Wednesday, June 18, 2008

ഇന്ന് വായനദിനം

ഇന്ന് വായനദിനം
പട്ടം ജി രാമചന്ദ്രന്‍നായര്

‍സാഹിത്യരംഗം വായനക്കാരും എഴുത്തുകാരും പ്രസാധകരും ചേര്‍ന്ന ഒരു ത്രിവേണി സംഗമമാണ്. ഈ മൂന്നുമേഖലയും സമ്പുഷ്ടമാക്കുന്നതില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച മഹാപുരുഷനായിരുന്നു ഗ്രന്ഥശാലാസംഘത്തിന്റെ സ്രഷ്ടാവും പരിപോഷകനുമായിരുന്ന പി എന്‍ പണിക്കര്‍. ബുദ്ധിയും സംസ്കാരവും ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഓജസ്സാര്‍ന്ന സംഘടനാപാടവവുംകൊണ്ട് കൊടിനാട്ടേണ്ടിടത്തെല്ലാം കൊടി നാട്ടി. ചങ്ങനാശ്ശേരി താലൂക്കില്‍ നീലംപേരൂര്‍ ഗ്രാമത്തില്‍ പുതുവായില്‍ കുടുംബത്തില്‍ 1909 മാര്‍ച്ച് ഒന്നിന് പി എന്‍ പണിക്കര്‍ ജനിച്ചു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ മൂര്‍ധന്യാവസ്ഥയിലായിരുന്ന കാലം. സവര്‍ണവിഭാഗം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍നിന്ന് മടങ്ങിവന്നാല്‍ ദേഹശുദ്ധിവരുത്തിയേ വീട്ടിനുള്ളില്‍ പ്രവേശിക്കാവൂ എന്നൊരു ആചാരം അക്കാലത്ത് നിലനിന്നിരുന്നു. പക്ഷേ, ഈ ആചാരങ്ങളൊന്നും അനുഷ്ഠിക്കാത്ത കുടുംബമായിരുന്നു പി എന്‍ പണിക്കരുടേത്. അതിനാല്‍ ജാതിമത സങ്കുചിത ചിന്താഗതിക്കതീതമായ ഒരു വിശാലവീക്ഷണം ഇളംപ്രായംമുതല്‍ക്കേ ആ കുരുന്നുഹൃദയത്തില്‍ വേരൂന്നി വളര്‍ന്നിരുന്നു. ചങ്ങനാശേരി ഹൈസ്കൂളില്‍നിന്ന് ജെഎസ്എല്‍സി പരീക്ഷയില്‍ പി എന്‍ പണിക്കര്‍ അഭിമാനാര്‍ഹമായ വിജയം കൈവരിച്ചു. പക്ഷേ, സാമ്പത്തികക്ളേശം ഉപരിവിദ്യാഭ്യാസത്തിന് വിഘാതമായി. ഒരു മാസത്തിനുള്ളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. അധ്യാപകവൃത്തിക്കിടയില്‍ വിവിധ രംഗങ്ങളില്‍ സേവനനിരതനായ പണിക്കര്‍ മലയാളംവിദ്വാന്‍ പരീക്ഷയ്ക്കും ഹിന്ദിപഠനത്തിനും സമയം കണ്ടെത്തി. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടിയും ഇടതടവില്ലാതെ പ്രവര്‍ത്തനങ്ങളില്‍ പിന്നീടദ്ദേഹം മുഴുകി. അതിനിടയിലും നിത്യേന രണ്ടുമൂന്നുമണിക്കൂര്‍ പഠനത്തിനായി നീക്കിവയ്ക്കുമായിരുന്നു. മഹാത്മജി അഖിലേന്ത്യാതലത്തില്‍ ഹരിജനോദ്ധാരണം മുഖ്യകര്‍മപരിപാടിയായി ആവിഷ്കരിച്ചു നടപ്പാക്കുന്ന കാലം. പി എന്‍ പണിക്കര്‍ തന്റെ ഗ്രാമത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു. ഹരിജനസേവാസമിതി എന്നൊരു സംഘടനയ്ക്ക് രൂപംകൊടുത്തു. നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറ അക്കാലത്ത് നാട്ടുകാരില്‍ ചില പ്രമുഖരുടെ വിശ്രമസങ്കേതംകൂടിയായിരുന്നു. പി എന്‍ പണിക്കര്‍ വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിത്തന്നെ അവരുടെ ഇടയിലേക്ക് കടന്നുചെല്ലുകയും അവരില്‍ പത്രപാരായണത്തിനുള്ള താല്‍പ്പര്യം ജനിപ്പിക്കുകയുമുണ്ടായി. അവര്‍ക്ക് നിത്യേന പത്രം വായിച്ചുകൊടുക്കുക ഒരു നിഷ്ഠയാക്കിയതോടൊപ്പം അവരില്‍ മഹനീയമായ ആശയങ്ങളും ആദര്‍ശങ്ങളും ഉണര്‍ത്തുന്നതിലും ശ്രദ്ധവച്ചു. സ്വ്രന്തമായൊരു വായനശാലയും അതിനൊരു മന്ദിരവും ഉണ്ടാകണമെന്ന പണിക്കരുടെ അഭിലാഷത്തിന് കരുത്തുപകരാന്‍ ആല്‍ത്തറയിലെ സംഗമം ഏറെ സഹായകരമായി. പക്ഷേ, അവരില്‍ പലരും സാമ്പത്തികമായി പിന്‍നിരക്കാരായിരുന്നു. മുഴുവന്‍പേരെയും സഹകരിപ്പിച്ച് വായനശാല മന്ദിരത്തിന് സാമ്പത്തികാടിത്തറ സജ്ജമാക്കുന്നതിനുള്ള കൂട്ടായ യത്നത്തില്‍ അദ്ദേഹം വ്യാപൃതനായി. ഒരു പത്രം വാങ്ങാന്‍പോലും നിര്‍വാഹമില്ലാത്ത അവസ്ഥയായിരുന്നു വായനശാലയില്‍. എട്ടുമൈല്‍ അകലെയുള്ള കോട്ടയം പട്ടണത്തിലേക്ക് കാല്‍നടയായി പി എന്‍ പണിക്കര്‍ യാത്രതിരിച്ചു. നീലംപേരൂരില്‍ ഒരു വായനശാല സ്ഥാപിച്ചുവെന്നും പക്ഷേ ഒരു പത്രം വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ തല്‍ക്കാലം നിര്‍വാഹമില്ലെന്നും അതുകൊണ്ട് വായനശാലയ്ക്ക് പത്രത്തിന്റെ ഒരു പ്രതി കുറച്ചുകാലത്തേക്കെങ്കിലും സംഭാവനയായി നല്‍കണമെന്നുമുള്ള നിവേദനം 'മലയാളമനോരമ'യുടെ അധിപനായ കെ സി മാമ്മന്‍മാപ്പിളയ്ക്ക് നല്‍കി. വായനശാലയ്ക്കു സംഭാവനയായി പതിവായി ഒരു പത്രം നല്‍കുവാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്ന് ഉറപ്പുലഭിച്ചു. ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു: "വായിച്ചു വളരുക എന്ന സന്ദേശത്തിലൂടെ കേരളീയ സംസ്കാരത്തിന് ദിശാബോധം നല്‍കിയ ഒരു ഗ്രാമീണനായിരുന്നു പി എന്‍ പണിക്കര്‍. നവകേരളശില്‍പ്പികളായ ശ്രീശങ്കരന്‍ മുതല്‍ പത്തുപേരെ എടുത്താല്‍ അതില്‍ പി എന്‍ പണിക്കര്‍ ഉണ്ടാകും.... ഈ നൂറ്റാണ്ടില്‍ സരസ്വതീദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ പി എന്‍ പണിക്കരാണ്. ഇദ്ദേഹം നടത്തിയ നിരന്തരമായ ജ്ഞാനയജ്ഞമാണ് ഇവിടത്തെ കുഗ്രാമങ്ങളെപ്പോലും അറിവിന്റെ ആദ്യകണികകള്‍കൊണ്ട് നിറച്ചത്. അറിവാര്‍ജിക്കുന്നതിന് ഷേക്സ്പിയറുടെയും പാശ്ചാത്യസാഹിത്യകാരന്മാരുടെയും കൃതികള്‍ പഠിക്കണമെന്ന നിര്‍ബന്ധം ഉപേക്ഷിച്ച് നമ്പ്യാരുടെയും ചെറുശ്ശേരിയുടെയും കൃതികള്‍ വായിച്ചാല്‍ മതിയെന്ന് ധിക്കാരത്തോടെ കേരളീയഗ്രാമീണരെ പഠിപ്പിച്ചയാളാണ് പണിക്കര്‍. ഗാന്ധിജിയുടെ ഒരു ചെറുപതിപ്പാണ് അദ്ദേഹം. ഗാന്ധിജി ഇംഗ്ളണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഒരു പത്രം എഴുതി, ലോകത്തിലെ ചെറിയ മനുഷ്യരുടെ വലിയ നേതാവാണ് അദ്ദേഹമെന്ന്. അതുപോലെ കേരളത്തിലെ ചെറിയ മനുഷ്യരുടെ വലിയ നേതാവാണ് നാടിന്റെ സാംസ്കാരികാഭിമാനമായ പി എന്‍ പണിക്കര്‍. ഈ വിശുദ്ധന്റെ ജഡം കത്തിത്തീര്‍ന്നപ്പോള്‍ മരണത്തെ തോല്‍പ്പിച്ച ചുരുക്കം കേരളീയരില്‍ ഒരാളാണ് അദ്ദേഹമെന്ന് എത്രപേര്‍ ഓര്‍ക്കും? ആ ശവക്കല്ലറയ്ക്കുമേല്‍ എഴുതാതെ തെളിഞ്ഞുനില്‍ക്കുന്ന മരണവാക്യമിതാണ്. മരണം ഇവിടെ തോല്‍ക്കുന്നു''.

1 comment:

ജനശബ്ദം said...

ഇന്ന് വായനദിനം.
പട്ടം ജി രാമചന്ദ്രന്‍നായര്‍.
സാഹിത്യരംഗം വായനക്കാരും എഴുത്തുകാരും പ്രസാധകരും ചേര്‍ന്ന ഒരു ത്രിവേണി സംഗമമാണ്. ഈ മൂന്നുമേഖലയും സമ്പുഷ്ടമാക്കുന്നതില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച മഹാപുരുഷനായിരുന്നു ഗ്രന്ഥശാലാസംഘത്തിന്റെ സ്രഷ്ടാവും പരിപോഷകനുമായിരുന്ന പി എന്‍ പണിക്കര്‍. ബുദ്ധിയും സംസ്കാരവും ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഓജസ്സാര്‍ന്ന സംഘടനാപാടവവുംകൊണ്ട് കൊടിനാട്ടേണ്ടിടത്തെല്ലാം കൊടി നാട്ടി. ചങ്ങനാശ്ശേരി താലൂക്കില്‍ നീലംപേരൂര്‍ ഗ്രാമത്തില്‍ പുതുവായില്‍ കുടുംബത്തില്‍ 1909 മാര്‍ച്ച് ഒന്നിന് പി എന്‍ പണിക്കര്‍ ജനിച്ചു. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ മൂര്‍ധന്യാവസ്ഥയിലായിരുന്ന കാലം. സവര്‍ണവിഭാഗം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍നിന്ന് മടങ്ങിവന്നാല്‍ ദേഹശുദ്ധിവരുത്തിയേ വീട്ടിനുള്ളില്‍ പ്രവേശിക്കാവൂ എന്നൊരു ആചാരം അക്കാലത്ത് നിലനിന്നിരുന്നു. പക്ഷേ, ഈ ആചാരങ്ങളൊന്നും