Wednesday, June 25, 2008

പാണ്ടന്‍ നായടെ പല്ലിന്‍ ശൗര്യം പണ്ടെപ്പോലെ ഫലിക്കുന്നില്ല

പാണ്ടന്‍ നായടെ പല്ലിന്‍ ശൗര്യം
പണ്ടെപ്പോലെ ഫലിക്കുന്നില്ല.


ഏ ഴാംക്ളാസിലെ വിവാദ പാഠപുസ്തകത്തെകു റിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ചയാകാമെന്ന മന്ത്രി എം എ ബേബിയുടെ മറുപടി അടിയന്തരപ്രമേയവുമായി എത്തിയ കെ എം മാണി മുതല്‍പേര്‍ ഒട്ടും പ്രതീക്ഷിച്ചില്ല. പാഠപുസ്തത്തില്‍ കണ്ണോടിച്ചപ്പോള്‍ കമ്യൂണിസ്റ്റ് ആശയപ്രചാരണം, മതനിരാകരണം, ഈശ്വരനിഷേധം ഇവയൊക്കെയാണ് മാണിയുടെയും മറ്റും മനസ്സില്‍ തെളിഞ്ഞത്. ഇളകിയാടാന്‍ ഇനിയെന്ത് വേണമെന്ന മട്ടിലായിരുന്നു മാണിയുടെ വരവ്. പാഠപുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചും വിശദീകരിച്ചും നീണ്ട മറുപടിക്കൊടുവിലാണ് ചര്‍ച്ചയാകാമെന്ന് മന്ത്രി വെളിപ്പെടുത്തിയത്. അതോടെ സ്കോര്‍ മന്ത്രിക്ക് അവകാശപ്പെട്ടതായി. കാര്യപരിപാടിയിലെ മുഖ്യ ഇനമായ ധനാഭ്യര്‍ഥന ചര്‍ച്ച തല്‍ക്കാലം മാറ്റിവച്ചാണ് അടിയന്തരപ്രമേയം ചര്‍ച്ചയ്ക്ക് എടുത്തത്. മൂന്ന് മണിക്കൂറിലേറെ ചര്‍ച്ച നീളുകയും ചെയ്തു. വിമര്‍ശനങ്ങളെ കുറിച്ച് തുറന്ന മനസ്സോടെ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും മന്ത്രി ബേബി വ്യക്തമാക്കിയെങ്കിലും പാഠപുസ്തകം പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു തീര്‍പ്പിനും പ്രതിപക്ഷം ഒരുക്കമായിരുന്നില്ല. ഒടുവില്‍ ഒരു ഇറങ്ങിപ്പോക്കും. എല്ലാ മതവും മനുഷ്യനന്മയാണ് ലക്ഷ്യമാക്കുന്നതെന്ന് പാഠപുസ്തകത്തിലെ പരാമര്‍ശം മതവിരുദ്ധതയാണെന്ന് പറയുന്നവര്‍ക്ക് സ്വബോധമില്ലെന്നായിരുന്നു മന്ത്രിയുടെ പക്ഷം. ഗോര്‍ബച്ചോവിനു മുമ്പേ പെരിസ്ട്രോയിക്ക അവതരിപ്പിച്ചെന്ന് ഖ്യാതി നടിക്കുന്ന മാണിക്ക് കമ്യൂണിസത്തെ കുറിച്ച് ധാരണപോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂപ്പിയുടെ കാലത്ത് വയലാറിന്റെ 'തൊഴിലാളി' എന്ന കവിത ചേര്‍ത്തത് മാണി കാണാതിരുന്നത് നന്നായി. കമ്യൂണിസവും മതനിന്ദയും പുസ്തകത്തില്‍ എവിടെയാണെന്ന് മന്ത്രി ചോദിച്ചെങ്കിലും മാണിയില്‍നിന്ന് മറുപടിയുണ്ടായില്ല. 'ഞങ്ങളുടെ കുട്ടികളെ നിങ്ങളുടെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് ഞങ്ങള്‍ പണിയെടുക്കില്ല' ഇങ്ങനെ പറഞ്ഞത് ചട്ടമ്പിസ്വാമിയാണെന്നാണ് മാണി ധരിച്ചിരുന്നത്. അയ്യങ്കാളിയാണെന്ന് തിരുത്താന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ ഇടപെടല്‍ വേണ്ടിവന്നു. കമ്യൂണിസ്റ്റ് ആശയം പ്രചരിപ്പിക്കാന്‍ പാഠപുസ്തകത്തിന്റെ പിന്‍ബലം വേണ്ടെന്ന് എം പ്രകാശന്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ മുദ്രാവാക്യം പോലെ പുരോഗമനപരമായ കവിതകളാണ് സൂപ്പി മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ പുസ്തകത്തിലുണ്ടായിരുന്നതെന്ന് എ എം ആരിഫ്. രൂക്ഷമായ മതവിമര്‍ശനം ആ പുസ്തകത്തിലുണ്ടായിരുന്നിട്ടും കോഗ്രസും ലീഗും അത് കണ്ടില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ചരിത്രത്തോട് നീതി പുലര്‍ത്തുന്നവര്‍ക്ക് കമ്യൂണിസ്റ്റുകാരുടെ പങ്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ പുസ്തകം ചുട്ടെരിക്കുമായിരുന്നെന്ന് പി സി വിഷ്ണുനാഥിന് തീര്‍ച്ച. ഇരുപത്തിനാലിടത്ത് കോഗ്രസ് നേതാക്കളെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് വി എസ് സുനില്‍കുമാര്‍ ഓര്‍മിപ്പിച്ചു. മതം മാറി കല്യാണം കഴിക്കുന്നതും മതമില്ലെന്ന് പറയുന്നതും ആശ്വാസകരമാണെന്ന് കെ കെ ശൈലജ. കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മകന്‍ കല്യാണം കഴിച്ച ക്രിസ്ത്യന്‍ യുവതി ഇപ്പോള്‍ ഇസ്ളാമായെന്ന് സി ടി അഹമ്മദലി. അപ്പോള്‍ ഇടയ്ക്കുണ്ടായ കുട്ടികള്‍ ഏത് മതത്തിലാണെന്ന് പി ടി എ റഹീമിന് അറിയണം. ഇന്ദിരാഗാന്ധി മുതല്‍ പ്രിയങ്കവരെ അന്യമതസ്ഥരെ ജീവിത പങ്കാളികളാക്കിയത് ബാബു എം പാലിശേരി വിവരിച്ചു. മുസ്ളിമായ തനിക്ക് പാഠപുസ്തകത്തില്‍ ഒരു അപരാധവും കാണാന്‍ കഴിയുന്നില്ലെന്ന് എ എ അസീസ്. മുസ്ളിങ്ങള്‍ക്ക് ക്രിസ്ത്യാനിയെ കെട്ടാമെന്നാണ് ആര്യാടന്‍ മുഹമ്മദിന്റെ മതം. ഇരുകൂട്ടരും മൂന്നാംവേദക്കാരാണെന്ന ന്യായവും ആര്യാടന്‍ വക. ലീഗ് നേതാക്കളുടെ മക്കളുടെ മിശ്രവിവാഹങ്ങളെ കുറിച്ച് കെ ടി ജലീലും വിവരിച്ചു. യുഡിഎഫുകാര്‍ ഇപ്പോഴെങ്കിലും പുസ്തകം വായിച്ചതിലായിരുന്നു രാജു എബ്രഹാമിന് സന്തോഷം. മിശ്രവിവാഹത്തോട് എതിര്‍പ്പില്ലെങ്കിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കായിരുന്നു വാശി.

