Monday, August 6, 2012

പി സി ജോര്‍ജിന്റെ സംസ്കാരശൂന്യതയ്ക്ക് മുഖ്യമന്ത്രിയുടെ പ്രോത്സാഹനം: പിണറായി


പി സി ജോര്‍ജിന്റെ സംസ്കാരശൂന്യതയ്ക്ക് മുഖ്യമന്ത്രിയുടെ പ്രോത്സാഹനം: പിണറായി



ചടയമംഗലം (കൊല്ലം): നെല്ലിയാമ്പതി പ്രശ്നത്തില്‍ ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ സംസ്കാരശൂന്യമായ നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം ചടയമംഗലം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പലംകുന്നില്‍ നടന്ന രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. നെല്ലിയാമ്പതി എസ്റ്റേറ്റ് ഉടമകള്‍ക്കായി സര്‍ക്കാര്‍ വക്കീലന്മാര്‍ കേസില്‍ തോറ്റുകൊടുക്കുകയാണ്. പി സി ജോര്‍ജിന്റെ നിലപാടിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ എടുക്കുന്ന സമീപനത്തിന് പുല്ലുവില കല്‍പ്പിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ പി സി ജോര്‍ജ് അസഭ്യവര്‍ഷം നടത്തി. ഇത് മുഖ്യമന്ത്രി തടഞ്ഞില്ല. ടി എന്‍ പ്രതാപന്റെ അഭിപ്രായപ്രകടനത്തിനു നേര്‍ക്ക് സാമുദായികപരാമര്‍ശങ്ങള്‍വരെ നടത്തി. ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതികരിച്ചിട്ടും അസഭ്യവര്‍ഷം തുടരുകയാണ് ജോര്‍ജ്. ഈ തമ്മിലടി വ്യക്തമാക്കുന്നത് ആരുടെകൂടെയാണ് ഈ സര്‍ക്കാര്‍ എന്നതാണ്. മാതാ അമൃതാനന്ദമയിയുടെ സമീപമെത്തിയ ബിഹാര്‍സ്വദേശി യുവാവ് കൊല്ലപ്പെട്ടതിന് ആരാണ് ഉത്തരവാദി. ഇയാളുടെ ശരീരമാകെ ഇരുമ്പുവടികൊണ്ടുള്ള തല്ല് ഏറ്റതായി കേള്‍ക്കുന്നു. ആരോഗ്യത്തോടെ കസ്റ്റഡിയിലായ ചെറുപ്പക്കാരന്‍ എങ്ങനെ കൊല്ലപ്പെട്ടു. ഈ ചെറുപ്പക്കാരന്റെ മരണത്തിന്റെ നിജസ്ഥിതി പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പൊലീസ് തലപ്പത്തുള്ള ഒരാള്‍ ഇത് അന്വേഷിക്കുന്നത് തെറ്റായ തീരുമാനമാണ്. സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. കണ്ണൂരില്‍ അതിഭീകരമായ മര്‍ദനമുറ അരങ്ങേറുകയാണ്. വീട്ടില്‍ കറയി ആക്രമണം നടത്തി സിപിഐ എം പ്രവര്‍ത്തകനായ അച്ഛനെ കിട്ടിയില്ലെങ്കില്‍ മകനെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുക, ജ്യേഷ്ഠനെ കിട്ടിയില്ലെങ്കില്‍ അനുജനെ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കുക, പ്രകടനത്തില്‍ പങ്കെടുക്കുന്ന സ്ത്രീകളെപ്പോലും പുരുഷപൊലീസുമാര്‍ നാഭിക്ക് മര്‍ദിച്ചുവീഴ്ത്തുകയാണ്. കണ്ണൂര്‍ ലോക്കപ്പില്‍ ചെറിയ കുട്ടികളെപ്പോലും മര്‍ദിച്ചു. സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റിഓഫീസിനു സമീപം പ്രകടനത്തില്‍ വന്ന ജില്ലാകമ്മിറ്റിഅംഗം ചന്ദ്രനെ വളഞ്ഞിട്ടുതല്ലി. എന്നാല്‍, ഈ മര്‍ദനപരമ്പരകളൊക്കെ അതിജീവിച്ച് പ്രസ്ഥാനമാണ് സിപിഐ എം എന്നത് ആരും മറക്കേണ്ട. സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും മര്‍ദിക്കുകയും സമാധാനയോഗത്തിന് വിളിക്കുകയും ചെയ്യുന്നത് എന്തൊരു വൈരുധ്യമാണ്- പിണറായി വിജയന്‍ പറഞ്ഞു. യോഗത്തില്‍ ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍ അധ്യക്ഷനായി.

No comments: