യുഡിഎഫ് കേരളത്തെ നാശത്തിലേക്ക് നയിക്കുന്നു: സിപിഐ എം
തിരു: യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ അണിചേരാന്‍ മുഴുവന്‍ ബഹുജനങ്ങളോടും സ്രെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. ഭക്ഷ്യധാന്യം ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോഴും റേഷന്‍വിതരണം അവതാളത്തിലാക്കുന്നു. അവശ്യവസ്തുക്കളുടെ വില ദിവസവും കുതിക്കുന്നു. ദാരിദ്ര്യരേഖയുടെ നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ മാറ്റി. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിലനിയന്ത്രണ സംവിധാനം എല്ലാ മേഖലയില്‍നിന്നും എടുത്തുമാറ്റുകയാണ്. ഇതിന്റെ ഫലമായി പെട്രോള്‍, രാസവളം, മരുന്നുകള്‍ തുടങ്ങിയവയുടെ വില അനുദിനമെന്നോണം കുതിച്ചുയര്‍ന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന സാഹചര്യം കേരളത്തിലും തുടരുകയാണ്. അതേസമയം, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ നശിപ്പിക്കേണ്ടി വരുന്ന സാഹചര്യവും സംസ്ഥാനത്തുണ്ടായി. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തകര്‍ന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജുകള്‍ എല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ചു. വൈദ്യുതിനിരക്ക് വര്‍ധനയാകട്ടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി. വയല്‍നികത്തല്‍ നിരോധനിയമം അട്ടിമറിക്കുകയും വനങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് അടിയറവയ്ക്കുകയും ചെയ്ത് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെ തകിടംമറിച്ചു. അഴിമതിക്കേസുകളില്‍ അകപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തിനുതന്നെ അപമാനമായി മാറി. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വര്‍ഗീയശക്തികളുടെയും കച്ചവടശക്തികളുടെയും കൈകളിലേക്ക് വിദ്യാഭ്യാസമേഖല എത്തി. ഉന്നതമായ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കപ്പെടുകയാണ്. വര്‍ഗീയശക്തികള്‍ സ്പോണ്‍സര്‍ചെയ്യുന്ന സദാചാര പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീതിയായി മാറി. ലീഗിന്റെ തീവ്രവാദബന്ധം, സംസ്ഥാനത്തെ മതനിരപേക്ഷ അടിത്തറയ്ക്കുതന്നെ ഭീഷണിയായി മാറി. ക്രമസമാധാനകാര്യത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മുമ്പന്തിയിലേക്ക് കുതിച്ചു. ഗുണ്ടകള്‍ക്കും പെണ്‍വാണിഭശക്തികള്‍ക്കും മുമ്പില്‍ കീഴടങ്ങുന്ന പൊലീസ് ജനകീയപ്രക്ഷോഭങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നു. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ച്, സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും, ഭീകരമായി മര്‍ദിക്കുകയുംചെയ്യുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചശേഷം സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം ഹീനമാണ്. കെ കെ രാഗേഷ്, ടി വി രാജേഷ് എന്നിവരെയും കള്ളക്കേസില്‍ കുടുക്കി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ പി മോഹനന്‍, കാരായി രാജന്‍ എന്നിവരെയും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചു. പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചു. ജനാധിപത്യ അവകാശങ്ങളുടെ ശവപ്പറമ്പായി കേരളം മാറുകയാണ്. ജനകീയ താല്‍പ്പര്യം സംരക്ഷിച്ച് പൊരുതുന്ന സിപിഐ എമ്മിനെതിരെ ഒരുപറ്റം മാധ്യമങ്ങളുമായി ചേര്‍ന്ന് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയാണ് യുഡിഎഫ്. കവിയൂര്‍ കേസില്‍ സിപിഐ എം നേതാക്കളും മക്കളും കുറ്റക്കാരാണെന്ന് വ്യാജമൊഴി നല്‍കുന്നതിന് ഒരു കോടി രൂപ കൈക്കൂലി നല്‍കാമെന്ന വാഗ്ദാനം പാര്‍ടിയെ തകര്‍ക്കാന്‍ ഏതറ്റംവരെയും പിന്തിരിപ്പന്‍ ശക്തികള്‍ പോകുന്നുവെന്നതിന്റെ തെളിവാണ്. കേരളജനതയുടെ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനാണ് സിപിഐ എം പ്രക്ഷോഭം ആരംഭിക്കുന്നത്. ഇതില്‍ മുഴുവന്‍ ജനതയും അണിനിരക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
No comments:
Post a Comment