Thursday, June 26, 2008

പുസ്‌തകം കത്തിച്ചത്‌ അപലപനീയം

പുസ്‌തകം കത്തിച്ചത്‌ അപലപനീയം.

വിവാദപാഠപുസ്‌തകത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച മലപ്പുറത്ത്‌ പാഠപുസ്‌തകങ്ങള്‍ കത്തിച്ച സംഭവം പ്രബുദ്ധകേരളത്തിനാകെ അപമാനമുണ്ടാക്കുന്നു. പാഠപുസ്‌തകങ്ങളോട്‌ ഏറ്റവും ആദരവ്‌ കാണിക്കേണ്ട വിദ്യാര്‍ഥികള്‍തന്നെയാണ്‌ അവയെ ഇങ്ങനെ നിന്ദിച്ചത്‌. മലപ്പുറത്ത്‌ പോലീസും സമരക്കാരായ വിദ്യാര്‍ഥികളുംതമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ പാഠപുസ്‌തകങ്ങള്‍ കയറ്റിവന്ന ലോറി തടഞ്ഞിടുകയും ഒട്ടേറെ പുസ്‌തകങ്ങള്‍ റോഡിലിട്ടു കത്തിക്കുകയുംചെയ്‌തു. പാഠപുസ്‌തകങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച്‌ ചിലപ്പോള്‍ ആക്ഷേപങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകാം. അതു പ്രകടിപ്പിക്കുന്നത്‌ ജനാധിപത്യത്തിനു നിരക്കുന്ന മാര്‍ഗങ്ങളിലൂടെയാവണം. ഈ പ്രശ്‌നത്തിന്റെപേരില്‍ നടന്ന സമരം പലേടത്തും അക്രമാസക്തമായി. സമരത്തിന്റെ പേരില്‍ ജനാധിപത്യത്തിനു മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിനും നിരക്കാത്തവിധം ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ മലപ്പുറം സംഭവം തെളിയിക്കുന്നത്‌. വിവാദപുസ്‌തകത്തിലെ ചില ഭാഗങ്ങളെക്കുറിച്ചുമാത്രമാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌. അതിനെക്കുറിച്ച്‌, വിദ്യാഭ്യാസ, സാംസ്‌കാരികമേഖലകളിലെ വിദഗ്‌ധരടക്കമുള്ളവര്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്‌. ഇതിനിടെയാണ്‌, ചില വിദ്യാര്‍ഥികള്‍ പുസ്‌തകങ്ങള്‍ കൂട്ടത്തോടെ ചുട്ടുകരിച്ചത്‌. പുസ്‌തകം, വിശേഷിച്ച്‌ പാഠപുസ്‌തകം വിദ്യയുടെ പ്രതീകമാണ്‌. വിജ്ഞാനവും സ്വഭാവഗുണങ്ങളും വളര്‍ത്താനുതകുന്ന വിദ്യയെത്തന്നെയാണ്‌, പാഠപുസ്‌തകങ്ങള്‍ തെരുവില്‍ കത്തിച്ചവര്‍ പരസ്യമായി അപമാനിച്ചിരിക്കുന്നത്‌. പുസ്‌തകങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളുകയും അവയെ ആദരിക്കുകയും ചെയ്‌തുപോന്ന സംസ്‌കാരമാണ്‌ നമ്മുടേത്‌. അപക്വവും ആപത്‌കരവുമായ സമരമുറയ്‌ക്കിടയില്‍ പാഠപുസ്‌തകങ്ങളെത്തന്നെ 'രക്തസാക്ഷി'കളാക്കുന്നവര്‍ ആ സംസ്‌കാരത്തെ അവഹേളിക്കുകയാണ്‌. വിദ്യാര്‍ഥി ലളിതജീവിതത്തിന്റെയും ഉത്‌കൃഷ്‌ടമായ ആദര്‍ശത്തിന്റെയും അവതാരമായിരിക്കണമെന്ന്‌ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞിട്ടുണ്ട്‌. അത്തരത്തിലുള്ള ഒരു വിദ്യാര്‍ഥിസമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥിസംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കും ബാധ്യതയുണ്ട്‌. പാഠപുസ്‌തകവിവാദത്തിന്റെ പേരിലുള്ള സമരങ്ങളിലെ അക്രമങ്ങളും പുസ്‌തകംകത്തിക്കല്‍പോലുള്ള സംഭവങ്ങളും സമരത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുതന്നെ സംശയമുണ്ടാക്കുന്നു. സമരത്തിനുപിന്നില്‍ രാഷ്ട്രീയ താത്‌പര്യങ്ങളുമുണ്ടെന്നു തോന്നിപ്പിക്കുന്നവയാണ്‌ ഇവയെല്ലാം. അതെന്തായാലും ഈ സ്ഥിതിവിശേഷത്തിന്‌ മാറ്റമുണ്ടാക്കിയേ മതിയാകൂ. അക്രമങ്ങളും അപലപനീയമായ മറ്റു നടപടികളും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയേയുള്ളൂ. ആത്മഹത്യാപരമായ ഈ അക്രമങ്ങളില്‍നിന്ന്‌ വിദ്യാര്‍ഥികളടക്കമുള്ള സമരക്കാരെ പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ തയ്യാറാകണം. കേരളത്തിലെ വിദ്യാര്‍ഥി, യുവജനസംഘടനകള്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ താത്‌പര്യത്തിനനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു പറയേണ്ടതില്ല. രാഷ്ട്രീയനേതൃത്വങ്ങള്‍ വിചാരിച്ചാല്‍ ഇത്തരം സംഘടനകളുടെ സമരശൈലിയില്‍ മാറ്റംവരുത്താനാവും. നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ അസ്വാസ്ഥ്യവും വിദ്യാര്‍ഥികളില്‍ ആശങ്കയും വളരുകയാണ്‌. അതൊഴിവാക്കിയേ മതിയാകൂ. സൗഹൃദപൂര്‍വമായ ചര്‍ച്ചയാണ്‌ അതിനുള്ള വഴി.

2 comments:

ജനശബ്ദം said...

പുസ്‌തകം കത്തിച്ചത്‌ അപലപനീയം.
വിവാദപാഠപുസ്‌തകത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച മലപ്പുറത്ത്‌ പാഠപുസ്‌തകങ്ങള്‍ കത്തിച്ച സംഭവം പ്രബുദ്ധകേരളത്തിനാകെ അപമാനമുണ്ടാക്കുന്നു. പാഠപുസ്‌തകങ്ങളോട്‌ ഏറ്റവും ആദരവ്‌ കാണിക്കേണ്ട വിദ്യാര്‍ഥികള്‍തന്നെയാണ്‌ അവയെ ഇങ്ങനെ നിന്ദിച്ചത്‌. മലപ്പുറത്ത്‌ പോലീസും സമരക്കാരായ വിദ്യാര്‍ഥികളുംതമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ പാഠപുസ്‌തകങ്ങള്‍ കയറ്റിവന്ന ലോറി തടഞ്ഞിടുകയും ഒട്ടേറെ പുസ്‌തകങ്ങള്‍ റോഡിലിട്ടു കത്തിക്കുകയുംചെയ്‌തു. പാഠപുസ്‌തകങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച്‌ ചിലപ്പോള്‍ ആക്ഷേപങ്ങളും ഭിന്നാഭിപ്രായങ്ങളും ഉണ്ടാകാം. അതു പ്രകടിപ്പിക്കുന്നത്‌ ജനാധിപത്യത്തിനു നിരക്കുന്ന മാര്‍ഗങ്ങളിലൂടെയാവണം. ഈ പ്രശ്‌നത്തിന്റെപേരില്‍ നടന്ന സമരം പലേടത്തും അക്രമാസക്തമായി. സമരത്തിന്റെ പേരില്‍ ജനാധിപത്യത്തിനു മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിനും നിരക്കാത്തവിധം ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ മലപ്പുറം സംഭവം തെളിയിക്കുന്നത്‌.

പാര്‍ത്ഥന്‍ said...

യുവാക്കളെ വിദ്യാര്‍ത്ഥികളാക്കിയാല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക്‌ കൊല്ലാനും കൊലയ്ക്കും അണികളെ കിട്ടില്ല എന്ന സത്യം എല്ലാ -----(ഇവിടെ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള്‌ തെറി ചേര്‍ക്കാം) രാഷ്ട്രീയക്കാര്‍ക്കും അറിയാം.