നെല്ലിയാമ്പതി തോട്ടം അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലാകുന്നത് തോട്ടംമുതലാളിമാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി
തിരു: നെല്ലിയാമ്പതി തോട്ടം അഴിമതിക്കേസില്‍ യുഡിഎഫില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാട്ടക്കരാര്‍ ലംഘിച്ച തോട്ടംമുതലാളിമാരെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് എം എം ഹസ്സന്‍ കണ്‍വീനറായ ഉപസമിതിയെ നിയോഗിച്ചത്. ഈ സമിതിക്കെതിരെ ആറ് ഭരണപക്ഷ എംഎല്‍എമാരുടെ ബദല്‍സമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ച് അവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് ഹസ്സന്‍ രാജി പ്രഖ്യാപിച്ചത്. എന്നാല്‍,രാജി വയ്ക്കേണ്ടത് ഉമ്മന്‍ചാണ്ടിയായിരുന്നു. രാഷ്ട്രീയമൂല്യങ്ങളില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ അത് സംഭവിച്ചേനെ. ഭരണമുന്നണിയുടെ ഉപസമിതിയില്‍ അവിശ്വാസം പ്രകടിപ്പിച്ച് ഭരണകക്ഷി എംഎല്‍എമാരുടെ ബദല്‍സമിതി രംഗത്ത് വരുന്നത് കേരളത്തിലെ മുന്നണിരാഷ്ട്രീയ ചരിത്രത്തില്‍ ആദ്യം. തര്‍ക്കകാരണം കോടികളുടെ വന്‍ അഴിമതിയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വനംമന്ത്രി കെ ബി ഗണേശ്കുമാറും ചീഫ്വിപ്പ് പി സി ജോര്‍ജും സഭയ്ക്കുള്ളിലും പുറത്തും ഇടഞ്ഞു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ജോര്‍ജിന്റെ അസഭ്യം കേട്ട് ഗണേശന്‍ ഇറങ്ങിപ്പോയി. യുഡിഎഫിന്റെ നെല്ലിയാമ്പതി ഉപസമിതിയുടെ പ്രവര്‍ത്തനത്തില്‍ വിയോജിച്ച ടി എന്‍ പ്രതാപന്‍ എംഎല്‍എയെ ജാതിപറഞ്ഞ് ആക്ഷേപിക്കാനും ജോര്‍ജ് ഒരുമ്പെട്ടു. ഈ ഘട്ടങ്ങളിലെല്ലാം ജോര്‍ജിന് താങ്ങും തണലുമായി മുഖ്യമന്ത്രി. ജോര്‍ജിനെ അലോസരപ്പെടുത്തുന്ന ഒരു വാക്കുപോലും ഉമ്മന്‍ചാണ്ടിയില്‍നിന്ന് വന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബദല്‍സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. ഈ അസാധാരണ നടപടിയും ഹസ്സന്റെ രാജിപ്രഖ്യാപനവും ഡല്‍ഹിയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്‍ഡിനോട് പുതിയ വിശദീകരണം നല്‍കുന്നതിന് വകയായി. ഉമ്മന്‍ചാണ്ടിയുടെ ഭരണശൈലിയുടെ കറുത്തപാടായി ഈ സംഭവം മാറിയിരിക്കയാണ്. ഇങ്ങനെ കാര്യങ്ങള്‍ വളരുന്നതില്‍ ചെന്നിത്തലയ്ക്ക് ഉള്ളാലേ സന്തോഷമുണ്ട്. നെല്ലായാമ്പതി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാട്ടത്തിന് നല്‍കിയ വനഭൂമി കരാര്‍ലംഘനത്തിന് ശേഷവും തിരിച്ചെടുക്കാത്തതും കോടതിയില്‍ കേസ് തോറ്റുകൊടുക്കുന്നതും യുഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥമുഖം അനാവരണംചെയ്യുകയാണ്. നെല്ലിയാമ്പതിയില്‍മാത്രം പാട്ടക്കാലാവധി കഴിഞ്ഞ 27 എസ്റ്റേറ്റുണ്ട്. ഏലം-കാപ്പി കൃഷിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി റബര്‍തോട്ടമാക്കിയത് പാട്ടവ്യവസ്ഥ ലംഘിച്ചാണ്. പാട്ടക്കുടിശ്ശിക അടച്ചിട്ടുമില്ല. എന്നാല്‍, സര്‍ക്കാര്‍ഭൂമി ബാങ്കില്‍ ഈടുവച്ച് 14 കോടി രൂപ തട്ടിച്ച വഞ്ചനാക്കേസുണ്ട്. ഇവരുടെ വക്കാലത്തുമായാണ് ജോര്‍ജിന്റെ ഉറഞ്ഞുതുള്ളല്‍.
No comments:
Post a Comment