Sunday, June 22, 2008

പുതിയ തലമുറയെ മറവിരോഗികളാക്കരുത് ഒ എന്‍ വി

പുതിയ തലമുറയെ മറവിരോഗികളാക്കരുത് .

ഒ എന്‍ വി

ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതവിരുദ്ധമായി എന്താണുള്ളതെന്ന് മനസ്സിലാകുന്നില്ല. മിശ്രവിവാഹം കഴിക്കുന്ന ദമ്പതികള്‍ക്കുണ്ടാകുന്ന മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അപേക്ഷാഫോറത്തില്‍ മതത്തിന്റെ കോളത്തില്‍ ഒന്നുമെഴുതണ്ട എന്നുപറയുന്നത് മതവിരുദ്ധമാണോ? കുട്ടി വളര്‍ന്നുവലുതാകുമ്പോള്‍ അവന് മതം വേണമെന്ന് തോന്നിയാല്‍ 'അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ' എന്ന പ്രസ്താവം മതവിരുദ്ധമാണോ? അത് വ്യക്തിയുടെ വിശ്വാസസ്വാതന്ത്യ്രത്തെ മാനിക്കലല്ലേ? മറിച്ച് ദമ്പതികളിലൊരാള്‍, കുട്ടിയെ തന്റെ മതം അടിച്ചേല്‍പ്പിക്കുന്നതാണോ വിശ്വാസസ്വാതന്ത്യ്രം? മാനവികമായ ഈ സ്വാതന്ത്യ്രം അനുവദിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ എന്നതില്‍ കുട്ടികള്‍ക്ക് അഭിമാനംകൊള്ളാന്‍ വകനല്‍കുന്ന ഒരു കാര്യമല്ലേ അത്? ഇതേ പാഠത്തിനു പിന്നാലെ 'നന്മയിലേക്കുണരുക' എന്ന ഭാഗത്ത് മഹാഭാരതത്തില്‍നിന്നും ബൈബിളില്‍നിന്നും നബിവചനത്തില്‍നിന്നും ഗുരുനാനാക്കിന്റെ ചൊല്ലുകളില്‍നിന്നും ഉദ്ധരിച്ചു ചേര്‍ത്തത് കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. അങ്ങനെയാണ് വിദ്യാഭ്യാസത്തിലൂടെ വിശ്വമാനവനെ സൃഷ്ടിക്കുക എന്ന മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുക. 'യത്ര വിശ്വം ഭവത്യേകനീഡം' എന്ന ആദര്‍ശവാക്യംകൊണ്ട് വിശ്വഭാരതിക്ക് തിലകക്കുറി ചാര്‍ത്താന്‍ ടാഗോറിനെ പ്രേരിപ്പിച്ചതും അതാണ്. ഈ നല്ല കാര്യത്തെ അഭിനന്ദിക്കാനാകുന്നില്ലെന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച പീര്‍മുഹമ്മദിനെയും ഭഗത്സിങ്ങിനെയുംപറ്റി ആധികാരികമായ രേഖകളുദ്ധരിക്കുന്ന പാഠ്യഭാഗങ്ങള്‍, ജാലിയന്‍വാലാബാഗ്, ഉപ്പുസത്യഗ്രഹം തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍- ഇവയെല്ലാം ഈ പാഠ്യപുസ്തകത്തിലുണ്ട്. കുട്ടികളെ സ്വന്തം നാടിന്റെ പൈതൃകമഹിമയും ചരിത്രവുമറിയാത്തവരായി വളര്‍ത്തണോ? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മലബാര്‍കലാപത്തെപ്പറ്റിയും വാഗ ട്രാജഡിയെപ്പറ്റിയും എത്രയും സമനില പാലിച്ചുള്ള ഈ പാഠപുസ്തകത്തിലെ കുറിപ്പുകള്‍ ചരിത്രത്തിലേക്കുള്ള നേര്‍വഴികാട്ടലാണ്. ഇന്ത്യയെ, ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റേതല്ലാത്ത എന്നാല്‍, എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുപോലെ മാനിക്കുന്ന ഒരു മതേതര രാഷ്ട്രമാക്കിത്തീര്‍ക്കുക എന്ന സ്വപ്നത്തെ താലോലിച്ചിരുന്ന നെഹ്റുവിന്റെ പ്രശസ്തമായ മരണപത്രത്തിലെ ശ്രദ്ധേയമായ രണ്ടുമൂന്ന് വാക്യം ഈ പുസ്തകത്തിലുദ്ധരിച്ചിട്ടുണ്ട്. അതെങ്ങനെ മതവിരുദ്ധമാകും? ഇനിയൊരു പതിപ്പുണ്ടാകുമ്പോള്‍ നെഹ്റുവിന്റെ മരണപത്രം പൂര്‍ണമായും ഉദ്ധരിച്ചുചേര്‍ക്കണമെന്നാണ് എന്റെ അഭിപ്രായം. 1952ല്‍ നെഹ്റു ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെയ്ത പ്രഭാഷണത്തില്‍ അദ്ദേഹത്തിന്റെ ആ 'സാമൂഹികലക്ഷ്യ'ത്തെപ്പറ്റിയുള്ള ചില വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. 