ജനങ്ങളുടെ മുന്നറിയിപ്പ്
കേരളം സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും ഉജ്വലമായ ഒരു പ്രതിഷേധം കണ്ടിട്ടില്ല. അധികാരം ദുര്‍വിനിയോഗംചെയ്ത് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഹീനശ്രമങ്ങള്‍ക്കെതിരെ മഞ്ചേശ്വരംമുതല്‍ പാറശാലവരെയുള്ള ജനങ്ങള്‍ ഒറ്റമനസ്സോടെയാണ് പ്രതിഷേധിച്ചത്. സിപിഐ എം ആഹ്വാനംചെയ്ത സംസ്ഥാന ഹര്‍ത്താല്‍, കേരളത്തെ പരിപൂര്‍ണമായി 12 മണിക്കൂര്‍ നേരത്തേക്ക് സ്തംഭിപ്പിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തി ആകില്ല. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടച്ചത് ഒരുതരത്തിലുള്ള ന്യായീകരണവും അര്‍ഹിക്കാത്ത നടപടിയാണെന്ന് കേരളജനത ഈ ഹര്‍ത്താലിനോട് സഹകരിച്ച് പ്രഖ്യാപിക്കുകയായിരുന്നു.
ഹര്‍ത്താലില്‍ ഏതാനും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടതിന്റെ പരിഭവമാണ് സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് നിരത്തിയത്. എന്നാല്‍, ഈ ഹര്‍ത്താലില്‍ നടന്ന ഏറ്റവും കൊടിയ അക്രമം യുഡിഎഫിന്റെ ഭാഗത്തുനിന്നാണ്. കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനോജിനെ മുസ്ലിംലീഗ് അക്രമിസംഘം ചവിട്ടിക്കൊല്ലുകയായിരുന്നു. ആ യുവാവിന്റെ ജീവനെടുത്ത സ്വന്തം മുന്നണിയെക്കുറിച്ചോ കൊലപാതകത്തെക്കുറിച്ചോ ഒരു അക്ഷരം ഉരിയാടാതെ കോണ്‍ഗ്രസ് ഓഫീസുകളുടെ കണക്കുനിരത്തി പരിഹാസ്യനായ ആഭ്യന്തരമന്ത്രിയുടെ സമീപനത്തില്‍ തന്നെയുണ്ട് യുഡിഎഫിന്റെ ജാള്യം. തളിപ്പറമ്പില്‍ നടന്ന ഒരു കൊലപാതകം, കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിന്റെ വേരറുക്കാനുള്ള ആയുധമാക്കി മാറ്റാമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അതിരുവിട്ട വ്യാമോഹമാണ് ഇത്തരമൊരു ഹര്‍ത്താലിലേക്കും അതിന്റെ ഭാഗമായ ജനകീയ പ്രതിഷേധത്തിലേക്കും നയിച്ചത്. പി ജയരാജനെതിരായി പൊലീസ് കോടതിയില്‍ എഴുതിനല്‍കിയ കുറ്റാരോപണം അതിശയിപ്പിക്കുംവിധം പരിഹാസ്യമാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്ന ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളികളായി എന്ന് പൊലീസ് പറയുന്നില്ല. ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നില്ല. അവിടെ സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ ഫോണ്‍ചെയ്ത് പറയുന്നത് നേതാക്കള്‍ കേട്ടു എന്ന് മനസ്സില്‍ കണ്ടുകൊണ്ടാണ് അറസ്റ്റ് നടത്തിയത്. അത്തരമൊരു നടപടിയാണ് യഥാര്‍ഥ കുറ്റകൃത്യം. സിപിഐ എമ്മിന്റെ സമുന്നതനായ നേതാവിനെ വ്യാജ ആരോപണങ്ങളുന്നയിച്ച് തുറങ്കിലടച്ചാല്‍ പാര്‍ടിപ്രവര്‍ത്തകര്‍ രോഷംകൊള്ളുമെന്നും നീചകൃത്യം ചെയ്തവര്‍ക്കെതിരെ ആ രോഷം തിരിയുമെന്നും അറിയാത്തവരല്ല ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും. അവര്‍ ഇത്തരമൊരു സ്ഥിതി ക്ഷണിച്ചുവരുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ഈ സര്‍ക്കാരാണ് കുറ്റവാളി. സര്‍ക്കാരിന്റെ രാഷ്ട്രീയകുടിലതയാണ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെടുന്നതടക്കമുള്ള സംഭവങ്ങളിലേക്ക് കേരളത്തെ നയിച്ചത്.
ഉദുമ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് ഇതേകൂട്ടര്‍തന്നെയാണ്. ബുധനാഴ്ച അസാധാരണമായ രംഗങ്ങള്‍ സൃഷ്ടിച്ച് പി ജയരാജനെ അറസ്റ്റുചെയ്ത നിമിഷംമുതല്‍ സംസ്ഥാനത്താകെ പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയതാണ്. ആ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കേന്ദ്ര സേനയെ വിന്യസിക്കാനും തയ്യാറായി. യുദ്ധസന്നാഹത്തോടെയാണ് പൊലീസിനെ നിരത്തിയത്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങാതെയാണ് ജനങ്ങള്‍ കൂട്ടംകൂട്ടമായി രംഗത്തിറങ്ങിയതും പ്രതിഷേധം പ്രകടിപ്പിച്ചതും. അത് കണ്ണൂര്‍ ജില്ലയില്‍മാത്രം ഒതുങ്ങിയതല്ല. കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പൊലീസിനെ ഉപയോഗിച്ചോ പട്ടാളത്തെ വരുത്തിയോ കള്ളക്കേസുകളുടെ പ്രളയം സൃഷ്ടിച്ചോ അടിച്ചൊതുക്കാവുന്നതല്ല; കേരളത്തിലെ ജനങ്ങള്‍ നെഞ്ചേറ്റുന്ന അജയ്യമായ പ്രസ്ഥാനമാണ് സിപിഐ എം എന്ന് വലതുപക്ഷ ശക്തികളെ ബോധ്യപ്പെടുത്തുന്ന ജനമുന്നേറ്റമാണ് ഉണ്ടായത്. ഈ ജനവികാരത്തിന്റെ ചുവരെഴുത്ത് മാനിക്കുന്നതല്ല യുഡിഎഫ് സമീപനമെന്ന് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാര്‍ത്താസമ്മേളനങ്ങള്‍ വ്യക്തമാക്കി.
സ്വന്തം തെറ്റിനെ ന്യായീകരിക്കാനും സിപിഐ എമ്മിനെതിരെ ഭര്‍ത്സനം തുടരാനുമാണ് അവര്‍ മുതിര്‍ന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച അനിഷ്ടസംഭവങ്ങളെ പര്‍വതീകരിക്കാനും ഉദുമയിലെ കൊലപാതകത്തെ നിസ്സാരവല്‍ക്കരിക്കാനും ലജ്ജാശൂന്യമായി തയ്യാറായ ഏതാനും വലതുപക്ഷ മാധ്യമങ്ങളും തങ്ങളുടെ പങ്ക് നിര്‍വഹിച്ചു. ഇത്തരം ശക്തികളാകെ നിരന്നുനിന്ന് ആക്രമിച്ചാലും പോറലേല്‍ക്കാത്ത കരുത്താണ് സിപിഐ എമ്മിന്റേത്; ഇടതുപക്ഷത്തിന്റേത് എന്ന് തെളിയിച്ചുകൊണ്ട് ഈ ഹര്‍ത്താല്‍ വമ്പിച്ച വിജയമാക്കിത്തീര്‍ത്ത ജനലക്ഷങ്ങളെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. അടിയന്തരാവസ്ഥയുടെ അര്‍ധഫാസിസ്റ്റ് ഭീകരതകൊണ്ടും കരിനിയമങ്ങള്‍കൊണ്ടും ഭരണകൂടനായാട്ടുകള്‍കൊണ്ടും തകര്‍ക്കാനാകാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനം, നാള്‍ക്കുനാള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതേ ഉള്ളൂ എന്നാണ് കേരളം വ്യാഴാഴ്ച തെളിയിച്ചത്. അത് മനസ്സിലാക്കി നിയമത്തിന്റെയും നീതിയുടെയും മര്യാദയുടെയും വഴിയിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ വരണമെന്നാണ് ഞങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ഓര്‍മിപ്പിക്കാനുള്ളത്.
ഉദുമയില്‍ ക്രൂരമായി കൊല്ലപ്പെട്ട മനോജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തുന്നു. ആ അരുംകൊലയില്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട എല്ലാവരെയും, അവര്‍ എത്ര ഉന്നതരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. കൊലപാതകികളെ രക്ഷിക്കാനുള്ള നീക്കം കേരളത്തെ മറ്റൊരു കരുത്തന്‍ പ്രക്ഷോഭത്തിലേക്കാണ് നയിക്കുകയെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും മനസ്സിലാക്കിയാല്‍ നന്ന്.
No comments:
Post a Comment