Tuesday, January 19, 2010

ആധുനിക ബംഗാളിന്റെ ശില്‍പ്പി.

ആധുനിക ബംഗാളിന്റെ ശില്‍പ്പി .




ആധുനിക ബംഗാളിന്റെ ശില്‍പ്പി എന്ന് ജ്യോതിബസുവിനെ വിശേഷിപ്പിക്കാം. ബി സി റോയിക്കുശേഷം ഏറ്റവുമധികം കാലം ബംഗാള്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് ജ്യോതിബസുവാണ്. സ്വാതന്ത്യ്രാനന്തര ബംഗാളിന്റെ രാഷ്ട്രീയ ജനാധിപത്യ ഭൂമിക നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ട്. ജനങ്ങളുടെ പ്രശ്നം അവതരിപ്പിക്കാനുള്ള ശക്തമായ വേദിയാണ് നിയമസഭയെന്ന് ബസു ബംഗാളിന് കാട്ടിക്കൊടുത്തു. 1946ല്‍ അദ്ദേഹം നിയമസഭാംഗമായി. കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാട് സഭയ്ക്കകത്ത് ഉന്നയിക്കുന്നതിന് തുടക്കമിട്ടത് ബസുവാണ്. ഭക്ഷ്യക്ഷാമം, ട്രാം ചാര്‍ജ് വര്‍ധന, അധ്യാപക സമരം, റെയില്‍വേ സമരം തുടങ്ങി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ബസു നിയമസഭയില്‍ ഉയര്‍ത്തി. പാര്‍ലമെന്ററി ജനാധിപത്യത്തെ എങ്ങനെ കമ്യൂണിസ്റ് പാര്‍ടിയുടെ മുന്നേറ്റത്തിന് ഉപയോഗിക്കാമെന്ന് ഇ എം എസിനെ പോലെ ബസുവും കാട്ടിക്കൊടുത്തു. 'ബംഗാളി ഭദ്രലോക്' എന്ന മധ്യവര്‍ഗ വിഭാഗത്തെ കമ്യൂണിസ്റ് പാര്‍ടിയുമായി അടുപ്പിക്കുന്നതില്‍ ബസു പ്രധാന പങ്കുവഹിച്ചു. ഇംഗ്ളീഷ് വിദ്യാഭ്യാസവും മാന്യമായ പെരുമാറ്റവുമാണ് ബസുവിനെ ഈ വിഭാഗവുമായി അടുപ്പിച്ചത്. ബംഗാളിലെ കമ്യൂണിസ്റ് പാര്‍ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാന്‍ ഇത് ഏറെ സഹായിച്ചു. ബംഗാളിലെ ബുദ്ധിജീവി വിഭാഗം കമ്യൂണിസ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടതും ഇതിന്റെ ഫലമായാണ്. ഇത്തരം പശ്ചാത്തലമൊരുക്കിയശേഷമാണ് ഇന്ത്യക്കുതന്നെ മാതൃകയായ പരിഷ്കാരങ്ങള്‍ ബസു നടപ്പാക്കിയത്. ഇതില്‍ പ്രധാനം ഭൂപരിഷ്കരണംതന്നെ. മിച്ചഭൂമി ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണംചെയ്തുവെന്ന് മാത്രമല്ല, ജന്മിമാരുടെ കീഴില്‍ പങ്കുകൃഷിക്കാര്‍ (ബര്‍ഗാദര്‍മാര്‍)ക്ക് ഭൂമിയില്‍ അവകാശം നല്‍കിയെന്നതാണ് ബംഗാളിലെ ഭൂപരിഷ്കരണത്തിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്ത് മൊത്തം ഭൂരഹിതകര്‍ഷകര്‍ക്ക് വിതരണംചെയ്ത ഭൂമിയുടെ 22 ശതമാനവും ബംഗാളിലാണ്. കൃഷിഭൂമി ലഭിച്ചവരില്‍ 56 ശതമാനം പട്ടികവിഭാഗക്കാരാണ്. 