അനുഷ്ഠിക്കാത്ത കുടുംബമായിരുന്നു പി എന്‍ പണിക്കരുടേത്. അതിനാല്‍ ജാതിമത സങ്കുചിത ചിന്താഗതിക്കതീതമായ ഒരു വിശാലവീക്ഷണം ഇളംപ്രായംമുതല്‍ക്കേ ആ കുരുന്നുഹൃദയത്തില്‍ വേരൂന്നി വളര്‍ന്നിരുന്നു. ചങ്ങനാശേരി ഹൈസ്കൂളില്‍നിന്ന് ജെഎസ്എല്‍സി പരീക്ഷയില്‍ പി എന്‍ പണിക്കര്‍ അഭിമാനാര്‍ഹമായ വിജയം കൈവരിച്ചു. പക്ഷേ, സാമ്പത്തികക്ളേശം ഉപരിവിദ്യാഭ്യാസത്തിന് വിഘാതമായി. ഒരു മാസത്തിനുള്ളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. അധ്യാപകവൃത്തിക്കിടയില്‍ വിവിധ രംഗങ്ങളില്‍ സേവനനിരതനായ പണിക്കര്‍ മലയാളംവിദ്വാന്‍ പരീക്ഷയ്ക്കും ഹിന്ദിപഠനത്തിനും സമയം കണ്ടെത്തി. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടിയും ഇടതടവില്ലാതെ പ്രവര്‍ത്തനങ്ങളില്‍ പിന്നീടദ്ദേഹം മുഴുകി. അതിനിടയിലും നിത്യേന രണ്ടുമൂന്നുമണിക്കൂര്‍ പഠനത്തിനായി നീക്കിവയ്ക്കുമായിരുന്നു. മഹാത്മജി അഖിലേന്ത്യാതലത്തില്‍ ഹരിജനോദ്ധാരണം മുഖ്യകര്‍മപരിപാടിയായി ആവിഷ്കരിച്ചു നടപ്പാക്കുന്ന കാലം. പി എന്‍ പണിക്കര്‍ തന്റെ ഗ്രാമത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചു. ഹരിജനസേവാസമിതി എന്നൊരു സംഘടനയ്ക്ക് രൂപംകൊടുത്തു. നീലംപേരൂര്‍ ഭഗവതിക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറ അക്കാലത്ത് നാട്ടുകാരില്‍ ചില പ്രമുഖരുടെ വിശ്രമസങ്കേതംകൂടിയായിരുന്നു. പി എന്‍ പണിക്കര്‍ വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിത്തന്നെ അവരുടെ ഇടയിലേക്ക് കടന്നുചെല്ലുകയും അവരില്‍ പത്രപാരായണത്തിനുള്ള താല്‍പ്പര്യം ജനിപ്പിക്കുകയുമുണ്ടായി. അവര്‍ക്ക് നിത്യേന പത്രം വായിച്ചുകൊടുക്കുക ഒരു നിഷ്ഠയാക്കിയതോടൊപ്പം അവരില്‍ മഹനീയമായ ആശയങ്ങളും ആദര്‍ശങ്ങളും ഉണര്‍ത്തുന്നതിലും ശ്രദ്ധവച്ചു. സ്വ്രന്തമായൊരു വായനശാലയും അതിനൊരു മന്ദിരവും ഉണ്ടാകണമെന്ന പണിക്കരുടെ അഭിലാഷത്തിന് കരുത്തുപകരാന്‍ ആല്‍ത്തറയിലെ സംഗമം ഏറെ സഹായകരമായി. പക്ഷേ, അവരില്‍ പലരും സാമ്പത്തികമായി പിന്‍നിരക്കാരായിരുന്നു. മുഴുവന്‍പേരെയും സഹകരിപ്പിച്ച് വായനശാല മന്ദിരത്തിന് സാമ്പത്തികാടിത്തറ സജ്ജമാക്കുന്നതിനുള്ള കൂട്ടായ യത്നത്തില്‍ അദ്ദേഹം വ്യാപൃതനായി. ഒരു പത്രം വാങ്ങാന്‍പോലും നിര്‍വാഹമില്ലാത്ത അവസ്ഥയായിരുന്നു വായനശാലയില്‍. എട്ടുമൈല്‍ അകലെയുള്ള കോട്ടയം പട്ടണത്തിലേക്ക് കാല്‍നടയായി പി എന്‍ പണിക്കര്‍ യാത്രതിരിച്ചു. നീലംപേരൂരില്‍ ഒരു വായനശാല സ്ഥാപിച്ചുവെന്നും പക്ഷേ ഒരു പത്രം വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ തല്‍ക്കാലം നിര്‍വാഹമില്ലെന്നും അതുകൊണ്ട് വായനശാലയ്ക്ക് പത്രത്തിന്റെ ഒരു പ്രതി കുറച്ചുകാലത്തേക്കെങ്കിലും സംഭാവനയായി നല്‍കണമെന്നുമുള്ള നിവേദനം 'മലയാളമനോരമ'യുടെ അധിപനായ കെ സി മാമ്മന്‍മാപ്പിളയ്ക്ക് നല്‍കി. വായനശാലയ്ക്കു സംഭാവനയായി പതിവായി ഒരു പത്രം നല്‍കുവാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്ന് ഉറപ്പുലഭിച്ചു. ഡോ. സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു: "വായിച്ചു വളരുക എന്ന സന്ദേശത്തിലൂടെ കേരളീയ സംസ്കാരത്തിന് ദിശാബോധം നല്‍കിയ ഒരു ഗ്രാമീണനായിരുന്നു പി എന്‍ പണിക്കര്‍. നവകേരളശില്‍പ്പികളായ ശ്രീശങ്കരന്‍ മുതല്‍ പത്തുപേരെ എടുത്താല്‍ അതില്‍ പി എന്‍ പണിക്കര്‍ ഉണ്ടാകും.... ഈ നൂറ്റാണ്ടില്‍ സരസ്വതീദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ പി എന്‍ പണിക്കരാണ്. ഇദ്ദേഹം നടത്തിയ നിരന്തരമായ ജ്ഞാനയജ്ഞമാണ് ഇവിടത്തെ കുഗ്രാമങ്ങളെപ്പോലും അറിവിന്റെ ആദ്യകണികകള്‍കൊണ്ട് നിറച്ചത്. അറിവാര്‍ജിക്കുന്നതിന് ഷേക്സ്പിയറുടെയും പാശ്ചാത്യസാഹിത്യകാരന്മാരുടെയും കൃതികള്‍ പഠിക്കണമെന്ന നിര്‍ബന്ധം ഉപേക്ഷിച്ച് നമ്പ്യാരുടെയും ചെറുശ്ശേരിയുടെയും കൃതികള്‍ വായിച്ചാല്‍ മതിയെന്ന് ധിക്കാരത്തോടെ കേരളീയഗ്രാമീണരെ പഠിപ്പിച്ചയാളാണ് പണിക്കര്‍. ഗാന്ധിജിയുടെ ഒരു ചെറുപതിപ്പാണ് അദ്ദേഹം. ഗാന്ധിജി ഇംഗ്ളണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഒരു പത്രം എഴുതി, ലോകത്തിലെ ചെറിയ മനുഷ്യരുടെ വലിയ നേതാവാണ് അദ്ദേഹമെന്ന്. അതുപോലെ കേരളത്തിലെ ചെറിയ മനുഷ്യരുടെ വലിയ നേതാവാണ് നാടിന്റെ സാംസ്കാരികാഭിമാനമായ പി എന്‍ പണിക്കര്‍. ഈ വിശുദ്ധന്റെ ജഡം കത്തിത്തീര്‍ന്നപ്പോള്‍ മരണത്തെ തോല്‍പ്പിച്ച ചുരുക്കം കേരളീയരില്‍ ഒരാളാണ് അദ്ദേഹമെന്ന് എത്രപേര്‍ ഓര്‍ക്കും? ആ ശവക്കല്ലറയ്ക്കുമേല്‍ എഴുതാതെ തെളിഞ്ഞുനില്‍ക്കുന്ന മരണവാക്യമിതാണ്. മരണം ഇവിടെ തോല്‍ക്കുന്നു''.