Sunday, July 6, 2008

പുസ്തകം ചുട്ടെരിക്കുമ്പോള്‍

പുസ്തകം ചുട്ടെരിക്കുമ്പോള്‍

ഹ്രസ്വദൃഷ്ടികളായ ചില മതനേതൃത്വങ്ങളും ജാതിപ്രമാണിമാരും വാണിജ്യ രാഷ്ട്രീയ നേതാക്കളും 'വിമോചനസമര'ത്തിന്റെ കിനാവ് കാണുന്നുണ്ട്. അതിന് എം ജി എസ് നാരായണനെപ്പോലുള്ളവര്‍ താത്വിക ഊന്നുവടിയും നല്‍കുന്നു. മലയാള മനോരമയടക്കമുള്ള പത്രങ്ങളാകട്ടെ, അടിക്കുറിപ്പ് മത്സരത്തിലെന്നവണ്ണം അതിക്രമങ്ങളെ ശാര്‍ദൂലവിക്രീഡിതങ്ങളാല്‍ വെള്ളപൂശുകയുമാണ്. സ്വന്തം അനുയായികളുടെ കല്ലേറില്‍ പരിക്കേറ്റ മുന്‍ കെ എസ് യു നേതാവിന്റെ ചിത്രം മനോരമയിലായപ്പോള്‍ പൊലീസ് പരിക്കേല്‍പ്പിച്ചതായിമാറി. മലപ്പുറത്ത് എം എസ് എഫുകാര്‍ മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ കണ്‍മുന്നില്‍ പതിനാലായിരം പാഠപുസ്തകങ്ങള്‍ കത്തിച്ച് കുരങ്ങന്മാരെപ്പോലെ ഉറഞ്ഞുതുള്ളിയത് ആ പത്രത്തിന് ഉള്‍പ്പേജിലേ കൊടുക്കാന്‍ സ്ഥലമുണ്ടായുള്ളൂ.
ഇ എം എസ് എഴുതിയ 'ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രം' എന്ന ബൃഹദ്കൃതി തെരുവില്‍ ചുട്ടെരിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ സംസ്കാരവിരുദ്ധതക്ക്ശേഷം കേരളംകണ്ട ഏറ്റവും ഹീനമായ അക്ഷരവിരോധമാണ് മലപ്പുറത്തുണ്ടായത്. മുസ്ളിംലീഗ് ചെന്നകപ്പെട്ട അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുകൂടിവേണം ഈ പുസ്തക ദഹനത്തെ കാണാന്‍. ആണവകരാറുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വവും അണികളും തമ്മില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിടവ് പാണക്കാട്ടും ഉത്കണ്ഠകളുണ്ടാക്കിയിട്ടുണ്ട്. ആര്യാടന്‍- ലീഗ് പ്രശ്നത്തിന്റെ അലയൊലികള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്ന് ആ പാര്‍ടികളെ അറിയുന്നവര്‍ക്കെല്ലാം ബോധ്യമുള്ളതാണ്. ലീഗ് അഥവാ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന പ്രയോഗംതന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പ്രബലമാണിപ്പോള്‍. വിനോദമെന്ന നിലയില്‍പ്പോലും പുസ്തകം മറിച്ചുനോക്കാത്തവരാണ് കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍. ഇപ്പോഴത്തെ പാഠപുസ്തക വിവാദത്തിലും അവരുടെ പെരുമാറ്റം അത്തരത്തിലുള്ളതാണ്.
കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസും അതിന്റെ ഘടനയും സ്വയം നിശ്ചയിക്കുന്നവര്‍ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിനൊപ്പം പുസ്തകങ്ങള്‍പോലും നിര്‍ദേശിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണിപ്പോള്‍ കേരളത്തില്‍. പി കെ കുഞ്ഞാലിക്കുട്ടി ആരാധനയോടെ സംസാരിക്കാറുള്ള അമേരിക്കയുടെ അനുഭവംപോലും ചിലര്‍ മറക്കുകയാണ്. പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള മതവാദഗതികള്‍ അവിടെ സ്കൂള്‍ പാഠഭാഗത്തുനിന്ന് നീക്കിയപ്പോള്‍ ചില മതവിഭാഗങ്ങള്‍ തങ്ങളുടെ വാദഗതികളും കുട്ടികളെ പഠിപ്പിക്കണമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. 1999 ല്‍ കന്‍സാസ് സംസ്ഥാനത്ത് അശാസ്ത്രീയ ചിന്തകള്‍ പാഠഭാഗങ്ങളില്‍നിന്ന് ഒഴിവാക്കി. പത്ത് കല്പനകള്‍ സ്കൂളില്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതികള്‍പോലും ഉറച്ചുനിന്നു. മതവാദങ്ങള്‍ സ്കൂളിന് പുറത്തുമതി എന്നും പ്രബലരായ ഒരുകൂട്ടം വാദിച്ചു. ഒരാളുടെ മതത്തെക്കുറിച്ച് ഞാന്‍ അത്രയേറെ ശ്രദ്ധിക്കാറില്ല, കാരണം അയാളുടെ പട്ടിയെയും പൂച്ചയെയും അക്കാര്യത്തില്‍ നാം പരിഗണിക്കാറില്ലല്ലോ എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ പവ്വത്തില്‍മാര്‍ക്ക് അരോചകമായേക്കാം.
കേരളീയ നവോത്ഥാനത്തിന്റെ കൈവഴികള്‍ വിവരിക്കുന്ന പാഠ്യഭാഗങ്ങള്‍ക്കെതിരെപ്പോലും ഇനി അസഹിഷ്ണുതകള്‍ ഉയരാനിടയുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണഗുരു. ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനും ഇ മാധവനും. വൈക്കം സത്യഗ്രഹവേളയില്‍ കേരളത്തിലെത്തിയ, കടവുള്‍ ഇല്ലൈ എന്ന് തറപ്പിച്ചുറപ്പിച്ച ഇ വി രാമസ്വാമി നായ്ക്കര്‍. ഇസ്ളാമിക യാഥാസ്ഥിതികര്‍ക്കെതിരെ കലഹിച്ച വക്കം അബ്ദുള്‍ഖാദര്‍ മൌലവി. വിഗ്രഹാരാധനക്കെതിരെ പ്രതികരിച്ച വാഗ്ഭടാനന്ദ ഗുരു. 'സംശയ നിവൃത്തി' എഴുതിയ ലോനപ്പന്‍ ആലപ്പാട്്. ഇവരുടെ ഓര്‍മകള്‍പോലും നാടുകടത്താന്‍ ഇനി തുനിഞ്ഞുകൂടെന്നില്ല. ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച് നടന്ന റഫറണ്ടത്തില്‍ പൊന്നാനിയിലെ ഭൂരിപക്ഷം അവര്‍ണരും അതിനെ അനുകൂലിക്കുകയായിരുന്നുവെന്ന യാഥാര്‍ഥ്യത്തെയും അവര്‍ പൊറുപ്പിക്കാനിടയില്ല. പി കെ നാരായണപ്പണിക്കരുടെ താത്വികര്‍, ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത് തങ്ങളുടെ ജാതിക്കാരാണെന്ന് പറയാനും മടിക്കില്ല. കാരണം കെ കേളപ്പനും എ കെ ജിയും അവരുടെ 'ജാതി'യാണല്ലോ.
ജാതി- മത ശക്തികളുടെ തിണ്ണബലത്തിന് ധൈഷണിക സ്വാതന്ത്യ്രം അടിയറ വെച്ചാലുണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് പ്രശസ്ത ചരിത്രകാരന്‍ അമിത്സര്‍ക്കാര്‍ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഗ്രഹണത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകള്‍പോലും ഇനി നിരോധിക്കേണ്ടിവരുമെന്നാണ് അദ്ദേഹം എഴുതിയത് (ഉീല കിറശമി ഒശീൃ്യ ിലലറ ീ യല ൃലൃംശലിേേ). രാഹുവാണ് ഇതിന് കാരണം എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണല്ലോ ശാസ്ത്ര വിശദീകരണം. കേരളത്തില്‍ ഇപ്പോള്‍ തീ ചുഴറ്റുന്നവര്‍ പുതിയ ഏകലവ്യന്മാരെ സൃഷ്ടിക്കുന്ന ഗുരുദക്ഷിണാ വിദ്യാഭ്യാസത്തിനെതിരെ മിണ്ടിയതുപോലുമില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ രാജ്യമാകെ അതിക്രമപരമ്പരകള്‍ തുറന്നുപിടിച്ചവര്‍ ദേശീയ പള്ളികള്‍ ഉണ്ടാവണമെന്ന് പറഞ്ഞപ്പോഴും പവ്വത്തില്‍മാര്‍ പീയൂസ് പന്ത്രണ്ടാമന്റെ ഭാഷയിലായിരുന്നല്ലോ. ന്യൂനപക്ഷങ്ങളുടെ ഭാഷയും ഭക്ഷണരീതിയും വസ്ത്രധാരണംപോലും കാവിപ്പടയുടെ രൂക്ഷവിമര്‍ശനത്തിനും കൈയേറ്റത്തിനുമിരയായതും പലര്‍ക്കും പ്രശ്നമായില്ല. ഗോവധ നിരോധനവാദവും സ്വാഭാവികമായി സ്വീകരിക്കപ്പെട്ടു. സി ബി എസ് ഇ സിലബസ്സില്‍നിന്ന് ചില ചരിത്രഭാഗങ്ങള്‍ വെട്ടിയടര്‍ത്താനും തല്പരകക്ഷികള്‍ മറന്നില്ല. "വിശിഷ്ടാതിഥികള്‍ക്ക് ആദരവായി മാട്ടിറച്ചി വിളമ്പിയിരുന്നു (പിന്നീട് ഇറച്ചി കഴിക്കുന്നതില്‍ ബ്രാഹ്മണര്‍ക്ക് വിലക്ക് വീണു). ഒരു മനുഷ്യന്റെ വില നൂറ് പശുവിന് തുല്യമായാണ് കണക്കാക്കിയിരുന്നത്. ഒരാളെ കൊന്നാല്‍ കൊലയാളിക്കുള്ള ശിക്ഷ കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന് നൂറ് പശുവിനെ നല്‍കുക എന്നതായിരുന്നു'' എന്ന ഭാഗമാണ് റോമിലാഥാപ്പറുടെ 'പൌരാണിക ഇന്ത്യ'യില്‍നിന്ന് ഒഴിവാക്കിയതെന്നറിയുമ്പോള്‍ ലക്ഷ്യം വ്യക്തമാവുന്നു. ഈ മനോഭാവത്തെ കാഞ്ച ഇളയ്യ 'ബുദ്ധിജീവികളും മാധ്യമങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ഒരുതരം ഗോപൂജയിലേക്ക് മറിഞ്ഞുവീണ'തിലെ വൈരുധ്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാലുല്പാദനത്തിന്റെ തോത് വെച്ചാണെങ്കില്‍ എരുമയായിരിക്കണം ഇന്ത്യയിലെ പൂജാമൃഗമെന്നും കാഞ്ച ഇളയ്യ കൂട്ടിച്ചേര്‍ക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ മെക്കോള, മാര്‍ക്സ്, മദ്രസ (ഠവൃലല 'ങ' ശി ഋറൌരമശീിേ) സ്വാധീനം തുടച്ചുനീക്കി പാഠപുസ്തകങ്ങള്‍ ശുദ്ധമാക്കാനാണ് ആര്‍ എസ് എസ് കുടക്കീഴിലെ വിശ്വഭാരതിയുടെ ആഹ്വാനം. ഗോവയിലെ 50 പ്രാഥമിക വിദ്യാലയങ്ങള്‍ പരീക്ഷണാര്‍ഥം കാവിപ്പടയുടെ അനുബന്ധ സംഘടനകള്‍ക്കിത് കൈമാറിക്കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി സംഘടനകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഔദ്യോഗികമായിത്തന്നെ ലഭിക്കുന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ 'ഏകല്‍' സ്കൂള്‍ സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കുകയാണ്. നളിനി തനേജ ചൂണ്ടിക്കാണിച്ചതുപോലെ, രാജ്യത്ത് സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രധാന സ്വകാര്യ ഏജന്‍സിയായിരിക്കുന്നു ആര്‍ എസ് എസ്് (അ എൃമൌറ ശി വേല ചമാല ീള ഞശഴവ ീ ഋറൌരമശീിേ). സരസ്വതി ശിശുമന്ദരിങ്ങളിലും വിശ്വഭാരതിയിലും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കുനേരെ കടുത്ത വിഷവാദങ്ങളാണ് ഉയര്‍ത്തുന്നത്. ഇത്തരം മതാനുയായികളുടെ ഗൂഢാലോചനയാണ് ഇന്ത്യയെ വിഭജിക്കുന്നതിലെത്തിച്ചതെന്ന് പഠിപ്പിക്കുന്ന അവ, ക്രിസ്ത്യാനികള്‍ നാഗാലാണ്ടിലും മേഘാലയത്തിലും അരുണാചല്‍ പ്രദേശിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിക്കുന്നു. ബിംബാരാധന എതിര്‍ക്കുന്ന ഇസ്ളാം വിശ്വാസികള്‍ കഅ്ബയില്‍ ശിവലിംഗത്തെയാണ് ആരാധിക്കുന്നതെന്നും മുസ്ളിം സമുദായത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആ കറുത്തകല്ല് ദര്‍ശിക്കുക എന്നതാണെന്നും കളിയാക്കുന്നു. രാമമന്ദിരം സ്വതന്ത്രമാക്കുന്നതിന് 1528 മുതല്‍ 1992 വരെ എത്ര ഭക്തന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നതാണ് അവരുടെ സാമൂഹ്യശാസ്ത്രത്തിലെ ഒരു ചോദ്യം. കേരളത്തിലെ സാമൂഹ്യശാസ്ത്രപാഠത്തിനെതിരെ വിദ്യാഭ്യാസരംഗത്തെ ഉഴുതുമറിക്കുന്ന രാഷ്ട്രീയ ഉണ്ടപക്രുമാര്‍ ഇതിനോടെടുത്ത സമീപനമെന്തായിരുന്നു. എ കെ ജിയുടെ ജീവിതകഥയിലെ ഒരു ഭാഗത്തെ വന്‍കെടുതിയായി വിലയിരുത്തുന്നവര്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തം ഏതോ കാവി നിക്കറുകാരന്‍ ബ്രിട്ടീഷ് മേധാവികളുമായി നടത്തിയ ചര്‍ച്ചയാണെന്ന് പഠിപ്പിക്കുന്നതില്‍ തെറ്റു കണ്ടതേയില്ല.
ഇന്ത്യയെ രണ്ടായിരം വര്‍ഷം പിറകോട്ട് നയിച്ചതെന്ന് നിരീക്ഷകന്‍ ഇംതിയാസ് അഹമദ് കണ്ടെത്തിയ, കാവിവല്‍ക്കരണ പ്രക്രിയയെ കുഞ്ഞാലിക്കുട്ടിമാരും നാരായണപ്പണിക്കര്‍മാരും പവ്വത്തില്‍മാരും ഏതെങ്കിലും തരത്തില്‍ എതിര്‍ത്തിരുന്നോ. ഇല്ലെന്ന് മാത്രമല്ല, ഇപ്പോഴിതാ, എം എസ് എഫുകാര്‍ പുസ്തകങ്ങള്‍ തീയിടുന്നു.

അനില്‍കുമാര്‍ എ വി

1 comment:

ജനശബ്ദം said...

പുസ്തകം ചുട്ടെരിക്കുമ്പോള്‍
ഹ്രസ്വദൃഷ്ടികളായ ചില മതനേതൃത്വങ്ങളും ജാതിപ്രമാണിമാരും വാണിജ്യ രാഷ്ട്രീയ നേതാക്കളും 'വിമോചനസമര'ത്തിന്റെ കിനാവ് കാണുന്നുണ്ട്. അതിന് എം ജി എസ് നാരായണനെപ്പോലുള്ളവര്‍ താത്വിക ഊന്നുവടിയും നല്‍കുന്നു. മലയാള മനോരമയടക്കമുള്ള പത്രങ്ങളാകട്ടെ, അടിക്കുറിപ്പ് മത്സരത്തിലെന്നവണ്ണം അതിക്രമങ്ങളെ ശാര്‍ദൂലവിക്രീഡിതങ്ങളാല്‍ വെള്ളപൂശുകയുമാണ്. സ്വന്തം അനുയായികളുടെ കല്ലേറില്‍ പരിക്കേറ്റ മുന്‍ കെ എസ് യു നേതാവിന്റെ ചിത്രം മനോരമയിലായപ്പോള്‍ പൊലീസ് പരിക്കേല്‍പ്പിച്ചതായിമാറി. മലപ്പുറത്ത് എം എസ് എഫുകാര്‍ മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ കണ്‍മുന്നില്‍ പതിനാലായിരം പാഠപുസ്തകങ്ങള്‍ കത്തിച്ച് കുരങ്ങന്മാരെപ്പോലെ ഉറഞ്ഞുതുള്ളിയത് ആ പത്രത്തിന് ഉള്‍പ്പേജിലേ കൊടുക്കാന്‍ സ്ഥലമുണ്ടായുള്ളൂ.

ഇ എം എസ് എഴുതിയ 'ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രം' എന്ന ബൃഹദ്കൃതി തെരുവില്‍ ചുട്ടെരിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ സംസ്കാരവിരുദ്ധതക്ക്ശേഷം കേരളംകണ്ട ഏറ്റവും ഹീനമായ അക്ഷരവിരോധമാണ് മലപ്പുറത്തുണ്ടായത്. മുസ്ളിംലീഗ് ചെന്നകപ്പെട്ട അതിരൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുകൂടിവേണം ഈ പുസ്തക ദഹനത്തെ കാണാന്‍. ആണവകരാറുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വവും അണികളും തമ്മില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിടവ് പാണക്കാട്ടും ഉത്കണ്ഠകളുണ്ടാക്കിയിട്ടുണ്ട്. ആര്യാടന്‍- ലീഗ് പ്രശ്നത്തിന്റെ അലയൊലികള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്ന് ആ പാര്‍ടികളെ അറിയുന്നവര്‍ക്കെല്ലാം ബോധ്യമുള്ളതാണ്. ലീഗ് അഥവാ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന പ്രയോഗംതന്നെ രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ പ്രബലമാണിപ്പോള്‍. വിനോദമെന്ന നിലയില്‍പ്പോലും പുസ്തകം മറിച്ചുനോക്കാത്തവരാണ് കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍. ഇപ്പോഴത്തെ പാഠപുസ്തക വിവാദത്തിലും അവരുടെ പെരുമാറ്റം അത്തരത്തിലുള്ളതാണ്.

കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസും അതിന്റെ ഘടനയും സ്വയം നിശ്ചയിക്കുന്നവര്‍ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിനൊപ്പം പുസ്തകങ്ങള്‍പോലും നിര്‍ദേശിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണിപ്പോള്‍ കേരളത്തില്‍. പി കെ കുഞ്ഞാലിക്കുട്ടി ആരാധനയോടെ സംസാരിക്കാറുള്ള അമേരിക്കയുടെ അനുഭവംപോലും ചിലര്‍ മറക്കുകയാണ്. പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള മതവാദഗതികള്‍ അവിടെ സ്കൂള്‍ പാഠഭാഗത്തുനിന്ന് നീക്കിയപ്പോള്‍ ചില മതവിഭാഗങ്ങള്‍ തങ്ങളുടെ വാദഗതികളും കുട്ടികളെ പഠിപ്പിക്കണമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. 1999 ല്‍ കന്‍സാസ് സംസ്ഥാനത്ത് അശാസ്ത്രീയ ചിന്തകള്‍ പാഠഭാഗങ്ങളില്‍നിന്ന് ഒഴിവാക്കി. പത്ത് കല്പനകള്‍ സ്കൂളില്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതികള്‍പോലും ഉറച്ചുനിന്നു. മതവാദങ്ങള്‍ സ്കൂളിന് പുറത്തുമതി എന്നും പ്രബലരായ ഒരുകൂട്ടം വാദിച്ചു. ഒരാളുടെ മതത്തെക്കുറിച്ച് ഞാന്‍ അത്രയേറെ ശ്രദ്ധിക്കാറില്ല, കാരണം അയാളുടെ പട്ടിയെയും പൂച്ചയെയും അക്കാര്യത്തില്‍ നാം പരിഗണിക്കാറില്ലല്ലോ എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ പവ്വത്തില്‍മാര്‍ക്ക് അരോചകമായേക്കാം.

കേരളീയ നവോത്ഥാനത്തിന്റെ കൈവഴികള്‍ വിവരിക്കുന്ന പാഠ്യഭാഗങ്ങള്‍ക്കെതിരെപ്പോലും ഇനി അസഹിഷ്ണുതകള്‍ ഉയരാനിടയുണ്ട്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണഗുരു. ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനും ഇ മാധവനും. വൈക്കം സത്യഗ്രഹവേളയില്‍ കേരളത്തിലെത്തിയ, കടവുള്‍ ഇല്ലൈ എന്ന് തറപ്പിച്ചുറപ്പിച്ച ഇ വി രാമസ്വാമി നായ്ക്കര്‍. ഇസ്ളാമിക യാഥാസ്ഥിതികര്‍ക്കെതിരെ കലഹിച്ച വക്കം അബ്ദുള്‍ഖാദര്‍ മൌലവി. വിഗ്രഹാരാധനക്കെതിരെ പ്രതികരിച്ച വാഗ്ഭടാനന്ദ ഗുരു. 'സംശയ നിവൃത്തി' എഴുതിയ ലോനപ്പന്‍ ആലപ്പാട്്. ഇവരുടെ ഓര്‍മകള്‍പോലും നാടുകടത്താന്‍ ഇനി തുനിഞ്ഞുകൂടെന്നില്ല. ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ച് നടന്ന റഫറണ്ടത്തില്‍ പൊന്നാനിയിലെ ഭൂരിപക്ഷം അവര്‍ണരും അതിനെ അനുകൂലിക്കുകയായിരുന്നുവെന്ന യാഥാര്‍ഥ്യത്തെയും അവര്‍ പൊറുപ്പിക്കാനിടയില്ല. പി കെ നാരായണപ്പണിക്കരുടെ താത്വികര്‍, ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത് തങ്ങളുടെ ജാതിക്കാരാണെന്ന് പറയാനും മടിക്കില്ല. കാരണം കെ കേളപ്പനും എ കെ ജിയും അവരുടെ 'ജാതി'യാണല്ലോ.

ജാതി- മത ശക്തികളുടെ തിണ്ണബലത്തിന് ധൈഷണിക സ്വാതന്ത്യ്രം അടിയറ വെച്ചാലുണ്ടാകുന്ന ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് പ്രശസ്ത ചരിത്രകാരന്‍ അമിത്സര്‍ക്കാര്‍ പ്രതികരിച്ചത് ശ്രദ്ധേയമാണ്. ഗ്രഹണത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകള്‍പോലും ഇനി നിരോധിക്കേണ്ടിവരുമെന്നാണ് അദ്ദേഹം എഴുതിയത് (ഉീല കിറശമി ഒശീൃ്യ ിലലറ ീ യല ൃലൃംശലിേേ). രാഹുവാണ് ഇതിന് കാരണം എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതാണല്ലോ ശാസ്ത്ര വിശദീകരണം. കേരളത്തില്‍ ഇപ്പോള്‍ തീ ചുഴറ്റുന്നവര്‍ പുതിയ ഏകലവ്യന്മാരെ സൃഷ്ടിക്കുന്ന ഗുരുദക്ഷിണാ വിദ്യാഭ്യാസത്തിനെതിരെ മിണ്ടിയതുപോലുമില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ രാജ്യമാകെ അതിക്രമപരമ്പരകള്‍ തുറന്നുപിടിച്ചവര്‍ ദേശീയ പള്ളികള്‍ ഉണ്ടാവണമെന്ന് പറഞ്ഞപ്പോഴും പവ്വത്തില്‍മാര്‍ പീയൂസ് പന്ത്രണ്ടാമന്റെ ഭാഷയിലായിരുന്നല്ലോ. ന്യൂനപക്ഷങ്ങളുടെ ഭാഷയും ഭക്ഷണരീതിയും വസ്ത്രധാരണംപോലും കാവിപ്പടയുടെ രൂക്ഷവിമര്‍ശനത്തിനും കൈയേറ്റത്തിനുമിരയായതും പലര്‍ക്കും പ്രശ്നമായില്ല. ഗോവധ നിരോധനവാദവും സ്വാഭാവികമായി സ്വീകരിക്കപ്പെട്ടു. സി ബി എസ് ഇ സിലബസ്സില്‍നിന്ന് ചില ചരിത്രഭാഗങ്ങള്‍ വെട്ടിയടര്‍ത്താനും തല്പരകക്ഷികള്‍ മറന്നില്ല. "വിശിഷ്ടാതിഥികള്‍ക്ക് ആദരവായി മാട്ടിറച്ചി വിളമ്പിയിരുന്നു (പിന്നീട് ഇറച്ചി കഴിക്കുന്നതില്‍ ബ്രാഹ്മണര്‍ക്ക് വിലക്ക് വീണു). ഒരു മനുഷ്യന്റെ വില നൂറ് പശുവിന് തുല്യമായാണ് കണക്കാക്കിയിരുന്നത്. ഒരാളെ കൊന്നാല്‍ കൊലയാളിക്കുള്ള ശിക്ഷ കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന് നൂറ് പശുവിനെ നല്‍കുക എന്നതായിരുന്നു'' എന്ന ഭാഗമാണ് റോമിലാഥാപ്പറുടെ 'പൌരാണിക ഇന്ത്യ'യില്‍നിന്ന് ഒഴിവാക്കിയതെന്നറിയുമ്പോള്‍ ലക്ഷ്യം വ്യക്തമാവുന്നു. ഈ മനോഭാവത്തെ കാഞ്ച ഇളയ്യ 'ബുദ്ധിജീവികളും മാധ്യമങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ഒരുതരം ഗോപൂജയിലേക്ക് മറിഞ്ഞുവീണ'തിലെ വൈരുധ്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാലുല്പാദനത്തിന്റെ തോത് വെച്ചാണെങ്കില്‍ എരുമയായിരിക്കണം ഇന്ത്യയിലെ പൂജാമൃഗമെന്നും കാഞ്ച ഇളയ്യ കൂട്ടിച്ചേര്‍ക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ മെക്കോള, മാര്‍ക്സ്, മദ്രസ സ്വാധീനം തുടച്ചുനീക്കി പാഠപുസ്തകങ്ങള്‍ ശുദ്ധമാക്കാനാണ് ആര്‍ എസ് എസ് കുടക്കീഴിലെ വിശ്വഭാരതിയുടെ ആഹ്വാനം. ഗോവയിലെ 50 പ്രാഥമിക വിദ്യാലയങ്ങള്‍ പരീക്ഷണാര്‍ഥം കാവിപ്പടയുടെ അനുബന്ധ സംഘടനകള്‍ക്കിത് കൈമാറിക്കഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി സംഘടനകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഔദ്യോഗികമായിത്തന്നെ ലഭിക്കുന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ 'ഏകല്‍' സ്കൂള്‍ സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കുകയാണ്. നളിനി തനേജ ചൂണ്ടിക്കാണിച്ചതുപോലെ, രാജ്യത്ത് സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ പ്രധാന സ്വകാര്യ ഏജന്‍സിയായിരിക്കുന്നു ആര്‍ എസ് എസ്് (അ എൃമൌറ ശി വേല ചമാല ീള ഞശഴവ ീ ഋറൌരമശീിേ). സരസ്വതി ശിശുമന്ദരിങ്ങളിലും വിശ്വഭാരതിയിലും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കുനേരെ കടുത്ത വിഷവാദങ്ങളാണ് ഉയര്‍ത്തുന്നത്. ഇത്തരം മതാനുയായികളുടെ ഗൂഢാലോചനയാണ് ഇന്ത്യയെ വിഭജിക്കുന്നതിലെത്തിച്ചതെന്ന് പഠിപ്പിക്കുന്ന അവ, ക്രിസ്ത്യാനികള്‍ നാഗാലാണ്ടിലും മേഘാലയത്തിലും അരുണാചല്‍ പ്രദേശിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിക്കുന്നു. ബിംബാരാധന എതിര്‍ക്കുന്ന ഇസ്ളാം വിശ്വാസികള്‍ കഅ്ബയില്‍ ശിവലിംഗത്തെയാണ് ആരാധിക്കുന്നതെന്നും മുസ്ളിം സമുദായത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആ കറുത്തകല്ല് ദര്‍ശിക്കുക എന്നതാണെന്നും കളിയാക്കുന്നു. രാമമന്ദിരം സ്വതന്ത്രമാക്കുന്നതിന് 1528 മുതല്‍ 1992 വരെ എത്ര ഭക്തന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നതാണ് അവരുടെ സാമൂഹ്യശാസ്ത്രത്തിലെ ഒരു ചോദ്യം. കേരളത്തിലെ സാമൂഹ്യശാസ്ത്രപാഠത്തിനെതിരെ വിദ്യാഭ്യാസരംഗത്തെ ഉഴുതുമറിക്കുന്ന രാഷ്ട്രീയ ഉണ്ടപക്രുമാര്‍ ഇതിനോടെടുത്ത സമീപനമെന്തായിരുന്നു. എ കെ ജിയുടെ ജീവിതകഥയിലെ ഒരു ഭാഗത്തെ വന്‍കെടുതിയായി വിലയിരുത്തുന്നവര്‍ ഇന്ത്യന്‍ സ്വാതന്ത്യ്രസമര ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തം ഏതോ കാവി നിക്കറുകാരന്‍ ബ്രിട്ടീഷ് മേധാവികളുമായി നടത്തിയ ചര്‍ച്ചയാണെന്ന് പഠിപ്പിക്കുന്നതില്‍ തെറ്റു കണ്ടതേയില്ല.