'നെഹ്റുവിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്കിനിയും കുറെ സഞ്ചരിക്കേണ്ടതുണ്ട്' എന്ന് എഴുതിച്ചേര്‍ത്തത് കുട്ടികളുടെ മനസ്സിലുണര്‍ത്തുന്നത് മതവിദ്വേഷമാണോ? അതോ നവഭാരതശില്‍പ്പികള്‍ കണ്ട സ്വപ്നത്തിന്റെ വെളിച്ചമോ. കൃഷിക്കാരുടെ സമരത്തെപ്പറ്റി പറഞ്ഞാല്‍ അത് കമ്യൂണിസത്തിന്റെ പ്രചാരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പഴുതുകാണുന്നവരോര്‍ക്കുന്നില്ല, ഇന്ത്യന്‍ ദേശീയ സ്വാതന്ത്യ്രസമരത്തിന്റെ ചരിത്രത്തില്‍നിന്ന് ചമ്പാര കഷകസമരത്തെയും ബംഗാളിലെ നീലംകൃഷിക്കാരുടെ സമരത്തെയും ഒഴിച്ചുനിര്‍ത്താനാകുമോ? ഗാന്ധിജിയും നെഹ്റുവും വിഭാവനചെയ്ത ഇന്ത്യയെ- 'രണ്ടാംകിട പൌരന്മാര്‍' ഇല്ലാത്ത ഇന്ത്യയെ, മഹാകവി ഭാരതി പാടിയതുപോലെ 'നാമെല്ലാരുമിന്നാട്ടുമന്നര്‍' എന്നഭിമാനിക്കാവുന്ന ഇന്ത്യയെ- കെട്ടിപ്പടുക്കുന്നതിനുള്ള യജ്ഞത്തില്‍ നമ്മുടെ കുഞ്ഞുങ്ങളെ ധൈഷണികമായി സജ്ജീകരിക്കാനുള്ളതാണ് പാഠപുസ്തകങ്ങള്‍. ആ വഴിക്കുള്ള നല്ലൊരു ശ്രമത്തെ കണ്ണടച്ച് എതിര്‍ക്കാന്‍, ദേശീയവാദികളെന്ന് അഭിമാനിക്കുന്നവര്‍ക്ക് എങ്ങനെ സാധിക്കുന്നെന്ന് മനസ്സിലാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തെ ഒരു തിയറ്ററിലിരുന്ന് ആറ്റന്‍ബറോയുടെ 'ഗാന്ധി' ചിത്രം കണ്ടതിനിടയ്ക്കുണ്ടായ ഒരനുഭവം ഓര്‍ത്തുപോവുകയാണ്: ഉപ്പുസത്യഗ്രഹത്തിന് മുന്നോട്ടുവന്ന് നിയമം നിഷേധിച്ച് മര്‍ദനമേറ്റുവീഴുന്നവരുടെ എണ്ണം ഒന്നിനു പത്തായി, പത്തിനു നൂറായി വളരുമ്പോള്‍, പിന്നെയും സത്യഗ്രഹസന്നദ്ധരുടെ നിര നീളുമ്പോള്‍, പത്രപ്രതിനിധിയായ ഒരു വിദേശവനിത അടുത്തുള്ള പബ്ളിക് ടെലിഫോ ബൂത്തില്‍നിന്ന് വിളിച്ചറിയിക്കുകയാണ് (സ്വന്തം പത്രം ഓഫീസിലേക്കാകാം) 'അത്ഭുതം! അത്ഭുതം! അവിശ്വസനീയമായ അത്ഭുതം!' എന്ന്!- വെള്ളിത്തിരയില്‍ ഗാന്ധിജിയുടെ നാട്ടില്‍നിന്നിങ്ങനെ ഒരത്ഭുതം ഒരു മദാമ്മ വിളിച്ചുപറയുമ്പോള്‍, തൊട്ടുപിറകിലെ സീറ്റുകളില്‍നിന്ന് കുറെ ചെറുപ്പക്കാരുടെ ശബ്ദം കേട്ടു. 'ഏത് വെള്ളരിക്കപ്പട്ടണത്തിലാടാ ഇത്?' ഇടവേളയ്ക്ക് വെളിച്ചം തെളിഞ്ഞപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ശുഭ്രവസ്ത്രധാരികളായ കുറെ ചെറുപ്പക്കാര്‍. അവര്‍ക്ക് വിശ്വസിക്കാനായില്ലെന്നതു സത്യം. കാരണം, അവര്‍ ഇന്ത്യയുടെ ചരിത്രത്തെപ്പറ്റി, ഗാന്ധിജിയെപ്പറ്റി, നമ്മളെങ്ങനെ നമ്മളായെന്നതിനെപ്പറ്റിയെല്ലാമുള്ള അജ്ഞതയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍. നമ്മുടെ യുവസമൂഹത്തില്‍ വളര്‍ന്നുവരുന്ന ഈ 'അല്‍ഷൈമേഴ്സ്' രോഗത്തിന് പ്രതിരോധവും പ്രതിവിധിയുമാണ് വിദ്യാഭ്യാസം. അല്‍ഷൈമേഴ്സ് രോഗിയുടെ വീട്ടില്‍ അന്യര്‍ പ്രവേശിക്കാനും വിലപ്പെട്ടതൊക്കെ അന്യാധീനമാകാനും എളുപ്പമാണ്. നമ്മുടെ യുവതലമുറയെ മറവിരോഗത്തിന് അടിപ്പെടുത്തുന്നവര്‍ പുത്തന്‍ അധിനിവേശത്തിന് ഒത്താശചെയ്യുന്നവരാണ്. ഓര്‍ക്കുക ചരിത്രത്തിന്റെ വഴികളിലൂടെ നടത്തി, നാളെത്തെ ചരിത്രം സൃഷ്ടിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ കെല്‍പ്പുറ്റവരാക്കാനാണ് വിദ്യാഭ്യാസം.

പാഠപുസ്തകം താഴെ കാണൂന്ന ലിങ്കില്‍ പോയി വായിച്ച് നിങള്‍ തീരുമാനിക്കുക

http://www.kairalitv.in/people/book/main.html

1 comment:

ജനശബ്ദം said...