Wednesday, July 2, 2008

കേരളത്തെ വര്‍ഗീയശക്തികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന വിലപ്പോകില്ല.

കേരളത്തെ വര്‍ഗീയശക്തികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന വിലപ്പോകില്ല.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ എതിയരായി പ്രത്യേകിച്ച്‌ സി പി ഐ എമ്ന്ന് എതിരായി സാമ്രാജിത്ത ശക്തികള്‍ നടത്തുന്ന കടന്നക്രമണങ്ങള്‍ക്കും ഗുഡാലോചനകള്‍ക്കും രാഷ്ട്രിയവും സാമ്പത്തികവുമായ ഉറച്ച പിന്തുണ നല്‍കാനാണ്‌ കേരളത്തിലെ കൃസ്തിയ മതമേലധ്യക്ഷന്മാരും സാമൂദായിക സംഘടനകളും യു ഡി എഫും ശ്രമിക്കുന്നത്‌.ഇന്ത്യയെ അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ക്ക്‌ അടിയറവെയ്ക്കാന്‍ നടത്തുന്ന രാജ്യദ്രോഹപരമായ ആണവക്കരാറിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷത്തെ വരുതിയില്‍ കൊണ്ടുവരാനാണ്‌ അമേരിക്കയുടെ ആജ്ഞാവര്‍ത്തികള്‍ ശ്രമിക്കുന്നത്‌. ഇതിന്നവര്‍ ഇടതുപക്ഷത്തിന്നെതിരെ ജാത്യുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കള്ളപ്രചരണങ്ങള്‍ നടത്തി മുട്ടുകുത്തിക്കാമെന്നാണ്‌ കരുതുന്നത്‌.ഇതിന്നവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം 7-ം ക്ലാസിലെ സാമൂഹ്യപാഠപുസ്തകം മതചിന്തക്കും ഈശ്വരവിശ്വാസത്തിന്നും എതിരാണെന്നും ഇത്‌ കമ്യുണിസവും നിരിശ്വരവാദവും പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും വ്യാപകമായി കള്ളപ്രചരണം നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ അക്രമസമരത്തിലേക്ക്‌ തിരിച്ച്‌ വിടാനുമാണ്‌.ഇത്തരത്തിലുള്ള വ്യാപകമായ അക്രമസമരങ്ങളും അസത്യപ്രചരണങ്ങളും കേരളത്തിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പിനേയും വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കാരങ്ങളേയും കാര്യമായിത്തന്നെ ബാധിക്കും.കേരളത്തിലെ 7-ം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നവരുടെ ഉള്ളിലിരിപ്പ്‌ എന്താണെന്നും ഈ വിവാദങ്ങളുടെ പൊള്ളത്തരവും വിശദമായി പ്രതിപാദിക്കുന്ന സി പി ഐ എം സംസ്ഥാന സിക്രട്ടറിയുടെ ലേഖനം കൂടുതല്‍ വായനക്കാരിലേക്ക്‌ എത്തിക്കേണ്ടതുണ്ട്‌.
താങ്കള്‍ വായിച്ചുകഴിഞ്ഞാല്‍ താങ്കളുടെ സുഹൃത്തിന്ന് ഫോര്‍വേഡ്‌ ചെയ്യുക.
സ്നേഹപൂര്‍വം
നാരായണന്‍ വെളിയംകോട്‌.
http://www.janasabdam1.blogspot.com/



പാഠപുസ്തകവിവാദവും പാര്‍ടി നിലപാടും
പിണറായി വിജയന്‍



വിപുലമായ അടിത്തറയും ഏറെ കുറെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഘടനയും നിലനില്‍ക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസം. ഈ മേഖലയുമായി ബന്ധപ്പെട്ട ഏതുകാര്യവും സമൂഹം ഏറെ താല്‍പ്പര്യത്തോടെ ശ്രദ്ധിക്കുന്നു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ രക്ഷിതാക്കള്‍ ഏറെ താല്‍പ്പര്യത്തോടെ ഇടപെടുന്നുമുണ്ട്. വിദ്യാഭ്യാസമേഖലയിലെ ഏതു ചര്‍ച്ചയും സമൂഹമാകെ ശ്രദ്ധിക്കും. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭയ്ക്കെതിരെ വിമോചനസമരത്തിന് പടയൊരുക്കിയവര്‍ പ്രധാന ആയുധമായി ഉപയോഗിച്ചത് വിദ്യാഭ്യാസമേഖലയെയാണ്. അന്നത്തെ പ്രധാനമുദ്രാവാക്യം വിദ്യാഭ്യാസമേഖലയിലൂടെ മതപരവും വിശ്വാസപരവുമായ കാര്യങ്ങളെ കമ്യൂണിസ്റുകാര്‍ അപകടപ്പെടുത്തുന്നു എന്നതായിരുന്നു. മതങ്ങളെ ഉന്മൂലനംചെയ്യുക എന്ന കമ്യൂണിസ്റ് അജന്‍ഡയാണ് വിദ്യാഭ്യാസമേഖലയിലൂടെ നടപ്പാക്കുന്നത് എന്ന പ്രചാരണം ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിഷ്കളങ്കരായ ചിലരും അത്തരം കാര്യങ്ങളില്‍ പെട്ടുപോയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതിന് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ഇടപെടുന്നു. കമ്യൂണിസ്റ് പാര്‍ടിയുടെ പ്രവര്‍ത്തനത്തെയും അതിന്റെ കാഴ്ചപ്പാടിനെയും ശരിയായി മനസ്സിലാക്കിയാല്‍ ഈ തെറ്റിദ്ധാരണകള്‍ അസ്ഥാനത്താണെന്ന് മനസ്സിലാകും. കമ്യൂണിസ്റ് പാര്‍ടി പ്രവര്‍ത്തനത്തിന് ആധാരമായി നിലനില്‍ക്കുന്നത് പാര്‍ടിപരിപാടിയാണ്. വര്‍ത്തമാനകാലത്തെ നയങ്ങളും ഭാവി പദ്ധതികളും പരിപാടിയില്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. അതല്ലാത്ത ഒരു അജന്‍ഡയും പാര്‍ടിക്കില്ല. മതങ്ങളോടുള്ള പാര്‍ടിസമീപനം പരിപാടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇതാണ്. "ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും ഓരോ സമുദായത്തിലുംപെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും അതുപോലെതന്നെ ഒരുമതത്തിലും വിശ്വസിക്കാതിരിക്കാനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങള്‍ ചെയ്യാനും ഒരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതു രൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ടി പോരാടണം. സംസ്കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ് പ്രവണത ശക്തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്.'' (പാര്‍ടിപരിപാടി, ഖണ്ഡിക 5:8) ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. മതവിശ്വാസത്തെ ഉന്മൂലനംചെയ്യുക എന്നത് പാര്‍ടിപരിപാടിയുടെ ലക്ഷ്യമേ അല്ല. ആ ലക്ഷ്യമാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നതെങ്കില്‍ യുക്തിവാദ രാഷ്ട്രീയനിലപാടുമായി ഏറ്റുമുട്ടേണ്ട കാര്യവും ഉണ്ടാകുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായ ജനതയെ ജനകീയപ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നായി അണിനിരത്തി സമത്വമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് പാര്‍ടി നിലകൊള്ളുന്നത്. അതുകൊണ്ടാണ് മതവിശ്വാസികള്‍ ആക്രമിക്കപ്പെടുന്ന ഘട്ടങ്ങളിലെല്ലാം അവരെ സഹായിക്കാന്‍ പാര്‍ടിപ്രവര്‍ത്തകര്‍ ഓടി എത്തുന്നത്. പാര്‍ടി വിഭാവനംചെയ്യാത്ത കാഴ്ചപ്പാട് പാര്‍ടിനയമാണെന്ന് പ്രഖ്യാപിച്ച് പാഠപുസ്തകത്തിന്റെ പേരില്‍ ചിലര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. ഒരു നാട്ടിലെ ജനത വിഭിന്നങ്ങളായ വിശ്വാസങ്ങളോടും കാഴ്ചപ്പാടുകളോടുംകൂടിയാണ് ജീവിക്കുന്നതെന്ന് അംഗീകരിക്കുകയാണ് ജനാധിപത്യബോധത്തിന്റെ പ്രധാനമായ സമീപനം. ഈ സമീപനമാണ് പാര്‍ടിക്കുള്ളത്. മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജീവിക്കുന്നതുപോലെതന്നെ അത്തരം വിശ്വാസങ്ങളില്‍നിന്നും ജാതീയമായ ആചാരങ്ങളില്‍നിന്നും മാറി നിന്നുകൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്നവരും സമൂഹത്തിലുണ്ട്. ഇത്തരം കാഴ്ചപ്പാടുകളുള്ളവരെക്കൂടി അംഗീകരിക്കുക എന്നത് ഏറെ പ്രധാനമാണ്. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ ദേശീയതയെസംബന്ധിച്ച കാഴ്ചപ്പാട് ഇതിലൂടെയേ പൂര്‍ത്തീകരിക്കാന്‍ പറ്റൂ. മതപരമായും ഭാഷാപരമായും സാംസ്കാരികമായും ന്യൂനപക്ഷമായി നില്‍ക്കുന്ന ഏതു ജനവിഭാഗത്തിന്റെയും ജീവിതത്തെ അറിയുകയും പരിചയപ്പെടുകയും ചെയ്യുന്നത് ജനാധിപത്യപരമായ ഈ ബോധം വിദ്യാര്‍ഥികളില്‍ വളരുന്നതിന് സഹായിക്കും. അതുകൊണ്ട് ഭരണഘടനാപരമായ ആ കാഴ്ചപ്പാട് പാഠപുസ്തകങ്ങളില്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ലതാനും. രാഷ്ട്രീയലാഭത്തിനുവേണ്ടി മുദ്രാവാക്യം രൂപപ്പെടുത്തുന്ന യുഡിഎഫുകാര്‍ ഫാസിസ്റ് ശക്തികള്‍ക്കെതിരായി ഇന്ത്യന്‍ ജനത നടത്തുന്ന പോരാട്ടങ്ങളെ മറക്കരുത്. ഏതൊരാള്‍ക്കും അവരുടെ മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടാകണമെന്നതാണ് ഇന്ത്യയിലെ ജനാധിപത്യവാദികളും ന്യൂനപക്ഷ മതവിശ്വാസം മുറുകെ പിടിക്കുന്നവരും പൊതുവില്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് അനുവദിക്കാന്‍ പറ്റില്ലെന്നതാണ് സംഘപരിവാര്‍ ശക്തികളുടെ സുപ്രധാനമായ അജന്‍ഡ. അവര്‍ ഭരണത്തിലേറിയ ഇടങ്ങളിലെല്ലാം ഇത്തരം കാഴ്ചപ്പാടുകള്‍ പ്രായോഗികമാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഇതിനെതിരായി ജനാധിപത്യവാദികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പാണ് ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏതു പക്ഷത്തിന്റെകൂടെയാണ് നാം നില്‍ക്കുന്നതെന്നത് ജനാധിപത്യസംരക്ഷണത്തിന്റെ മറ്റൊരു മുഖമാണെന്നുകൂടി കാണാനാകണം. മതത്തിന്റെ ദുരുപയോഗത്തിനെതിരെ ശക്തമായ നിലപാട് കമ്യൂണിസ്റുകാര്‍ മുമ്പും സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കുമെന്നത് വസ്തുതയാണ്. വര്‍ഗീയവല്‍ക്കരണ അജന്‍ഡകളെ എല്ലാ കാലത്തും സിപിഐ എം എതിര്‍ത്തിട്ടുണ്ട്. ആ എതിര്‍പ്പ് തുടരുകതന്നെ ചെയ്യും. മേല്‍വിവരിച്ച കാഴ്ചപ്പാടുകള്‍ ഒന്നുംതന്നെ ഇന്ത്യയിലെ ഭരണഘടനയ്ക്കുവിരുദ്ധമായതോ അതിന്റെ പൊതുസമീപനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നതോ അല്ല. ഭരണഘടനയുടെ ആമുഖത്തില്‍ രേഖപ്പെടുത്തുന്ന കാര്യം ഈ പശ്ചാത്തലത്തില്‍ ഓര്‍മിക്കുന്നത് നല്ലതാണ്. "ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ (ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ളിക്കായി) സംവിധാനം ചെയ്യാനും അതിലെ പൌരന്മാര്‍ക്കെല്ലാം, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്യ്രവും; പദവിയിലും അവസരത്തിലും സമത്വവും;'' സ്ഥാപിക്കാനാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനര്‍ഥം ജനാധിപത്യപരമായി തങ്ങളുടേതായ ജീവിതക്രമം പിന്തുടരാനുള്ള പൌരന്മാരുടെ അവകാശവും മതപരമായി അവരവരുടെ വിശ്വാസം വച്ചുപുലര്‍ത്താനുള്ള അവകാശവും ഇന്ത്യയില്‍ ഉണ്ടെന്നാണ്. അതോടൊപ്പം സമത്വത്തോടെ ജീവിക്കാനുള്ള സ്വാതന്ത്യ്രവും എല്ലാ പൌരന്മാര്‍ക്കും അത് വിഭാവനംചെയ്യുന്നുമുണ്ട്. മതവിശ്വാസപരവും ജനാധിപത്യപരവുമായ വിഷയങ്ങളില്‍ ഭരണഘടന വിഭാവനംചെയ്യുന്ന പൊതുകാഴ്ചപ്പാടുതന്നെയാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്ന സംവിധാനമെന്നനിലയില്‍ ഭരണഘടന വിഭാവനംചെയ്യുന്ന ഇത്തരം കാഴ്ചപ്പാടുകള്‍ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്തമാണ് നിര്‍വഹിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ കാഴ്ചപ്പാടുകളില്‍ നിന്നുള്ള ഏതെങ്കിലും വ്യതിയാനം സര്‍ക്കാരിന്റെ ഈ പാഠപുസ്തകത്തില്‍ വന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനോ ചര്‍ച്ചചെയ്യുന്നതിനോ ആര്‍ക്കും വിരോധമില്ല. എന്നാല്‍, അത്തരത്തിലുള്ള ജനാധിപത്യപരമായ സംവാദത്തിനോ പ്രശ്നങ്ങള്‍ വസ്തുതാപരമായി മുന്നോട്ട് ഉന്നയിക്കുന്നതിനോ ഉള്ള ശ്രമമല്ല ദൌര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നടക്കുന്നത്. വിദ്യാലയങ്ങളില്‍ എന്തു പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം അത് ആരാണ് നിശ്ചയിക്കേണ്ടത് എന്നതിനെസംബന്ധിച്ചെല്ലാം വ്യക്തമായ വ്യവസ്ഥകളുണ്ട്. കേരളത്തില്‍ പാഠപുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലാണെങ്കില്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കുന്നു. സ്വന്തമായി ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തിന് സിലബസുണ്ടാക്കി പഠിപ്പിക്കാനുള്ള അവകാശം ഇല്ല. അവ സ്വയം തീരുമാനിക്കുന്ന പാഠങ്ങള്‍ പഠിപ്പിക്കാന്‍ മുതിരുന്നത് നിലനില്‍ക്കുന്ന സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയോടുതന്നെയുള്ള വെല്ലുവിളിയുമാണ്. ഭരണഘടന വിഭാവനംചെയ്യുന്ന ഏതൊരവകാശവും ഉപയോഗിക്കാനും അതിനനുസൃതമായി പ്രവര്‍ത്തിക്കുന്നതിനുമുള്ള അവകാശത്തെ ആരും ചോദ്യംചെയ്യുന്നില്ല. എന്നാല്‍, അത് ആകെ കാറ്റില്‍ പറത്തി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ നിക്ഷിപ്തതാല്‍പ്പര്യമാണെന്നു കാണാന്‍ വിഷമമില്ല. ഭരണഘടന വിഭാവനംചെയ്യുന്ന കാഴ്ചപ്പാടുകളില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഈ പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നത് ഈ അവസരത്തില്‍ ഉചിതമായിരിക്കും.

ഭരണഘടനയും മതവിരുദ്ധമോ?

ഏ ഴാംക്ളാസിലെ പാഠപുസ്തകത്തിനകത്ത് 'വി വാദമായ' ഒന്നാണ് മതമില്ലാത്ത ജീവന്‍ എന്ന പാഠം. അന്‍വര്‍-ലക്ഷ്മീദേവി ദമ്പതികളുടെ മകനായ 'ജീവ'നെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുവരുന്നു. രജിസ്ററില്‍ ചേര്‍ക്കാനായി മതം ഏതെന്ന് ചോദിച്ചപ്പോള്‍ ജീവന് മതമില്ലെന്നാണ് പിതാവിന്റെ ഉത്തരം. മതം ചേര്‍ക്കേണ്ടേ എന്ന ചോദ്യത്തിന് അവന്‍ വലുതാകുമ്പോള്‍ ഇഷ്ടമുള്ളത് ചേര്‍ത്തുകൊള്ളട്ടെ എന്ന് മറുപടി. ഇഷ്ടമുള്ള മതം സ്വയം തെരഞ്ഞെടുത്തുകൊള്ളട്ടെ എന്ന് പറയുന്നിടത്ത് എന്ത് മതവിരുദ്ധതയാണ് കുടികൊള്ളുന്നതെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഏത് മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഭരണഘടന സ്വാതന്ത്യ്രം നല്‍കുന്നുണ്ട്. അത്തരം ജീവിതത്തെ പരിചയപ്പെടുത്തുന്ന ജനാധിപത്യപരമായ ഇടപെടല്‍ എങ്ങനെ മതവിരുദ്ധമാകും? അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഭരണഘടനതന്നെ മതവിരുദ്ധമാണെന്നു പറയേണ്ടിവരില്ലേ? ആ പാഠത്തില്‍ ഖുറാനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയ ആദര്‍ശങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുകയാണ്. മതത്തെ ഇകഴ്ത്തുകയല്ല, മതം മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയാണ് ഇവിടെ. ഏത് മതത്തില്‍ വിശ്വസിച്ചാലും പൊതുവില്‍ സമൂഹം നേരിടേണ്ട പ്രശ്നങ്ങളെ ഒന്നിച്ച് അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് പാഠം ഓര്‍മിപ്പിക്കുന്നു. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല ജനങ്ങളെ ബാധിക്കുന്നതെന്നും പാഠം വ്യക്തമാക്കുന്നു. എല്ലാ മതസ്ഥരെയും സ്നേഹിക്കാനും സഹായിക്കാനുമുള്ള മതത്തിന്റെ സന്നദ്ധതയെത്തന്നെ വ്യക്തമാക്കുന്ന ഈ ഭാഗത്തോട് മനുഷ്യസ്നേഹികളാരും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നു തോന്നുന്നില്ല. ദുരന്തങ്ങളില്‍ മതവിശ്വാസം കണക്കിലെടുക്കാതെ പരസ്പരം സഹായിക്കണമെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ എന്തിന് ഹാലിളകണം? മനുഷ്യസ്നേഹത്തിന്റെ ഭാഷ കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്നാണോ കോഗ്രസിന്റെ മതം? വര്‍ഗീയസംഘര്‍ഷ ഘട്ടങ്ങളില്‍ മറ്റെല്ലാം മറന്ന് പരസ്പരം സഹായിച്ച മനുഷ്യരുടെ അനുഭവങ്ങള്‍ പാഠത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബത്തിന്റെ കഥയാണ് പഠിപ്പിക്കുന്നത്. ഈ പാഠഭാഗം തെറ്റാണെന്നു പറയുമ്പോള്‍ മനുഷ്യത്വവിരുദ്ധ കലാപങ്ങള്‍ വരുമ്പോള്‍ പരസ്പരം സഹായിക്കാന്‍ പാടില്ലെന്നാണോ കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന ചോദ്യത്തിന് കോഗ്രസുകാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ട്. മനുഷ്യസ്നേഹത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ജനാധിപത്യത്തിന്റെ വക്താക്കളായി സ്വയം അവതരിപ്പിക്കുകയും ചെയ്യുന്നവരാണല്ലോ കോഗ്രസുകാര്‍. വര്‍ഗീയസംഘര്‍ഷങ്ങള്‍ ദൌര്‍ഭാഗ്യവശാല്‍ എവിടെയെങ്കിലും ഉണ്ടായാല്‍ മനുഷ്യസ്നേഹപരമായി പെരുമാറേണ്ട ബാധ്യതയെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന 'നന്മയുടെ നാളുകള്‍' എന്ന കുറിപ്പ് തയ്യാറാക്കാനും പാഠത്തില്‍ കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. 1947ല്‍ ദില്ലിയില്‍ സ്വാതന്ത്യ്രാഘോഷങ്ങള്‍ നടക്കുമ്പോള്‍ അങ്ങകലെ നവഖാലിയില്‍ മതസൌഹാര്‍ദത്തിനുവേണ്ടി വീടുകള്‍തോറും കയറി ഇറങ്ങുകയായിരുന്നു ഗാന്ധിജി. രാഷ്ട്രപിതാവ് ഇത്തരം പ്രവര്‍ത്തനം നടത്തിയ നാട്ടില്‍ കുട്ടികളില്‍ ഈ ബോധം കടന്നുവരേണ്ടതില്ലെന്നാണോ ഗാന്ധി ശിഷ്യന്മാരെന്നുപറയുന്നവര്‍ ഉദ്ദേശിക്കുന്നത്? മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍ പാടില്ലെന്ന നെഹ്റുവിന്റെ അന്തിമാഭിലാഷം സൂചിപ്പിച്ച്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ അതു സംബന്ധിച്ച കാഴ്ചപ്പാട് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നുമുണ്ട് പാഠത്തില്‍. നെഹ്റുവിന്റെ ജീവിതത്തെക്കുറിച്ച് കുട്ടികള്‍ അറിയേണ്ടതില്ലെന്ന നിര്‍ബന്ധം കോഗ്രസിനുണ്ടെങ്കില്‍ അത് അവര്‍ തുറന്നുപറയണം. നെഹ്റുകുടുംബത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് ഊറ്റംകൊള്ളാറുള്ളവരാണ് കോഗ്രസുകാര്‍. നെഹ്റുകുടുംബാംഗങ്ങള്‍ പലരും വ്യത്യസ്ത മതവിശ്വാസമുള്ള ആളുകളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടവരാണ്. അതുകൊണ്ട് അവര്‍ മതവിരുദ്ധരെന്നോ മതത്തിനെതിരായ സമീപനം സ്വീകരിക്കുന്ന ആളുകളെന്നോ കോഗ്രസിന്റെ രാഷ്ട്രീയനിലപാടുകള്‍ക്കെതിരുനില്‍ക്കുന്നവര്‍, പ്രത്യേകിച്ച് ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല. സോണിയാ ഗാന്ധിയുടെ ഇറ്റലിബന്ധം ഉയര്‍ത്തിയും മതപശ്ചാത്തലം ചൂണ്ടിക്കാട്ടിയും സംഘപരിവാര്‍ശക്തികള്‍ നടത്തിയ പ്രചാരണങ്ങളെ ഇടതുപക്ഷം ശക്തിയുക്തം എതിര്‍ക്കുകയാണുണ്ടായത്. മതത്തെയും രാഷ്ട്രീയത്തെയും ഇങ്ങനെ രണ്ടായി കാണുന്ന തത്വാധിഷ്ഠിത നിലപാടാണ് എല്ലാ ഘട്ടത്തിലും സിപിഐ എം സ്വീകരിച്ചത്. മതത്തെ നിഷേധിക്കാനോ അതിനെ ഉപയോഗിച്ച് രാഷ്ട്രീയലാഭം നേടാനോ പാര്‍ടി തയ്യാറല്ല; രാഷ്ട്രീയ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ കാണുന്ന ഇടതുപക്ഷ നിലപാടിന്റെ മഹത്വവും കോഗ്രസിന്റെ പാപ്പരായ സമീപനങ്ങളും വേര്‍തിരിച്ചുകാണിക്കുന്നതാണ് ഇപ്പോഴത്തെ വിവാദം. ഇതിന്റെ അടിസ്ഥാനത്തില്‍ മതേതരനിലപാടുകളില്‍നിന്ന് കോഗ്രസ് വ്യതിചലിക്കുന്നെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രം കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഇനിയും മുന്നോട്ട് എന്ന പാഠമുണ്ട് പുസ്തകത്തില്‍. സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് അതില്‍ പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന് വ്യത്യസ്തമായ സമരരൂപങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും മഹത്തായ ചരിത്രമുണ്ട്. അഹിംസാവാദിയായ ഗാന്ധിജിയും ബ്രിട്ടീഷുകാര്‍ക്കെതിരെ രക്തരൂഷിതമായി പൊരുതിയ ഭഗത്സിങ്ങും കര്‍ഷക-തൊഴിലാളി പോരാട്ടങ്ങളും എല്ലാം അതിന്റെ ഭാഗമാണ്. പീര്‍മുഹമ്മദിന്റെയും ഭഗത് സിങ്ങിന്റെയും ശാന്തി ഘോഷ്, സുനിതാ ചാറ്റര്‍ജി എന്നിവരുടെയും പോരാട്ടം ഇതിലുണ്ട്. ജാലിയന്‍വാലാബാഗും മലബാര്‍കലാപവും ഉപ്പ് സത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും പാഠങ്ങളില്‍ കടന്നുവരുന്നുണ്ട്. ഈ സമരങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല, വര്‍ത്തമാനകാലവുമായി ഇതിനെ ബന്ധിപ്പിക്കാനുമുള്ള സമീപനം ഈ പുസ്തകം സ്വീകരിച്ചിട്ടുണ്ട്. ചരിത്രം പഠിക്കുന്നത് കേവലമായി പഴയകാലത്തെ ഉരുവിടാനല്ല. വര്‍ത്തമാനകാലത്ത് ഇടപെടാനും ഭാവിയെ കരുപ്പിടിപ്പിക്കാനുമാണ്. അതിനുതകുന്നവിധം പാഠം രൂപപ്പെടുത്തുന്നത് കമ്യൂണിസ്റ് പ്രത്യയശാസ്ത്രമാണെന്നു പറഞ്ഞാല്‍ വിവേകമതികള്‍ പുച്ഛിക്കുകതന്നെ ചെയ്യും. മുത്തശ്ശിക്കഥകള്‍പോലും കുട്ടികളെ സമൂഹത്തില്‍ ഇടപെടാന്‍ സഹായിക്കുന്നവയാണ്. നമ്മുടെ ഈ സംസ്കാരത്തെ മനസ്സിലാക്കാനുള്ള സന്മനസ്സ് കാണിച്ചിരുന്നെങ്കില്‍ ഇത്തരം വിവാദങ്ങളുണ്ടാകുമോ? ഇന്ന് സമൂഹം നേരിടുന്ന പ്രധാന പ്രശ്നത്തിലൊന്നാണ് പരിസ്ഥിതി നശീകരണം. ജലത്തിന്റെ ദൌര്‍ലഭ്യവും നദിയുടെ ശോഷണവും എല്ലാം വിശദമായി ഈ പാഠപുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ജലത്തെയും പ്രകൃതിയെയും സ്നേഹിക്കുന്നതിന് ഉതകുന്ന ഭൂജലമാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിക്കേണ്ടത് ഭാവികേരളത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യാവശ്യമാണ്. സ്വന്തം ചുറ്റുപാടിനെയും നാടിനെയും കുറിച്ച് മനസ്സിലാക്കി വളരുക എന്ന ഗാന്ധിയന്‍സമീപനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഈ പാഠത്തിലൂടെ കമ്യൂണിസം പഠിപ്പിക്കുകയാണെന്ന് കോഗ്രസുകാര്‍ പറയുമായിരുന്നില്ല. കേരളത്തിന്റെ മുന്നോട്ടുപോക്ക് ഏതുതരത്തിലാണ് സാധ്യമായത് എന്ന വിഷയമാണ് മണ്ണിനെ പൊന്നാക്കാം എന്ന പാഠം ചര്‍ച്ചചെയ്യുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നടമാടിയ കാലം നാം മറക്കരുത്. ആ കൊടിയ അനീതികള്‍ കണ്ടാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് കേരളത്തെ വിളിച്ചത്. അതില്‍നിന്ന് ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങനെ നാട് എത്തി എന്ന് കുട്ടികള്‍ മനസ്സിലാക്കേണ്ടതല്ലേ? ഈ പാഠത്തിനെതിരെ പറയുന്നവര്‍, ജന്മിത്വത്തില്‍നിന്നും ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നും മോചനം നേടുന്നതിന് ജീവന്‍ പണയപ്പെടുത്തി കര്‍ഷകര്‍ നടത്തിയ സമരം കുട്ടികള്‍ മനസ്സിലാക്കേണ്ടതില്ലെന്നാണ് ശഠിക്കുന്നത്. കര്‍ഷകസമരങ്ങള്‍ രാജ്യത്തിന്റെ മുന്നേറ്റത്തിനു നല്‍കിയ സംഭാവന രാജ്യം അംഗീകരിച്ചതുകൊണ്ടാണല്ലോ അവയെ സ്വാതന്ത്യ്രസമരത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അങ്ങനെ അംഗീകരിക്കപ്പെട്ട പ്രക്ഷോഭങ്ങള്‍പോലും പഠിപ്പിക്കാന്‍ പാടില്ലെന്ന തീട്ടൂരം അറിവില്ലായ്മ കൊണ്ടു മാത്രമുള്ളതല്ല. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കാന്‍ ഇടതുപക്ഷം തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തിയവരാണ് യുഡിഎഫുകാര്‍. നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുക എന്നത് ഭക്ഷ്യസുരക്ഷിതത്വത്തിനുള്ള അവശ്യ ഉപാധിയാണ്. നെല്‍പ്പാടങ്ങളുടെ തകര്‍ച്ച സംബന്ധിച്ച് ഏഴാംക്ളാസിലെ കുട്ടിയെ പഠിപ്പിക്കുന്നതിന് ഉതകുന്നതാണ് ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും എന്ന പാഠം. അധ്വാനവുമായി കുട്ടികള്‍ക്ക് ബന്ധമില്ലാത്ത കാര്യം കേരളീയവിദ്യാഭ്യാസത്തിന്റെ പരിമിതിയായി ഏവരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആ പരിമിതി തിരുത്തി കാര്‍ഷികമേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനുള്ള ചുവടുവയ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ത്തന്നെ നടത്തണമെന്ന് ഏവരും സമ്മതിക്കുന്നതാണ്. ആ കാര്യം കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ സത്യത്തില്‍ കേരള വികസനത്തിനുതന്നെയാണ് തടസ്സം നില്‍ക്കുന്നതെന്ന് കാണേണ്ടതുണ്ട്.

ഗൂഢാലോചപരാജയപ്പെടുത്തുക

കുട്ടികളെ സാമൂഹ്യബോധത്തിലേക്ക് കൊണ്ടുവരിക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ "ഇനിയും മുന്നോട്ട്'' എന്ന പാഠം ഈ കാഴ്ചപ്പാട് വിദ്യാര്‍ഥികളില്‍ എത്തിക്കാനാണ് പരിശ്രമിക്കുന്നത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് എന്തിന് പുലിവാല്‍ പിടിക്കണം എന്ന തെറ്റായ ചിന്തയില്‍നിന്ന് ഉയര്‍ന്ന സാമൂഹ്യ-സാംസ്കാരിക ബോധത്തിലേക്ക് വിദ്യാര്‍ഥിയെ എത്തിക്കാനുള്ള ഇടപെടലാണ് ഈ പാഠം നിര്‍വഹിക്കുന്നത്. ഇത് ജനവിരുദ്ധതയല്ല മനുഷ്യസ്നേഹമാണെന്ന് കാണാനുള്ള കണ്ണ് അന്ധമായ രാഷ്ട്രീയതിമിരംകൊണ്ട് യുഡിഎഫിനും കൂട്ടുകാര്‍ക്കും നഷ്ടമായിരിക്കുന്നു. ഭൂപരിഷ്കാരത്തെ സംബന്ധിച്ചും അത് കേരളീയ സാമൂഹ്യജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നതിനുള്ള സാഹചര്യം ഈ പാഠപുസ്തകം ഒരുക്കിയെന്നുള്ളതാണ് ചിലരുടെ വേവലാതി. ഭൂപരിഷ്കരണം കേരളത്തിന് ദോഷമായിരുന്നോയെന്ന് അതിന്റെ ആനുകൂല്യം പറ്റിയ പഴയ തലമുറയോട് ചോദിക്കാനുള്ള ചരിത്രബോധമെങ്കിലും 'പ്രക്ഷോഭകര്‍' കാണിക്കണം. ഭൂപരിഷ്കരണം അബദ്ധമാണെങ്കില്‍ അന്ന് അതുവഴി കുടിയൊഴിപ്പിക്കലില്‍നിന്ന് രക്ഷനേടുകയും തുടര്‍ന്ന് ഭൂമി ലഭിക്കുകയുംചെയ്ത യുഡിഎഫ് അനുഭാവികളോട് അവ ഉപേക്ഷിക്കാന്‍ ഈ നേതാക്കള്‍ ഉപദേശിക്കുമോ? കേരളജനതയ്ക്ക് ഏറെ നേട്ടം ഉണ്ടാക്കിക്കൊടുത്ത ഒരു പരിഷ്കാരം പഠിപ്പിക്കേണ്ടെന്നു പറയുന്നിടത്താണ് പാഠപുസ്തകത്തിന്റെ രാഷ്ട്രീയവല്‍ക്കരണം നടക്കുന്നത്. സാമൂഹ്യമുന്നേറ്റത്തിന് ഇടയാക്കിയ പരിഷ്കാരങ്ങളെ തിരസ്കരിച്ച് പക്ഷപാതിത്വപരമായി ഇടപെടുന്ന രാഷ്ട്രീയവല്‍ക്കരണ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണിവിടെ. ചുറ്റുപാടുമുള്ള ലോകത്തോട് ഇടപെട്ടും സഹജീവികളോട് സ്നേഹപൂര്‍ണമായി പെരുമാറിയും ജീവിക്കണമെന്നാണ് 7-ാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പുസ്തകം പഠിപ്പിക്കുന്നത്. മതങ്ങള്‍ ഉന്നതമായ ആദര്‍ശങ്ങളാണ് പഠിപ്പിക്കുന്നതെന്നും അവ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ തമ്മില്‍ ഐക്യവും വേണമെന്നുമാണ് ഇതിന്റെ ഊന്നല്‍. ഇന്ത്യയുടെ മഹത്തായ ഗുണമായി ഏവരും വിലയിരുത്തുന്നതാണ് നാനാത്വത്തിലെ ഏകത്വം. അത് കുട്ടികളില്‍ എത്തിക്കാനുതകുംവിധം വിവിധ ജീവിതരീതികളെ പരിചയപ്പെടുത്തുന്നത് നമ്മുടെ ദേശീയ പാരമ്പര്യത്തിന്റെതന്നെ ഭാഗമായാണ് വിലയിരുത്തപ്പെടേണ്ടത്. ജനനേതാക്കളായി ഉയര്‍ന്നുവന്ന നെഹ്റുവിനെപ്പോലെയുള്ള ഉന്നതവ്യക്തിത്വങ്ങള്‍ ലോകത്തെ കണ്ടിരുന്ന രീതി കുട്ടികളെ പരിചയപ്പെടുത്തുന്നത് തെറ്റാണെന്ന് കോഗ്രസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് പറയാനാവുക? പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും നമ്മുടെ നാടിന്റെ വികസനപ്രശ്നങ്ങളും പരിചയപ്പെടുത്തി കേരളത്തിന്റെ ഭാവി ശോഭനമാക്കാനുള്ള നീക്കം തടയണമെന്ന് ആഗ്രഹിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. കേരളത്തിലെ പാഠപുസ്തകത്തെ വിമര്‍ശിക്കുന്നവര്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍സിഇആര്‍ടി തയ്യാറാക്കി 11-ാം ക്ളാസിലെ കുട്ടികള്‍ പഠിക്കുന്ന പുസ്തകം മറിച്ചുനോക്കേണ്ടതാണ്. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. "നെഹ്റു ഒരു മതാനുഷ്ഠാനങ്ങളും ചെയ്തിരുന്നില്ല. അദ്ദേഹം ദൈവവിശ്വാസിയും ആയിരുന്നില്ല.''എന്നാണതിലുള്ളത്. ഇത് പ്രശ്നമല്ലാത്തവര്‍ക്ക് നെഹ്റുവിന്റെ വില്‍പ്പത്രം ഉള്‍പ്പെടുത്തിയത് തെറ്റാണെന്ന് തോന്നുന്നത് വിദ്യാഭ്യാസപരമായ കാരണങ്ങള്‍ കൊണ്ടാണോ? 11-ാം ക്ളാസിലെ എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരായുള്ള കാര്‍ട്ടൂണുകള്‍ ഉണ്ട്. മതനിരപേക്ഷതയ്ക്ക് നേരിട്ട മൂന്ന് കടന്നാക്രമണങ്ങളെക്കുറിച്ച് പുസ്തകം കുട്ടികളെ ഓര്‍മിപ്പിക്കുന്നുണ്ട്. 1984 ലെ സിഖ് കൂട്ടക്കൊല, കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല, ഗുജറാത്തിലെ വംശഹത്യ തുടങ്ങിയവയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. അയിത്തത്തിനെതിരെയും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും ചില ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാത്ത കാര്യവും ഓര്‍മപ്പെടുത്തുന്നുണ്ട്. മതത്തെ സംബന്ധിച്ച മാര്‍ക്സിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും എന്‍സിആര്‍ടിഇ പാഠപുസ്തകങ്ങളില്‍ പരാമര്‍ശമുണ്ട്. ഇവയെ എങ്ങനെയാണ് കേരളത്തിലെ കോഗ്രസുകാര്‍ കാണുന്നത് എന്നറിയാന്‍ സ്വാഭാവികമായും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. അധികാരം കിട്ടിയ ഇടങ്ങളിലെല്ലാം സംഘപരിവാര്‍ ശക്തികള്‍ പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കിയത്. രാജ്യവ്യാപകമായി അതിനെതിരെ പൊരുതിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. "മുസ്ളീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങളാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളില്‍ ഒന്ന്''- ഗുജറാത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍ ഉള്ളതാണ് ഈ വാക്കുകള്‍. ഇത് അവിടെ പഠിപ്പിക്കുമ്പോള്‍ പ്രധാന പ്രതിപക്ഷമായ കോഗ്രസ് ഏതു തരത്തിലുള്ള പ്രക്ഷോഭമാണ് നടത്തിയത്? ഇവിടെ സമരംനടത്തുന്നവര്‍ അവിടെ എന്തുകൊണ്ട് നിശബ്ദരാകുന്നു എന്നും പറയാനുള്ള ഉത്തരവാദിത്തം കോഗ്രസുകാര്‍ക്കുണ്ട്. വിദ്യാഭ്യാസരംഗത്തെ കച്ചവടവല്‍ക്കരണത്തിനെതിരെ ഇടതുപക്ഷം എടുക്കുന്ന നിലപാടുകളോട് യോജിപ്പില്ലാത്ത ചില ശക്തികള്‍ സര്‍ക്കാരിനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ മതവിശ്വാസികള്‍ അത്തരം കാര്യങ്ങളുടെ പിന്നിലല്ലെന്ന് സമീപകാല സംഭവങ്ങളില്‍ തെളിയുന്നു. 13 സഭകളുടെയും 19 ക്രൈസ്തവസംഘടനകളുടെയും ഐക്യവേദിയായ കേരള കൌസില്‍ ഓഫ് ചര്‍ച്ചസ് ഈ വസ്തുത വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. 7-ാം ക്ളാസിലെ പാഠപുസ്തകം മതവിരുദ്ധമോ മതനിഷേധമോ അല്ലെന്ന് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചു. യഥാര്‍ഥ മതവിശ്വാസികള്‍ യുഡിഎഫിന്റെ തെറ്റായ പ്രചാരണങ്ങള്‍ക്കു പിന്നിലില്ല എന്നതിന്റെ സൂചനയാണിത്. മതവിശ്വാസം മുറുകെപ്പിടിച്ച്് മതനിരപേക്ഷ സമീപനം മുന്നോട്ടുവച്ച മാര്‍ മിലിത്തിയോസിനെതിരെ വ്യാജരേഖ ചമയ്ക്കുന്നതിനുവരെ ഇത്തരം ആളുകള്‍ തയ്യാറായ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. സമരാഭാസങ്ങള്‍ക്കു പിന്നില്‍ ശക്തമായ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവുതന്നെയാണിത്. പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഏതുവിഭാഗവും തങ്ങളുടെ ആശങ്ക ഉന്നയിച്ചാല്‍ അവ ചര്‍ച്ചചെയ്യാന്‍ തയ്യാറുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഉതകുന്ന ഒരു വിദഗ്ധസമിതിയെ നിയമിക്കാനും നിയമസഭയില്‍ തുറന്ന ചര്‍ച്ച നടത്തുന്നതിനും സര്‍ക്കാര്‍ തയ്യാറായി. തികച്ചും ജനാധിപത്യപരമായി വിഷയങ്ങളെ സമീപിക്കുന്ന ഈ നയത്തിനോട് ജനാധിപത്യമര്യാദയോടെ പ്രതികരിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍പോലും തയ്യാറില്ലെന്ന പിടിവാശി കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് വിരല്‍ചൂണ്ടുന്നത് സംസ്ഥാനത്ത് കലാപം ഉയര്‍ത്താനുള്ള യുഡിഎഫ് ഗൂഢാലോചനയിലേക്കാണ്. പാഠപുസ്തകങ്ങളെ ബഹുമാനിക്കുക എന്നത് നാം തുടര്‍ന്നുവരുന്ന സംസ്കാരത്തിന്റെ ഭാഗമാണ്. പാഠപുസ്തകങ്ങള്‍ കത്തിച്ച് കലാപമുണ്ടാക്കാന്‍ ചിലര്‍ പരിശ്രമിച്ചു എന്നത് ഏറെ ഗൌരവകരമായ പ്രശ്നമാണ്. ഈ തെറ്റിനെ തള്ളിപ്പറയാന്‍ സമരത്തിന് നേതൃത്വംനല്‍കുന്നവര്‍ തയ്യാറായില്ല. മാത്രമല്ല കുറ്റക്കാരെ ശക്തമായി പിന്തുണയ്ക്കാന്‍ അവര്‍ ഉണ്ടായിരുന്നുവെന്നതും ഈ പ്രക്ഷോഭത്തിന്റെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് തെളിയിക്കുന്നു. പാഠപുസ്തകത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്താകമാനം കുഴപ്പമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധ മനോഭാവം കുത്തിപ്പൊക്കാനാവുമോ എന്നതാണ് ലക്ഷ്യം. സെക്രട്ടറിയറ്റ് നടയില്‍ യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമങ്ങള്‍ അതാണ് കാണിക്കുന്നത്. ഇതിന് ക്രിമിനല്‍സംഘങ്ങളെവരെ ഉപയോഗിക്കുന്ന അവസ്ഥയുണ്ട്. കേരളത്തില്‍ പലപ്പോഴും ഉയര്‍ന്നുവരികയും ജനങ്ങള്‍ തള്ളിക്കളയുകയുംചെയ്ത യുഡിഎഫ്-ബിജെപി ബാന്ധവം വീണ്ടും യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്നം അണിയറയില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിന് വിദ്യാഭ്യാസക്കച്ചവടക്കാരായ ചിലര്‍തന്നെ നേതൃത്വം നല്‍കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാനും അല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും അവകാശം നല്‍കുന്ന മതനിരപേക്ഷ സമൂഹം രൂപപ്പെടുന്നതിനെതിരെ വര്‍ഗീയവാദികള്‍ നിലപാടെടുക്കുന്നത് ആര്‍ക്കും മനസിലാക്കാവുന്നതാണ്. എന്നാല്‍, അത്തരമൊരു കാഴ്ചപ്പാടിന് കോഗ്രസ് ഉള്‍പ്പെടെയുള്ള ചില മതനിരപേക്ഷ കക്ഷികള്‍ നേതൃത്വം നല്‍കുന്ന അപമാനകരമായ ചിത്രമാണ് കേരളത്തില്‍ ഇന്ന്. മതനിരപേക്ഷതയില്‍ അടിയുറച്ചുനിന്ന ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യത്തെ കേരളത്തിലെ കോഗ്രസ് കൈയൊഴിയുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത്. മതരാഷ്ട്രം കെട്ടിപ്പടുക്കുക എന്ന സംഘപരിവാറിന്റെ അജന്‍ഡകള്‍ക്ക് പശ്ചാത്തലമൊരുക്കുന്ന ഇത്തരം പ്രക്ഷോഭങ്ങളെ തുറന്നുകാട്ടാന്‍ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശാല ഐക്യനിര രൂപപ്പെട്ടുവരേണ്ടതുണ്ട്. അത്തരമൊരു ഐക്യം കേരളത്തില്‍ ഉയര്‍ന്നുവരുന്നു എന്ന ഏറ്റവും ശുഭകരമായ ചിത്രവും ഈ നാളുകളില്‍ നാം കാണുന്നുണ്ട്. എല്ലാ മതവും ഐക്യത്തോടുകൂടി ജീവിച്ച് സഹജീവികളുടെ പ്രശ്നങ്ങളില്‍ എല്ലാം മറന്ന് ഇടപെട്ടതാണ് നമ്മുടെ പാരമ്പര്യം. ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഭരണഘടന വിഭാവനംചെയ്യുന്ന തരത്തിലുള്ള മതനിരപേക്ഷതയുടെ മഹത്തായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുമുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാനും നമുക്ക് കഴിയേണ്ടതുണ്ട്. അതിനായി പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാതെ പോരാടിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് സിപിഐ എം. കേരളത്തെ വര്‍ഗീയശക്തികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള വലതുപക്ഷ രാഷ്ട്രീയശക്തികളുടെ ഗൂഢാലോചന കേരളത്തില്‍ വിലപ്പോകില്ല.

2 comments:

ജനശബ്ദം said...

പാഠപുസ്തകവിവാദവും പാര്ടി നിലപാടുംഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ എതിയരായി പ്രത്യേകിച്ച്‌ സി പി ഐ എമ്ന്ന് എതിരായി സാമ്രാജിത്ത ശക്തികള്‍ നടത്തുന്ന കടന്നക്രമണങ്ങള്‍ക്കും ഗുഡാലോചനകള്‍ക്കും രാഷ്ട്രിയവും സാമ്പത്തികവുമായ ഉറച്ച പിന്തുണ നല്‍കാനാണ്‌ കേരളത്തിലെ കൃസ്തിയ മതമേലധ്യക്ഷന്മാരും സാമൂദായിക സംഘടനകളും യു ഡി എഫും ശ്രമിക്കുന്നത്‌.ഇന്ത്യയെ അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ക്ക്‌ അടിയറവെയ്ക്കാന്‍ നടത്തുന്ന രാജ്യദ്രോഹപരമായ ആണവക്കരാറിനെ ശക്തമായി എതിര്‍ക്കുന്ന ഇടതുപക്ഷത്തെ വരുതിയില്‍ കൊണ്ടുവരാനാണ്‌ അമേരിക്കയുടെ ആജ്ഞാവര്‍ത്തികള്‍ ശ്രമിക്കുന്നത്‌. ഇതിന്നവര്‍ ഇടതുപക്ഷത്തിന്നെതിരെ ജാത്യുടെയും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ കള്ളപ്രചരണങ്ങള്‍ നടത്തി മുട്ടുകുത്തിക്കാമെന്നാണ്‌ കരുതുന്നത്‌.ഇതിന്നവര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം 7-ം ക്ലാസിലെ സാമൂഹ്യപാഠപുസ്തകം മതചിന്തക്കും ഈശ്വരവിശ്വാസത്തിന്നും എതിരാണെന്നും ഇത്‌ കമ്യുണിസവും നിരിശ്വരവാദവും പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും വ്യാപകമായി കള്ളപ്രചരണം നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ അക്രമസമരത്തിലേക്ക്‌ തിരിച്ച്‌ വിടാനുമാണ്‌.ഇത്തരത്തിലുള്ള വ്യാപകമായ അക്രമസമരങ്ങളും അസത്യപ്രചരണങ്ങളും കേരളത്തിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പിനേയും വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കാരങ്ങളേയും കാര്യമായിത്തന്നെ ബാധിക്കും.കേരളത്തിലെ 7-ം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നവരുടെ ഉള്ളിലിരിപ്പ്‌ എന്താണെന്നും ഈ വിവാദങ്ങളുടെ പൊള്ളത്തരവും വിശദമായി പ്രതിപാദിക്കുന്ന സി പി ഐ എം സംസ്ഥാന സിക്രട്ടറിയുടെ ലേഖനം കൂടുതല്‍ വായനക്കാരിലേക്ക്‌ എത്തിക്കേണ്ടതുണ്ട്‌. താങ്കള്‍ വായിച്ചുകഴിഞ്ഞാല്‍ താങ്കളുടെ സുഹൃത്തിന്ന് ഫോര്‍വേഡ്‌ ചെയ്യുക. സ്നേഹപൂര്‍വംനാരായണന്‍ വെളിയംകോട്‌.http://www.janasabdam1.blogspot.com/

ജനശബ്ദം said...

കേരളത്തെ വര്‍ഗീയശക്തികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന വിലപ്പോകില്ല.