Monday, August 27, 2012

ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം


ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം

സമൃദ്ധിയുടെയും സമത്വത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഓണം. ഇല്ലായ്മയില്‍നിന്ന് നന്മയിലേക്ക് മുന്നേറുമെന്ന ശുഭപ്രതീക്ഷ. ചിങ്ങമോരോന്നു കഴിയുന്തോറും ഓണാവേശം ഉയരുകയാണ്. മുമ്പ് "പൊന്നോണം" സവര്‍ണനും ധനികനുമായിരുന്നെങ്കില്‍ ഇന്ന് സര്‍വ മലയാളിക്കും കാണം വില്‍ക്കാതെ ഓണം ആഘോഷിക്കാമെന്നായിട്ടുണ്ട്. ഓണസമത്വത്തിന്റെ കേരളമാതൃകയായ ആദ്യ ഇ എം എസ് സര്‍ക്കാരും തുടര്‍ന്നുണ്ടായ ഇടതുപക്ഷ സര്‍ക്കാരുകളുമാണ് ഓണത്തെ ഇല്ലങ്ങളില്‍നിന്നും നാലുകെട്ടുകളില്‍നിന്നും പിടിച്ചിറക്കി ചാളകളിലും ചെറ്റക്കുടിലുകളിലും നിറപറയാക്കിയത്. കേരളത്തിന്റെ സമത്വഭാവം ഇടതുപക്ഷത്തിന്റെ മനോഭാവമാണ്. അതിനാല്‍ ഓരോ ഓണവും പൊലിമയേറുമ്പോള്‍ തുടിക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ മനസ്സാണ്. അതിനാല്‍ ഓണപ്പെരുമയെ ക്രിയാത്മകമായി കാണാനേ എന്നും ഞങ്ങള്‍ തയ്യാറുള്ളൂ. എങ്കിലും മഹത്തായ ആ സങ്കല്‍പ്പത്തെ ഇത്രയേറെ പുച്ഛത്തോടെ കാണാന്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ ശ്രമിച്ചതിനെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. ഉമ്മന്‍ചാണ്ടിഭരണം ഈ ഓണക്കാലത്ത് ചെയ്തത് മലയാളികള്‍ ഏത് ഓണച്ചന്തയിലും ചാലക്കമ്പോളത്തിലും അനുഭവിച്ചറിഞ്ഞതാണ്. "പൊള്ളുന്ന ഓണം" ഇതുപോലെ അടുത്തകാലത്തെങ്ങാനും ഉണ്ടായിട്ടുണ്ടോ? ഓണത്തീവില എന്നു പറഞ്ഞാല്‍ അത് "ദേശാഭിമാനി"യുടെ ദുഷ്ടലാക്കാണെന്ന് ഉമ്മന്‍ചാണ്ടിക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമോ. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടാന്‍ ഓണക്കാലത്തെങ്കിലും കേരള സര്‍ക്കാരുകള്‍ മുമ്പ് ശ്രദ്ധാപൂര്‍വം ശ്രമിച്ചുപോന്നിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍ ഓണത്തിനുമുമ്പ് കുടിശ്ശിക സഹിതം വിതരണം ചെയ്യാറുണ്ട്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അഗതി-വിധവാ പെന്‍ഷന്‍, വാര്‍ധക്യപെന്‍ഷന്‍... ഇതിലേതെങ്കിലും ഉത്രാടനാളിനുമുമ്പ് അര്‍ഹരായവര്‍ക്ക് കിട്ടിയോ? ഇത് സമയത്തിന് അനുവദിക്കുക എന്നത് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഔദാര്യമല്ല. ധനമന്ത്രി കെ എം മാണി ജുബ്ബയില്‍ നിന്നെടുത്തു കൊടുക്കേണ്ട കൈനീട്ടവുമല്ല. പ്രബുദ്ധ കേരളം പോരടിച്ചുനേടിയ അവകാശങ്ങളാണ്. അത് പിടിച്ചുവച്ചത് എന്തിന്? വിമര്‍ശമുയര്‍ന്നപ്പോള്‍ അത്തം മൂന്നാംനാള്‍ ഇവ അനുവദിച്ച് പ്രഖ്യാപനമിറക്കിയെന്നത് നേര്. ഇവയൊന്നും ഓണമുണ്ണാന്‍ പാവങ്ങളുടെ കൈയിലെത്തില്ലെന്ന് ഉറപ്പിച്ചുകൊണ്ട്. എന്തിന്, പൊതുവിദ്യാലയങ്ങളിലെ പിഞ്ചുകുട്ടികള്‍ക്ക് എല്ലാവര്‍ഷവും നല്‍കുന്ന ഓണം സ്പെഷ്യല്‍ അരി ഇത്തവണ വിതരണംചെയ്തോ? നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1987ലാണ് സ്കൂളുകളില്‍ ഉപ്പുമാവിനു പകരം ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഒന്നുമുതല്‍ ഏഴുവരെയുള്ള കുട്ടികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ അരി സൗജന്യമായി നല്‍കിപ്പോന്നു. പിന്നീടത് പെരുന്നാള്‍, ക്രിസ്മസ് ആഘോഷത്തിനും വ്യാപിപ്പിച്ചു. കഴിഞ്ഞവര്‍ഷംവരെ മുടക്കംകൂടാതെ വിതരണം നടന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം അഞ്ചുകിലോയ്ക്ക് പകരം മൂന്നുകിലോയാക്കി. ഇത്തവണ അതുമില്ലാതായി. പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട എന്ന കോണ്‍ഗ്രസ്-ലീഗ് നയം ഓണനാളില്‍ ഇത്ര ക്രൂരമായി നടപ്പാക്കേണ്ടിയിരുന്നോ? കുട്ടികള്‍ സ്കൂളുകളില്‍നിന്ന് ചുമന്നുകൊണ്ടുപോകുന്ന ഈ അരി കേരളത്തിലെ സാധാരണക്കാരന്റെ അഭിമാനഭാണ്ഡമാണ്. ഗോഡൗണുകളില്‍ ടണ്‍കണക്കിന് അരി കെട്ടുനാറുമ്പോള്‍ എന്തിനാണ് ആ ഭാണ്ഡം വേണ്ടെന്നുവച്ചത്? വയനാട്ടിലും മറ്റും ആത്മഹത്യചെയ്ത കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായംപോലും ഈ ഓണക്കാലത്ത് വിതരണംചെയ്തില്ല. ചൂണ്ടിക്കാട്ടിയപ്പോള്‍ ഓണത്തലേന്ന് ദാ പ്രഖ്യാപനം. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായംപോലും അതിക്രൂരമായി തടയപ്പെട്ടു. ഓണത്തിന് എങ്ങനെയും നാടണയാന്‍ കുതിക്കുന്നവരെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി ബസുകള്‍ ഓണനാളുകളില്‍ കട്ടപ്പുറത്താക്കി. അത്തം തുടങ്ങിയതോടെ ആയിരത്തോളം ആനവണ്ടികള്‍ ഓട്ടം നിര്‍ത്തിപോലും. അതിശയോക്തിയല്ല. ബൂര്‍ഷ്വാ മാധ്യമങ്ങളും പറയുന്നതിങ്ങനെയാണ്. ഉമ്മന്‍ചാണ്ടിഭരണത്തില്‍ രണ്ടാമത്തെ ഓണം ഇങ്ങനെയൊക്കെയാണ.് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്ക് കേരളത്തില്‍ ഓണം നിരോധിക്കുമോ? അങ്ങനെയും സംഭവിക്കാം. ഓണ നടത്തിപ്പില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുമിടയുണ്ട്. ഓണം പിന്നെയും ധനികന്റെ പുത്തന്‍ മനകളിലെയും പുത്തന്‍ പണക്കാരന്റെ എട്ടുകെട്ടുകളിലെയും ചില്ലുമേടകളിലായേക്കാം. കോരന്‍ കഞ്ഞിക്കുവേണ്ടി ആ ഭവനങ്ങളുടെ പടിക്കല്‍ കാവല്‍നിന്നേക്കാം. പക്ഷേ, മാവേലിസങ്കല്‍പ്പം ലോകത്തിനു സംഭാവന നല്‍കിയ നാടാണ് മലയാളമെന്ന് ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം താമസിയാതെ അറിഞ്ഞുകൊള്ളും. ""പൃഥ്വിയിലന്ന് മനുഷ്യര്‍ നടന്ന പ- ദങ്ങളിലിപ്പൊഴധോമുഖ വാമനര്‍, ഇത്തിരിവട്ടം മാത്രം കാണ്‍മവര്‍ ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍ മൂവടിമണ്ണിനിരന്ന് കവര്‍ന്നു,വ- ധിച്ചു, നശിപ്പോ, രല്‍പ്പസുഖത്തിന്‍ പാവകളി,ച്ചത് തല്ലിയുടച്ചു- കരഞ്ഞുമയങ്ങിയുറങ്ങീടുന്നോര്‍"" വൈലോപ്പിള്ളി ഇന്നത്തെ അവസ്ഥ നേരത്തെ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ടല്ലോ.

1 comment:

ജനശബ്ദം said...

ഉമ്മന്‍ചാണ്ടിയുടെ വാമനഭരണം