ചം കണ്ടിട്ടില്ല) ഈ വിഷത്തിന്റെ അപകടനില വെളിപ്പെടുത്തുന്നതാണ്. 2001-ല്‍ എന്‍.ഐ.ഒ.എച്ചും സി.എസ്.ഇ.യും നടത്തിയ ശാസ്ത്രീയ പഠനങ്ങളും ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിഷത്തിന്റെ നൃശംസതയെ വ്യക്തമാക്കുന്ന നൂറുകണക്കിന് പഠനങ്ങള്‍ ഉണ്ടെന്നിരിക്കെ വീണ്ടും ഒരു പഠനം എന്ന പ്രഹസന നാടകത്തിന്റെ അണിയറ അജന്‍ഡ പകല്‍പോലെ വ്യക്തമാണ്.
ദുബെ-മായി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ബലത്തിലാണ് കേന്ദ്ര കൃഷി മന്ത്രാലയം 'തെളിവില്ല' എന്ന് ശഠിച്ചുകൊണ്ടിരിക്കുന്നത്. ഇവിടത്തെ കശുമാവിന്‍ തോപ്പുകളില്‍ 78-ല്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്ത ആളാണ് ഒ.പി. ദുബെ. അതുമൂലമുണ്ടായ ദുരന്തം പഠിക്കാന്‍ അദ്ദേഹത്തെത്തന്നെ നിയോഗിച്ചാലുള്ള 'ഫലം' എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെ സംഭവിക്കുകയും ചെയ്തു. കാസര്‍കോട്ടേക്ക് വരികപോലും ചെയ്യാതെ ദുബെ കമ്മിറ്റി റിപ്പോര്‍ട്ട് പാസ്സാക്കുകയാണ് സി.ഡി. മായി കമ്മിറ്റി 2004-ല്‍ ചെയ്തത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിഷവിവാദമുണ്ടായപ്പോള്‍ ഈ മായിയെ ആണ് വീണ്ടും പവാര്‍ പഠനത്തിന് നിയോഗിച്ചത്. വലിയ എതിര്‍പ്പുണ്ടായപ്പോള്‍ പിന്‍വലിക്കേണ്ടിയും വന്നു എന്നത് ചരിത്രം.
ഇക്കഴിഞ്ഞ ഡിസംബര്‍ 31-ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഉടനടി ഈ വിഷം നിരോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജനീവ ഉച്ചകോടിയില്‍ വിഷവിരുദ്ധ നിലപാട് എടുക്കണമെന്നും കേരളസര്‍ക്കാറിന്റെ ദുരിതാശ്വാസ പദ്ധതിയെ സഹായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എട്ടാഴ്ചകള്‍ക്കകം മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടിരുന്നു. ആഴ്ചകള്‍ 16 കഴിഞ്ഞിട്ടും പ്രതികരണം കാണാഞ്ഞ് ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ വീണ്ടും ഇടപെട്ട് കേന്ദ്രത്തെ താക്കീത് ചെയ്തിരിക്കുകയാണ്. (കൃത്യം പത്തു വര്‍ഷം മുന്‍പ് ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിന്റെ ഫലമാണ് അന്നത്തെ എന്‍.ഐ.ഒ.എച്ച്. പഠനം.) പക്ഷേ, കേന്ദ്രത്തിന് ഒരു കുലുക്കവുമില്ല. ഹാ! ജനാധിപത്യമേ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. വി.എം. സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തമായി ആവശ്യപ്പെട്ടിട്ടും മലയാളികളായ കേന്ദ്രമന്ത്രിമാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണ്.
തെക്കന്‍ കര്‍ണാടകത്തിലും നൂറുകണക്കിന് വിചിത്ര ഉടലുകളുള്ള കുട്ടികള്‍ ഉണ്ട്. രാജ്യത്തിന്റെ പലഭാഗത്തുനിന്നും ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ദുരന്തത്തെക്കുറിച്ച് ദേശീയ തലത്തിലുള്ള സര്‍വേ നടത്തണമെന്ന കമ്മീഷന്റെ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കാസര്‍കോട്ടെ ഒരമ്മയുടെ വേദനാജനകമായ അനുഭവം മനുഷ്യപ്പറ്റില്ലാത്തവര്‍ കേള്‍ക്കേണ്ടതാണ്. ഈയിടെ കാസര്‍കോട്ടെ മൂളിയാറില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എല്ലാവരും ഉച്ചഭക്ഷണം കഴിച്ചിട്ടും രോഗിയായ പതിനഞ്ചുകാരന് ഭക്ഷണം കൊടുക്കാതിരിക്കുന്ന അമ്മയോട് ഭക്ഷണം നല്‍കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പലതവണ പറഞ്ഞിട്ടും കൂട്ടാക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടു. അന്നേരമാണ് സത്യം വെളിപ്പെട്ടത്. ആ അമ്മ ചവച്ചരച്ചശേഷം കുഞ്ഞിന്റെ വായില്‍ കൊടുക്കുകയാണ് പതിനഞ്ചു വര്‍ഷമായി. സ്വന്തമായി ചവച്ചരച്ച് ഇറക്കാനുള്ള ശേഷി ആ കുട്ടിക്കില്ല. പക്ഷികള്‍ തീറ്റുന്നതുപോലെ. പക്ഷേ, പറക്കമുറ്റുമ്പോള്‍ പക്ഷികള്‍ പോലും സ്വന്തമായി ആഹരിച്ചോളും. അമ്മയുടെ കാലശേഷം ആ കുട്ടി എങ്ങനെ ജീവിച്ചിരിക്കും? ഇങ്ങനെ ദുരിതമനുഭവിക്കുന്ന എത്ര കുട്ടികളാണ്! തൊണ്ട തുറക്കുകയേ ചെയ്യാതെ ജയകൃഷ്ണനെപ്പോലെ മരണത്തിലേക്ക് പറന്നുപോയ കുട്ടികളും ഇവിടെ കുറെ ജനിച്ചിട്ടുണ്ട്.
ശീതീകരിച്ച മുറികളിലിരുന്ന് അംധേര്‍ നഗരിയിലെ ചൗപട് രാജാവിനെപ്പോലെ ഭരണം കൈയാളുന്നവര്‍ നിസ്വരായ ഈ മനുഷ്യരെ ഒരു നിമിഷമെങ്കിലും ഓര്‍മിക്കുമോ? കനിവിന്റെ ഒരു തുള്ളിയെങ്കിലും ഈ പാവങ്ങള്‍ക്ക് കിട്ടുമോ?
1 comment:
പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു
ഡോ.അംബികാസുതന്‍ മാങ്ങാട്
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?
കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.
Post a Comment