Saturday, January 1, 2011

പോള്‍ വധം: പൊലീസ് തെളിയിച്ചതില്‍ കുടുതല്‍ എന്താണൂ സി ബി ഐ കണ്ടുപിടിച്ചത്...

പോള്‍ വധം: പൊലീസ് തെളിയിച്ചതില്‍ കുടുതല്‍ എന്താണൂ സി ബി ഐ കണ്ടുപിടിച്ചത്...


കൊച്ചി: മുഖ്യപ്രതികള്‍ ഒന്നുതന്നെ. കൊലപാതകത്തിന്റെ കാരണവും പൊലീസ് കണ്ടെത്തിയത്. കൂടുതല്‍ പ്രതികളെ ഇനി പിടിക്കാനുമില്ല. കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ സിബിഐ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രം പൊന്‍തൂവല്‍ ചാര്‍ത്തുന്നത് സംസ്ഥാന പൊലീസിന്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുകൂട്ടം മാധ്യമങ്ങളും യുഡിഎഫും കെട്ടിച്ചമച്ച കഥകള്‍ ഇതോടെ പൊളിഞ്ഞു. സംഭവം നടന്ന് രണ്ടുദിവസത്തിനകം പ്രധാന പ്രതികളെയെല്ലാം അറസ്റ്റ്ചെയ്ത് പൊലീസ് മൂന്നുമാസത്തിനകം കോടതിയില്‍ നല്‍കിയ കുറ്റപത്രം സിബിഐ അന്വേഷിച്ചപ്പോള്‍ രണ്ടു കുറ്റപത്രമായി മാറി. പ്രധാന കേസില്‍ ഒന്നാംപ്രതി കാരി സതീശ്തന്നെ. ഒരാളെപ്പോലും കൂടുതലായി അറസ്റ്റും ചെയ്തിട്ടില്ല. പൊലീസ് കൈയാമംവച്ച് ജയിലിലടച്ച ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നീ പ്രതികളെ സിബിഐ സാക്ഷികളാക്കിയെന്നുമാത്രം. പൊലീസ് തെളിയിച്ചതില്‍ കൂടുതലായി സിബിഐക്കു കണ്ടെത്താന്‍ ഒന്നുമില്ലായിരുന്നെന്നു ചുരുക്കം. പൊലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവാദങ്ങളിലുടെ കേസിലെ നിയമനടപടികള്‍ വൈകി; ഒരുവര്‍ഷം പാഴായി. കേരള പൊലീസ് സമര്‍ഥമായി തെളിയിച്ച കേസ് മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും കുപ്രചാരണത്തിലാണ് പുകമറയിലായത്. പോളിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണം സിബിഐക്കു വിട്ടു. വധത്തിനുപിന്നിലെ പ്രേരണ സംബന്ധിച്ച് പൊലീസിന്റെ കണ്ടെത്തല്‍ വിശ്വസനീയമല്ലെന്നതായിരുന്നു പ്രധാന കുറ്റം. ബിസിനസ്രംഗത്തെ കുടിപ്പകയാണ് പോളിന്റെ വധത്തിലേക്കെത്തിച്ചതെന്നും കഥയെഴുതി. മന്ത്രിമാരുടെയും മക്കളുടെയും പേരുകള്‍വരെ വലിച്ചിഴച്ചു. സത്യസന്ധതയ്ക്ക് പേരുകേട്ട ഐജി വിന്‍സന്‍ എം പോളിനെയും പ്രതിക്കൂട്ടിലാക്കി. മൂന്നുമാസംകൊണ്ട് കേരള പൊലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ രണ്ടാമത് അന്വേഷണം പുറത്തിയാക്കാന്‍ സിബിഐക്ക് 11 മാസം വേണ്ടിവന്നു. പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നപോലെ പോള്‍വധം തികച്ചും ആകസ്മികമാണെന്നാണ് സിബിഐയും കണ്ടെത്തിയത്. 2009 ആഗസ്ത് 21നു രാത്രി 12നാണ് പോള്‍ എം ജോര്‍ജ് നെടുമുടി ജ്യോതി ജങ്ഷനില്‍ കുത്തേറ്റു മരിച്ചത്. മരിച്ചത് മൂത്തൂറ്റ് കുടുംബത്തിലെ അംഗവും കൂടെ സഞ്ചരിച്ചത് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായതിനാല്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഈ സമ്മര്‍ദങ്ങള്‍ക്കു നടുവില്‍നിന്നാണ് പൊലീസ് ഒരാഴ്ചയ്ക്കുള്ളില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും മറ്റു ചിലരെ രക്ഷിക്കാനുള്ള തന്ത്രമായി മാധ്യങ്ങള്‍ ഇതിനെ വ്യാഖ്യാനിച്ച് വിവാദമാക്കി. എം എസ് അശോകന്‍


No comments: