കലുഷമാകുന്ന സഹകരണ ബാങ്കിങ് മേഖല
എം മെഹബൂബ്
ജൂലൈ 19നു നിയമസഭ ഏകപക്ഷീയമായി കേരള സഹകരണ സംഘം നിയമഭേദഗതി ബില്‍ പാസാക്കുകയുണ്ടായി. ഇത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ശക്തവും സമാനതകളില്ലാത്തതുമായ സഹകരണ ബാങ്കിങ് മേഖലയാണ് നമുക്കുള്ളത്. ഏകദേശം 1600 പ്രാഥമിക സര്‍വീസ് സഹകരണസംഘവും/ബാങ്കും 14 ജില്ലാ സഹകരണബാങ്കും അവയുടെ ഏകദേശം 700 ബ്രാഞ്ചും സംസ്ഥാന സഹകരണബാങ്കും അതിന്റെ 20 ബ്രാഞ്ചും അടങ്ങുന്ന ബൃഹത്തായ സഹകരണ ബാങ്കിങ് ശൃംഖല നമ്മുടെ സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ്. സഹകരണ ബാങ്കുകളോ അവയുടെ ശാഖകളോ ഇല്ലാത്ത പ്രദേശം നമ്മുടെ നാട്ടില്‍ ഇല്ലെന്നു പറയാം.
ജനാധിപത്യത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ മികവാര്‍ന്ന പ്രകടനമാണ് ഇക്കാലമത്രയും കാഴ്ചവച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നബാര്‍ഡും റിസര്‍വ് ബാങ്കും സഹകരണ ബാങ്കിങ് മേഖലയില്‍ നിബന്ധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കി വരുമ്പോഴും നമ്മുടെ സഹകരണ ബാങ്കുകള്‍ അവയെല്ലാം പാലിച്ച് മുന്നോട്ടുപോകാനുള്ള ശക്തിയാര്‍ജിച്ചുകൊണ്ടിരുന്നു. അവരുടെ നിബന്ധനപ്രകാരം സഹകരണ ബാങ്കുകള്‍ക്ക് "ബാങ്ക്" ആയി തുടരണമെങ്കില്‍ ചുരുങ്ങിയത് നാലുശതമാനം മൂലധനപര്യാപ്തത കൈവരിച്ചിരിക്കണം. അറ്റമൂല്യം (ചലേ ംീൃവേ) പോസിറ്റീവ് ആയിരിക്കണം. ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (ചജഅ) പടിപടിയായി അഞ്ചുശതമാനത്തിന് താഴേക്ക് കുറച്ചുകൊണ്ടുവരണം. മാത്രമല്ല, സഹകരണ ബാങ്കുകള്‍ ബാങ്കിങ് ഇതര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അരുത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ബാങ്കിങ് ലൈസന്‍സ് നല്‍കാന്‍ കഴിയൂവെന്നതാണ് റിസര്‍വ് ബാങ്ക് നിലപാട്. ഈ വ്യവസ്ഥകളില്‍ ചിലതിനോട് യോജിക്കാനാകില്ല. എങ്കിലും ഇതുമൂലമുണ്ടാകുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാനുള്ള മുന്നൊരുക്കം നമ്മള്‍ നടത്തുകയുണ്ടായി. അപ്രകാരം, സംസ്ഥാന സഹകരണ ബാങ്കിനു പുറമേ കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കിനും റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടാനായി. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയലക്ഷ്യം വച്ച് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതിയെയും പിരിച്ചുവിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഈ ഓര്‍ഡിനന്‍സ് നിയമസഭ പാസാക്കുകവഴി സഹകരണ ജനാധിപത്യ കുരുതി നിയമമായി മാറുകയാണ് ഉണ്ടായത്.
സഹകരണനിയമത്തിലെ 2-ാം വകുപ്പ് ഭേദഗതി ചെയ്ത് ജില്ലാ ബാങ്കുകളുടെ അംഗങ്ങളായി ജില്ലയിലെ മുഴുവന്‍ പ്രാഥമിക സംഘത്തെയും ജില്ലയില്‍ പ്രധാന ആസ്ഥാനമുള്ള മറ്റു സംഘങ്ങളെയും ഉള്‍പ്പെടുത്തി. ഇവര്‍ക്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശവും നല്‍കി. പ്രവര്‍ത്തനരഹിതവും കടലാസില്‍ മാത്രം രൂപീകരിച്ചതുമായ സംഘങ്ങള്‍ക്കുകൂടി ജില്ലാ സഹകരണ ബാങ്കുകളില്‍ വോട്ടവകാശമുള്ള അംഗത്വം നല്‍കിയതിനെയാണ് യുഡിഎഫ് സര്‍ക്കാര്‍ ജനാധിപത്യ പുനഃസ്ഥാപനമായി ചിത്രീകരിക്കുന്നത്. 2002ലും ഇത്തരത്തിലുള്ള തന്ത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. തല്‍ഫലമായി 2006ല്‍ അവര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ ആന കയറിയ കരിമ്പിന്‍തോട്ടം പോലെയായി സഹകരണമേഖല. സഹകരണ ബാങ്കുകള്‍ അഴിമതിയുടെയും ക്രമക്കേടുകളുടെയും വിളനിലമായി. അക്കാലയളവില്‍ 400 കോടി രൂപയിലേറെ തുകയ്ക്കുള്ള വായ്പകള്‍ ക്രമരഹിതമായി അനുവദിച്ചു. വായ്പ നല്‍കാന്‍ കേട്ടുകേള്‍വി പോലുമില്ലാത്ത മാര്‍ഗങ്ങള്‍ അവലംബിച്ചതടക്കം ഒട്ടേറെ കൊള്ളരുതായ്മ 2002- 2006 കാലയളവില്‍ അരങ്ങേറി. തല്‍ഫലമായി സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭൂരിഭാഗം ജില്ലാ സഹകരണ ബാങ്കുകളുടെയും നിഷ്ക്രിയ ആസ്തി 25 ശതമാനത്തിലേറെയായി. ഇക്കാരണത്താല്‍ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കുത്തഴിഞ്ഞുകിടന്ന സഹകരണ ബാങ്കിങ് മേഖലയെ സംരക്ഷിക്കുന്നതിനായി നിയമഭേദഗതി കൊണ്ടുവരികയും ജില്ലാ ബാങ്കുകളുടെ ഭരണസമിതിയിലേക്കുള്ള വോട്ടവകാശം വീണ്ടും പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2006ല്‍ 22,000 കോടിയായിരുന്നത് 2011 ആയപ്പോള്‍ 70,000 കോടി രൂപയിലേറെയായി വര്‍ധിച്ചു. അതേ തോതില്‍ വായ്പയും വര്‍ധിച്ചു. ഈ രംഗത്ത് കൈമോശം വന്ന വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. യുഡിഎഫ് കാലയളവില്‍ നടന്ന അഴിമതികള്‍ മൂലം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയില്‍ വന്ന വര്‍ധന നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിച്ചുകിട്ടുന്നതിന് തടസ്സമായെങ്കിലും സ്വന്തം ഫണ്ടില്‍ നിന്ന് നഷ്ടം സഹിച്ച് എക്കാലത്തേക്കാളും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കാന്‍ സഹകരണബാങ്കുകള്‍ തയ്യാറായി.
പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധന തടയാനും പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനുമായി സഹകരണബാങ്കുകള്‍ വിപണി ഇടപെടല്‍ നടത്തി. ഇത്തരത്തില്‍ ജനോപകാരപ്രദവും നിയമാനുസൃതവുമായി പ്രവര്‍ത്തിച്ചുവന്ന സഹകരണബാങ്കിങ് മേഖലയെ താറുമാറാക്കി തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇപ്പോഴത്തെ നിയമഭേദഗതിക്ക് പിന്നിലുള്ളത്.
