Wednesday, January 13, 2010

സക്കറിയയും മനോജും പിന്നെ ഞാനും

സക്കറിയയും മനോജും പിന്നെ ഞാനും .
സെബാസ്റ്റ്യന്‍ പോള്‍

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

അഭിപ്രായം പ്രകടിപ്പിക്കപ്പെടുന്ന പരിസരത്തു സഹിഷ്‌ണുതയുടെ വെള്ളിവെളിച്ചം മങ്ങാതെ നില്‍ക്കണം. വെളിച്ചക്കുറവു നിമിത്തം കളി ഉപേക്ഷിക്കപ്പെടരുത്‌. പക്ഷേ ഒത്തുകളിച്ചാല്‍ ചിലപ്പോള്‍ കാണികള്‍ ഇടപെടും. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ കളിക്കാരനെ ഫുട്‌ബോള്‍ പ്രേമികള്‍ വെടിവച്ചുകൊന്നിട്ടുണ്ട്‌. അഭിപ്രായപ്രകടനത്തിനും ആത്മാവിഷ്‌കാരത്തിനും പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള ഭരണഘടന ഈ പ്രവര്‍ത്തനം പ്രകോപനപരമാകരുതെന്ന മുറിയിപ്പ്‌ നല്‍കുന്നത്‌ ഇക്കാരണത്താലാണ്‌. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും അക്രമത്തിനു പ്രേരണയാകരുതെന്നുമുള്ള ഉപാധിയോടെയാണു ഭരണഘടന അഭിപ്രായപ്രകടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്‌.

വെള്ളം കലങ്ങിയെന്നു കരുതി യൂത്ത്‌ കോണ്‍ഗ്രസ്‌ തോര്‍ത്തെറിയുന്നതു മനസിലാക്കാം.

ചെകുത്താന്‍ വേദമോതുന്നതുപോലെ വോള്‍ട്ടയറെക്കുറിച്ചുവരെ പരാമര്‍ശമുണ്ടായി. അടിയന്തരാവസ്‌ഥയെന്നത്‌ ഏതോ അടിയന്തരം മാത്രമായിരുന്നുവെന്നു കരുതാനുള്ള പ്രായമാണു ലിജുവിന്റേത്‌. സോണിയാഗാന്ധിയെ വിശുദ്ധ പശുവെന്നും നെഹ്‌റുവിനെ വായാടിയെന്നും ശശി തരൂര്‍ വിശേഷിപ്പിച്ചുവെന്നു കേട്ടപ്പോള്‍ കയറെടുത്ത ആരാച്ചാര്‍മാരെ കോഗ്രസ്‌ ആസ്‌ഥാനത്തു കണ്ടു.

യെഡിയൂരപ്പയെ ഏതോ മോനെന്നു ദേവെ ഗൗഡ വിളിച്ചപ്പോഴുണ്ടായ പുകിലും കണ്ടു. അതുകൊണ്ടു പയ്യന്നൂരിലെ ആ ചെറുപ്പക്കാരെ വെറുതെ വിടുക. അവരുടെ അവിവേകം സംഘടനയും കുറ്റം പൊലീസും കണ്ടെത്തട്ടെ. സക്കറിയയോടു കയര്‍ത്തതു തെറ്റെങ്കില്‍ എം. മുകുന്ദനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രകടനം നടത്തിയതും തെറ്റാണ്‌.

ഏതഭിപ്രായവും ആര്‍ക്കും നിര്‍വിഘ്‌നം പ്രകടിപ്പിക്കുന്നതിന്‌ അവസരമുണ്ടാകണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത ആളാണു ഞാന്‍. ഇതേച്ചൊല്ലി സമീപകാലത്തുണ്ടായ തര്‍ക്കം എന്നെ പാര്‍ട്ടിക്ക്‌ അനഭിമതനാക്കിയെന്ന ധാരണയുണ്ടാക്കി. വര്‍ത്തമാനങ്ങള്‍ക്കിടയില്‍ പിണറായി വിജയനും പരാമര്‍ശവിഷയമായി. എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ മറ്റൊരു ദുരനുഭവം എനിക്കുണ്ടായില്ല. ടെലിഫോണില്‍പോലും അസുഖകരമായതൊന്നും കേള്‍ക്കേണ്ടി വന്നില്ല.

ആശയപരമായ സംവാദങ്ങള്‍ക്കു പാര്‍ട്ടി തയാറാണെന്നിരിക്കേ സക്കറിയയെ മുന്‍നിര്‍ത്തി ഇപ്പോള്‍ നടക്കുന്ന വാചാക്ഷോപം അര്‍ഥരഹിതമാണ്‌.

അബ്‌ദുള്ളക്കുട്ടിക്കു നരേന്ദ്രമോഡിയുടെ ആരാധകനാകാം. സോണിയാഗാന്ധിയെപ്പോലെ കെ.എസ്‌. മനോജിനും ഉള്‍വിളികേട്ടു പ്രവര്‍ത്തിക്കാം. മനോജ്‌ അനുഭവിച്ചുവെന്ന്‌ അവകാശപ്പെടുന്ന പ്രതിസന്ധിയെ അടിസ്‌ഥാനമാക്കി എന്റെ അനുഭവത്തെക്കുറിച്ച്‌ ഈ ദിവസങ്ങളില്‍ ധാരാളം അന്വേഷണമുണ്ടായി. വിശ്വാസം വ്യക്‌തിപരമാണ്‌.

ഭൗതികവാദത്തില്‍ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന പ്രസ്‌ഥാനത്തിന്റെ പ്രതിനിധിയായിരിക്കുമ്പോഴും എനിക്ക്‌ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്റെ വിശ്വാസത്തേക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിച്ചിട്ടില്ല. അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല. പ്രകടമായ വിശ്വാസപ്രഖ്യാപനമാണു മനോജിന്റെ നയം. കൂദാശകള്‍ സ്വീകരിച്ചുകൊണ്ടുള്ള ജീവിതമാണ്‌ അദ്ദേഹത്തിന്റേത്‌. എന്നിട്ടും രണ്ടാംവട്ടം മത്സരിക്കുന്നതിന്‌ അവസരം ലഭിച്ചുവെന്നതു പാര്‍ട്ടി ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെതിനു തെളിവാണ്‌. ഭൗതികവാദപരിസരത്തോട്‌ ഏറെക്കുറെ അടുത്തുനില്‍ക്കുന്ന എനിക്ക്‌ ആ അവസരം ലഭിച്ചതുമില്ല.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്‌സ് കണ്ടു. സന്ദര്‍ഭത്തില്‍നിന്നു ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്‌സിന്റെ ദര്‍ശനം അവ്യക്‌തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്കു യേശു വാഗ്‌ദാനം ചെയ്‌തതു സമാശ്വാസമാണ്‌. അധ്വാനിക്കുന്നവര്‍ക്കു മാര്‍ക്‌സിന്റെ വാഗ്‌ദാനം വിമോചനമാണ്‌. സമാശ്വാസത്തിനപ്പുറമാണു വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ്‌ മാര്‍ക്‌സ് ചിന്തിച്ചത്‌. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

സദസറിഞ്ഞ്‌ സംസാരിക്കണമെന്നു പിണറായി വിജയന്‍ പറഞ്ഞതു പൊതുവേ പാലിക്കപ്പെടേണ്ട തത്വമാണ്‌. അപ്രകാരം സംസാരിച്ചയാളാണു മാര്‍ക്‌ ആന്റണി. പക്ഷേ അവിടെയും സീസറിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്‌ അദ്ദേഹം പ്രഭാഷണം ആരംഭിക്കുന്നത്‌. തന്ത്രപരമായ ആ ശൈലി ഇല്ലായിരുന്നുവെങ്കില്‍ ജൂലിയസ്‌ സീസറിനൊപ്പം മാര്‍ക്‌ ആന്റണിയുടെയും ശവസംസ്‌കാരം നടക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ വിശദീകരിക്കാവുന്നതല്ല ആവിഷ്‌കാരസ്വാതന്ത്ര്യം.

തെരുവില്‍ അപകടമുണ്ടാകുമ്പോള്‍ ഓടിക്കൂടുന്ന ആള്‍ക്കൂട്ടത്തോടു നഷ്‌ടപരിഹാരനിയമത്തിലെ വ്യവസ്‌ഥകള്‍ ചര്‍ച്ച ചെയ്യുന്നതു ഭോഷത്തമാണ്‌. തല്ലുകൊള്ളാതെ രക്ഷപ്പെടുന്നതിനുള്ള തന്ത്രമാണ്‌ അവിടെ പ്രയോഗിക്കേണ്ടത്‌. പ്രകോപനം ഒഴിവാക്കണമെന്ന തത്വം ആള്‍ക്കൂട്ടത്തോടു സംവദിക്കുന്ന മാധ്യമങ്ങള്‍ക്കും ബാധകമാണ്‌.

സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരേ സക്കറിയ സ്വീകരിക്കുന്ന നിലപാട്‌ സ്വാഗതാര്‍ഹമാണ്‌. ലേഡീസ്‌ കമ്പാര്‍ട്ട്‌മെന്റിനേക്കാള്‍ നല്ലതു ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്‌ തന്നെയാണ്‌. ആദരവോടെയുള്ള സഭ്യമായ പെരുമാറ്റം അവിടെ ഉണ്ടാകുന്നുവെന്നു യാത്രക്കാര്‍തന്നെ ഉറപ്പു വരുത്തും. പക്ഷേ ടോയ്‌ലറ്റില്‍ സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ കയറി കതകടച്ചാല്‍ യാത്രക്കാര്‍ ചോദ്യം ചെയ്യും. അതാണു മഞ്ചേരിയില്‍ സംഭവിച്ചത്‌. ഉണ്ണിത്താന്റെ സല്‍പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സക്കറിയയ്‌ക്ക് അവകാശമുണ്ട്‌. അതിനുവേണ്ടി സമാദരണീയരായ ജനനേതാക്കളുടെ സ്‌മരണയെ അവഹേളിക്കുന്നതിനു നടത്തിയ ശ്രമം അപലപനീയമാണ്‌.

അങ്ങനെ താന്‍ സംസാരിച്ചിട്ടില്ലെന്നാണു സക്കറിയ പറയുന്നത്‌. അതു ഞാന്‍ വിശ്വസിക്കുന്നു. പറയുന്നതല്ല പലരും കേള്‍ക്കുന്നത്‌. ഉദ്ദേശിക്കുന്നതല്ല പലരും മനസിലാക്കുന്നത്‌. ശശി തരൂരിന്റെ പ്രശ്‌നം സക്കറിയയ്‌ക്കും ബാധകമായിരിക്കാം എങ്കില്‍ തിരുവനന്തപുരത്ത്‌ ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാനസമിതിയില്‍നിന്നു സക്കറിയയെ ആക്രമിക്കുന്നതിനുള്ള നിര്‍ദേശം പയ്യൂരിലേക്കു പോകേണ്ട കാര്യമില്ല. ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ആ യുവാക്കള്‍ക്കു സക്കറിയയുടെ പയ്യന്നൂര്‍ പ്രസംഗം കേള്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. ആരുടെയെങ്കിലും നൈമിഷികമായ വികാരവിക്ഷോഭം സംഘടനയുടെ ഔദ്യോഗിക നിലപാടായി കാണരുത്‌. അതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കരുത്‌. യഥാര്‍ഥ സാംസ്‌കാരിക ഫാസിസത്തിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.

അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കുത്തരവും ചേര്‍ന്നപ്പോഴാണു വാക്കേറ്റമുണ്ടായത്‌. വാക്കേറ്റം കൈയേറ്റമായോ എന്നു പൊലീസ്‌ അന്വേഷിക്കട്ടെ.

കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയാറല്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു തയാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്‌ചയിലുമുള്ള അവിശ്വാസമാണു സക്കറിയ എന്ന സാംസ്‌കാരികനായകന്‍ പ്രകടിപ്പിക്കുന്നത്‌. ജനാധിപത്യവിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ്‌ അപകടകരമായ സാംസ്‌കാരിക ഫാസിസത്തിന്റെ തുടക്കം.

1 comment:

ജനശബ്ദം said...