1 comment:

ചാർ‌വാകൻ‌ said...

അടുത്ത കാലത്തു- ഏറ്റവും നല്ല കാഴ്ച കണ്ടതു യൂത്തുകൊങ്രസ്കാരും കെഏസ്യൂക്കാരും തല്ലുമെടിയ്ക്കുന്നതണ്.
സുബൊധം ഉള്ള ആരെങ്കിലും ഇങനെ ആവസ്യമില്ലാതെ തല്ലുമെടിക്കുമൊ.
ഭൂമി ഉരുന്ടതാണന്നു ശാസ്റ്റ്രം പരയുമ്പൊള്.നമ്മുടെ മതത്തിനെതിരാണ്.അതിനാല്‍ ആ വാദം പിന്‍വലിയ്ക്കണം എന്നു പുരൊഹിതന്മാര്‍ പറയും.കൊങ്രസ്സു പറയരുത്.
ചരിഠ്രത്തില്‍ ഉന്ന്ടായ ഇത്തരം തെറ്റുകളെ മതം പിന്നീട് തിരുത്തി.
മതവിശാസിയാകാനുള്ള അതെ അവകാശം അല്ലാതിരിക്കുവാനും ഉണ്ട്.
ഭരണകഷിയെ തല്ലാന്‍ വേറെ വടിയുള്ളപ്പൊള്‍ ഒടിഞവടിയുമായുള്ള ഈ നാടകം അപഹാസ്യമാണ്.വെളിവുള്ള ആരും സമ്മതിക്കുന്ന കാര്യം,മനുഷ്യന്‍ അകപ്പെട്ടു പോയ കുരുക്കാണ്‍ ജാതി,മതം,സദാചാരം-ഇവ.ഈ കുരുക്കില്‍ നിന്നും രക്ഷ പെടാന്‍ ചിന്താശ്ക്തി മാത്രംമതി.
അതുപൊലും നഷ്ടപെട്ട രാഷ്ട്രീയ തൊഴിലാളികളെ പറ്റി എന്തുപറയണം.