നിയമഭേദഗതി പ്രകാരം ജില്ലാ ബാങ്കുകളുടെ ഭരണസമിതിയില്‍ നിക്ഷേപകരുടെ പ്രതിനിധികളായി രണ്ടുപേര്‍, സഹകരണബാങ്കിങ് രംഗത്തുനിന്ന് രജിസ്ട്രാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രൊഫഷണലുകള്‍, ജില്ലയിലെ മറ്റു പലവിധ സംഘങ്ങളുടെ പ്രതിനിധികളായി നാലുപേര്‍, പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളെ പ്രതിനിധാനം ചെയ്ത് താലൂക്കില്‍ നിന്ന് ഒരാള്‍ വീതവുമാണ് ഉണ്ടാകുക. ഒരു ജില്ലയില്‍ 3 മുതല്‍ 5 വരെ താലൂക്കാണുള്ളത്. ഈ താലൂക്കുകളെ പ്രതിനിധാനം ചെയ്ത് പ്രാഥമിക സര്‍വീസ് സഹകരണബാങ്കുകളുടെ ഓരോ പ്രതിനിധി മാത്രമാണ് ജില്ലാ സഹകരണബാങ്ക് ഭരണസമിതിയില്‍ എത്തുക. ഭരണസമിതിയില്‍ ന്യൂനപക്ഷമായി മാറുന്ന ഈ പ്രതിനിധികള്‍ക്ക് സഹകരണബാങ്കിങ് മേഖലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എത്രത്തോളം കഴിയുമെന്നത് സംശയമാണ്. മാത്രമല്ല, രാഷ്ട്രീയ താല്‍പ്പര്യം വച്ച് നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളും കടലാസ് സംഘങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് ജില്ലാ സഹകരണബാങ്കുകളുടെ ഭരണം കൈപ്പിടിയിലൊതുക്കുമെന്നതില്‍ സംശയമില്ല. ഇവരുടെ പ്രതിനിധികള്‍ തന്നെയാകും സംസ്ഥാന സഹകരണബാങ്കിലും എത്തുക. തുടര്‍ന്നങ്ങോട്ട് നടക്കാന്‍ പോകുന്ന വഴിവിട്ട നടപടികള്‍ക്ക് വില നല്‍കേണ്ടിവരുന്നത് സഹകരണ ബാങ്കിങ് മേഖലയാകും. ജനങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ച നിക്ഷേപം സ്വജനപക്ഷമായും ക്രമരഹിതമായും ഉപയോഗിക്കാന്‍ മടിയില്ലാത്ത യുഡിഎഫുകാര്‍ സഹകരണ ബാങ്കുകളുടെ അസ്ഥിവാരം തോണ്ടാനും മടിക്കില്ലെന്നത് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഒരിക്കല്‍ കൂടി നമ്മുടെ സഹകരണമേഖലയുടെ സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും നമുക്ക് തിരിച്ചുവരാനാകില്ല. റിസര്‍വ് ബാങ്കും നബാര്‍ഡും ഇവിടത്തെ സഹകരണ ബാങ്കുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാക്കും. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ കേവലം രാഷ്ട്രീയ താല്‍പ്പര്യത്തിനായി ഇത്തരത്തില്‍ കുരുതി കൊടുക്കുന്നത് പൊതുസമൂഹത്തോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്. ഇതിനെതിരെ സഹകാരികളും പൊതുജനങ്ങളും സഹകരണ ജീവനക്കാരും പ്രതികരിക്കണമെന്നും നമ്മുടെ സഹകരണമേഖലയില്‍ ഇനിയും അരുതായ്മകള്‍ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ഥിക്കുന്നു. (സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റാണ് ലേഖകന്‍)
No comments:
Post a Comment