29.82 ലക്ഷം കര്‍ഷകര്‍ക്കാണ് 2006 വരെ ഇതിന്റെ ഗുണം ലഭിച്ചത്. 15.07 ലക്ഷം ബര്‍ഗാദര്‍മാര്‍ക്കും ഭൂമിയില്‍ അവകാശം ലഭിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വിതരണംചെയ്തപ്പോള്‍ അതിന്റെ ഗുണം 5.54 ലക്ഷം കര്‍ഷകര്‍ക്കും ലഭിച്ചു. തുറന്ന കമ്പോളത്തില്‍നിന്ന് ഭൂമി വാങ്ങി ഭൂരഹിത കര്‍ഷകര്‍ക്ക് നല്‍കാനായി 25 കോടി രൂപ ബജറ്റില്‍ നീക്കിവച്ച ഏക സര്‍ക്കാരും ബംഗാളിലേതായിരിക്കും. ഇന്നും 15 ശതമാനം ഭൂവുടമകളുടെ കൈവശമാണ് രാജ്യത്തിന്റെ 60 ശതമാനം ഭൂമിയും ഉള്ളതെങ്കില്‍ പശ്ചിമബംഗാളില്‍ 78 ശതമാനം കൃഷിഭൂമിയും 95 ശതമാനം വരുന്ന ചെറുകിട കൃഷിക്കാരുടെ കൈവശമാണ്. ബംഗാളിന്റെ മുഖച്ഛായ മാറ്റാന്‍ ഈ പരിഷ്കരണം വഴിവച്ചു. ഫ്യൂഡലിസത്തെ തകര്‍ത്ത ഭൂപരിഷ്കരണം ഗ്രാമീണ ബംഗാളിന് ഉണര്‍വേകി. എപത് ശതമാനം കൃഷിഭൂമിയും ചെറുകിട, ഇടത്തരം കൃഷിക്കാര്‍ക്ക് ലഭിച്ചതോടെ കാര്‍ഷികോല്‍പ്പാദനത്തില്‍ വന്‍വര്‍ധന ഉണ്ടായി. ഇന്ത്യയില്‍ ഏറ്റവുമധികം അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാളാണ്. ചണം ഉല്‍പ്പാദനത്തിലും രാജ്യത്ത് ഒന്നാംസ്ഥാനം ബംഗാളിനു തന്നെ. ഉരുളക്കിഴങ്ങ് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനവും. കാര്‍ഷിക ഉല്‍പ്പാദനത്തില്‍ 3.64 ശതമാനം ശരാശരി വളര്‍ച്ചയുണ്ടായി. ദേശീയ ശരാശരിയുടെ ഇരട്ടിയാണത്. ഈ ഉല്‍പ്പാദന വര്‍ധന സ്വന്തം കാലില്‍ നില്‍ക്കാന്‍ ദരിദ്രകര്‍ഷകനെ സഹായിച്ചു. അവര്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനാരംഭിച്ചു. ഇത് സംസ്ഥാനത്ത് സാക്ഷരത വര്‍ധിപ്പിച്ചു. ബസു അധികാരമേല്‍ക്കുമ്പോള്‍ 40 ശതമാനത്തിലും താഴെയായിരുന്നു സാക്ഷരതയെങ്കില്‍ ബസു അധികാരമൊഴിയുന്ന 2000 ആകുമ്പോഴേക്കും അത് 70 ശതമാനമായി. പ്ളസ് ടു വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചാംക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ സൌജന്യമായി വിതരണം ചെയ്യാനും ഉച്ചഭക്ഷണം നല്‍കാനും തയ്യാറായി. ലോഡ്ഷെഡിങ് എന്ന സ്ഥിരം ശാപത്തില്‍നിന്ന് ബംഗാള്‍ മുക്തമായതും ബസുവിന്റെ കാലത്താണ്. പ്രത്യേകിച്ചും കാര്‍ഷിക ഉല്‍പ്പാദന വര്‍ധനയ്ക്ക് ഇത് ഏറെ സഹായിച്ചു. വൈദ്യുതി ക്ഷാമമുള്ള സംസ്ഥാനത്തില്‍നിന്ന് വൈദ്യുതി മിച്ച സംസ്ഥാനമായി മാറി. ത്രിതല പഞ്ചായത്ത് സംവിധാനം ശക്തിപ്പെടുത്തിയതാണ് ബസുവിന്റെ മറ്റൊരു പ്രധാന സംഭാവന. അധികാരം ജനങ്ങള്‍ക്ക് നല്‍കുന്നതിനും അതുവഴി ജനാധിപത്യത്തിന്റെ ഗുണഫലം അവരിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം ലഭ്യമാകണമെങ്കില്‍ വ്യവസായവല്‍ക്കരണം അനിവാര്യമാണെന്ന് ബസു മുന്‍കൂട്ടി കണ്ടു. ഇതിന്റെ ഭാഗമായാണ് 1994ല്‍ പുതിയ വ്യവസായനയം രൂപപ്പെടുത്തിയത്. പൊതുമേഖലയെ സംരക്ഷിക്കലല്ല, സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കലാണ് നയമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബസു പുതിയ നയം പ്രഖ്യാപിച്ചത്. പൊതുമേഖലയെ സംരക്ഷിച്ചുതന്നെ സ്വകാര്യമേഖലയെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു വ്യവസായ നയത്തിന്റെ ഉള്ളടക്കം. പുതിയ വ്യവസായ നയത്തിന്റെ ഫലമായി നിരവധി ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ബംഗാളില്‍ തുറന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനകം 1218 വ്യവസായശാലകള്‍ ഉയര്‍ന്നു. 29,195 കോടി രൂപയുടെ നിക്ഷേപം 2005 നകം ബംഗാളിലുണ്ടായി. എന്നാല്‍, ബസുവിന്റെ പ്രധാന സംഭാവന ഏതെന്നുചോദിച്ചാല്‍ അതിന് ഉത്തരം ഹാല്‍ദിയ എന്ന വ്യവസായ നഗരമാണ്. മീന്‍പിടിത്തക്കാര്‍ വസിച്ചിരുന്ന ഈ പ്രദേശം ഇന്ന് ഏറ്റവും വലിയ നഗരമാണ്. ഹാല്‍ദിയ പെട്രോകെമിക്കല്‍സ്, എണ്ണശുദ്ധീകരണശാല തുടങ്ങിയ വന്‍കിട വ്യവസായങ്ങളും നിരവധി അനുബന്ധ വ്യവസായങ്ങളും ഇവിടെ ആരംഭിച്ചു. മിറ്റ്സ്ബുഷി പോലുള്ള ജപ്പാനിലെ കമ്പനികളും ഇവിടെ വ്യവസായങ്ങള്‍ ആരംഭിച്ചു. ഹാല്‍ദിയ തുറമുഖം കൊല്‍ക്കത്ത തുറമുഖത്തേക്കാള്‍ ചരക്ക് കൈകാര്യംചെയ്യുന്ന തുറമുഖമായി മാറി. വര്‍ഗീയതയില്‍നിന്നും വംശീയവാദത്തില്‍നിന്നും ബംഗാളിനെ രക്ഷിക്കുന്നതിലും ബസുവിന് പങ്കുണ്ട്. അയോധ്യ പ്രസ്ഥാനത്തിന്റെ കാര്യത്തിലും മണ്ഡല്‍ കമീഷന്റെ കാര്യത്തിലും ബംഗാള്‍ ശാന്തമായാണ് പ്രതികരിച്ചത്.
വി ബി പരമേശ്വരന്‍

No comments: